Archives / july 2021

-സോണിയ മൽഹാർ.
ഓർമ്മകൾ ഉണർത്തുന്ന നാടകക്കളരി

അഭിനേത്രിയും സാമൂഹിക പ്രവർത്തകയുമായ സോണിയ മൽഹാർ ഇന്ത്യൻ തിയേറ്റർ വിംഗ്സിന്റെ ആക്ടിങ് വർക്ക്‌ഷോപ്പ് അനുഭവങ്ങൾ പങ്കുവെക്കുന്നു :
 
ശാരീരിക അവശതകൾകാരണം കുറച്ചു വിശ്രമത്തിലായിരുന്ന  ദിവസമാണ് മാതൃഭൂമിയിൽനിന്നും ഷീജ പറയുന്നത് ഡ്രാമ സംബന്ധമായ ഒരു വർക്ക്‌ഷോപ്പ്  ഉണ്ട് പങ്കെടുക്കണം...സമൂഹത്തെ ബാധിക്കുന്ന ഒരു വിഷയവുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്യുന്നതിനായുള്ള  സെമിനാർ എന്നത് കൊണ്ട് കൂടിയാണ് ഞാൻ  അതിലേക്ക് എത്തിപ്പെട്ടത്..ഒപ്പം കുഞ്ഞു കലാകാരികളും കലാകാരന്മാരും ഉണ്ടായിരുന്നു.
 
അതുല്യ പ്രതിഭകളായ  ശ്രീ പ്രേംനസീർ      ശ്രീ.സത്യൻ  ശ്രീമതി ജയഭാരതി തുടങ്ങി മൺമറഞ്ഞുപോയതും നിത്യഹരിതനായകൻ  ശ്രീ മധു    ഉൾപെടെ അതുല്യ കലാകാരന്മാർ മാറ്റുരച്ച വേദിയിലാണ് ചുവടുവെപ്പ് എന്നത് ഏറെ അഭിമാനം നൽകി

 .

തിയേറ്റർ  മെഡിസിനിൽ റിസർച്ച് ചെയ്യുന്ന രതീഷ് കൃഷ്ണയുടെ ഡ്രാമതെറാപ്പി എന്നിൽ വലിയ അത്ഭുതങ്ങളാണ് ഉളവാക്കിയത്.
തിയേറ്റർ  ആക്ടിവിസ്റ്റായ രതീഷ് ഡ്രാമ തെറാപ്പിയിലൂടെ മനുഷ്യ മനസ്സിനെ  നൈർമല്യ ഭാവത്തിലെത്തിക്കുകയും പിന്നീടങ്ങോട്ട് പരകായപ്രവേശത്തിലേക്കുള്ള ചവിട്ടുപടിയാക്കി മനുഷ്യനെ മാറ്റുകയും ചെയ്യുന്നു. വളരെ സൂക്ഷ്മമായ  ചര്യകളിലൂടെ നമ്മളെ മാറ്റിമറിക്കുന്നത്       എന്തുകൊണ്ടും അഭിനന്ദനാർഹം.. 

 ഇന്ത്യൻ തിയേറ്ററിന്റെ  ആ അമരക്കാരൻ  ഡ്രാമതെറാപ്പിയിലൂടെ നങ്ങളുടെ മനസ്സിനെ ശുദ്ധീകരിച്ച് ഹൃദയത്തിൽ ഒരു മഞ്ഞുതുള്ളിയുടെ സ്നിഗ്ദ്ധത പ്രവേശിപ്പിക്കുകയും വികാരങ്ങളുടെ വേലിയേറ്റങ്ങളെ പുറത്താക്കിക്കൊണ്ട് , വളരെ ചെറിയ ഒരു കുഞ്ഞിനെപോലെ ഞങ്ങളെ നിഷ്കളങ്കരാക്കി മാറ്റുകയും ചെയ്തു..

