Archives / April 2020

എം.കെ.ഹരികുമാർ
സിനിമയിൽ പുതിയൊരു കാമറകണ്ണും നോട്ടവും

എല്ലാത്തരം സിനിമകളും ഒരു വ്യവസായത്തിനു ആവശ്യമാണ്. തീയേറ്റർ വിജയങ്ങൾ ഇല്ലെങ്കിൽ വിജനമായ ഉത്സവപ്പറമ്പ് പോലെയാകും നമ്മുടെ സിനിമാരംഗം. അല്ലു അർജുൻ്റെയും വിജയിൻ്റെയും ചിത്രങ്ങൾ ഞാൻ നഷ്ടപ്പെടുത്താറില്ല. കാരണം അത് അനീതിക്കെതിരെ പോരാടാനുള്ള തീ മനസ്സിൽ നിറച്ചു തരും. ഇക്കാലത്ത് സാംസ്കാരിക ,സാഹിത്യ മേഖലയിലുള്ളവർ പോലും അനീതിക്കെതിരെ ഒന്നും മിണ്ടാറില്ല .അവരുടെ പരിമിതിയറിയാം .എന്നാൽ ഒരു കവിതയിലോ, കഥയിലോപോലും അതൊന്നും കടന്നുവരുന്നില്ല. ഇപ്പോൾ സാഹിത്യം ഫെസ്റ്റിവലുകളിൽ കൈകാര്യം ചെയ്യപ്പെടുകയാണ്. നാലാംതരം പുസ്തകങ്ങൾ കൊട്ടും കുരവയുമായി പ്രകാശനം ചെയ്യുന്നു. ഇവൻ്റ് മാനേജ്മെൻ്റാണ് തരംഗമാവുന്നത്.

എഴുപതുകളിലെ നവതരംഗ, വ്യക്തിഗത സിനിമകൾ എടുത്ത രീതി  കാലഹരണപ്പെട്ടു. കെ .ആർ.മോഹനൻ്റെ 'പുരുഷാർത്ഥം' പോലുള്ള സിനിമകളുടെ ശൈലിയും ജീവിത സമീപനവും ഇപ്പോൾ മടുപ്പിക്കും. എല്ലാ കാലത്തും ആസ്വദിക്കാവുന്ന ആവിഷ്കാരതലം അതിനില്ല.ഫ്യൂഡൽ അധികാരഘടന ഇല്ലാതായപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന ചെറുപ്പക്കാരെയാണ് ചിലരൊക്കെ അവതരിപ്പിച്ചത്. ശൈലികൾ പലരും അങ്ങോട്ടും ഇങ്ങോട്ടും അനുകരിച്ചു.

എന്നാൽ എഴുപതുകളിൽ തുടങ്ങിയ നവതരംഗം പുതിയൊരു വഴിമാറൽ അല്ലെങ്കിൽ വ്യതിചലനം സാധ്യമാക്കിയത് 2010 മുതലാണ്. സാഹിത്യകാരന്മാരുടെ പരമ്പരാഗത വീക്ഷണത്തിൽ നിന്ന് സിനിമ മെല്ലെ മോചിപ്പിക്കപ്പെടാൻ തുടങ്ങി.അൽഫോൻസ് പുത്രൻ്റെ 'നേരം', ലിജോ ജോസ് പെല്ലിശേരിയുടെ 'സിറ്റി ഓഫ് ഗോഡ്,ആമേൻ, ദിലീഷ് പോത്തൻ്റെ 'മഹേഷിൻ്റെ പ്രതികാരം' ,അനിൽ രാധാകൃഷ്ണമേനോൻ്റെ 'സപ്തമശ്രീ  തസ്കരഹ ' തുടങ്ങിയ ചിത്രങ്ങൾ സിനിമയെ സാഹിത്യത്തിൽ നിന്നും കാരക്ടർ മാമൂലുകളിൽ നിന്നും രക്ഷിച്ചു.

 

എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ.മ.യൗ ' എന്ന ചിത്രം  സംവിധായകൻ്റെ കഥാഖ്യാനരീതിയെ മാറ്റിമറിച്ചു. ഉത്തരാധുനികതയ്ക്ക് ശേഷമുള്ള ഒരു പ്രധാന പ്രവണത കഥ സമ്പൂർണ്ണമായി പറയാതിരിക്കുകയും എന്നാൽ ഒരു പ്രതിപാദന രീതി  കണ്ടെത്തുകയും ചെയ്യുക എന്നുള്ളതാണ്. കഥ പറയുന്നത് ഇന്ന് വലിയ മിടുക്കല്ല. ഒരു കഥ വിശദമായി പറയുന്നത് ബോറടിപ്പിക്കുന്നതായാണ് കാണപ്പെടുന്നത്. കഥയുടെ നേർക്ക് മൗലികമായ ഒരു നോട്ടമുണ്ടാവുകയാണ് പ്രധാനം.കഥ പറയുന്ന രീതിയിലാണ് കഥയുള്ളത്. മേതിൽ രാധാകൃഷ്ണൻ്റെ 'എങ്ങനെ ഒരു പഴുതാരയെ കൊല്ലാം' എന്ന കഥ മലയാള കഥാലോകത്തു തന്നെ ഒറ്റപ്പെട്ടു നിൽക്കുകയാണ്. പഴുതാര വരുന്നതിലോ, അതിനെ കൊല്ലുന്നതിലോ കഥയില്ല.എന്നാൽ അതിനെ എങ്ങനെ കൊല്ലാം എന്ന് ചിന്തിക്കുന്നതും അതെങ്ങനെ കഥയായി എഴുതാം എന്ന് പരീക്ഷിക്കുന്നതും പുതിയ ഒരു പ്രതിപാദനരീതി ആവശ്യപ്പെടുന്നു. ഈ പ്രതിപാദനരീതി അഥവാ ആഖ്യാനമാണ് പുതിയ സാഹിത്യം.

