കല  / നാടകം

- രതീഷ് കൃഷ്ണ
ഉടൽ വിലക്കപ്പെടുമ്പോൾ     (Performance in the time of Corona )            

 

ഉടൽ വിലക്കപ്പെടുമ്പോൾ                      (Performance in the time of Corona )

കൊറോണ കാലത്ത് സാധ്യമാകുന്ന നാടകമെന്ത് എന്ന് കുറച്ചു ദിവസമായി ഞാൻ ചിന്തിക്കുന്നു. വിചിത്രതയേതും തോന്നാത്തവിധം  ഈ കാലഘട്ടത്തിന്റെ സ്വഭാവത്തെ ധ്വനിപ്പിക്കുന്ന രോഗാവസ്ഥയായാണ് കൊറോണയെ കാണേണ്ടത്. 

 ആധുനികത,അണുകുടുംബത്തിനും സ്വത്വ വിചാരങ്ങൾക്കും അസ്തിത്വ  വ്യഥകൾക്കും കലയിൽ ഇടം നൽകിയപ്പോൾ ആധുനികാനന്തരമെന്ന്  വിശേഷിപ്പിക്കാവുന്ന സമകാലിക വ്യവഹാരത്തിൽ രോഗം വ്യക്തിയെ സ്വത്വരാഹിത്യത്തിലേക്ക് ക്വാറന്റൈൻ ചെയ്യുന്നു. അല്ലെങ്കിൽ ഒരുവന്റെ  അസ്തിത്വത്തെയാകമാനം രോഗം എന്ന കയോസിലേക്ക് തർജ്ജിമ ചെയ്യുന്നു . മരണങ്ങൾ അക്കങ്ങളായിത്തീരുന്നത് ഇതിന്  ഉദാഹരണമാണ്. 

മുൻ കാലങ്ങളിൽ ഒരു കുടുംബം 
മറ്റൊരു കുടുംബത്തെ അസൂയയോടെ, ഭയത്തോടെ, അഹന്തയോടെ സമീപിച്ചിരുന്നെങ്കിൽ, സന്നിഹിതത്തിൽ അത് വ്യക്തിനിഷ്‌ടമായിരിക്കുന്നു -കുടുംബത്തിനകത്തുപോലും - സമീപനം. യുദ്ധം സംഘടിക്കുവാനുള്ള പരോക്ഷ/പ്രത്യക്ഷ ആഹ്വാനം നൽകുമ്പോൾ കൊറോണ -നാം അതിനെ എത്ര മനോഹരമായ പദങ്ങൾകൊണ്ട് അലങ്കരിച്ചാലും - ഒറ്റപ്പെടുവാനുള്ള ജാഗ്രത ആവശ്യപ്പെടുന്നു. രോഗം ഒരുവനിൽ അപരത്വം സൃഷ്ടിക്കുന്നു. സംശയത്തോടെ അവർ അവരെത്തന്നെയുംനിരീക്ഷിക്കുന്നു. ഇത്തരമൊരു -ഉടൽ വിലക്കപ്പെടുന്ന- സാഹചര്യത്തിലാണ് നാട്യമെന്ന സംഘകലയെക്കുറിച്ച് ഞാൻ വിചാരപ്പെടുന്നത് . 

നാട്യത്തിന്റെ സജീവത(liveliness )യെ അടിസ്ഥാനപ്പെടുത്തി പെഗ്ഗിഫെലാൻ അതിന്റെ സ്വത്വ വിജ്ഞാനം രൂപപ്പെടുത്തിയത് ഈ അവസരത്തിൽ 'ഓർമിക്കുക ', എത്രമേൽ നമ്മൾ അരങ്ങിൽനിന്ന് അകറ്റപ്പെട്ടിരിക്കുന്നു എന്നറിയുന്നതിന് ഉപകരിക്കും. 'നാട്യത്തിന്റെ അൽപായുസ്സായ സവിശേഷത വളരെ ശക്തമാണ്. മാത്രമല്ല, എല്ലാകാലത്തേക്കും വേണ്ടി 'സൂക്ഷിച്ചുവെക്കുകയും ' അല്ലെങ്കിൽ 'വാങ്ങിവെക്കുകയും ' ചെയ്യുന്ന കലാലോകത്തിന്റെയും നവ ക്യാപിറ്റലിസത്തിന്റെയും പൊതുമനോഭാവത്തിനുള്ള ഒരു മറുപടിയാണ് ആ അൽപായുസ്സായ സവിശേഷത'എന്നാണ് അദേഹത്തിന്റെ അഭിപ്രായം. 

നാട്യക്കാരനും പ്രേക്ഷകനും 'പരസ്പര രൂപാന്തരത്തിനുള്ള സാധ്യതയുടെ വശീകരിക്കുന്ന വാഗ്ദാനം വളരെയധികം പ്രാധാന്യമുള്ളതാണ്. എന്തെന്നാൽ ഈ ഒരു ബിന്ദുവിലാണ് സൗന്ദര്യം ധാർമികതയുമായി ഒന്നുചേരുന്നത്.' ഈ ഒരു ധാർമികതയെയാണ് രോഗം (കൊറോണ ) തകർത്തിരിക്കുന്നത്. മറ്റ് കലാരൂപങ്ങൾക്കുമീതെ ഈ രോഗത്തിന്റെ ആധിപത്യം അത്രക്ക് ശക്തമല്ല. ദൈനംദിന ജീവിതത്തിന്റെ നാട്യാവസ്ഥകളെ ആസ്വദിക്കുക എന്ന സാഹചര്യവും -സമൂഹമെന്ന സങ്കൽപനത്തെ പതുക്കെയെങ്കിലും തകർക്കുക വഴി - മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെയാണ് നാട്യം സാധ്യമാക്കുക? 

