Archives / March 2020

അസീം താന്നിമൂട്
എസ് കലേഷിന്‍റെ കാവ്യസമാഹാരം `ശബ്ദമഹാ സമുദ്രം'(ഡി സി ബുക്സ്)വായിക്കെ,

    

 

ആരോ ആട്ടിപ്പായിച്ച കാക്കകളുടെ ചിറകടിയൊച്ചകള്‍..


കാക്കകളില്ലാത്ത നഗരത്തില്‍ ചത്ത(കൊല്ലപ്പെട്ട)കാക്കകളുടെ കരച്ചിലുകള്‍ കൂടുണ്ടാക്കി പാര്‍ക്കുകയാണെങ്കില്‍ അത് തീര്‍ത്തും ലളിതമായൊരു പ്രതിപ്രവര്‍ത്തനമല്ല.

അടങ്ങിയിരിക്കുന്നതോ,അടയിരിക്കുന്നതോ ആയ അസ്വസ്ഥതകളാണവ.ആ കരച്ചിലുകളെ ഓരോന്നായെടുത്ത് കുരലില്‍ തിരുകി കാക്കകളുടെ ഒച്ച പണിതെടുക്കാന്‍ ഒരാള്‍ തുനിഞ്ഞാല്‍,ആ ഒച്ച കൊണ്ട് കാക്കകളെയൊക്കെ വിളിച്ചു വരുത്താന്‍ അയാള്‍ ശ്രമിച്ചാല്‍ കാക്കകള്‍ മുഴുവന്‍

കൊല്ലപ്പെട്ട നഗരം അവയുടെ ചിറകടിയൊച്ചയാല്‍ വിറങ്ങലിച്ചുപോകും.അവയുടെ 

അസംഖ്യം നിഴലുകളാല്‍ നട്ടുച്ചയ്ക്കുപോലും നഗരം ഇരുണ്ടു മങ്ങിപ്പോകും.ചിറകുകള്‍ പരിചകളാക്കി,ചുണ്ടുകള്‍ അമ്പുകളാക്കി  അവ പറന്നു പാഞ്ഞടുക്കും.അതിന്‍റെ ലാക്കിലും ഊക്കിലും നഗരമൊന്നാകെ ആര്‍ത്തു നിലവിളിച്ചു പോകും...

കഴിഞ്ഞ ദിവസം എഫ് ബിയില്‍ നിന്നും ഞാന്‍ വായിച്ച 'കാകാ'എന്ന എസ് കലേഷിന്‍റെ കവിത അത്തരം ഒരവസ്ഥയെ മനോഹരമായി പുനഃസൃഷ്ടിക്കുന്നതാണ്.അതിവിടെ പറഞ്ഞതെന്തെന്നാല്‍ കലേഷിന്‍റെ 'ശബ്ദമഹാ സമുദ്രം'(ഡി സി ബുക്സ്)എന്ന കാവ്യസമാഹാരം

വായിച്ചറിഞ്ഞതിന്‍റെ അനുഭവം പങ്കുവയ്ക്കാനും അതില്‍ പക്ഷി സാന്നിധ്യങ്ങള്‍ പ്രകടമായി വരുന്ന ചില കവിതകള്‍ എന്നെ സ്വാധീനിച്ചതിന്‍റെ തലം വ്യക്തമാക്കാനുമാണ്.കാക്കകളെക്കുറിച്ച് അധികം സൃഷ്ടികളൊന്നും മലയാളത്തില്‍ വന്നിട്ടില്ല.അതു സംബന്ധിച്ച് വ്യക്തമായൊരു നിരീക്ഷണം  സജയ് കെ വി ഏതാനും നാളുകള്‍‍ക്കു

 മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിരുന്നത് ഓര്‍ക്കുന്നു.


   `ചില പറവകള്‍ ഞാന്‍ മുതിര്‍ന്നകാലത്ത് എന്‍റെ കവിതകളില്‍ ചിറകടിച്ചു പറന്നു പോയിരുന്നു.കാക്കകള്‍ മാത്രം ഇന്നും വിടാതെ കൂടെയുണ്ട്' എന്നാണ് കവിതയിലെ പക്ഷിസാന്നിധ്യങ്ങളെക്കുറിച്ച് വൈലോപ്പിള്ളി എഴുതിയിട്ടുള്ളത്.

