Archives / April 2020

രമ .പി പിഷാരടി
തായ് വേരുകൾ

ദൂരെ നിന്നും വരികയാണായിരം

വേരുകളതേ പ്രാണൻ്റെ വള്ളികൾ

ജീവനിൽ നിന്നുണരുകയാണവർ

പേരുകൾ കോർത്തു നിൽക്കുകയാണവർ

സംഗമത്തിൻ തരംഗതീരങ്ങളിൽ

സംക്രമത്തിൻ്റെ സൂര്യനെ കണ്ടവർ

 ഓർമ്മകൾ കോർത്തിണക്കുന്ന ശംഖുകൾ  

സാഗരത്തിൻ തിരക്കിട്ട പാട്ടുകാർ

 

ചിത്രപൗർണ്ണമിനാളിലുദയവും

അസ്തമയവും കണ്ട മുനമ്പുകൾ

കണ്ടുകണ്ടു തിരക്കിൻ ചിറകുമായ്

മുന്നിൽ നിന്നും പറന്നു മറഞ്ഞവർ-

സ്ക്കൂളിലോടിക്കളിച്ചവർ കാൽ തട്ടി

വീണുപോയവർ പിന്നെയുമോടിയോർ

ഗ്രാമപാതയിൽ ചേമ്പിലത്തണ്ടിനാൽ

കാലവർഷം കുടഞ്ഞിട്ട് പോയവർ

നാരകത്തറയ്ക്കപ്പുറം നെല്ലിതൻ

കായ്കളുപ്പാലടർത്തി കഴിച്ചവർ

പേരുകളതേ ഓർമ്മതൻ വെൺനിലാ-

പ്പാലകൾ,  രാവുതിർക്കുന്ന  മുല്ലകൾ

മദ്ധ്യവേനൽപ്പടർപ്പിലായൂഞ്ഞാലു

കെട്ടിയാടിയ മാമ്പഴക്കാലങ്ങൾ

തീവെയിൽ കുടിച്ചെത്തുന്ന സൂര്യൻ്റെ

തേരുകൾ വാടിനിൽക്കുന്ന പൂവുകൾ

കത്തി നിൽക്കുന്ന കൗമാരയൗവ്വനം

നൃത്തമാടുന്ന പുത്തനാം പേരുകൾ

സൗഹൃദങ്ങൾ കുടനീർത്തിയെത്തുന്ന

ചില്ലകൾ ശാഖനീർത്തും മഴമരം

ചോന്നപൂക്കൾ തിളങ്ങുന്ന നെന്മേനി

വാകകൾ, കുഞ്ഞിതളിൻ പുളിമരം

പാതകൾ രണ്ട് ദിക്കിലേയ്ക്കോടവെ

പേരുകളെതിരാകുന്നു മുന്നിലായ്

പേരിലെന്താണിരമ്പുന്നതെന്നോത്ത്

പാതിയോളം പുകഞ്ഞ മദ്ധ്യാഹ്നങ്ങൾ

പേരിലെന്തുണ്ട് ചോദിച്ച സായാഹ്ന

സൂര്യനെ കടന്നോടിയ ദിക്കുകൾ

സാന്ധ്യവാനം നിറയുന്ന കുങ്കുമ-

പ്പൂവിലസ്തമയത്തിൻ്റെ ചില്ലകൾ

ഓർമ്മതെറ്റിക്കിടക്കുന്ന കല്ലുകൾ

സ്മാരകങ്ങളായി മൗനമിരിക്കവെ

പേരിലെന്തുണ്ട്  ചോദിച്ചു രാവുകൾ

ആരുമൊന്നും പറഞ്ഞില്ല പിന്നെയും

പോരടിക്കുന്ന പേരുകൾ മായ്ച്ചു-

കൊണ്ടേറിയാറടിമണ്ണിലെ വേരുകൾ,

നേരുകൾ   ചുറ്റിയോടുന്ന ഭൂമിതൻ

പേരുചോദിച്ചു നിൽക്കുന്നു തായ്മരം.

 

Share :