കല എന്ന പ്രത്യയശാസ്ത്രം.

ഈ സമീപനം ലോകമെമ്പാടുമുള്ള നവസിനിമയെ സ്വാധീനിച്ചു കഴിഞ്ഞു. കഥ പറയാൻ വിറളി പിടിച്ചു നടന്നവരുടെ കാലം കഴിഞ്ഞു. അങ്ങനെയുള്ളവർ അന്ധതമസ്സിലാണ്.

ലിജോ ജോസിൻ്റെ 'ജല്ലിക്കട്ട്' ഒരു  നവസിനിമാനുഭവമാണ്, എല്ലാ തലങ്ങളിലും. ചുരുങ്ങിയത് കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടയിലെങ്കിലും ഇതൊരു വഴിത്തിരിവാണ്.അരവിന്ദൻ്റെ കാഞ്ചനസീത, ജോൺ എബ്രഹാമിൻ്റെ 'അമ്മ അറിയാൻ' എന്നീ ചിത്രങ്ങൾക്കു ശേഷമുണ്ടായ ആഖ്യാന വിപ്ളവം എന്ന് ഇതിനെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു. 'ജല്ലിക്കട്ടി 'ൽ സ്വഭാവശുദ്ധിയുള്ള മനുഷ്യകഥാപാത്രങ്ങളെ തേടിപ്പോകാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല. ഒരു സിനിമ എന്ന് പറഞ്ഞാൽ അത് മനുഷ്യൻ്റെ കഥയാകണമെന്ന് നിർബന്ധമില്ല .ഒരു ദൃശ്യാനുഭവമാണത്. അതിൽ മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും പങ്കുണ്ട്.

ഇതിൽ ഒരു കഥ എന്ന് പറയാവുന്ന ഒന്നുമില്ല. എന്നാൽ നേരിയ ഒരു ചരടുണ്ട്. വെട്ടാൻ കൊണ്ടുവരുന്ന പോത്ത് വിരളുന്നു - ഇതാണ് ആ ചരട് .പോത്ത് വിരളുന്നത് ഒരു മുഴുവൻസമയ സിനിമയാക്കാൻ  ഒരു സംവിധായകനു തോന്നിയാൽ പോരാ; അതിനു പറ്റിയ നരേറ്റീവ് അഥവാ പ്രതിപാദനം കണ്ടെത്തണം. സംവിധായകൻ ഈ തന്തുവിനെ വെളിച്ചം, നിഴൽ, ആൾക്കൂട്ടഭീകരത, ഇറച്ചിക്കൊതി, തീറ്റ ,പ്രണയം, പ്രണയപ്പക, സെക്സ് ,മോഷണം, കൊല, മരണം , തുടങ്ങി വിവിധ ഘടകങ്ങളാക്കി വേർതിരിച്ചെടുക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ കൊടിമരം വിരണ്ട പോത്ത് തട്ടിമറിച്ചിട്ടതു പോലും വേണമെങ്കിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമായി മാറാം എന്ന് സംവിധായകർ സൂചന നൽകുന്നുണ്ട്. ഒരു പോത്തിൻ്റെ പരക്കം പാച്ചിലിൽ രണ്ടു പേർക്കിടയിലെ പകയും നഷ്ടപ്രണയവും രതിമോഹവും സൂപ്പർഇംപോസ് ചെയ്തു വയ്ക്കുന്ന സംവിധായകൻ മനഷ്യൻ്റെ ആദിമ വാസനകൾ ഇറച്ചിക്കടയിൽപ്പോലും സ്പന്ദിക്കുന്നതായി തൊട്ടുകാണിക്കുന്നു.

പോത്ത് തന്നെ ആഖ്യാനം.

