Archives / April 2020

പ്രശാന്ത് . എം
ഒറ്റത്തെയ്യം

:നോട്ടം

മുഴുഭ്രാന്തൻ മലയുടെ മുകളിലെ 
ഒറ്റത്തെയ്യത്തിൻ്റെ ചെമന്ന കണ്ണ്

സ്ഥലം
കാർത്തികയ്ക്കെന്നപോലെ
കത്തിയമർന്ന രാജ്യം

കാലം
അന്ത്യ അത്താഴത്തിനു ശേഷം

ശബ്ദം
ലിപികൾ തോറ്റുമടങ്ങിയ
യുദ്ധപ്പാറ്റ.

കാഴ്ച
കൂട്ടം തെറ്റിയവരുടെ
അണഞ്ഞ
വിളക്കു കാലുകൾക്കു ചുവട്ടിലെ
ഇരുത്തം

ഗന്ധം
കാട്ടുചോലയുടെ
ചോരയേന്തിയ പൊറ്റ

ദാഹം
പിറവിയോടൊപ്പം
തുളവീണൊരു പുഴയുടെ കര

വിശപ്പ്
ഒറ്റയൊറ്റയായ് നടന്ന്
മുടന്തിയ ദേശത്തിൻ്റെ ചിത്രം

കാട്
ചിറകിൽ നിറയെ മരങ്ങളുള്ള 
പക്ഷികളുടെ പലായനം

 

പന്ത്രണ്ടു വർഷങ്ങൾ,


ഞാൻ സെൻ്റ് തോമസ് സ്കൂളിൻ്റെ
ഗ്രേറ്റിനുപുറത്തെ മരച്ചോട്ടിൽ
കാത്തിരുന്നു

പന്ത്രണ്ടു വർഷങ്ങൾ
ബുദ്ധനും ഏതാണ്ടത്രയും വർഷങ്ങൾ
പിന്നിട്ടിട്ടാണല്ലോ രാഹുലനെ പിന്നീട് കണ്ടത്

വ്യത്യാസമുണ്ട്
അദ്ദേഹത്തിൻ്റേത് ഗൃഹ ദർശനമായിരുന്നല്ലോ
ഞാനീ നട്ടപ്ര വെയിലത്ത്
നിഴലിൻ്റെ കീഴെ
മുഷിഞ്ഞലഞ്ഞ കാലവും പേറി
സൂര്യൻ്റേതല്ലാത്തൊരിറ്റു പ്രകാശവുമില്ലാതെ
അവൻ വരുന്നതും നോക്കി ഇരിപ്പാണ്.

വെയിൽ ഭ്രമത്തിൽ മാഞ്ഞുപോയ ബോധതലം
കടകളും കടക്കാരും നല്ല ഉറക്കത്തിലാണ്

വർഷങ്ങളായ് ഞാനിവിടെ 
ധ്യാനത്തിലാണെന്നു തോന്നും, കണ്ടാൽ

ഉച്ചയൂണിന് മണി മുഴങ്ങി
പളളിയിലാരോ മരിച്ചതിൻ
മണിമുഴക്കങ്ങൾ വേറെ

കടകളെല്ലാം ഉണർന്നു
ഐസുകാരൻ ഹോണിൽ
അയാളുടേതായ സംഗീതം മുഴക്കി
കുട്ടികൾ പുറത്തേക്ക് പായുന്നു

ഞാൻ ബാഗ് തുറന്ന്
കണ്ണാടിയെടുത്തു നോക്കി
എൻ്റെ മുഖച്ഛായ ഉറപ്പു വരുത്തി

ചിലമണിക്കൂറുകൾ, മിനിറ്റുകൾ
നിമിഷങ്ങൾ എത്ര വേഗമാണ്
അവ ഓടിപ്പോവുന്നത്

കയോസു പോലെ പരന്നിരുന്ന കുട്ടികൾ
ഒരു നീണ്ട മണിമുഴക്കത്തിൽ
വരിവരിയായ് തിരികെ പോയി

ഇല്ല, കണ്ണാടിക്ക് തെറ്റുപറ്റിയിരിക്കും
എൻ്റേതല്ലാത്ത മുഖം പ്രതിഫലിപ്പിച്ചതിനു പിഴയായ്
ഞാനതിനെ ഉടലോടെ താഴേക്കെറിഞ്ഞു
ഓരോ മുറിവിലും ഓരോരോ സൂര്യന്മാർ
അത്രയും സൂര്യന്മാരുണ്ടാക്കാൻ പോവുന്ന
രാത്രിയെ ഓർത്തു ഞാൻ ഭയന്നു.

Share :