Archives / April 2020

- കുളക്കട പ്രസന്നൻ
മാധ്യമം: വായന, ശ്രവ്യം, കാഴ്ച 

നമ്മുടെ മാധ്യമ ലോകം വളർന്നിരിക്കുന്നു. ജനങ്ങൾ പ്രധാനപ്പെട്ട വിഷയങ്ങൾ അറിയുന്നതിന് വിവിധ മാർഗ്ഗങ്ങൾ സ്വീകരിച്ചു തുടങ്ങിയിടത്തു നിന്ന് പിന്നീട്  അപ്രധാന വാർത്തകളും വ്യാജവാർത്തകളും എത്തുന്നിടത്തായി മാധ്യമങ്ങൾ.

പുരണകാലത്തും ദേവലോകത്ത് മാധ്യമ പ്രവർത്തനം ഉണ്ടായിരുന്നു എന്നതിന്റെ സൂചകമാണല്ലോ നാരദർ .രാജ ഭരണകാലത്ത് വിളംബരത്തിലൂടെ പ്രജകളെ പ്രധാനപ്പെട്ട വിഷയങ്ങൾ അറിയിച്ചിരുന്നു. അച്ചടി സാധ്യത വന്നതോടെ  വാർത്തകൾ വിശാലമായി . ത്രൈമാസിക, മാസിക, ദ്വൈവാരിക, വാരിക, ദിനപത്രം തുടങ്ങിയ തലങ്ങളിൽ പ്രസിദ്ധീകരണങ്ങൾ വായനക്കാരുടെ മുന്നിൽ എത്തി. വായന ശാലകളിലും വീടുകളിലും തൊഴിൽ ശാലകളിലും ദിനപത്രങ്ങൾ വരുത്തി. തൊഴിൽശാലകളിലും വായനശാലകളിലും പത്രം വായിച്ചു കേൾപ്പിക്കുന്ന രീതിയുമുണ്ടായിരുന്നു. രാവിലെ ചൂടു ചായക്കൊപ്പം പത്രവായനയും പലരുടെയും ശീലമായി. ഇന്നും അതു തുടരുന്നുണ്ട്.

പത്രത്തിൽ സാർവ്വദേശീയ വിഷയങ്ങൾ, പ്രാദേശിക സംഭവങ്ങൾ, സ്പോർട്സ്, സിനിമ, കല, രാഷ്ട്രീയം, എഡിറ്റോറിയൽ , പരസ്യം, ചരമ കോളം തുടങ്ങിയവ ഉണ്ട്. വായനക്കാരന്റെ താല്പര്യം അനുസരിച്ച് വായിക്കാം. 

പത്രങ്ങൾ നിരവധി ഉണ്ട്. ഓരോ പത്രവും വ്യത്യസ്ത രീതി സ്വീകരിക്കും. എഡിറ്റോറിയൽ പേജ്, ചരമ പേജ്, പ്രാദേശിക പേജ് ഇവയൊക്കെ വ്യത്യസ്തമാകും. ഫോണ്ടുകളിൽ വരെ മാറ്റമുണ്ട്. ഇതു വായനക്കാരൻ സ്വാധീനിക്കും. അതായത് സ്ഥിരമായി വായിക്കുന്ന ഒരു പത്രത്തിനു പകരം മറ്റൊരു പത്രം കിട്ടിയാൽ പൂർണ്ണ തൃപ്തനാകില്ല. എന്നു കരുതി ഒന്നിലധികം പത്രം വായിക്കുന്നവർ ഉണ്ട് എന്നത് കാണാതെ പോകരുത്.

പത്രം വായിക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന സംശയങ്ങൾ കത്തു മുഖേന പത്രാധിപരോട് ചോദിക്കാം. പത്രത്തിന്റെ അടുത്ത ഘട്ടമാണ് ശ്രവ്യമാധ്യമമായ റേഡിയോ

റേഡിയോ നിലയങ്ങൾ പ്രക്ഷേപണം ചെയ്യുന്ന വാർത്തകളും മറ്റും നമ്മുടെ വീട്ടിലുള്ള റേഡിയോയിലൂടെ ശ്രോതാക്കൾക്ക് മുന്നിലെത്തുന്നു. സിനിമാ പാട്ടും  നാടകങ്ങളും വയലും വീടും എന്തെല്ലാം പരിപാടികൾ. നാട്ടിലൊക്കെ റേഡിയോ ക്ലബ്ബും നാട്ടിലുള്ളവർക്ക് ഒത്തുചേർന്ന് റേഡിയോ വയ്ക്കുന്ന കെട്ടിടങ്ങളും ഉണ്ടായിരുന്നു. ബാലലോകം, കണ്ടതും കേട്ടതും എന്തെല്ലാം പരിപാടികൾ ശ്രോതാക്കളുടെ മനം കവരുന്നതാണ്. ശുദ്ധമായ ഭാഷയും അവതരണവും റേഡിയോ പരിപാടികളുടെ പ്രത്യേകതയാണ്. റേഡിയോയിലേക്ക് കത്തുകൾ അയയ്ക്കുന്നവരും ഉണ്ട്.

