Archives / April 2020

ഷുക്കൂർ ഉഗ്രപുരം
കൊറോണിയൻ

നിൻറെ പേരെന്താടോ ?
കൊറോണ കോവിഡ്
ദേശം ?
ചീന
വർണ്ണം ?
ചുവപ്പ്
സോഷ്യലിസ്റ്റാണോ ?
അവസാനം പറയാം.
ആധുനികനോ
ഉത്തരാധുനികനോ ?
നിനക്ക് വിധിക്കാം.
നാഗരികർ പട്ടിണിക്കിട്ട്
കൊന്നയത്ര ഞാൻ
ഹിംസിച്ച് തള്ളിയിട്ടില്ല.
ആധുനികർ യുദ്ധത്താൽ
കൊലപ്പെടുത്തിയ
അത്രയും
ക്രൂരതക്ക് ഞാൻ
തുനിഞ്ഞിട്ടുമില്ല .
ഉള്ളവനുമില്ലാത്തവനും
എനിക്ക് തുല്ല്യരാണ് .
രാജകുമാരനും
മന്ത്രിയും
ഭിക്ഷാടകനുമെല്ലാം.
ഞാൻ മായ്ക്കുന്നത്
മുൾവേലിയാൽ നീ
വരച്ച ഭൂമിയിലെ

അതിരുകളും
മനുഷ്യൻറെഹന്തയും
ആൾദൈവത്തിൻ
മായിക
പ്രപഞ്ചവുമാണ്.
പക്ഷി
മൽസ്യ മൃഗങ്ങൾക്ക്
ഇപ്പോൾ സ്വസ്ഥത
നൽകിയതാരാണ്?
ഭൂമിയിൽ നിങ്ങൾ
തള്ളിയ Co യും Co2 വും
നിർത്തിച്ചതാരാണ്?
പട്ടിണി നൽകുന്ന
നോവും
നീ ഭൂമി ജയിലാക്കി
തടവിലിട്ട പാവം
മന്നൻറെ നോവും
നിന്നിലിപ്പോൾ
പടർന്നതെങ്ങനെ?
ഗോളം മുഴുവനുള്ള
ബ്ലാക്ക്ബോർഡ്
സ്ഥാപിച്ച ജയിലറകൾ
പൂട്ടിച്ച്
മക്കൾക്കവധി
നൽകിയതാരാണ്?
മണ്ണ് തൊടാത്തവനെ
തൂമ്പ പിടിപ്പിച്ചും
ഒരക്ഷരവും
വായിക്കാത്ത മടിയനെ
ഗ്രന്ധമെടുപ്പിച്ചതും

ഞാനല്ലേ?
ഗ്രാമനഗരാന്തരത്തെ
വെട്ടി
നിരത്തിയതോ?
എന്നെ
ക്ഷണിച്ചവൻറെ
കൂടെ മാത്രം
അതിഥിയായ്
ഞാൻ പോയി .
നാളെ
തെളിഞ്ഞൊഴുകുന്ന
നദിയും
ഹരിത വൃക്ഷ
ലതാതികളും
കള കൂജനം പെയ്യുന്ന
നനുത്ത പ്രഭാതങ്ങളും
നിനക്ക്
നൽകും ഞാൻ .
മാക്സിയനോ
ഗാന്ധിയനോ ഒന്നുമല്ല
ഞാൻ വെറും
കൊറോണിയൻ
മാത്രം

Share :