Archives / March 2020

ഷുക്കൂർ ഉഗ്രപുരം
ടേപ്പ്റെക്കോർഡർ

 

 മധ്യാഹ്ന സൂര്യൻ ആകാശത്ത് തീ ഗോളങ്ങളെ പ്രസവിച്ചു കൊണ്ടേയിരുന്നു.
കൂലിവേലക്കാരൻ ഹാജിക്ക ഉച്ചയൂണിന് ശേഷം പറമ്പിലെ പച്ചില തിങ്ങിനിറഞ്ഞ
ഉങ്ങ് വൃക്ഷത്തിന് താഴെ വിശ്രമിക്കാൻ കിടന്നു. കനത്ത വെയിലിലും ആ വൃക്ഷം
ശീതീകരിച്ച മെത്തകൾ  കർഷകന് വേണ്ടി നെയ്തുകൊണ്ടിരുന്നു. അയാളുടെ
സന്തതസഹചാരിയായ ടേപ്പ് റെക്കോർഡർ പറമ്പിലൂടെ സംഗീതത്തിൻറെ നനുത്ത
പുഴകൾ ഒഴുക്കിക്കൊണ്ടിരുന്നു..... നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം.....
;......അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം.....; ഗതകാല ഓർമ്മകൾ
 സംഗീതമായി അയാളെ ഉറക്കിന്റെ  മെത്തയിലേക്ക് കൈപിടിച്ചാനയിച്ചു. പാട്ടിൻറെ
വരികളിൽ പാതി മുറിഞ്ഞും  ഒടിഞ്ഞും തൂങ്ങിയും അയാളുടെ കർണ്ണപുടങ്ങളിലേക്ക്
ഒഴുകിക്കൊണ്ടിരുന്നു. കരിയിലക്ക് മീതെ  വിരിച്ച മുണ്ടിൽ അയാൾ  ഉറങ്ങുമ്പോൾ
ഓർമ്മച്ചിത്രങ്ങളൊന്നായി സ്വപ്നത്തിന്നുയിരെടുത്ത് അയാളുടെ മനസ്സിൽ  നിറഞ്ഞാടി.

 അന്നൊരു മഴക്കാലത്ത് വൈകുന്നേരമാണ് ‘ഷഹീൻ ജഹാൻ’ എന്ന ഗൾഫുകാരൻ
വീട്ടിലേക്ക് കയറി വന്നത് . അവൻ വന്നപ്പോൾ പുറത്ത് തിമിർത്ത് പെയ്യുന്ന മഴക്ക്
അറേബ്യൻ അത്തറിന്റെ പരിമളമായിരുന്നു. പുറത്തെ നനുത്ത കാറ്റ് ഹാജിക്കയുടെ
ഹൃദയത്തിൽ സന്തോഷത്തിൻറെ കസവ് പുടവകൾ നെയ്തു കൊണ്ടിരുന്നു. ഷഹീൻ
ജഹാൻ ഭാരംകൂടിയ വലിയ ഒരു ഗൾഫ് മണമുള്ള ബാഗ് ഹാജിക്കയ്ക്ക്
നൽകിക്കൊണ്ട് പറഞ്ഞു - ‘’ഇത്  നിങ്ങളുടെ അനിയൻ കമ്മദ് തന്നയച്ചതാണ്’’. കൂടെ
രണ്ട് വലിയ പോളിത്തീൻ ബാഗുകളും, എന്നിട്ട് പറഞ്ഞു – ‘’ഈ ബാഗുകൾ നിങ്ങളുടെ
പുത്രൻ മുനീർ നൽകിയതാണ്’’ . അതിലെല്ലാം നിറയെ ഗൾഫ് കോളുകളാണ്. ‘’കമ്മദിക്ക
നിങ്ങളെ കുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ട്‘’ - ഷഹീൻ ജഹാൻ അയാളോട് പറഞ്ഞു ;
‘’നിങ്ങൾ അവരെ വളർത്തിയതും കമ്മദിക്ക ഗൾഫിൽ പോയതുമെല്ലാം’’. പുറത്ത് മഴ
സായാഹ്ന സൂര്യനെ തണുപ്പിൽ കുളിപ്പിക്കുമ്പോൾ ദേഹത്തിന് ചൂട് പകരാനായി
അവർ ആവിപറക്കുന്ന ചായ മൊത്തിക്കുടിച്ചു. ചൂടുള്ള നാടൻകോഴിക്കറിയും
വരട്ടിയ ഇറച്ചിയും കൂട്ടി ഓരോ പത്തിരിയും അവർ ആസ്വദിച്ചു കഴിച്ചു
കൊണ്ടിരുന്നു.
 ഷഹീൻ ജഹാൻ പോയതിനുശേഷം ഹാജിയും ഭാര്യയും ബാഗിലെ കോളുകൾ
കാണാനായി അവ തുറന്നുനോക്കി. ആദ്യം രണ്ട് പോളിത്തീൻ ബാഗുകളാണ്  തുറന്നത്.
 മുനീറിൻറെ ഉമ്മയും അനിയത്തിയുമാണ് അത് തുറന്നത്. മുനീർ ജോലി ചെയ്യുന്നത്

