Archives / 

ഫൈസൽ ബാവ
കവിത ഇടനെഞ്ചിലേക്ക് തുളച്ചുകയറുമ്പോൾ

  

ബിംബങ്ങളുടെ മൗലികതകൊണ്ടും മനുഷ്യജീവിതത്തിലേക്കും പ്രകൃതിലേക്കും ആഴത്തിൽ തൊട്ടറിയാനുള്ള ഭാഷയും,  സൂക്ഷ്മമായ നിരീക്ഷവവും നിലപാടിന്റെ കരുത്തും രാഷ്ട്രീയത്തിന്റെ ശക്തിയും നിറഞ്ഞ ഉൾകാമ്പുള്ള കവിതകളാണ് പി.ശിവപ്രസാദിന്റെ 'നീലക്കൊടുവേലിയുടെ വിത്ത്',  'മരിക്കാത്ത കോശങ്ങളുടെ സംഗീതം' എന്നീ സമാഹാരങ്ങളിൽ ഉള്ളത്.  

'നീലക്കൊടുവേലിയുടെ വിത്ത് എന്ന സമാഹാരത്തിൽ മഹാകവി അക്കിത്തം ഇങ്ങനെ പറയുന്നു. 

 "ലോക ജീവിതം മനുഷ്യമനസ്സിൽ അടിച്ചേൽപ്പിക്കുന്ന ദുഃഖങ്ങളിൽ നിന്നുള്ള മോചനം നേടാനുള്ള ഉപാധിയാണ് ദൈവഭക്തി എന്നതുപോലെ കവിതയും. മനുഷ്യ മനസ്സിനെ ആനന്ദമാക്കുന്നതിലൂടെ കർമ്മ ചൈതന്യത്തെ ഉത്തേജിപ്പിക്കലാണ് അതുവഴി നമുക്ക് ലഭിക്കുന്ന ലാഭം. പുതിയ കവിതകൾക്കെന്ന പോലെ പഴയ കവിതകൾക്കും ബ്ലോഗ് എന്ന സാങ്കേതികത്തിലേക്ക് മാറാൻ കഴിയുമെന്നു ശിവപ്രസാദിന്റെ ഈ കവിതകൾ ചൂണ്ടികാണിക്കുന്നു, മണൽ രേഖകൾ, ഹോളിവുഡ്, ഒറ്റ്, അകത്തും പുറത്തും, രക്തമഴ, കാട് എന്നീ കവിതകൾ ആണ് എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞത്" കവിതകൾ സാമൂഹികമായ ഊർജ്ജം പകരുന്നതോടൊപ്പം അനുഭവത്തിന്റെ പാദമുദ്രകളും കാണാം. 

'മണൽ രേഖകൾ' എന്ന കവിതയിൽ പ്രവാസ ജീവിതത്തിന്റെ ഉപ്പും പ്രകൃതിയുമായുള്ള ഇഴയടുപ്പവും മരുഭൂമിയുടെ പുരാതനമായ  മണൽപരപ്പും അവിടെ പതിഞ്ഞ അടയാളങ്ങളും കാണാം. 

"കാണുന്നില്ലേ...

അനാഥമാം ആയിരം ശിഥിലമുദ്രകൾ.

മണ്ണിൽപ്പതിഞ്ഞ നിർജ്ജീവരൂപങ്ങളിൽ വരായടുകൾ, പുൽച്ചാടികൾ, വണ്ടുകൾ പുഴകൾ ജലതരംഗം കോറിയിട്ടവ" ജീവിതത്തോളം ആഴമേറിയ ഒന്നില്ലെന്ന പോലെ കടലിറങ്ങിപ്പോയ ഒരു ഭൂമികയുടെ പൗരണികതയിലേക്കുള്ള മണൽ രേഖകൾ വരക്കാൻ ശ്രമിക്കുന്നു. നിമിഷചിത്രമായി മാറുന്ന ജലതരംഗങ്ങൾ അനുഭവ സ്പർശംനൽകുന്നു. "മനൽരേഖകൾ, മാറിമാറിയുന്ന ജീവന്റെ ജലരേഖകൾ, അശ്രുമുഖരേഖകൾ" എന്നു പറഞ്ഞു കവി അവസാനിപ്പിക്കുന്നത് മറ്റൊരു തുടക്കത്തിലേക്കാണ്. 

വാക്കുകളിൽ ഉത്കണ്ഠകൾ നിറച്ച് തന്റെ തൂലിക ആകുലതയോടെ എഴുതുമ്പോൾ വേദന പേറുന്ന കവിതകൾ പിറക്കുന്നു. പച്ചയും പരിസ്ഥിതിയും, ഉത്കണ്ഠയും. ജീവിതവും വിപണിയും അതിന്റെ ഇടപെടലും  ഒക്കെ കവിതയിൽ ഇടചേർന്നു കിടക്കുന്നു. 

