Archives / April 2020

ജ്യോതിലക്ഷ്മി നമ്പ്യാർ , മുംബൈ
തുടരുക, ഈ  ഭാവപ്പകർച്ചകൾ

ഇന്നിവിടെ മന്ത്രോച്ഛാരണമില്ല, മണിയടിയില്ല,  കുർബ്ബാനയില്ലാ, കുമ്പസാരമില്ല, വാങ്കുവിളിയില്ല, ഓത്തില്ല. പ്രപഞ്ച ശക്തിയോടു മൗനമായി ഒരേ ഒരു പ്രാർത്ഥന മാത്രം. 
“ലോക സമസ്താ സുഖിനോ ഭവന്തു”. ആർഷഭാരതം ലോകത്തിനു നൽകിയ സന്ദേശമാണിതു. എല്ലാവരും നന്മയോടെ കഴിയുന്ന സുവർണ്ണകാലഘട്ടം എന്ന മധുര സങ്കല്പ്പം.  തന്നെയും, കുടുംബത്തെയും എന്നല്ല ലോകത്തുള്ള എല്ലാവരെയും മഹാമാരിയിൽ നിന്നും രക്ഷിച്ച് ആയുസ്സ് നൽകണം. രാഷ്ട്രത്തിലെ ജനങ്ങൾക്കും ഇവിടെ സാമ്പത്തിക ഭദ്രതയ്ക്കും നേരിടേണ്ടി വന്നിരിയ്ക്കുന്നു ദുരവസ്ഥയിൽ നിന്നും ലോകത്തെ കരകയറ്റണം.  എല്ലാവരും സുഖമായിരിയ്ക്കണം.
 ഇന്നലെകൾ മനുഷ്യൻ അനുസരിച്ചിരുന്നത്, മനുഷ്യനെ അനുസരിപ്പിച്ചിരുന്നത് മതങ്ങളും, മതവിശ്വാസങ്ങളുമായിരുന്നു. എന്നാൽ ഇന്ന് മതങ്ങളെ കൂട്ടുപിടിയ്ക്കാതെ  സാക്ഷാൽ പ്രപഞ്ചശക്തിയെ വിശ്വസിയ്ക്കാൻ ഇന്ന് ജനങ്ങൾ പഠിച്ചിരിയ്ക്കുന്നു. മന്ത്രവാദത്തിനോ, പ്രവചനങ്ങൾക്കോ, പ്രപഞ്ചശക്തിയെ അതിജീവിയ്ക്കാൻ കഴിയില്ലെന്ന് മനുഷ്യനെ ഇന്നത്തെ സാഹചര്യങ്ങൾ ഓർമപ്പെടുത്തുന്നു.  ഇന്ന് ലോക രാഷ്ടങ്ങൾ നേരിട്ടുകൊണ്ടിരിയ്ക്കുന്ന കേവലം അദൃശ്യമായ വൈറസിനെ അതിജീവിയ്ക്കുന്നതിൽ സയൻസും,  ലോകരാഷ്ട്രങ്ങളും തോറ്റിരിയ്ക്കുന്നു. ഈ മഹാമാരിയെ അഭിമുഖീകരിയ്ക്കണമെങ്കിൽ ഗവൺമെന്റും ആരോഗ്യവകുപ്പും പറയുന്ന കാര്യങ്ങൾ അതേപ്രതി ജാതി മത വർഗ്ഗീയ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഓരോരുത്തരും അനുസരിയ്ക്കേണ്ടിയിരിയ്ക്കുന്നു എന്ന തിരിച്ചറിവ് ഇന്നത്തെ സാഹചര്യങ്ങൾ മനുഷ്യനെ പഠിപ്പിയ്ക്കുന്നു.. 
ദിനംപ്രതി ഇവിടെ സാധാരണ മരണങ്ങളെ കിടപിടിച്ചിരുന്നത് ഭീകര ആക്രമങ്ങൾ കൊണ്ടുള്ള  മരണങ്ങളും, അതുപോലെ ജാതിയുടെ രാഷ്ട്രീയത്തിന്റെ പണത്തിന്റെ പേരിൽ നടക്കുന്ന കൊല്ലും, കൊലയും  , പീഡനങ്ങളാൽ ഉള്ള മരണങ്ങളും ആയിരുന്നു.   ഇതിനെല്ലാറ്റിനേക്കാളും ക്ഷണികമായ മരണങ്ങൾ കാഴ്ച വച്ച് മനുഷ്യനെ പഠിപ്പിയ്ക്കാൻ സാക്ഷാൽ  പ്രപഞ്ചശക്തി സമയമെടുത്തില്ല. ഈ തിരിച്ചറിവ് ഇന്ന് മനുഷ്യനിൽ ഉണ്ടായിരിയ്ക്കുന്നു.   
