Archives / April 2020

രമ പിഷാരടി ബാംഗ്ലൂർ
അങ്ങനെ ഒരു പ്രണയകാലത്തിൽ

ഓർമ്മ തൻ വസന്തത്തിൽ

നിന്നെ ഞാൻ സൂക്ഷിക്കുമ്പോൾ

നീ മറഞ്ഞിരിക്കുന്നു

മൗനമാർന്നിരിക്കുന്നു

വാക്കുകൾ നഷ്ടപ്പെട്ട്

യാത്ര തന്നാകാശത്തിൽ

നേർത്ത് നേർത്തൊഴുകുന്ന

നിലാവിൻ തോണിക്കുള്ളിൽ

നീയൊരു ഗന്ധർവ്വനായ്

വരുമെന്നോർത്തങ്ങിനെ

പാതിരാവാഴങ്ങളിൽ

ഉറങ്ങാതിരിക്കവെ

ഋതുക്കൾ നമ്മെ ചേർത്ത്

നീന്തിയ പുഴയ്ക്കുള്ളിൽ

ഒളിച്ചു  നീയും നിന്നെ

കാത്തു ഞാനിരിക്കവെ!

പെയ്തൊഴിഞ്ഞിട്ടും തുലാ-

വർഷമേഘങ്ങൾ എൻ്റെ

കണ്ണിലായെന്നും പെയ്തു

തോരാതെയിരിക്കവെ

നീയൊരു നക്ഷത്രമായെൻ്റെ

പ്രാണനെ വീണ്ടും

ഗാനമായുണർത്തുന്നു

പൂവ് പോൽ സ്പർശിക്കുന്നു

ആറ്റുവക്കിലായ് നിൻ്റെ

മർമ്മരം  കിളിക്കൂട്ടിൽ

കാത്തിരിക്കയാണെൻ്റെ

യൗവ്വനപ്പൂമ്പാറ്റകൾ

ചിറകിൽ സ്വർണ്ണം പൂശി

ഹൃദയം ഒന്നായൊരു

വഴിയിൽ നമ്മൾ ഇന്നും

ഒരുമിച്ചിരിക്കുന്നു

ഓർമ്മകളതേ പുഴ-

കടന്നു നീ മായുമ്പോൾ

ഓളമായെന്നെ കൂടി-

കൂട്ടുവാൻ  മറന്നു  നീ

നീ മറഞ്ഞതാം പുഴ

എന്നെയന്നുപേക്ഷിച്ചു-

പോയൊരു കടലിന്നു-

മെന്നിലായിരമ്പുന്നു..

(
(മൊയ്തീനും കാഞ്ചനമാലയ്ക്കും)

Share :