മുന്നിൽ കാണിച്ച  കസേരയിൽ 
എന്റെ പ്രിയപ്പെട്ടവനുണ്ടെന്നുള്ള 
ഒരു നിമിഷത്തെ തോന്നൽ എനിക്ക് വല്ലാത്ത സന്തോഷവും സമാധാനവും  വേദനയും സമ്മാനിച്ചു . നമ്മിൽനിന്ന് അകന്നുപോയ ആത്മാവുമായി ഒരു നിമിഷം സംവദിക്കാനുള്ള അവസരം പോലെ തോന്നി... ആ സാന്നിധ്യം അനുഭവിക്കും പോലെ തോന്നി... ക്യാൻസറിനൊപ്പം  നാല് വർഷംമുമ്പ് ഇറങ്ങിത്തിരിച്ച എന്റെ ഭർത്താവ്  മനുവേട്ടന്റെ മണംനിറഞ്ഞ മുറി പോലെ തോന്നി എനിക്ക് ആ  ഇടം.. ശേഷം അദ്ദേഹത്തെ കൈപിടിച്ച് യാത്രയാക്കുമ്പോൾ  ഒരല്പം വേദന തോന്നിയെങ്കിലും ഒരു നിമിഷമെങ്കിലും ആ സാന്നിധ്യം വേറിട്ട രീതിയിൽ അനുഭവിക്കാൻ സാധിച്ചതിൽ നിറഞ്ഞ  സന്തോഷം. 

പല പരീക്ഷണങ്ങൾ മുന്നിൽ കാണിച്ച സായിബാബയെ നേരിട്ട് കാണാൻ ഞാൻ  ആഗ്രഹിച്ചിരുന്നു...ആദ്യകാലത്ത്  ബാബയെക്കുറിച്ച് അമിതമായി കളിയാക്കിയിരുന്ന വ്യക്തിയായിരുന്നു ഞാൻ. 
പക്ഷേ എൻറെ മുന്നിൽ നേരിട്ട് കണ്ട ചില സത്യങ്ങളിലൂടെ ഞാൻ ആ ശക്തിയെ വിശ്വസിക്കുന്നു... അനേകർക്ക് ആശ്വാസമായ വലിയൊരു മനസ്സിന് ഉടമയാണ് എന്ന കാരണത്താൽ ഞാൻ അദ്ദേഹത്തെ  ആരാധിക്കുന്നു...
ക്യാഷ് കൗണ്ടർ  ഇല്ലാത്ത ലോകത്തിലെ ഏറ്റവും വലിയ ആശുപത്രി സ്ഥാപിച്ചു എന്ന ഒറ്റക്കാരണത്താൽതന്നെ അദ്ദേഹത്തെ എനിക്ക് ഭഗവാന്റെ സ്ഥാനത്ത്  കാണാൻ കഴിയും... ദിവസവും വിളക്കുകൊളുത്തി പ്രാർത്ഥിക്കുന്ന എനിക്ക് ആ സാന്നിധ്യം അനുഭവപ്പെടാറുണ്ട്... അതിലും വേറിട്ട ഒരു അനുഭവമായിരുന്നു ആ കസേര. ഭഗവാൻ വന്നതും പോയതും അനുഭവത്തിലൂടെ മനസ്സിലായി. അതെല്ലാം അനുഭവവേദ്യമായി... 

നന്ദി രതീഷ് കൃഷ്ണ..
തിയേറ്റർ മെഡിസിന്റെ അനന്തസാധ്യതകളിലൂടെ താങ്കൾക്ക് സഞ്ചരിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഡ്രാമ തെറാപ്പിയിലൂടെ  മനുഷ്യ മനസ്സിന്റെ ആർദ്രത  വീണ്ടെടുക്കുവാനാകുമെന്നാണെന്റെ അനുഭവം. 

ഇന്ത്യൻ തിയേറ്റർ വിങ്സ് നടത്തിയ  ആക്ടിംഗ് വർക്കുഷോപ്പിൽ   ആരോമൽ എന്ന അധ്യാപക പ്രതിഭ അറിവ് കൊണ്ടും അനുഭവം കൊണ്ടും വളരെ വ്യത്യസ്തമായ പരിശീലനമാണ് ഞങ്ങൾക്ക് നൽകിയത്. തനതായ ശൈലിയിലുള്ള  ചുവടുറപ്പുകളും  ബൗദ്ധികമായി  നടൻ / നടി വളരേണ്ടതിന്റ ആവശ്യകതയും മനസ്സിലാക്കി തന്നു. കലയുടെ അവാച്യമായ സന്നിവേശ ഘടകങ്ങളായി മാറാൻ  നമ്മെ പ്രാപ്തരാക്കും വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പരിശീലനങ്ങൾ . പരീക്ഷണങ്ങൾക്ക് മനസ്സ് അർപ്പിച്ച് ഇവർക്കൊപ്പം ചേരുകയാണ് അനുഗ്രഹിക്കുക.
പങ്കെടുത്ത എല്ലാവർക്കും നന്ദി.  സ്നേഹം.

 

Share :