Archives / April 2020

താര
ഉറുമ്പുകൾ പറയാറുള്ളത് (ആസ്വാദനം )

.  

.പ്രിയ സുഹൃത്ത്  APS ന്റെ (പി. എസ്. അശോക് ) കവിതാ പുസ്തകത്തെ കുറിച്ച് എന്തെങ്കിലും ഒരഭിപ്രായം എഴുതണമെന്ന് കരുതിയിട്ട് കുറേ മാസങ്ങളായി. അച്ചടിച്ചു കിട്ടിയ ഉടൻ വിളിച്ചു പറഞ്ഞ്; ഞാൻ നിന്നിടത്തേക്ക് കൊണ്ടു തന്ന കൃതിയാണ്. എന്നിട്ടും -----

മനപൂർവം വൈകിപ്പിച്ചതല്ല. അത്രയും പ്രിയപ്പെട്ടവരുടെ സൃഷ്ടികളെ കുറിച്ചൊരു കുഞ്ഞു കമന്റ് എഴുതുമ്പോൾ പോലും വാക്കുകളുടെ ഭംഗി പോരെന്ന് തോന്നും. അത് എഴുത്തുകാരനോട് ഉള്ള മാനസിക ബന്ധത്തിൽ നിന്നുടലാർന്ന ആകുലതയാണ്.അതുകൊണ്ടാവണം   എഴുതി തുടങ്ങിയത് 10 തവണയെങ്കിലും ഡിലീറ്റ് ചെയ്തത്.

നാല്പത് കവിതകളടങ്ങിയ ഒരു കുഞ്ഞു സമാഹാരം.
ഉറുമ്പുകൾ പറയാറുള്ളത്!
അതേ -
തീരെ ചെറിയ നിസാരരെന്ന് നാം കരുതുന്ന ആർക്കോ പറയാനുള്ളതും കൂടിയാണ് അശോക് പറയുന്നത്. 

വിശപ്പ് എന്ന കവിത തന്നെ ഉദാഹരണം. വിശപ്പിന്റെ ദയനീയതയും വാർദ്ധക്യത്തിന്റെ നിസഹായതയും ചേർന്ന് റോഡിലരഞ്ഞു തീരുമ്പോൾ ഉറുമ്പുകളല്ലാതെ ആരാണ് അവരെ ശ്രദ്ധിക്കാറ്! ദീർഘയാത്രകളിലെ വഴിയോരങ്ങളിൽ നില്‌ക്കുന്ന പാകമാകാത്ത യൂണിഫോമിട്ട വൃദ്ധൻ - ആ മുഖങ്ങളെല്ലാം ഒന്നാണ്. നിസഹായതകളും!
ഒരു കരച്ചിലിനാവാതെ
സങ്കടം നിറഞ്ഞ ഒരു കനത്ത വിശപ്പ് നെഞ്ചിൽ കെട്ടി നിന്നു പോയി -

കണ്ണിലൂറിയ പ്രണയത്തിന്റെ മുത്ത്കോർത്ത് കവിയായ ഒരാളെങ്ങനെ ചുറ്റുപാടുകളെ കുറിച്ചെഴുതാനാണെന്ന് ഒരു ചോദ്യം മുളയിടുന്നുണ്ട്-
പക്ഷേ കവിക്ക്  വെറും കവിക്കപ്പുറം കാലത്തോടൊപ്പം മുന്നോട്ടും ഓർമ്മകളിൽ നീന്തി പിറകോട്ടും പോകാനാകുമെന്ന് കലികാലത്തിലൂടെ പറയാതെ പറഞ്ഞിട്ടുണ്ട്.

കാലിടറി ഇഴഞ്ഞാലും യാത്ര നേർരേഖയിലായിരിക്കുമെന്നത് വാഗ്ദാനം പോലെ കവിതയ്ക്കു മേൽ കിരീടം ചാർത്തി നില്ക്കുന്നുണ്ട്.  ഇനിയും നടന്നു തീരാത്ത ----- എന്ന വരികളിൽ ഇനിയും എഴുതി തീരാത്ത ഒത്തിരി വിതുമ്പലുകളും യാത്ര എന്ന കവിതയിൽ കണ്ടു.

നിലാവ് നുള്ളാനായി കവി വിളിക്കുമ്പോൾ അറിയാതെ നമ്മളാ സ്ക്കൂൾ മുറ്റത്തേക്കോടും.
പൊട്ടിച്ചിതറിയ വളപ്പൊട്ടുകൾ എവിടെയെങ്കിലുമുണ്ടോന്ന് അറിയാതെ തിരഞ്ഞു പോകും.
ഈ കവിത മറ്റാരുടെയെങ്കിലും വരികളാണെങ്കിൽ വ്യക്തിപരമായി ഇത്രയും കുളിർമ്മ കിട്ടില്ലായിരുന്നു. പ്രിയ കൂട്ടുകാരനാ വിളിക്കുന്നത് ഓർമ്മകളുണ്ണുന്ന മുറ്റത്ത് പൂക്കളമിടാൻ, പൂക്കാലമാകാൻ - തീർച്ചയായും മനസ്സു തണുപ്പണിഞ്ഞു സന്തോഷിക്കും - എന്തൊരു നൈർമല്യമാണ് ഈ കവിതക്ക്. അടിത്തട്ടിലെ വെള്ളാരം കല്ലിനെ വരെ കാട്ടി തരുന്ന കുഞ്ഞ് കാട്ടരുവിയുടെ തെളിമയും കുളിരും!