 ഇന്നലെ വരെ മനുഷ്യൻ പരസ്പരം തല്ലിമരിച്ചിരുന്നത് പൗരത്വബില്ലിന്റെ പേരിലായിരുന്നു. എന്നാൽ ഇന്ന് മനുഷ്യനെ തേടി എത്തിയിരിയ്ക്കുന്ന ഈ മഹാമാരിയ്ക്ക് പൗരത്വം തെളിയിക്കുന്ന രേഖകൾ ആവശ്യമില്ല, അതിർത്തികൾ ഒരു പ്രശ്നമല്ല. മാത്രമല്ല ഇന്ന് ഇത്തരം വിഷയങ്ങളെ കുറിച്ച് ഓർക്കാൻ പോലും മനുഷ്യൻ ശക്തനല്ലാത്തവിധം മനുഷ്യനെ പാകപ്പെടുത്തിയിരിക്കുന്നു. എല്ലാം മറക്കാൻ കഴിവുള്ളവൻ  മനുഷ്യൻ ഇന്നിവിടെ തെളിയിച്ചിരിക്കുന്നു . സ്വന്തം ജീവനിൽ ഭയമുള്ള ഇവർ   അത് മറന്നിരിക്കുന്നു, അല്ലെങ്കിൽ മറക്കാൻ നിര്ബന്ധിതനായിരിക്കുന്നു.  പാക്കിസ്ഥാനിലെ മുസ്ലീമോ, അമേരിക്കയിലെ ക്രിസ്താനിയോ, ഇന്ത്യയിലെ ഹിന്ദുവോ എന്ന തരം തിരിവ് ലോകത്തിന്റെ ഉറക്കം കെടുത്തുന്ന ഈ ഭീകരരോഗത്തിനില്ല. ഇത് പടർന്നുപിടിയ്ക്കുന്നത് ആദർശങ്ങളും, സ്വാഭിമാനവും വീറും വാശിയും മാറാപ്പാക്കി ചുമന്നു നടക്കുന്ന രക്തവും മാംസവുമുള്ള പച്ചയായ   മനുഷ്യനെയാണ്. ഈ പടർച്ചവ്യാധിയെ കുറിച്ചുള്ള വ്യാകുലതയിൽ മനുഷ്യൻ മതങ്ങളെ, രാഷ്ട്രീയത്തെ, വർഗ്ഗീയതയെ മറക്കാൻ പഠിച്ചിരിക്കുന്നു. മറക്കാനും പൊറുക്കാനും  കഴിവുള്ളവനാണ് മനുഷ്യൻ എന്ന് തെളിയിച്ചിരിയ്ക്കുന്നു
ജാതിയും മതവും രാഷ്ട്രീയവും എല്ലാം മാറ്റി നിർത്തി പരസ്പരം സഹായ ഹസ്തവുമായി ജനങ്ങൾ മുന്നോട്ടു വന്നിരിയ്ക്കുന്നു എന്നതും ഈ കാലഘട്ടത്തിൽ ശ്രദ്ധേയമായ ഒന്നാണ്. മനുഷ്യത്വം ഉള്ള പല ഡോക്ടർമാരും അവരുടെ സേവനം അത്യാവശ്യമായവർക്ക് ഫോണിലൂടെ തന്റെ സേവനം ഉറപ്പുവരുത്തുന്നു. വൃദ്ധജനങ്ങൾക്ക് പുറമെനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങികൊടുക്കാൻ സന്നദ്ധരായി കുറെ പേര് മുന്നോട്ടു വന്നിരിയ്ക്കുന്നു. ഭക്ഷണത്തിനു കഷ്ടപ്പെടുന്നവർക്ക് അവരുടെ വീടുകളിൽ ഭക്ഷണം എത്തി ച്ചു കൊടുക്കുവാനുള്ള സംവിധാനങ്ങൾ ചെയ്തിരിയ്ക്കുന്നു. ഇത്തരത്തിലുള്ള പല സഹായങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് പലരും മുന്നോട്ടു വന്നിരിയ്ക്കുന്നതായ വാർത്തകൾ മാധ്യമങ്ങളിൽ വായിയ്ക്കുമ്പോൾ, ആപത്ഘട്ടത്തിൽ പരസ്പരം എല്ലാം മറന്നു സ്നേഹിയ്ക്കാൻ മനുഷ്യൻ മറന്നിട്ടില്ല എന്നത് ഓരോ മനുഷ്യനും സന്തോഷം നൽകുന്ന ഒന്നാണ്. ഈ സ്നേഹം എന്നും നിലനിർത്തികൂടെ? ഈ മനുഷ്യത്വം എന്തിനു മനുഷ്യത്വത്തെ കൊലചെയ്യുന്ന അദൃശ്യമായ ശക്തികൾക്ക് വേണ്ടി കൈവെടിയുന്നു? 