``കൂരിരുട്ടിന്‍റെ കിടാത്തിയെന്നാല്‍

സൂര്യപ്രകാശത്തിനുറ്റതോഴി..'' 

ഒരു പക്ഷിയെക്കുറിച്ചുണ്ടായിട്ടുള്ള

ഏറ്റവും ശ്രേഷ്ഠമായ വരികളും 

വൈലോപ്പിള്ളിയുടേതു തന്നെ.

ഒ വി വിജയന്‍റെ `കടല്‍ത്തീരത്ത്' എന്ന കഥയിലെ കാക്കയുടെ സുപ്രധാന സ്ഥാനവും നമുക്കറിയാം.നൊബേല്‍ സമ്മാന ജേതാവ്  ഐവാന്‍ ബുനിന്‍റെ `കാക്ക' എന്ന കഥ തുടങ്ങുന്നത്  ഇ

ങ്ങനെയാണ്:`എന്‍റെ അച്ഛന്‍ ഒരു കാക്കയെപ്പോലെ ഇരിക്കുന്നു.'അങ്ങനെ ചുരുക്കം ചിലരുടെ കൃതികളില്‍മാത്രം ചിറകനക്കുന്നൊരു പറവയായ് കാക്കകള്‍ ചുരുങ്ങിപ്പോകുന്നു.നമ്മെ ചുറ്റിപ്പറ്റി,സാന്നിധ്യമോ അസാന്നിധ്യമോ ഒക്കെയായി എപ്പോഴുമവ കൂടെയുണ്ടായിട്ടും എന്താവാം അങ്ങനെ..?പുരാതന കാലംമുതല്‍ മനുഷ്യവംശവുമായി സജീവ സമീപ്യമുള്ള,മനുഷ്യവാസമുള്ളിടത്തുമാത്രം അതിജീവിക്കുന്ന പറവയാണ് കാക്ക.ബുദ്ധി ഏറെയുള്ള ഈ പറവയ്ക്കു പക്ഷെ,ചേക്കേറാന്‍ വിശാലമായ ചില്ലകള്‍ അധികമാരും മനസ്സില്‍ ഒരുക്കി നല്‍കിയിട്ടില്ല.ബലിതര്‍പ്പണ പരിസരത്തോ,ശ്രാദ്ധമൂട്ടുന്ന വേളയിലോ ഒഴിച്ച് അധികം ദിവ്യപരിവേഷങ്ങളും അവയ്ക്കാരും ചാര്‍ത്തി നല്‍കാറുമില്ല.

പറവകള്‍ എന്നു കേട്ടാല്‍ മനസ്സില്‍ ശീഘ്രം പറന്നെത്താനായ് ചില കിളികള്‍ നമ്മുടെ ചില്ലകളില്‍ എപ്പോഴുമുണ്ടാകും. ചന്തമുള്ള ചുണ്ടുകളും ഇമ്പമുള്ള 

കൂകലും വര്‍ണ്ണത്തൂവലുകളും വിവൃതമായ ചേഷ്ടകളുമുള്ള കുറേ പറവകള്‍..പക്ഷികളെക്കുറിച്ചു ചിന്തിക്കുമ്പോഴെല്ലാം അവ ചിറകുനീര്‍ത്തും.പറയാനോ എഴുതാനോ തുനിഞ്ഞാല്‍ അഴകൊത്ത ആ ആകൃതികളും ചെയ്തികളും   വാതോരാതെ,വരിചോരാതെ വാര്‍ന്നു വീഴുകയും ചെയ്യും .അക്കൂട്ടത്തില്‍ കാക്കയെന്ന,മനുഷ്യന്‍റെ കുടുംബസങ്കല്പത്തോളം പഴക്കമുള്ള പറവ അധികമാരുടേയും ചില്ലകളില്‍ ഉണ്ടാകില്ല.എന്നാല്‍, ഉള്ളവരുടെ ഉള്ളിലോ മറ്റു കിളികളൊട്ടു ചേക്കേറുകയുമില്ല.പക്ഷികളെപ്പറ്റി എന്തെങ്കിലും അക്കൂട്ടര്‍ ചിന്തിച്ചാല്‍,

