Archives / April 2020

അജിത്രി
ഉയിർപ്പ്

വിയർപ്പിൻ്റെസമുദ്രങ്ങളിലൂടെ 
എത്ര കുരിശു വരച്ചിട്ടും 
വലിച്ചിട്ടും
 ജീവിതനൗകകൾ 
കര കണ്ടില്ല.
 കരയിലേക്കെത്തിയില്ല 
എന്നു പറയുന്നതാവും ശരി.
കുരുടരായ എന്റെ കൂട്ടാളികൾ 
 വഴികാട്ടിയില്ലെന്ന്
മാത്രമല്ല
പരമാവധി
അവഗണിക്കാനും
കൂടെ തന്നെ ഉണ്ടായിരുന്നു. 

പിലാത്തോസിൻ്റെ
കാലാൾപ്പടകൾക്ക് 
നിഗൂഢവീഥികൾ
പണിത് പണിത്
 അവരീ ഉപ്പു കപ്പലിനെ
പല തവണ മുക്കിക്കൊന്നു'

 

 കുരിശിൻ്റെ വഴി
എനിക്കുള്ളതല്ല
ക്രൂശിതൻ്റെ മുൾക്കിരീടവും
എനിക്കുള്ളതല്ല
ഏറ്റെടുക്കാനാളുകളുള്ള 
വഴിവാണിഭ ചന്തയിലെ
ഏറ്റവും ആകർഷകമായ
മുൾക്കിരീടം
പൊന്നിൻ്റേതായിരുന്നു.
എന്റെ തലയതണിയാൻ
പാകത്തിലായിരുന്നില്ലല്ലോ

നിങ്ങളുടെ അന്തം കെട്ട
സൗഖ്യങ്ങളുടെ
കഴുതപ്പുറത്തിരുന്ന്
കണ്ണുനീർ തുള്ളിയുടെ
ദേവാലയം കാണാൻ
കുരിശിൻ്റെ വഴിയേ
മെഴുതിരി കൊളുത്തി
പോയിട്ടില്ല
ഒരു പ്രദക്ഷിണവും
നടത്തിയിട്ടില്ല.
എന്റെ തോൽവികടുക്കൻ
ഊരി നേർച്ചയിട്ടിട്ടേയില്ല.

നിങ്ങളുടെ കുഞ്ഞാടുകളെ 
പോറ്റി വളർത്താൻ 
അവരുടെ മുന്തിരി തോട്ടത്തിലും
അൾത്താരകളിലും
ഞാൻ കാത്തു കിടന്നിട്ടുണ്ട്.
കന്യാമഠങ്ങളിലെ
തിരുനാമം ഉരുവിടുന്ന
ചുണ്ടുകൾക്ക്
ചോപ്പുകൂട്ടാൻ
രസക്കൂട്ടുകൾ
തയ്യാറാക്കുകയായിരുന്നു
നിങ്ങളെല്ലാവരും.

നിങ്ങളുടെ 
പരിഹാസത്തിന്റെ 
അടുക്കളത്തോട്ടത്തിലെ
കറിവേപ്പില മാത്രമായിരുന്ന ഞാൻ
കലവറയിലെ പോർക്കിറച്ചിയ്ക്ക്
വിവർത്തനം ചെയ്യാൻ പാകത്തിൽ 
മലർന്ന് കിടന്നത്
നിങ്ങൾ കണ്ടിട്ടുണ്ടാവില്ല.

എന്റെ കവിതയിലെ  കുരിശു വിചാരങ്ങൾക്ക്
ചിറകുണ്ടാവില്ല

നിങ്ങളുടെ 
തച്ചന്മാരുടെ 
നോട്ടമെത്തിയിട്ടില്ലാത്ത
മുരിക്കുമരത്തിൻ്റെ
നെറുകയിൽ
പൂത്തു നിന്നിട്ടും
അഭിവന്ദ്യ പിതാക്കളൊരുക്കിയ 
കുരിശു നാട്ടൽ
 കെണിയിലേക്ക് 
കൊഴിഞ്ഞു വീണിട്ടില്ല
എന്റെ കുരുത്തോലയിലെ 
ഇളം പച്ചകൾ

നിങ്ങളുടെ 
തന്തൂരി യ ടപ്പുകളുടെ 
ചൂടിൽ തലയറ്റു വീണില്ല 
ചാരമായിട്ടില്ല
നെറ്റി കുരിശായ്
കറുത്ത കാട്ടുപഴമായ്
നസ്രേത്തിൻ്റെകിനാവിലെ കാടുപിടിച്ച 
ഏകാന്തതയുടെ 
മുള്ളുവേലികളിൽ 
ഒരിക്കലും 
വിളഞ്ഞു തൂങ്ങി
കിടന്നിട്ടില്ല.
നിങ്ങളുടെ പട്ടുടുത്ത കടൽ പക്ഷികൾ 
ഇവിടെ മാത്രം വന്നിരിക്കാറില്ല .

ജലനൗകയാണ്
വെള്ളത്തിലൂടെ നടന്നു വന്നവനെ 
ലില്ലി പൂക്കളുടെ കാമുകനെ
ചുവന്ന കുരിശിൻ്റെ
അവകാശിയെ കാത്തിരിക്കുന്ന
മഗ്ദലനയെ പോലെയാണീ തോണിയും
തുഴയില്ലാതെ
തനിയെ നീങ്ങുന്ന
നീർപ്പോളകളുടെ സാമ്രാജ്യം:

Share :