Archives / April 2020

ദിവ്യ സി.ആർ
തണൽ തേടിയവൾ

'സ്വാതന്ത്ര്യത്തിൻെറ ലോകം നിനക്കായി തുറക്കപ്പെട്ടിരിക്കുന്നു.' സഹതടവുകാരികൾ അവളോട് പറയുമ്പോൾ സന്തോഷമോ സന്താപമോ കലർന്നൊരു ചെറു കണം പോലും ദേവിയുടെ കൺകോണുകളിൽ തെളിഞ്ഞില്ല. കൈകൾ മുഖത്തോട് ചേർത്തവൾ ശ്വസിച്ചു. 

ചോരയുടെ മണം തങ്ങി നിൽക്കുന്ന വിരൽത്തുമ്പുകൾ...

ലോകം മുഴുവൻ ഭർത്താവിനെ കൊന്നവളെന്നും അവളേയും കൊല്ലണമെന്ന് ആക്രോശിക്കുമ്പോഴും വികാരങ്ങളുടെ അമിതാവേശങ്ങളില്ലാതെ അവൾ മൗനം പൂണ്ടിരുന്നതേയുള്ളൂ. അയാളെ തലയ്ക്കടിച്ചു കൊന്ന സമയവും പ്രകോപനവും പ്രതികരണവും ഒന്നുമാത്രം അവൾ മറച്ചു വച്ചു.

മക്കളുടെ നേർക്കുയർന്ന കൈകൾ...!

പ്രണയവിവാഹത്തിൻെറ വീർപ്പുമുട്ടലുകളിൽ ആടിയുലഞ്ഞ ആദ്യ ദാമ്പത്യം ! വാശികൾക്കുമുന്നിൽ പൊട്ടിച്ചെറിഞ്ഞ പൂവള്ളിയിൽ വിടർന്ന രണ്ട് പെൺപൂക്കളേയും ചേർത്തു പിടിച്ച രണ്ടാം വിവാഹം. കുറവുകളില്ലാതെ തന്നേയും മക്കളേയും പോറ്റുന്ന അയാളോട് അവൾക്കെന്നും സ്നേഹവും വിശ്വാസവുമായിരുന്നു.

   പക്ഷേ അന്ന് ..

അയാൾ മൃഗമായി മാറിയ ആ രാവ്..!

ആ ദുരന്തം ഓർത്തെടുക്കാനാവാതെ വിറയ്ക്കുന്ന കൈകൾ മുഖത്തോട് ചേർത്തവൾ ചുമരോട് ചാരി. 

പത്തും പന്ത്രണ്ടും വയസ്സായ മക്കളോട് അയാൾ കാമാവേശം കാണിക്കുമെന്നവൾ ഒരിക്കലും കരുതിയിരുന്നില്ല. പേടിച്ചരണ്ട കണ്ണുകളുമായവർ അമ്മയുടെ തണലിലേക്ക് ചേക്കേറാൻ തുടിക്കുമ്പോൾ അവളിലെ സംരക്ഷണ ബോധമുണർന്നു.

കൈയെത്തും ദൂരത്തെ ഇരുമ്പ് ദണ്ഡ് ഒന്നുയർന്നു താഴ്ന്നതുമാത്രമേ ഓർമ്മയുള്ളൂ..

എവിടെയും ചിതറിത്തെറിച്ച ചോരത്തുള്ളികൾ..!

മക്കൾക്ക് മുത്തശ്ശി അഭയമേകി അടുത്ത പകലുണരുമ്പോൾ 'ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന മനോരോഗിയുടെ കഥ' വായിക്കുന്ന തിരക്കിലായിരുന്നു പുറംലോകം !

 

Share :