Archives / March 2020

ഡോ. നീസാ കരിക്കോട്
വൈറസ്സും മനുഷ്യരും – കൊറോണയും

കഴിഞ്ഞ കുറേ വർഷങ്ങളായി പലവിധ വൈറസ്സുകൾ പലപ്പോഴായി നമ്മളെ
പേടിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അവയിൽ ചിലതാണ് ഡങ്കി വൈറസ്,
ചിക്കൻഗുനിയ വൈറസ്, നിപ്പാ വൈറസ്,  ഇപ്പോൾ കൊറോണ വൈറസ്.
ഈഡിസ് ഈജിപ്തി, അൽബോപിക്ടസ് എന്നീയിനം പെൺകൊതുകുകൾ
പരത്തുന്ന ഡങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡങ്കി പനി. 2003ൽ ഈ
രോഗം കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപിക്കുകയും 1560 പേരെ
രോഗബാധിതരാക്കുകയും 35പേരുടെ  മരണത്തിനിടയാക്കുകയും ചെയ്തു.
ഈഡിസ് ഈജിപ്തി കൊതുക് തന്നെ പരത്തുന്ന ഒരു വൈറൽ രോഗമാണ്
ചിക്കൻഗുനിയ. 2006 സെപ്തംബർ മാസത്തിൽ പൊട്ടിപ്പുറപ്പട്ട ഈ
രോഗത്തിൽ 72 പേർ മരിച്ചു.
2018 മേയ് മാസത്തിലാണ് കേരളത്തിൽ നിപാ വൈറസ് ബാധയുണ്ടായത്. 18
പേരാണ് ഈ വൈറസ് ബാധയേറ്റു മരിച്ചത്. പഴം തീനി വവ്വാലുകളിൽ
നിന്നാണ് രോഗം മനുഷ്യരിലേക്ക് പടർന്നത്.
2019 ഡിസംബർ 31നു പെട്ടന്നാണ് കാരണമെന്തെന്നറിയാത്ത ഏതാനും
ന്യൂമോണിയ കേസുകൾ ചൈനയിലെ പ്രധാന വ്യാവസായിക കേന്ദ്രമായ
വുഹാനിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. നാലു ദിവസത്തിനുള്ളിൽ
രോഗികളുടെയെണ്ണം 44 ആയി.

പുതിയയിനം കൊറോണവൈറസാണ് ഈ ന്യുമോണിയ പകർച്ചവ്യാധിക്കു
കാരണമെന്ന് സ്ഥിരീകരിച്ചു. 2019 നോവൽ കൊറോണ വൈറസ്  (2019nCoV)
എന്നാണ് ലോകാരോഗ്യ സംഘടന ഈ പുതിയ ഇനം വൈറസിനെ ആദ്യം
നാമകരണം ചെയ്തത്. പല രാജ്യങ്ങളിൽ പല പേരുകളിലാണ് കൊറോണ വൈറസ്
അറിയപ്പെടുന്നത്. ലോകത്തെ ഏറെ ആശങ്കയിലാഴ്ത്തിയ കൊറോണ
വൈറസിന് കൊവിഡ്-19 എന്ന പേര് നൽകി ലോകാരോഗ്യ സംഘടന. കൊറോണ
വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കമാണ് കൊവിഡ്-19.
വുഹാൻ സിറ്റിക്കടുത്ത ഒരു കടൽ വിഭവമത്സ്യമാംസ മാർക്കറ്റുമായുള്ള

സമ്പർക്കമാണ് ഈ പകർച്ചവ്യാധിക്കു നിദാനമായത്. ജനുവരി 23നകം ചൈന,
ജപ്പാൻ, ദക്ഷിണ കൊറിയ,  തായ്വാൻ എന്നിവിടങ്ങളിൽ നിന്നായി 581
കേസുകൾ റിപ്പോർട്ടു ചെയ്തു. ഫെബ്രുവരി 19നു ചൈനയിൽ കൊറോണ
വൈറസ് ബാധയെ തുടർന്നു മരിച്ചവരുടെയെണ്ണം 2000 കടന്നു. 1749
പേർക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. 75121 പേർക്ക് ഇതിനോടകം
കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.(ഇവിടെ ഉപയോഗിച്ചിരിക്കുന്നയത്‌ പഴയ കണക്കുകളാണ്)

        ജപ്പാൻ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ്
ആഡംബരക്കപ്പലിൽ 355 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
ജനുവരി 30നാണ് ഇന്ത്യയിൽ ആദ്യത്തെ നോവൽ കൊറോണ വൈറസ്
ബാധയുണ്ടായത്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാർഥിക്കാണ്
കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്.
കേരളത്തിൽ ഇതുവരെ മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. വൈറസ് ബാധ
സംശയം തോന്നുന്ന എല്ലാവരെയും പ്രത്യേക കേന്ദ്രങ്ങളിൽ ക്വാറന്റൈനിൽ
പാർപ്പിക്കും. ഇതിനായി നിരവധി താല്ക്കാലിക കേന്ദ്രങ്ങളും
തുറന്നിട്ടുണ്ട്. 
കൊറോണ വൈറസ്:
ഏകദേശം അറുപതു വർഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് കൊറോണ
വൈറസ്. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ
രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ്.
അതൊരു RNA വൈറസാണ്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര്
വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ
തോന്നിപ്പിക്കുമാറ് സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്

