Archives / March 2020

ജോയിഷ് ജോയ്
ഓ വി വിജയൻ

image Credit  to Google

മലയാളമനസ്സില്‍ ഭാവനകളുടെയും ചിന്തകളുടെയും ദര്‍ശനങ്ങളുടെയും അനുസ്യൂതമായ പ്രവാഹം സൃഷ്ടിച്ച ഒ.വി.വിജയന്‍ഓര്‍മ്മയായിട്ട് ഇന്ന് പതിനഞ്ച് വര്‍ഷം തികയുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളത്തിന്റെ ശ്രേഷ്ഠത വര്‍ദ്ധിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൃതികള്‍ ഇതിഹാസതുല്യങ്ങളായി നിലകൊള്ളുന്നു.

1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ ഉദ്യോഗസ്ഥനായിരുന്ന ഓട്ടുപുലാക്കല്‍ വേലുക്കുട്ടിയുടെയും കമലാക്ഷിയമ്മയുടെയും മകനായി ഒ. വി. വിജയന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം മലപ്പുറത്ത് തുടങ്ങി മദിരാശിയിലെ താംബരം വരെ നീണ്ടു. പാലക്കാട് വിക്ടോറിയാ കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റും ബി.എയും, മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും നേടി. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായിരുന്നു. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് 1958ല്‍ ശങ്കേഴ്‌സ് വീക്കിലിയിലും 1963ല്‍ പേട്രിയറ്റ് ദിനപത്രത്തിലും കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതല്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി.

1960ലാണ് മലയാളസാഹിത്യത്തില്‍ ഖസാക്കിന്റെ ഇതിഹാസം പുറത്തിറങ്ങുന്നത്. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍ തുടങ്ങിയ നോവലുകളും ഒട്ടേറെ ചെറുകഥാ സമാഹാരങ്ങളും ലേഖന സമാഹാരങ്ങളും കുറിപ്പുകളുടെ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചതിനൊപ്പം കാര്‍ട്ടൂണുകളുടെ സമാഹരവും പുറത്തിറങ്ങി. നോവലുകളും കഥകളും സ്വയം ഇംഗ്‌ളീഷിലേക്ക് വിവര്‍ത്തനം ചെയ്തും അദ്ദേഹം വ്യത്യസ്തനായി.

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, എം.പി.പോള്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ വിജയനെ തേടിയെത്തി. 2003ല്‍ പത്മഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2005 മാര്‍ച്ച് 30ന് ഹൈദരാബാദില്‍ വെച്ച് ഒ.വി.വിജയന്‍അന്തരിച്ചു.നോവല്‍, കഥ, ലേഖനം, കാര്‍ട്ടൂണ്‍ തുടങ്ങിയ വിഭാഗങ്ങളിലായി 30 കൃതി കൾ ഭാഷയ്ക്ക് സമ്മാനിച്ചിട്ടാണ് എഴുപത്തഞ്ചാം വയസ്സിൽ അദ്ദേഹം യാത്രാമൊഴി ഓതിയത് ..

Share :