Archives / April 2020

ഡോ.യു. ജയപ്രകാശ്
അവൾ

ഒഴിഞ്ഞു പോയവൾ
അല്ലെങ്കിൽ
കൊഴിഞ്ഞു പോയവൾ

ബാല്യത്തിൽ അവൾ ഒപ്പമല്ല.
ഒരു ചുവട്  മുന്നെയായിരുന്നു.
മരം കേറാനും, ഒളിക്കാനും,
സമസ്ത കുന്നായ്മകൾക്കും ......
ഒന്നിന് രണ്ടായാണ് പ്രതികരണം
അവളോളം നാടകീയമായി ഒന്നുമില്ല
പൊട്ടിച്ചിരിയും അതേ നിമിഷത്തിൽത്തന്നെ
പൊട്ടിക്കരച്ചിലും
കണ്ണ് തിരുമ്മലും കള്ളകരച്ചിലും
കളികളിൽ അമ്മയാവുന്നവൾ ,
ഭാര്യയാവുനവളും അവളുതന്നെ.
ചെമ്പരത്തി മാല കഴുത്തിലിട്ട് വധുവാകാനും
കാപ്പിയും പലഹാരവും തന്നു
സൽക്കരിക്കാനും
കഞ്ഞി വെച്ചുവിളമ്പാനും
ചിലപ്പോഴെങ്കിലും പങ്കുവെക്കുമ്പോൾ
എന്തിലും ഒരു നുള്ളു ജാസ്തി വേണ്ടവൾ
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുമ്പോഴും
അതിന്റെ വാലിൽ നൂല് കെട്ടി
പറത്തുമ്പോഴും ഒപ്പമുണ്ടായിരുന്നവൾ.
പൊട്ടിത്തെറിച്ചവൾ എന്ന്
പേരു കേൾപ്പിച്ചവൾ
പിന്നെപ്പിന്നെ
അവളുടെ ശബ്ദം കുറഞ്ഞു
ചിരി  കുറഞ്ഞു
കൂട്ട് കുറഞ്ഞു
അവൾ ദൂരെയായി
പിടികിട്ടാത്തവളായി
ഓർമ്മയിൽ നിന്നും നീങ്ങിപ്പോയി
ഒരു ഒഴിഞ്ഞുപോക്ക്!
ഇപ്പൊഴോർക്കുമ്പോൾ അത്
അങ്ങനെയല്ലാന്ന് ഒരു തോന്നൽ.
അവളാകെ സ്വകാര്യമായി
അവളുടൽ  

അവളിഷ്ടങ്ങൾ  
അവളിടങ്ങൾ
അവൾ സ്വയം തീർത്ത മായികതകൾ
അവൾക്കു് ഭാഷയും ലോകവുമായി.
അവൾക്ക് സംരക്ഷകരായി.
ഒതുക്കം വന്നവൾ
ഇരുത്തം വന്നവൾ
കരുതലുകളും
അവകാശങ്ങളും
അധികാരങ്ങളുമായി .
അവൾ അകലമായി
അഗമ്യയായി.
ഇങ്ങനെയാണവൾ
ഒഴിഞ്ഞു പോയത്
അല്ല
കൊഴിഞ്ഞു പോയത്

Share :