രോഗാണു ശരീരത്തിൽ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാൻ ഏതാണ്ട് 6 മുതൽ
10 ദിവസങ്ങൾ വരെ എടുക്കാം.
സാധാരണ ജലദോഷപ്പനി മുതൽ ചുമ, ന്യുമോണിയ, ശ്വാസതടസ്സം, ഛർദി,
വയറിളക്കം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.
മാരകമായ സെപ്റ്റിസീമിയ ഷോക്ക് വരെ പുതിയ കൊറോണ വൈറസ്
ബാധകർക്ക് ഉണ്ടാവാം.
‍സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ്
റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന
ഒരു വലിയ കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ.
ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം
വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ് (2019-
ncov). ഇത് ആദ്യമായാണ് മനുഷ്യരിൽ കാണുന്നത്.
എആർഡിഎസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം):
ശ്വാസകോശ അറകളിൽ ദ്രാവകം നിറയുന്ന അതീവ ഗുരുതരാവസ്ഥ,
രക്തസമ്മർദം താഴുകയും കടുത്ത ശ്വാസതടസ്സമുണ്ടാവുകയും ചെയ്യും.
ഉയർന്ന ശ്വാസനിരക്കും അബോധാവസ്ഥയും ഉണ്ടാകാം.

സെപ്റ്റിസീമിയ: വൈറസുകൾ രക്തത്തിലൂടെ വിവിധ

ആന്തരികാവയവങ്ങളിലെത്തി അവയുടെ പ്രവർത്തനത്തെ
തകരാറിലാക്കുന്നു. വൃക്കയുടെയും ഹൃദയത്തിന്റെയും
ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ സ്തംഭിപ്പിച്ച് അതീവ
ഗുരുതരാവസ്ഥയിലാക്കുന്നു.
രോഗം പകരുന്ന വിധം
രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് വരുന്ന വൈറസിലൂടെയും
രോഗിയുടെ ശരീരസ്രവങ്ങൾ പറ്റിപ്പിടിച്ച വസ്തുക്കളിലൂടെയും വളർത്തു
മൃഗങ്ങളിലൂടെയും രോഗം പകരാം.

രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ്
ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നതു പോലെ
ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നത്. പനിക്കും
വേദനയ്ക്കുമുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം
അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം
കുടിക്കണം.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പരിസര ശുചിത്വവും വ്യക്തി
ശുചിത്വവും പാലിക്കണം.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച്
വൃത്തിയായി കഴുകണം.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല
ഉപയോഗിച്ച് മൂടണം.പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട്
അടുത്ത് ഇടപഴകരുത്.
കൈകൾ ഇടയ്ക്കിടയ്ക്ക് ശുചിയായി കഴുകുക. വൈറസ് ബാധിത
പ്രദേശങ്ങളിലൂടെ യാത്ര ഒഴിവാക്കുക, അനാവശ്യ ആശുപത്രി
സന്ദർശനങ്ങൾ ഒഴിവാക്കുക, സന്ദര്‍ശിക്കുന്നുണ്ടെങ്കിൽത്തന്നെ മാസ്ക്
ധരിക്കുക. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും വായും മൂക്കും പൊത്തണം. പനി,
ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ വൈദ്യസഹായം തേടണം. ധാരാളം വെള്ളം
കുടിക്കണം.
മാസംവും മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ.
പാതിവേവിച്ചവ കഴിക്കരുത്.വേവിക്കാത്ത മാംസം, പാൽ, മൃഗങ്ങളുടെ
അവയവങ്ങൾ എന്നിവ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ.
പാകം ചെയ്തതും പാകം ചെയ്യാത്തതുമായ മാംസം, മുട്ട, പാൽ എന്നിവ

ഒരുമിച്ചു സൂക്ഷിക്കുന്നത് ക്രോസ് കണ്ടാമിനേഷൻ എന്ന അവസ്ഥയ്ക്ക്
ഇടയാക്കും. ഇതുവഴി രോഗാണുക്കൾ പടരാൻ സാധ്യതയുണ്ട്. അതിനാൽ ആ
രീതി ഒഴിവാക്കണം. വളർത്തുമൃഗങ്ങളുമായി പോലും സുരക്ഷാ മുൻകരുതലുകൾ
സ്വീകരിക്കാതെ അടുത്ത് ഇടപഴകരുത്.
രാജ്യാന്തര യാത്രകൾ ചെയ്യുന്നവർ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ
ഉള്ളവരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കണം.
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിനുകൾ ഇതുവരെ
കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ രോഗ ലക്ഷണങ്ങളുടെ
അടിസ്ഥാനത്തിൽ മാത്രമുള്ള ചികിത്സയാണ് ഇപ്പോൾ നൽകി വരുന്നത്.
ഓരോരോ പുതിയ രോഗാണുക്കൾ നമുക്ക് നേരെ വരികയാണ്. രോഗാണുവിനേയും
അവയുടെ സംക്രമണ രീതികളേയും മനസ്സിലാക്കി ജാഗ്രതയോടെ
പ്രവർത്തിക്കുക എന്നതാണ് അവയെ ചെറുക്കുന്നതിനുള്ള ഏറ്റവും പ്രധാന
ആയുധം.
Dr.NEAZA.A A.N. HOUSE, KARIKODE, T.K.M.C (PO) KOLLAM 691005
(Physician, ESI Hospital, Peroorkada.)

Share :