കൊറോണാനന്തര കാലത്തെ നാടകം എന്ന വിഷയമാണ് ഇപ്പോൾ കൈകാര്യം ചെയ്യേണ്ടതെങ്കിൽ കാര്യങ്ങൾ അത്രമേൽ സങ്കീർണമാകില്ല ; പ്ലേഗിന് ശേഷമുള്ള നാട്യ രീതികളുമായി അതിനെ താരതമ്യപ്പെടുത്തുകവഴി. പക്ഷേ, നമുക്കിപ്പോൾ രൂപപ്പെടുത്തേണ്ടത് പ്രേക്ഷകനില്ലാത്ത അരങ്ങിനെയാണ്, അല്ലെങ്കിൽ നാട്യക്കാരനില്ലാത്ത പ്രേക്ഷകനെയാണ് അല്ലെങ്കിൽ ഇവ ഒരുമിച്ച് ഒരാളിൽ  സംഭവിപ്പിക്കുന്നതിനെക്കുറിച്ചാണ്. നാട്യത്തിന്റെ ഇതുവരെയുള്ള നിർവ്വചനങ്ങളെ മാനദണ്ഡമാക്കിയാൽ ഇത്തരമൊരു ആശയത്തെ അസംബന്ധമെന്നെ വിളിക്കുവാനാകൂ. പക്ഷേ, നോക്കൂ നമ്മുടെ സാഹചര്യം അതി വിചിത്രമാംവിധം നാട്യത്തിന്റ നിർവ്വചനങ്ങളെ സാധൂകരിക്കുന്നില്ല. കാരണം, 'എനിക്ക് ഒറ്റക്ക് നടനും പ്രേക്ഷകനും ആവേണ്ടതുണ്ട്'. 

എന്തിനാണത്? 
ഞാൻ/നീ ഒറ്റപ്പെടുമ്പോഴും എനിക്ക്/നിനക്ക്, എന്റെ/നിന്റെ സാമൂഹിക ബന്ധത്തെ/ബോധത്തെ സാങ്കല്പികമായെങ്കിലും തീവ്രമായി  നിലനിർത്തേണ്ടതുണ്ട്. ഈ വിപത്തിൽനിന്ന് കരകയറുന്ന മാനവരാശി അതിന്റെ തെളിച്ചമുള്ള സംഘബോധത്തെ നിലനിർത്തേണ്ടതുണ്ട്. അവശേഷിക്കുന്നവർ ഊർജ്ജരഹിതരും ഒറ്റപ്പെട്ടവരുമായല്ല പുറത്തേക്കിറങ്ങേണ്ടത്. അതിനാൽ ഹൃദയത്തിലെ ഡൈനീഷ്യൻ പ്രഭാവം തീവ്രമാക്കുന്നതിനാണ്  നാട്യത്തിന്റെ സാന്നിധ്യം ഉറപ്പ് വരുത്തുവാൻ ഞാൻ ആവശ്യപ്പെടുന്നത്. 

എങ്ങനെയാണിത് സാധ്യമാക്കുക? സത്യത്തിൽ നമുക്ക് മുന്നിൽ മുൻ മാതൃകകൾ ഒന്നും തന്നെയില്ല. അതുകൊണ്ട് നമുക്ക് ഓരോരുത്തർക്കും തോന്നിയ രീതികൾ അവലംബിക്കേണ്ടതുണ്ട്. ഇപ്പോൾ ഞാൻ ഒരു നാടക കൃതി എടുക്കുന്നു. അതിലെ ഓരോ കഥാപാത്രത്തെയും മാറിമാറി അഭിനയിക്കുന്നു. അല്ലെങ്കിൽ ഒരു മോണോലോഗ് എനിക്ക് കഴിയുംപോലെ, ഒരു പക്ഷേ വളരെ നന്നായി എന്റെ മുറിയിലിരുന്ന് ഞാൻ അവതരിപ്പിക്കുന്നു. അതെന്റെ മൊബൈൽ ക്യാമറയിൽ പിടിച്ച് എന്റെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുന്നു. അവർ ആ നാടകത്തിന്റെ തുടർച്ച ചെയ്യുന്നു. അല്ലെങ്കിൽ അവർക്ക് ഇഷ്ടപ്പെട്ട ഒരു നാടകത്തിൽ നിന്നുള്ള രംഗം...അടുക്കളയിൽനിന്നും മറ്റും ശേഖരിച്ച ചില പ്രോപ്പർട്ടീസെല്ലാം ഞാൻ ഉപയോഗിക്കും... അങ്ങനെ... ക്വാറന്റൈനാർട്ടിൽ ('quarantinart '-അങ്ങനെയാണ് ഞാൻ ഈ കാലത്തെ കലയെ വിശേഷിപ്പിക്കുന്നത് ) നാട്യത്തിനും നാടകത്തിനും ഇടം രൂപപ്പെടട്ടെ. ആസന്നമായ സമ്മർദ്ദങ്ങൾക്കും ഉത്കണ്ഠകൾക്കുമുള്ള പ്രതിവിധികൂടിയാണിതെന്ന് എനിക്ക് അനുഭവവേദ്യമാകുന്നു. 

പ്ലേഗു കാലത്ത് ഷേക്സ്പിയർ ക്വാറന്റൈനിൽ പോയപ്പോഴാണ് 'കിങ് ലിയർ'എഴുതിയതെന്ന് ഞാൻ കേട്ടിട്ടുണ്ട് . നാടക കൃത്തുകൾ പ്രാചീനമായ ചോദനയോടെ രചനയിലേർപ്പെടട്ടെ. ഒറ്റയൊറ്റ മുറികളിലിരുന്ന് നമുക്ക് അരങ്ങ് രൂപപെടുത്താം. 

 

Share :