Archives / April 2020

     ദീപ സന്തോഷ്
ടെമ്പിൾ റൺ 

           ഒരേ വൃത്തത്തിന്റെ ആരക്കാലിൽ ഒരുമിച്ച് ഞാന്നുകിടന്നാടി ജീവിക്കുന്നവരാണെങ്കിലും അവനവന്റെ ചിന്തകൾക്കിടയിലേക്കുപോലും കൂടെയുള്ളവനെ സ്വീകരിക്കാൻ തയ്യാറാകാത്ത ഇന്നിന്റെ ലോകം ശ്രീ.ശിവപ്രസാദ് പാലോടിന്റെ കവിതകളിൽ വേദനയോടെ വായനക്കാരനെ നോക്കി ചിരിക്കുന്നുണ്ട്.ജീവിതകോലാഹലങ്ങൾക്കിടയിൽ സാരമായി പരിക്കേറ്റവരുടെ രക്തം കിനിയുന്ന ഹൃദയത്തിന്റെ പരിദേവനങ്ങൾ ഇവിടെ അനന്തമായ ബിന്ദുക്കളാൽ രേഖപ്പെടുത്തിയിരിക്കുന്നു.തുരുമ്പെടുത്ത...നിറമടർന്ന...ദേഹിയെ പോലുമുപേക്ഷിച്ച ഓർമ്മക്കൂടുകൾ മറവി പെറുക്കി നടക്കുന്നവരെ കാത്ത് മാഷിന്റെ കവിതകളിൽ ക്ഷമയോടെ കാത്തിരിക്കുന്നുണ്ട്.
               

  

      സ്വന്തം അസാന്നിദ്ധ്യത്താൽ ഒറ്റയായി പോവുന്നവരെ ഓർത്ത് നിലനിൽപ്പുപോലുമുപേക്ഷിച്ച് തണലായ് നിൽക്കുന്ന തായ്തടികൾ,നിറഞ്ഞ പച്ചപ്പോടെ നമ്മെ കുളിരണിയിക്കൂന്നുണ്ട്.പെയ്തൊഴിയാൻ ഒരു കൈ നീട്ടലിനായി കാത്തിരീക്കുന്നവരെ കൂടെക്കൂട്ടി നിറപ്പുഴക്കപ്പുറം ആശ്വാസപ്പുഞ്ചിരിയോടെ കൊണ്ടുചെന്നെത്തിക്കാനുള്ള എഴുത്തുകാരന്റെ ശ്രമം,വാക്കുകൾക്കതീതമാണ്.
             നിലനിൽപ്പിന്റെ നിലപ്പുകൾക്കുശേഷം ശൂന്യമാവുന്ന മനുഷ്യാവസ്ഥയിൽ അസ്വസ്ഥമാവുന്ന മനസ്സുകൾക്ക് ഒളിഞ്ഞിരിക്കാനുള്ളൊരു താവളം ഈ പുസ്തകത്തിലെ കവിതകൾക്കിടയിലുണ്ട്.അവശേഷിക്കുന്ന ഇഷ്ട(നഷ്ട)ദുരിതങ്ങളെ മുഴുവൻ ഇട്ടുമൂടാൻ വിരക്തിയുടെ ഉച്ചിയിൽ അദ്ദേഹം ഒരു ശ്മശാനം ഒരുക്കിയിട്ടുണ്ട്. 
            ഉൾക്കനം പേറുന്ന വഴിത്തിരയിൽ നിസ്സഹായരെ ഉഴറിനിൽക്കാൻപോലുമനുവദിക്കാനുള്ള ദയയില്ലാത്ത മൃഗജീവിതങ്ങളെ ഒന്നാകെ വലിച്ചെടുത്ത് 'ഇവരാണ് അവർ 'എന്ന് നമ്മോട് വിളിച്ചു പറയുന്നു.വായിക്കണം,ശ്രീ.ശിവപ്രസാദ് പാലോടിന്റെ 'ടെമ്പിൾ റൺ'എന്ന കവിതാസമാഹാരം.മനസ്സിന്റെ ഭിത്തിയിലൂടെ നോവായും,തിരയായും,പുഞ്ചിരിയായും,അഗ്നിയായും അതങ്ങനെ അരിച്ചു നീങ്ങും.എഴുത്തുകാരന് ഭാവുകങ്ങൾ..സ്നേഹത്തോടെ 
           

Share :