കുടുംബത്തോടൊപ്പം സമയം ചിലവിടാൻ സമയമില്ല, ഉണ്ണാൻ സമയമില്ല ഉറങ്ങാൻ സമയമില്ല. പണമുണ്ടാക്കണം സമ്പാദ്യമുണ്ടാക്കണം നിക്ഷേപങ്ങളുടെ പട്ടിക വളരെ നീണ്ടതാകണം. അനുഭവിയ്ക്കാനോ ആസ്വദിയ്ക്കാനോ സമയമില്ലെങ്കിലും സുഖസൗകര്യങ്ങൾ ഇനിയും വേണം ആർഭാടങ്ങൾ തനിയ്ക്ക്  ചുറ്റുമുള്ളവരെ കാണിയ്ക്കണം. പണക്കാരാണെന്നു അറിയപ്പെടണം. അദ്ധ്വാനിച്ച് പണമുണ്ടാക്കാം എന്നത് കാലതാമസം ഉണ്ടാക്കും. അതിനാൽ എത്രയും പെട്ടെന്ന് പണമുണ്ടാക്കാനുള്ള വഴികൾ തലപുകഞ്ഞു ആലോചിയ്ക്കുന്നതിനിടയിൽ സ്വയം ജീവിയ്ക്കാൻ മറക്കുകയാണിവിടെ മനുഷ്യൻ. അതിനായി കൊല്ലും കുലയും ചതിയും വഞ്ചനയും എല്ലാം അവരുടെ ആയുധങ്ങളായിരുന്നു. എന്നാൽ ഇന്നിന്റെ മനുഷ്യൻ ചിന്തിയ്ക്കുന്നു ആർക്കുവേണ്ടി ഇതെല്ലാം ചെയ്യുന്നു? എത്രയോ ക്ഷണികമാണിന്നിവിടെ മനുഷ്യ ജീവിതം? പണം വെറും വ്യാമോഹം മാത്രമല്ലേ? ആരോഗ്യമല്ലേ ജീവിതത്തെ നയിയ്ക്കുന്ന ധനം? നാളെ ആരെല്ലാം ഉണ്ടാകും? ആർക്കുവേണ്ടി വെട്ടിപിടിയ്ക്കുന്നു?   എന്തിനു അമിതമായ മോഹങ്ങൾ?
രണ്ടു മൂന്നു ദിവസം അടുത്ത് അവധി കിട്ടിയാൽ ഉടനെ കറങ്ങാൻ പോകണം. വീട്ടിൽ എല്ലാവരും കൂടി ചിലവഴിയ്ക്കുന്നത് "ബോറടി" ആയിരുന്നു. ഇന്ന് കാണുന്ന വെയിലിനു എന്തൊരു പ്രസരിപ്പ് , സിന്ദൂര  സന്ധ്യക്ക് എന്തൊരു തുടിപ്പ്, ആകാശപരപ്പിൽ ഓടിനടക്കുന്ന കാർമേഘങ്ങൾ എന്തെല്ലാം ചിത്രങ്ങൾ എഴുതി മായ്ക്കുന്നു! തമ്മിൽ കുശലം പറഞ്ഞു പറക്കുന്ന   കിളികളുടെ കളകളാരവം കാതോർത്തിരിയ്ക്കാൻ എന്തൊരു സുഖം. കിണുങ്ങി കൊഞ്ചുന്ന  മക്കളുടെ സംസാരത്തിൽ എന്തൊരു വാത്സല്യം.   മാളികയുടെ കിളിവാതിലിലൂടെ കാണുന്ന പ്രകൃതിയ്ക്ക്  എന്തൊരു ഭംഗി, മൊബയിലിന്റെയും, ലാപ്ടോപ്പിന്റെയും കൊച്ചു സ്‌ക്രീനിൽ നഗ്‌ന നേത്രങ്ങൾ കൊണ്ട് ലോകം മുഴുവൻ ചുറ്റി സഞ്ചരിയ്ക്കാൻ ശീലിച്ച മനുഷ്യൻ വീടെന്ന നാലുചുമരുകൾക്കുള്ളിൽ മൊബെയിലിനെയും ലാപ്ടോപിനെയും മാത്രം