Archives / April 2020

 ദീപ സന്തോഷ് 
എന്റെ കവിത

എന്റെ കവിത 

ചിറകനക്കാനാവാതെ

ഒരു മാത്ര

തണുത്തുറഞ്ഞുപോയ

കൃഷ്ണപ്പരുന്താണ്

 

നീണ്ടനിഴലുകൾക്കുൾക്കനം

കൂട്ടിക്കൊണ്ടിരിക്കുന്ന

വിളർത്തപ്രഭാതസന്ധ്യകളാണ്.

 

കാക്കപ്പൂചൂടിച്ച്

ഇറവെള്ളത്തിൽ

അക്കരെ കയറ്റിയ

വെറുമൊരു കടലാസുതോണിയാണ്.

 

ചാണകംമെഴുകിയമുറ്റത്തെ

കറുത്തമൂവാണ്ടൻമാവിൽ നി_

ന്നടർന്നുവീണ

മാമ്പൂവിൻ മധുരമാണ്.

 

വെള്ളിപ്പാദസരത്തിൻ

പാൽപുഞ്ചിരിക്കുമേൽ

അമർന്ന

ഭ്രാന്തൻ ചങ്ങലയാണ്.

 

തൊട്ടുമുന്നിൽശ്വാസനിശ്വാസ

ഗതിവേഗമറിയുമ്പൊഴും

ഒരുനോക്കുകാണുവാനാകാതെ

കാഴ്ചമറക്കുന്ന മൂടൽമഞ്ഞാണ്.

 

വിശപ്പടക്കാനാകാതെ

ഇരയെപാർത്ത്

കുന്നിൻമുകളിൽമുരണ്ടുനടക്കുന്ന

കുറുനരിക്കൂട്ടമാണ്.

 

മൂക്കുത്തിക്കായ് കൈനീട്ടി 

മുക്കുറ്റിപ്പൂവിനുമുന്നിൽ

തോറ്റുനിൽക്കുന്ന

തൊട്ടാവാടിയാണ്.

 

കൊത്തുവാനാഞ്ഞപത്തി

ചുരുട്ടി,പിൻവാങ്ങി 

വിഷമൂറിയിരിക്കുന്ന

കരിനാഗമാണ്.

 

ആൾത്താരയിലെ ശബ്ദ_

ഘോഷങ്ങൾക്കിടയിൽ

തലകുനിച്ച് ഒറ്റയായിപ്പോയ

നീയാണ്...

നീ തന്നെയാണെന്റെ കവിത 

 

                       

 

Share :