കുറച്ചേറെ കവിതകളിൽ പ്രണയം ഇടയ്ക്കിടെ അതിഥിയായും വീട്ടുകാരനായും എത്തുന്നുണ്ട്. ഉള്ളിൽ പ്രണയമില്ലാതെ ഒരു കവിയും പിറക്കുന്നില്ല. വാക്കുകളിലെ പ്രണയം അറിയാതെ ചിമ്മുന്ന കണ്ണിമകൾ പോലെയാണ് ഈ കവിതകളിൽ.

അവൾക്കു വേണ്ടി പണിത ആ വാക്കുകളുടെ കൊട്ടാരമുണ്ടല്ലോ - ഏത് സ്ത്രീയെയും കൊതിപ്പിക്കുന്ന ,സാന്ത്വനിപ്പിക്കുന്ന ഒന്നാണ്. ഒറ്റയ്ക്കിരുന്ന് ചുവരുകളോട് സല്ലപിച്ചോട്ടെ എന്നത് കരുതലിനു മുകളിൽ പുതപ്പിച്ച ഒരു വാത്സല്യപ്പുതപ്പാണ് -

കളഞ്ഞു പോയ കവിത പുസ്തകത്തിൽ വരും മുന്നേ വായിച്ചാസ്വദിച്ച ഒന്നാണ്.
കുറേ തവണ വായിച്ചുറപ്പിച്ചിട്ടും മതിയാകാത്ത ഒന്ന്.
വളരെ ഇരുത്തംവന്ന, പാകപ്പെട്ട ഒരെഴുത്ത്.

ഒരിക്കലെഴുതാൻ മറന്നിട്ടാവാം അതിന്റെ നൂലാടകൾ അഴിഞ്ഞു വീണിരിക്കുന്നു...... ഈ വരികൾ മാത്രമെടുത്താൽ മതി അശോകിന്റെ രചനാ മികവിന് സാക്ഷ്യം നല്കാൻ.
മഴ മേഘങ്ങൾ വീണ് അക്ഷരം മാഞ്ഞുവെന്ന് കരുതിയത് വെൺശിലയിലെ കൊത്തുപണികളായി തീരുന്നു. ഈ ഒറ്റക്കവിത പുസ്തകത്തെ സാർത്ഥകമാക്കുന്നു എന്ന് പറയുന്നത് ഒട്ടും അധികമാവില്ല എന്ന ഉറപ്പുണ്ട്.

ഇതിലേറ്റവും പ്രിയപ്പെട്ട ഒന്ന് അവസാന വരികളിലേക്കായി മാറ്റിയതാണ്. വാക്കുകളുടെ പോരായ്മയെന്ന ഭയം വീണ്ടും ഉള്ളുലയ്ക്കുന്നുണ്ട്.
ജനൽ പാളികൾക്കപ്പുറത്തെ കുഞ്ഞു വയലറ്റ് പൂക്കളെ ഒരു കുഞ്ഞു കാറ്റ് തലോടി കടന്നു പോകുന്നത് കണ്ണടച്ചിരുന്ന് കാണാം.

അല്ല; അനുഭവിക്കാം.
അറിയാതെ കവിതയിൽ മുങ്ങിപ്പോകുന്ന ഒരു വികാരം.

ആസന്നമായ നിന്റെ മടക്കമോർത്ത് വല്ലാതെ വിങ്ങുന്ന ഒരു തോന്നൽ ഉള്ളിലുയരുമ്പോഴും ഇന്ദ്രിയങ്ങളെ സുഖാലസ്യത്തിലേക്കെത്തിക്കുന്ന ഒരു മാന്ത്രികത ആ കവിതയ്ക്കുണ്ട്.

തീർച്ചയായും വായിക്കാവുന്നതും കൈമാറാവുന്നതുമായ ഒന്നു തന്നെയാണ് പ്രിയ കൂട്ടുകാരാ നിന്റെ കവിതകൾ.

വാക്കുകളുടെ ഇല ചാർത്തുകളിൽ നിന്ന് കവിതകൾ മഴയായി പൊഴിയട്ടേ എന്നാശംസിച്ചു കൊണ്ട് ആ  കുഞ്ഞു രാക്കിളി വരുന്ന ആകാശവീഥിയിലേക്ക് കണ്ണോടിച്ച് - - - -

 

Share :