സ്നേഹിച്ച് മടുത്തിരിയ്ക്കുന്നു. സ്വന്ത ബന്ധങ്ങൾ നിലനിർത്താൻ, കുശലാന്വേഷണം നടത്താൻ സമയമില്ലാത്ത ഇവർ,      എന്തിനധികം സ്വന്തം മാതാപിതാക്കളോടോ വീട്ടുകാരോടോ മനസ്സ് തുറന്നു ഒന്ന് സംസാരിയ്ക്കാൻ സമയം കണ്ടെത്താൻ കഴിയാതെ മൊബയിൽ സന്ദേശങ്ങളിൽ ആശയവിനിമയങ്ങൾ നടത്തിയിരുന്നവർ ഇന്ന് ബന്ധുക്കൾക്കും ഉറ്റവർക്കും ഫോൺ ചെയ്ത കുശലാന്വേഷണം നടത്തുന്നു. പണിയ്ക്ക് ആരെയും ലഭ്യമല്ലാത്ത സാഹചര്യത്തിൽ വീട്ടിലുള്ളവർ എല്ലാവരും ചേർന്ന് വീട് വൃത്തിയാക്കാൻ, ഭക്ഷണം പാകം ചെയ്യാൻ, കുട്ടികളുമൊത്ത് കളിയ്ക്കാൻ പഠിച്ചിരിയ്ക്കുന്നു. സമ്പാദ്യങ്ങൾക്കും, നെട്ടോട്ടങ്ങൾക്കും അപ്പുറം വീട്, വേണ്ടപ്പെട്ടവർ എന്ന ഒരു സ്വർഗ്ഗമുണ്ടെന്നു അവർ മനസ്സിലാക്കിയിരിയ്ക്കുന്നു. സമയാസമയങ്ങളിൽ ഒന്നിച്ചിരുന്നു ഭക്ഷണം കഴിയ്ക്കുന്ന സുഖം ഇന്നവർ അനുഭവിയ്ക്കുന്നു. ജീവിതത്തിന്റെ അലച്ചിലിൽ ഉറങ്ങാൻ സമയം കണ്ടെത്തനാകാതെ അസുഖങ്ങളെ ക്ഷണിച്ചു വരിത്തിയിരുന്ന ഇവർ സമയാസമയങ്ങളിൽ ഉറങ്ങുന്നു, എഴുന്നേൽക്കുന്നു. സ്വന്തം വീടുകൾ ഒരുമിച്ചിരുന്നു വിശ്വസിയ്ക്കുന്ന ദൈവത്തിനോട് പ്രാർത്ഥിയ്ക്കുന്നു. തനിയ്ക്കും തന്റെ കുടുംബത്തിനും വേണ്ടി മാത്രമല്ല ലോകത്തിനു വേണ്ടി, ലോക ക്ഷേമത്തിനുവേണ്ടി. 
കൊറോണ എന്ന മഹാമാരി ജനതയെ പഠിപ്പിച്ച ഇത്തരം നല്ല ശീലങ്ങൾ ഇനിയും ആകുംവിധം തുടർന്നുപോകാൻ എല്ലാവരും ഇന്ന് സന്നദ്ധരായിരിയ്ക്കുന്നു എന്ന് പ്രതീക്ഷിയ്ക്കാം. 
ഇന്നത്തെ സാഹചര്യത്തെ തെളിയിക്കുന്നത് പരസ്പരം സ്നേഹിയ്ക്കാൻ ആരും മറന്നിട്ടില്ല. സ്നേഹം നിറഞ്ഞ മനസ്സുകളിൽ ചെലുത്തപ്പെടുന്ന ഏതൊക്കെയോ ബാഹ്യശക്തികളാണ് മനുഷ്യനെ പരസ്പര വിരുദ്‌ധികളാക്കുന്നത്. അതിനാൽ വൈരാഗ്യങ്ങൾ മറന്നു പരസ്പരം സ്നേഹം നിലനിർത്തുവാനുള്ള സന്ദേശമായി പി ഭാസ്കരൻ മാഷിന്റെ വരികൾ അനുസ്മരിയ്ക്കാം 
"ലോകം മുഴുവൻ സുഖം പകരാനായി സ്നേഹ ദീപമേ മിഴി തുറക്കൂ............."

Share :