Archives / April 2020

കാത്‌ലീൻ ഒ മേറ  വിവ: കെ. എൻ. സുരേഷ്കുമാർ
ജനങ്ങൾ വീട്ടിലിരുന്നപ്പോൾ 

കാത്‌ലീൻ ഒ മേറ 

 

അങ്ങനെ ജനങ്ങൾ
വീട്ടിലിരുന്നു 
അവർ പുസ്തകങ്ങൾ
വായിച്ചു, ശ്രദ്ധിച്ചു 
വിശ്രമിച്ചു, വ്യായാമം ചെയ്തു
കലയിലും കളിയിലുമേർപ്പെട്ടു
അങ്ങനെ
പുതു ജീവിതരീതി പഠിച്ചു... 
നിർത്തി

പിന്നെ,  
ശ്രദ്ധയുടെ ആഴത്തിൽ മുങ്ങി
ചിലർ ധ്യാനിച്ചു 
ചിലർ പ്രാർത്ഥിച്ചു 
ചിലർ നൃത്തം ചെയ്തു 
ചിലർ അവരുടെ നിഴലുകളെ സന്ധിച്ചു 
ജനങ്ങൾ
വ്യത്യസ്തമായി
ചിന്തിക്കാൻ തുടങ്ങി
അങ്ങനെ അവർ സുഖപ്പെട്ടു 

വിവരമില്ലായ്മയുടെ വഴികളിൽ ജീവിച്ച (അജ്ഞതകൊണ്ട് )
അപകടകരമായ 
അർത്ഥരാഹിത്യത്തിൽ
ഹൃദയശൂന്യരായിരുന്ന
ആളുകളുടെ അഭാവത്തിൽ
ഭൂമി പോലും
മുറിവുണക്കാൻ തുടങ്ങി 

അപകടം
അവസാനിച്ചപ്പോൾ 
മനുഷ്യർ തമ്മിൽ കണ്ടു 
അവർ മരിച്ചവർക്കു വേണ്ടി ദുഃഖിച്ചു

മനുഷ്യർ പുതിയ മാർഗങ്ങൾ 
തിരഞ്ഞെടുത്തു 
പുതിയ കാഴ്ചപ്പാടുകൾ
സ്വപ്നം കണ്ടു 
അങ്ങനെ ജീവിതത്തിന്റെ
പുതുവഴികൾ കണ്ടെത്തി 

അവർ ഭൂമിയെ 
പൂർണമായും സുഖപ്പെടുത്തി 
സ്വയം സുഖപ്പെടുത്തിയതു  പോലെ 

----------------------------------------
വിവ: കെ. എൻ. സുരേഷ്കുമാർ


1869 ൽ ഐറിഷ് - ഫ്രഞ്ച് എഴുത്തുകാരിയായ കാത്‌ലീൻ ഒ മേറ എഴുതിയ കവിതയാണിത്.  കൊറോണയുടെയും ജനത കർഫ്യൂവിന്റേയും  പശ്ചാത്തലത്തിൽ 'And stay at home' എന്ന ഈ കവിതയുടെ പ്രസക്തി ഏറുകയും വൈറൽ ആവുകയും ചെയ്യുന്നു. ഗ്രേസ് രാംസെയ് എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ട മേറയുടെ രണ്ടാമത്തെ നോവലായ ഐസയുടെ കഥയിൽ ( Iza's story) ആണ് ഈ കവിത  പ്രസിദ്ധീകരിച്ചത്.  കിറ്റി ഒ മേറ എന്നൊരു പേരും ഇവർക്കുണ്ടെന്നും  ഈ കവിതയുടെ രണ്ടു ഭാഷ്യങ്ങൾ ( version) ഉണ്ടെന്നും പറയുന്നു. ബ്രിട്ടീഷ് - കാതോലിക്ക് മാഗസിൻ ആയ The Tablet ന്റെ പാരീസ് ലേഖിക ആയിരുന്നു അവർ. ശീർഷകം ഇല്ലാതെയാണ് നോവലിൽ ഈ കവിത ചേർത്തിരുന്നതത്രെ.   എനിയ്ക്കു സോഷ്യൽ മീഡിയ വഴി ലഭിച്ച വേർഷന്റെ വിവർത്തനമാണ് മുകളിൽ. വായിച്ചപ്പോൾ ആകർഷണം തോന്നി. കാരണം എന്തുമാകട്ടെ,  ഒന്നര നൂറ്റാണ്ടു മുൻപ് ജനങ്ങൾ വീട്ടിലിരിക്കേണ്ടി വരുന്ന അവസ്ഥ  പരികല്പന ചെയ്ത കവിയുടെ ദീർഘ വീക്ഷണം വിസ്മയിപ്പിച്ചു. കാലത്തിനു മുൻപേ നടക്കുന്നവരാവണം കവികൾ. വിഷയം  കാലിക പ്രസക്തവുമാണല്ലോ.  അങ്ങനെ മൊഴി മാറ്റിയതാണ്. 

Share :