പറഞ്ഞാല്‍,എഴുതിയാല്‍  പരുക്കന്‍ ശബ്ദത്തില്‍ കൂട്ടത്തോടെ കാക്കകളാകും ചിറകടിക്കുക..ഏതോ പ്രാചീന ലിപികളായ് അവ പാറിനടക്കും..ഭൂമിയോളം പഴക്കമുള്ള വാക്യങ്ങളായ് വരികളില്‍ വന്നു നിരക്കും...വര്‍ണ്ണച്ചിലമ്പലുകളിലും ചിറകനക്കങ്ങളിലും രമിച്ചുപോയ നമ്മളതു വായിച്ചാലോ ഏതൊന്നും തിരിയാതെ വട്ടം ചുറ്റിപ്പോകും.ഉള്ളില്‍ ചേക്കേറിയ വര്‍ണ്ണാവബോധത്തിന്‍റെയും  സ്വത്വാധിഷ്ഠിതമായ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെയും പൊരുളുകളും  മിക്കപ്പോഴും ഇത്തരം ഇമ്പമറ്റ ചിറകനക്കങ്ങളോ ചിറകടി ഒച്ചകളോ  ആണ്....എസ് കലേഷിന്‍റെ ശബ്ദമഹാ സമുദ്രത്തിലെ `കാക്ക കാക്ക' എന്ന കവിതയും ആ വിധമൊരു അവസ്ഥയെ,ആധിയെ കുറിക്കുന്നതാണ്.കാക്ക എന്നുമാത്രം എഴുതാനും പറയാനും  അറിയുന്ന ഒരാണ്‍കുട്ടിയുടെ ആന്തലിനെ ഈ കവിതയില്‍ ഏറെ ചിട്ടയോടും കാവ്യസമൃദ്ധമായ കരുതലോടും തന്നെ  കലേഷ് വരഞ്ഞുവയ്ക്കുന്നു...കാക്ക എന്നു മാത്രം എഴുതാനറിയുന്ന ഒരാണ്‍കുട്ടിയാണ് കവിതയിലെ കേന്ദ്രം.ഒരു കുട്ടി എന്നല്ല,ഒരാണ്‍കുട്ടി എന്നുതന്നെ കവി എടുത്തു പറയുന്നു.അതിനാല്‍ ആ കഥാപാത്രം ഏകീകൃതമായ ഏതെങ്കിലുമൊരു അര്‍ത്ഥതലത്തെയാണ് പ്രതിനിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന്  വ്യക്തം.ആണ്‍കുട്ടി ഒരു മത്സരപ്പരീക്ഷയിലാണ്.ഒരു മാര്‍ക്കിന്‍റെ ചോദ്യത്തിന് ഒരു വരി നിറച്ച് കാക്ക എന്ന്  എഴുതി നിരത്തുന്നു.രണ്ടു മാര്‍ക്കിനുള്ള ചോദ്യത്തിന് രണ്ടുവരി നിറച്ച് കാക്കകള്‍.അഞ്ചു മാര്‍ക്കുവരെയുള്ള ചോദ്യങ്ങള്‍ക്ക് അതേ അനുപാതത്തില്‍ അതു തുടരുന്നു.ഉപന്യാസത്തിനോ  ഒന്നരപ്പുറത്തില്‍ കവിയാതെ കാക്കകള്‍.അതുവരെ കാക്ക എന്ന നാമം അതിന്‍റെ ബാഹ്യമായ  അര്‍ത്ഥതലങ്ങളിലെ ആധികളെ മാത്രമേ പ്രകടമാക്കുന്നുള്ളു.എന്നാല്‍ ഉപന്യാസത്തില്‍ എളിയ തോതില്‍ കാക്കകളുടെ ഭാവഹാവാദികള്‍ കൂടി വരുന്നു.തൊട്ടിരുന്നും തൊട്ടകന്നും പാളിനോക്കിയും പതിഞ്ഞിരുന്നും...അതതിന്‍റെ സ്വത്വപരമായ അടയാളങ്ങള്‍ കൂടി  