പോത്ത് ഒരു പ്രതീകമല്ല; പോത്ത് മാത്രമാണ്. അത് സ്വയം ഒരു ആഖ്യാനമാണ്. സംവിധായകൻ അതാണ് തേടുന്നത്. ആ ആഖ്യാനത്തിലേക്ക് മനുഷ്യരെ കൂട്ടി ച്ചേർക്കുകയാണ്. സിനിമ ദൃശ്യവ്യാഖ്യാനമാണ് .ഈ സിനിമയുടെ രാത്രി ദൃശ്യങ്ങൾ കഥ പറയാൻ ഉദ്ദേശിച്ചുള്ളതല്ല. അത് പ്രമുഖ ഉത്തര- ഉത്തരാധുനിക സാഹിത്യസൈദ്ധാന്തികനായ ജർമ്മൻ പ്രൊഫസർ റിയോൾ ഇഷെൽമെൻ  മുന്നോട്ടുവച്ച 'പെർഫോമാറ്റിസം ' എന്ന ആശയവുമായി ചേർത്തുവച്ച് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇഷെൽമാൻ വ്യക്തമാക്കുന്നത്  (ഞാനുമായി ഇ-മെയിൽ ഇൻ്റർവ്യുവിൽ പറഞ്ഞത്. ഇത് ഉത്തര-ഉത്തരാധുനികത എന്ന പുസ്തകത്തിലും, ഇംഗ്ളിഷിലുള്ളത് വിവിധ സൈറ്റുകളിലും പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് )ഒരു കൃതിയിലെ അവതരണത്തെ സൗന്ദര്യാത്മകതലത്തിൽ വിശ്വസിക്കാൻ ഒരു വായനക്കാരനെ അല്ലെങ്കിൽ കാണിയെ സ്വാഭാവികമായി പ്രാപ്തമാക്കുന്ന കലാതന്ത്രമാണ് പെർഫോമാറ്റിസം എന്നാണ്‌. ചിലപ്പോൾ അയഥാർത്ഥമായി തോന്നാം.എന്നാൽ പ്രേക്ഷകർ അത് പൂർണമായി വിശ്വസിക്കുന്നു. അതായത് ഒരു അതീതാനുഭവം പ്രേക്ഷകനെ കീഴ്പ്പെടുത്തുന്നു. അതിലൂടെ സിനിമയിൽ ചിത്രീകരിച്ച മാന്ത്രിക യാഥാർത്ഥ്യം വാസ്തവമാണെന്ന് അവനു ബോധ്യപ്പെടുന്നു.

' ജല്ലിക്കട്ട്' രണ്ടു വിധത്തിൽ കാണിയെ വിശ്വസിപ്പിക്കുന്നു. ഒന്ന് ,പോത്തിനെ പിടിച്ചുകെട്ടാൻ ഓടുന്ന ആളുകളിൽ താൻ ഉണ്ടെന്ന് അവൻ വിശ്വസിക്കുന്നു. കാണി തന്നെയാണ് പോത്തിനു പിന്നാലെ പായുന്നത്. രണ്ട്, വിറളി പിടിച്ച് ഓടുന്ന പോത്ത് മറ്റാരുമല്ല ;നാം തന്നെയാണ്. ഈ രണ്ട് അവസ്ഥകളും ഒരാളിൽ തന്നെ കേന്ദ്രീകരിക്കുന്നിടത്താണ് സിനിമ തീ വ്രമായ അനുഭവമാകുന്നത്.ഇവിടെയാണ് സംവിധായകൻ്റെ 'പെർഫോമാറ്റിസം ' പ്രകടമാകുന്നത്. ഇത് ലിജോ ജോസിൻ്റെ ബ്രഷ് സ്ട്രോക്കാണ് .വേറൊരാൾ ചെയ്താൽ ഈ ടോൺ ഉണ്ടാകുകയില്ല. ലിജോ 'മലയാള സിനിമയിൽ പുതിയൊരു കാമറകണ്ണും നോട്ടവും സമീപനവുമാണ് സംഭാവന ചെയ്തിരിക്കുന്നത്. നായികയോ നായകനോ ഇല്ല. ഗാനമോ ഗായകനോ ഇല്ല.എന്നാൽ ആണും പെണ്ണും പ്രേമവും സെക്സും ക്രൂരതയുമുണ്ട്. തിരക്കഥ അതേപടി ഷൂട്ട് ചെയ്താൽ ലിജോയുടെ അത്ഭുതം കാണിക്കാനൊക്കില്ല. സിനിമ എന്താണോ അതിൻ്റെ ഇരുപതു ശതമാനം മാത്രമേ സിനിമ വരൂ. എല്ലാ ഫോർമുലകളും തള്ളിക്കളഞ്ഞ ഈ സംവിധായകൻ തനിക്കു കലയല്ലാതെ വേറൊരു പ്രത്യയശാസ്ത്രമില്ലെന്നു സംശയമില്ലാതെ തന്നെ കാണിച്ചു തരുകയാണ്.

എന്നാൽ നമ്മുടെ ചില മുഖ്യധാരാ മാധ്യമങ്ങളും സിനിമാവിമർശകരും ലിജോയെയും ജല്ലിക്കട്ടിനെയും വേണ്ടപോലെ മനസ്സിലാക്കിയില്ലെന്ന് തോന്നുന്നു.  ഈ മുഖ്യധാരാ  മാധ്യമങ്ങളിൽ നവസിനിമയെക്കുറിച്ച് അറിയാവുന്നവർ തീരെയില്ല എന്ന് പറയേണ്ടി വരും. സാഹിത്യത്തിൻ്റെ  കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ.

Share :