ശവദൂരം എന്ന കവിതയിൽ

"ഉടൽ മാത്രമുള്ള ജലമൽസ്യത്തെ

കുമിളപ്പൂക്കളാൽ കളിയാക്കി 

സമ്മിശ്രവായുവിലെ പ്രാണാനുപാതം 

ശരിയെന്നു കരുതുന്നത്...

 

പ്ലാസ്റ്റിക്കും 

അമ്ലമണലും 

രാസച്ചെളിയും 

ലവണാത്മാക്കളുടെ ചിരിയും 

മുഖമെഴുത്ത് പൊളികളും ...

ഇങ്ങെനെ പാരിസ്ഥിതിക ചിന്തകളിലേക്കും കൃത്യമായ വിമര്ശനങ്ങളിലേക്കും ശവദൂരം കടക്കുമ്പോൾ മൽസ്യങ്ങളുമായി ബന്ധപ്പെടുത്തി  ജീവിതത്തിന്റെ ആർത്തിയും ത്വരയും കടലിന്റെ രാഷ്ട്രീയവും അടങ്ങുന്ന  സൂക്ഷ്മനിരീക്ഷണം ആണ് മീൻമണമുള്ള ജീവിതം,

മഴയിലൂടെതോ മകരച്ചാകര 

ജനലിന്മേൽ മുട്ടിവിളിച്ചു ചോദിച്ചു 

മതിയാകാത്തതാം രുചിക്കൊതികളിൽ 

അടയിരിക്കുന്ന ദുരാർത്തിഭൂതമേ 

ഇടറിക്കാലുകൾ  പതിക്കുവോളവും 

ഉദരയ്ക്കായലിൽ തിരപ്പെരുക്കത്തിൽ 

തുടിച്ചു നീന്തുവാൻ കൊതുകൊണ്ടു നിൻ 

സ്ഥിതിഗതിയുടെ പരാദജീവിതം. 

"ശിവപ്രസാദിന്റെ വാക്കുകളിലുണ്ട് കാലം പേറുന്ന ഉത്കണ്ഠകൾ, വാക്കുകൾ തീ പിടിച്ച തൂവലുകളുണ്ട്, കരിഞ്ഞ മാസക്കൂടിന്റെ മണമുണ്ട്, കനവിന്റെ സ്വരവും. ഹൃദയത്തിന്റെ താളവുമുണ്ട്. അകത്തു പോകുവാനും പുറത്തിറങ്ങുവാനും വഴി ഒന്നേ ഉള്ളൂവെന്ന ബോധമുണ്ട്. വിപണി നിറങ്ങളുടെ വിളികളിൽ തലകുനിച്ചും ഉടൽ വളച്ചും വിധിയെ ചോദിച്ച് വിയർക്കുന്ന ജീവിതങ്ങളെ കുറിച്ചുള്ള ഉത്കണ്ഠയുണ്ട്." എന്ന ശാരദക്കുട്ടിയുടെ നിരീക്ഷണം  ശരിയാണ് എന്ന് നീലക്കൊടുവേലിയുടെ വിത്ത്' സമാഹാരം വായിച്ചു തീരുന്നതോടെ ബോധ്യപ്പെടും.

'മരിക്കാത്ത കോശങ്ങളുടെ സംഗീതം' എന്ന രണ്ടാമത്തെ സമാഹാരം ഇറങ്ങുന്നത് പത്തു വർഷത്തെ വ്യത്യാസത്തിലാണ്. പ്രസിദ്ധീകരിച്ച കാലഘട്ടത്തിന്റെ സാങ്കേതികതയിലുപരി ഈ കാലയളവിൽ  കവിതയിൽ വന്നിട്ടുള്ള ലാളിത്യവും കൂടുതൽ പക്വമായ സമീപനവും ഭാഷയിൽ തന്റേതായ ഒരു സ്വതന്ത്രദേശം കുറച്ചുകൂടി വിശാലമാക്കി എന്നു മനസിലാക്കാം. ഇമേജുകളുടെ പുതുമയും അതിലൂടെ സൃഷ്ടിക്കുന്ന  

ലോകവും തീർക്കുന്നു.