പ്രകടിപ്പിക്കുന്നു.അന്നേരം തന്നെ കവിതയിലെ ആണ്‍കുട്ടി അതിശക്തമായൊരു രൂപകമായി മാറുന്നതും കാണാനാകും.ഒരു മധ്യാഹ്നത്തില്‍ അധ്യാപകന്‍ ഉത്തരക്കടലാസ്സുകള്‍ വിലയിരുത്തുകയാണ്.കാക്കകള്‍ക്ക് ഒരു ചോദ്യത്തിന്‍റേയും ഉത്തരമാകാന്‍ കഴിയില്ലെന്നു മുന്‍വിധിയുള്ള അധ്യാപകന്‍ ഒരു ചുവന്ന വടി നെടുകയും കുറുകെയും ചുഴറ്റി കാക്കകളെയൊക്കെ തുരത്തുന്നു...അവിടെ കാക്കയെന്ന രൂപകം ആണ്‍കുട്ടിയെന്ന രൂപകത്തെ കടന്ന് പറന്നുയരുന്നതു കാണാം.അരികുവല്‍ക്കരിക്കപ്പെട്ട ഒരു ഭാഷയിലെഅക്ഷരങ്ങളും അതു പരുവപ്പെടുത്തിയ വാക്കുകളും അവ നിരന്നു ചേക്കേറിയ വരികളും അതുണര്‍ത്താന്‍ ശ്രമിച്ച് അമ്പേ പരാജയപ്പെട്ടുപോയ പൊരുളുകളുമാണ് കാക്കകളെപ്പോലെ ആട്ടിപ്പായിക്കപ്പെടുന്നതെന്ന യാഥാര്‍ത്ഥ്യം ആ ഘട്ടം മുതല്‍ നമ്മെ വേട്ടയാടിത്തുടങ്ങും...അതോടെ കാക്കകള്‍ കാക്കകള്‍ മാത്രമല്ലാതായി മാറുന്നു...ആണ്‍കുട്ടി എന്ന ആ കേന്ദ്രം  എന്തിന്‍റെ പ്രതീകമായിരിക്കാമെന്ന സംശയം അതോടെ ദൂരീകരിക്കപ്പെടുകയും ചെയ്യുന്നു...

     ആട്ടിപ്പായിക്കപ്പെട്ട ആ 'കാക്ക'കള്‍ പക്ഷെ,ചേക്കേറാനിടമില്ലാതെ കുഴഞ്ഞു പോകുന്ന ദയനീയമായ അവസ്ഥയിലല്ല കവി ഇവിടെ കവിത അവസാനിപ്പിക്കുന്നത്... വഴികളും വരികളും നിരന്ന് ചിറകടിക്കുകയാണ് പിന്നീടാ കാക്കകള്‍.അവയ്ക്ക് അങ്ങനെ പുനരാവിഷ്കരിക്കപ്പെടാതിരിക്കാന്‍ ഒരു തരവുമില്ല.കാരണം അവ ഒരു`ആണ്‍'കുട്ടി എഴുതി നിരത്തിയ കാക്കകളാണ്.`പ്രണയം കൊതിച്ചു വളരുന്ന ഒരാണ്‍കുട്ടി'എന്ന പേരിലൊരു കവിത ഈ സമാഹാരത്തിലുണ്ട്.ബസ്റ്റോപ്പില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുമായി നീണ്ട പ്രണയത്തിലേയ്ക്കു കുതിക്കാന്‍ കൊതിക്കുന്ന ഒരാണ്‍കുട്ടിയുള്ള,ആ പ്രണയത്തിനു മുന്നില്‍ ഈ നഗരംപോലും തോറ്റു തൊപ്പിയിട്ട് നമോവാകം പറയുമെന്ന പെരുത്ത സങ്കല്പം പേറുന്ന ഒരാണ്‍കുട്ടിയുള്ള കവിത....അതുകൊണ്ടു തന്നെ 'കാക്ക 

കാക്ക'എന്ന കവിതയിലെ ആണ്‍കുട്ടി വെറുതേയൊരു ആണ്‍കുട്ടിയല്ല എന്നു സ്പഷ്ടം.സമാഹാരത്തില്‍

