Archives / April 2020

ഷാജി തലോറ  ------------------------
: പ്രപഞ്ച താളം 

ആദിമ സംഗീതത്തിൽനിന്നു മുയിർകൊണ്ടൊരു  പ്രപഞ്ചതാളം , 
വികാരങ്ങളുടെ 
ആഴങ്ങളിലെ 
ഒരു ദിവ്യ സ്പർശം
സത്തയെ തൊട്ടുണർത്തുന്ന
ആത്മാവിന്റെ പാട്ട്, 
ഭാഷയില്ല ദേശമില്ല ദിക്കില്ല, കാലമില്ല 
പ്രണയമല്ലാതെ ഏതിനോടും വിദ്വേഷമോ 
അസൂയയോ  കോപമോ 
സ്വാർത്ഥതയോ ഇല്ല. 
ചിലപ്പോൾ പ്രണയികളുടെ  പാട്ടായി 
വികാരവും ആനന്ദവും പകരുന്നു  
പീഡനവും 
വേദനയും,  നിന്ദയുമേറ്റ് മുറിഞ്ഞ ഹൃത്തിൽ നിന്നും, ഗതികിട്ടാതെ അലയുന്ന  ആത്മാക്കളിൽ നിന്നും, 
ഏകാന്ത ഹൃദയത്തിൽ നിന്നും കൊള്ളിയാൻ പോലൊരു നിലവിളിയായ് ഉയരുന്നു 
പുൽമേടുകളിലൂടെ അഗ്നിയായി പടരുന്നു.
ഏറിയും കുറഞ്ഞും   താഴ്‌വരകളിലും പർവതങ്ങളിലും 
ചലിക്കുന്ന മേഘങ്ങളിലും ഇടിമിന്നലിലും 
ചാറ്റൽ മഴയിലും , 
ഗ്രീഷ്മം മുതൽ വസന്തം വരെ ഏത് ഋതു ഭേദങ്ങളിലും വിരിയുകയും പൂക്കുകയും ചെയ്യുന്നു. 
ഗന്ധർവന്മാർ പാരിലാകെ 
വിവിധ രാഗങ്ങളിൽ  ആലപിക്കുന്നു. 
ചിലപ്പോൾ മധുര നിമിഷങ്ങൾ
മറ്റു ചിലപ്പോൾ പുളിയും കയ്പും.
കവിത നിങ്ങളെ നിസ്വാർത്ഥനാക്കുന്നു.
മൃദുവും ശാന്തവുമാക്കുന്നു.
ആത്മാവിന് ഒരുവിശേഷ  തിളക്കം നൽകുന്നു. 
ആദിമനാദത്തിൽ നിന്നും രൂപം കൊണ്ട സുന്ദരമാം  പ്രപഞ്ചതാളമല്ലോ കവിത.

Share :