പത്ര- റേഡിയോയിൽ നിന്നും അത്ഭുതം വർദ്ധിപ്പിക്കുന്നതായിരുന്നു ടെലിവിഷൻ. കാണുകയും കേൾക്കുകയും ചെയ്യുന്ന അത്ഭുതപ്പെട്ടി. ടെലിവിഷന്റെ വരവോടെ വാർത്തകൾക്ക് നിറമായി, വേഗതയായി, മത്സരമായി. നിരവധി ടി വി ചാനലുകൾ വന്നു. പത്രങ്ങളിലെ  അന്വേഷണ പരമ്പരകളും കോമിക് കോളങ്ങൾക്ക് സമാനമായി സറ്റൈയർ പരിപാടികളും രൂപപ്പെട്ടു. ന്യൂസ് ചാനലുകളും വിനോദചാനലുകളുമായി വേർതിരിക്കപ്പെട്ടു. 

പത്രം - റേഡിയോ - ടെലിവിഷൻ എന്നീ മാധ്യമങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ നൂറ്റാണ്ടിൽ വന്നതാണ് നവ മാധ്യമം. ഫെയ്സ് ബുക്ക്, വാട്സാപ്പ്, ട്വിറ്റർ തുടങ്ങിയ നവ മാധ്യമം കോടിക്കണക്കിനു ഉപഭോക്താക്കളിലെത്തി നിൽക്കുന്നു. വായന, ശ്രവ്യം, കാഴ്ച എന്നീ മൂന്നു ഘട്ടങ്ങളിലായി വന്ന പത്രം - റേഡിയോ - ടെലിവിഷൻ എന്നീ മാധ്യമങ്ങളുടെ പൂർണ്ണതയിലാണ് നവ മാധ്യമങ്ങളുടെ വളർച്ച. വായനയും ശ്രവ്യവും കാഴ്ചയും ഒത്തുച്ചേരുന്ന നവ മാധ്യമങ്ങൾ ലോകമെമ്പാടുമുള്ളവർക്ക് വിരൽത്തുമ്പിൽ അതാതു നിമിഷത്തെ വാർത്തകൾ എത്തിക്കുന്നു.

മാധ്യമങ്ങളും നവ മാധ്യമങ്ങളും തമ്മിൽ വ്യത്യാസങ്ങൾ ഏറെയുണ്ട്. പത്ര-റേഡിയോ - ടെലിവിഷൻ വാർത്തകൾ മുൻകൂട്ടി തയ്യാറാക്കപ്പെടുന്നതും എഡിറ്റ് ചെയ്യപ്പെടുന്നതുമാണ്. നവ മാധ്യമങ്ങൾക്ക് അങ്ങനെയൊരു രീതിയില്ല. നവ മാധ്യമത്തിൽ ആര് പോസ്റ്റിടുന്നുവോ ആ വ്യക്തിയുടെ പക്വതയും സ്വഭാവവും അതിൽ നിഴലിക്കും. കാളപ്പെറ്റെന്ന് കേട്ട് കയറെടുക്കുന്നവരും ചുരുക്കമല്ല. ഇതിന്റേതായ അപകടം നവ മാധ്യമങ്ങളിലുണ്ട്. വ്യാജവാർത്തയുടെ അതിപ്രസരം തലക്കു മുകളിലെ വാൾ കണക്കെയാണ്.

മാധ്യമരംഗം വളരുകയാണ്. രത്നച്ചുരുക്കത്തിൽ വാർത്തകൾ അറിയുവാൻ ആഗ്രഹിക്കുന്ന നവീന ശൈലിയാണ് നവ മാധ്യമങ്ങളെ ജനപ്രിയമാക്കുന്നത്. പക്ഷെ, പത്രങ്ങളിൽ പരക്കുന്ന അക്ഷരസുഗന്ധം വേറിട്ട അനുഭൂതിയാണ്. അതിൽ നിന്നും ഓൺലൈൻ പത്ര രീതിയും നമ്മിലെ വായനാനുഭവം ഉണർവ്വുളളതാക്കുന്നു. 

കമന്റ്: വായന മരിക്കുന്നു എന്ന് ആരൊക്കെയോ വിലപിച്ചിരുന്നു. എന്നാലത് ശരിയല്ലന്ന് കാലം തെളിയിക്കുന്നു. ഓൺലൈൻ രംഗത്ത് വായന തളിരിട്ട് പൂവും കായുമായി നിറയുമ്പോൾ വായനലോകത്തിന് ഓഫ് ലൈനില്ല.

Share :