പക്ഷി സാന്നിധ്യമുള്ള മറ്റൊരു കവിതയാണ് `പാടത്തിന്‍റാകാശത്ത്'.വളരെ

ചുരുങ്ങിയ വരികള്‍ കൊണ്ട് പെരുക്കമുള്ള പൊരുളടരുകളാല്‍ സമ്പന്നമായ കവിതയാണത്.പ്രലോഭനങ്ങളില്‍ ചുഴിഞ്ഞ്  നിശ്ശൂന്യതകള്‍ക്ക് പുറകേ പായുന്ന വര്‍ത്തമാന കാലത്തിലേയും ഭാവികാലത്തിലേയും മിഥ്യാവബോധങ്ങളെ  അപ്പടി ആ നാലുവരി കവിതയില്‍ കവി കരുതിവച്ചിട്ടുണ്ട്.അതു പറയാന്‍ ഒഴിഞ്ഞ  നെല്‍പ്പാടത്തേയും അതിനു മുകളിലൂടെ ഉയര്‍ന്നു പറക്കുന്ന കിളിയേയും പാടത്തില്‍ വീഴുന്ന അതിന്‍റെ നിഴലുകളേയുമാണ് കവി മാധ്യമമാക്കുന്നത്.അതിലുമൊരു കുട്ടിയുണ്ട്.ഒരു വരിയിലും ആ കുട്ടിയെക്കുറിച്ചു പറയുന്നില്ല.എന്നാല്‍ കവിതയിലാകെ ഒരു കുട്ടിയുടെ നിഷ്കളങ്കമായ സാന്നിധ്യമുണ്ട്.ആ മുഖത്തു കുമിഞ്ഞു കൂടുന്ന ജാള്യതയുണ്ട്.കവിത

നാലു വരിയും കടന്ന് അനേകം വരികളായി ആ കുട്ടിയിലൂടെ പെരുക്കുന്നതും നമുക്ക് അനുഭവിച്ചറിയാനാകും...

`പാടത്തിന്‍റാകാശത്തു പറക്കും കിളിയുടെ

വീഴുന്ന നിഴലുകള്‍ പെറുക്കി നടക്കുമ്പോള്‍

ചിറകും വീശിക്കൊണ്ടു പറന്നു മറയുന്നു.

വെറുംകൈ മണ്ണില്‍ തൊട്ടു തിരികേയെടുക്കുന്നു'(പാടത്തിന്‍റാകാശത്ത്)...

ഇത്തരത്തില്‍ വ്യത്യസ്തങ്ങളായ അനുഭവ പരിസരങ്ങളും ആഖ്യാന രീതികളും  പ്രദാനംചെയ്യുന്ന,തനതു രചനാശൈലിയാല്‍ സമ്പന്നമായ കവിതകളാല്‍ സമൃദ്ധമാണ് `ശബ്ദ മഹാസമുദ്രം'.ഓരോ കവിതയും വെവ്വേറെ എടുത്ത് ഇഴപിരിച്ചാല്‍ നമുക്കതു ബോധ്യമാകും...രാത്രിസമരം,ഇരുട്ടടി,

പ്ലാവിന്‍റെ കഥ,കാലുകള്‍ക്കടിപ്പെട്ട് മായുന്ന പുല്‍ച്ചാടികള്‍,മണ്ണിരമുഷ്ടി,കുഞ്ഞനെഴുതും കവിത,...അത്ത

രത്തില്‍ കരുത്തുറ്റ കുറേ കവിതകള്‍ ഈ സമാഹാരത്തിലുണ്ട്..ആ കവിതകള്‍ കൈകാര്യം ചെയ്യുന്ന  രാഷ്ട്രീയവും ഏറെ പ്രസക്തമാണ്.അതതു കാലത്ത്  സമകാലികമാനം സ്വയം കൈവരിക്കാനുള്ള ശേഷി ആ കവിതകള്‍ക്കുണ്ട്.കാരണം അവ ഏറെ സൂക്ഷ്മാണ്.മികച്ച വായനാനുഭവമാണ് 'ശബ്ദമഹാ സമുദ്രം'എനിക്കു സമ്മാനിച്ചത്.അതിവിടെ പങ്കുവയ്ക്കുന്നു.

Share :