 കരഞ്ഞു തീർക്കാനല്ല വേദന കരഞ്ഞുറച്ച കണ്ണീരിന്റെ കരുത്ത് വിളിച്ചു പറയാനാണ് വാക്കുകൾ എഴുനേറ്റു നിൽക്കുന്നത്. നിലപാടിലുറച്ചുള്ള രാഷ്ട്രീയത്തെ തുറന്നുനപറയാനാണ് കവി നിരന്തരം ശ്രമിക്കുന്നത്. 'ഹേ... സോൻഭദ്ര' എന്ന കവിതയിൽ അതിന്റെ ആർത്തലച്ചുള്ള വരവ് കാണാം

"ഇടനെഞ്ചിലേക്ക് തുളച്ചു കയറിയ

ആറക്കാലുകളാൽ പിടഞ്ഞ്

നീ ബഹിഷ്കൃതനായ പതാകയുമായുമായി

ഇനിയും സ്വാതന്ത്ര്യ ദിനങ്ങൾ വരും" വരുന്ന കാലത്തിന്റെ പ്രതീക്ഷയോടൊപ്പം കറുത്ത കാലത്തിന്റെ ഭീഷണിയും ഓര്മിപ്പിക്കാൻ മറക്കുന്നില്ല. നന്ദികേടിന്റെ കറുത്തയിടങ്ങൾ മുടിഞ്ഞുപോകട്ടെയെന്നു കവി പറയുന്നു. പൊരുതി വാങ്ങിയതിലിപ്പഴുമുണ്ട് ജീർണ്ണിച്ചപലതുമുണ്ടെന്നും എഴുതിവെച്ച ലിഖിതങ്ങളുടെ പുനർവായക്കെന്നോ സമായമതിക്രമിച്ചു എന്നും പറഞ്ഞവസാനിപ്പിക്കുന്നു. "അശോക ചക്രമേ... തിരികെ വരിക.

ഇരുട്ടിന്റെ കയ്പ്പേറിയ ടിപ്പണികൾ തിരുത്തിയെഴുതാൻ

അംബേദ്ക്കറോട് ഒരു കുറി പറയുക" സമകാലീന ഇന്ത്യ ആവശ്യപ്പെടുന്ന ഒരു തിരുത്തിയെഴുത്ത്. അതും മറ്റൊരു രീതിയിലേക്ക് എല്ലാം തിരുത്തി എഴുതാനെത്തുന്ന കറുത്ത കൈകളുടെ ശക്തിയേറും കാലത്ത് കവിതയിലൂടെ ശക്തമായ നേരിന്റെ രാഷ്ട്രീയം പറയുന്നു. 

"മരിക്കാത്ത കോശങ്ങളുടെ സംഗീതം ഏകാന്തമായ ആലപാനത്താൽ തീമഴപോലെ പെയ്തിറങ്ങും" എന്നാണ് കവി പറയുന്നത്. ജനാധിപത്യമെന്നാൽ മനുഷ്യന് കാവലാളാകേണ്ടതിനു പകരം വേദത്തെപോലെ ഉറച്ചുപോകുമ്പോൾ യാന്ത്രികമായൊരു ജീവിതത്തിൽ അരഞ്ഞില്ലാതാവുമ്പോഴും  ആവർത്തിക്കുന്ന പ്രഹരത്തെ കുറിച്ചാണ് പറയാനുളളത്. 

"അപ്പോഴും നീ... പ്രതിജ്ഞയോടെ, ജനാധിപത്യവേദത്തിന്റെ കാവലായി

യന്ത്രജീവിതത്തിന്റെ പൽചക്രങ്ങളിൽ സ്വയം അരഞ്ഞുകൊണ്ടെങ്കിലും... ഉലയുടെ ചുട്ടുപഴുത്ത ഇരുമ്പ്തുണ്ടിനെ 

ആവർത്തിച്ച് പ്രഹരിച്ചുകൊണ്ടേയിരിക്കും" ലോകത്തെല്ലായിടത്തും അധികാരത്തിന്റെ സിംഹാസന മുരൾച്ചയും  താഴെയുള്ളവന് നേരെയുള്ള പ്രഹരവുമെല്ലാം ഒന്നാണ് എന്നും എന്നാൽ അടിച്ചമർത്തപെട്ടരുടെ ഉയിര്ത്തെഴുനേല്പിൽ "വ്യാളീമുഖമുള്ള സിംഹാസനങ്ങളുടെ മൂലകല്ലുകൾ ഒന്നാകെ ഇളകും" എന്നും ലോകം അവർത്തിച്ചിട്ടുണ്ട്. 

ജനാധിപത്യത്തിന്റെ അരക്കില്ലം പണിയുന്നവർക്കുള്ള താക്കീതാണ് 'പുരോചനൻ' എന്ന കവിത. ഇന്ത്യൻ മിതോളജിയിലെ കഥാപാത്രങ്ങളിലൂടെ തന്നെ സമകാലീന രാഷ്ട്രീയ സത്യങ്ങളെയും അതിലെ നെറിക്കേടിനെയും കവിത തുറന്നു പറയുമ്പോൾ കവിതയും ഇന്നിന്റെ ശബ്ദമാകുന്നു. 

മൗനബുദ്ധനിൽ "പഴങ്കഥ പറയുമ്പോൾ

 പതിരില്ലാതെ എഴുതുമ്പോൾ

അപ്പന്റെ കനൽകണ്ണ്

അമ്പായി തറഞ്ഞ് നെറുകയിൽ നിന്നും വൈഗ ഉത്ഭവിക്കും. 

ഏഴായിരം നാവുകൾ ഒത്തു ചേർന്ന്

ഉച്ചസ്ഥായിയിൽ നിലവിളിക്കും" ഐതിഹ്യത്തിന്റെയും ചരിത്രത്തിന്റെയും  വ്യസനങ്ങളിലൂടെ ഇന്നിലേക്ക് കടന്നുവരികയാണ്. കവിയുടെ ശക്തമായ ഇടതുപക്ഷ രാഷ്ട്രീയമാകാം "നക്ഷത്രങ്ങൾ എരിഞ്ഞുതീർന്ന

വന്ധ്യമാകാശം മാത്രം

നിന്റെ മനസ്സിൽ പെറ്റു കൂട്ടും 

അന്ധതമസ്സിന്റെ ഗുഹകൾ. 

ഭാഷയുടെ ഭൂപടം കടലെടുക്കുമ്പോൾ 

നിനക്ക് കരയാൻ 

ഏതു വാക്കാണ് കൂട്ടുള്ളത്?" എന്നെഴുതിയത്. ഈ വരികൾ വായിക്കുമ്പോൾ ഓട്ടോ റെനോ കാസ്റ്റിലോയുടെ കവിതകളുടെ സ്വാധീനം ഉള്ളതായി തോന്നും. 

 നീലപല്ലുകളിൽ എന്റെ ചോരയും, എട്ടുകാലുള്ള വാർത്ത, ബലിച്ചോര, 

ഉമയും ജാസ്മിനും:ഒരു സത്യകഥ, വീരാൻകുട്ടി മാഷിന് സമർപ്പിച്ചിട്ടുള്ള 'കവിയല്ലാത്ത ഒരാൾ വിവർത്തനം ചെയ്യപ്പെടുന്നത്, സച്ചിദാനന്ദൻ സാറിനു സമർപ്പിച്ചിട്ടുള്ള 'പ്രിയനേ നിന്നെഞാൻ വായിക്കുമ്പോൾ' ഭൂതകാലം പുകഞ്ഞ തീവണ്ടി, ചിലതരം നിലവിളികൾ, കയറ്റം ഇറങ്ങുന്ന ചവിട്ടുറിക്ഷ... ഇങ്ങനെ ഒട്ടേറെ നല്ല കവിതകൾ ഉണ്ട്.

ശിവപ്രസാദിന്റെ കവിതകളെ കുറിച്ച് കവി സച്ചിദാനന്ദന്റെ വാക്കുകൾ പ്രസക്തമാണ്

"കവിതയിൽ ബിംബങ്ങളുടെ മൗലികതയും സാമൂഹ്യ ഊർജ്ജവും നൈതികമായ പ്രാതിരോധവും കൊണ്ട് സമ്പന്നമാണ്. അത് യാഥാസ്ഥിതികതയുടെ എല്ലാ അവതാരങ്ങളെയും ചെറുകുന്നു. പുതുമയുള്ള ഇമേജുകളിലൂടെ ശിവപ്രസാദ് ഇന്ദ്രിയഗോചരമായ ഒരു മാനുഷികലോകം ഈ കവിതകളിൽ സൃഷ്ടിക്കുന്നു" 

രാജപാതകളെ ഉപേക്ഷിച്ച സഞ്ചാരത്തിലൂടെ തന്റെ നീണ്ട കാലത്തെ കാവ്യ ജീവിതത്തിൽ നിന്നുള്ള ഒട്ടേറെ നല്ല കവിതകളാൽ സമ്പന്നമാണ് ഈ രണ്ടു സമാഹാരങ്ങളും. അതിരുകളില്ലാത്ത ലോകത്തെ പറ്റി പറയാൻ കവി സൃഷ്ടിച്ചെടുക്കുന്ന തന്റെതായ ഭാഷയും അതിൽ ഉരുക്കിയെടുക്കുന്ന കവിതയ്ക്കും എന്നും പ്രസക്തിയുണ്ട്.

 

Share :