കമ്മദ്ന്റെ കടയിലാണ്. നല്ല വാസനയുള്ള ഗൾഫ് സോപ്പുകൾ, മുനീറിൻറെ അനിയത്തി
ജമീലക്ക് ഒരു ചില്ലുപെട്ടിയിൽ ചുവന്ന രക്ത വർണ്ണത്തിലുള്ള കുങ്കുപ്പൂ, പേർഷ്യൻ
കൈവളകൾ, ബാപ്പാക്ക് കസ്തൂരിയുടെ മണമുള്ള അത്തറുകൾ, മൂക്കിൽ വലിക്കാൻ
വിരലിൻ വലിപ്പമുള്ള വിക്സ് കുറ്റി, ഉമ്മ അയക്കാൻ പറഞ്ഞിരുന്ന നല്ല വലിയ
ഗൾഫ് ഫ്ലാസ്ക്, സ്റ്റീലിൻറെ രണ്ട് അടുക്കള കത്തികൾ, വലിയ ഒരു ഇസ്തിരിപ്പെട്ടി,
പെങ്ങൾക്ക് ഡ്രസ്സ് തുന്നാൻ വേണ്ടിയുള്ള നല്ല ചുരിദാർ പീസുകൾ, കുട്ടികൾക്കും
അയൽവാസികൾക്കും ബദാം , പിസ്ത, അജ്‌വ ഈത്തപ്പഴം രണ്ട് വലിയ കൂട് ചോക്ലേറ്റ്
അനേകം കളിപ്പാട്ടങ്ങളും പേനകളും അങ്ങനെ ഒരുപാട് കോളുകൾ. 
കറുത്ത വലിയ ബാഗ് തുറന്നത് ഹാജിക്കയാണ്. തൻറെ പ്രിയപ്പെട്ട അനിയൻ
കൊടുത്തയച്ച വസ്തുക്കൾ കാണാൻ അയാൾക്ക് ധൃതിയായി. ഏറ്റവും മുകളിലായി
വർണ്ണ കടലാസിൽ ഭദ്രമായി പൊതിഞ്ഞ് ഒരു വിശുദ്ധ ഖുർആൻ കോപ്പി; അതിൻറെ
മുകളിൽ ഇങ്ങനെ ഒരു എഴുത്തും –‘’ഖുർആൻ നമ്മുടെ ജുമാമസ്ജിദിൽ നൽകുക
ആളുകൾ വായിക്കട്ടെ’’. അതിന് കീഴെ രണ്ടു വലിയ യമനീ കള്ളിമുണ്ടുകളും
ഭംഗിയുള്ള രണ്ട് കുപ്പായ ശീലകളും; അതിൻറെ കൂടെയുമുണ്ട് ഒരു കുറിപ്പ് –
‘’ഇക്കാക്ക ഇവയിൽ ഒരു ജോഡി നമ്മുടെ അയൽവാസി ദാമോദരേട്ടന് നൽകുക.
ബാഗിൻറെ ഏറ്റവും താഴെ ഒരു കളളയറ ഉണ്ട്. അതിൽ മുനീറിനെ കാണാതെ ഞാൻ
നാല് സിഗരറ്റ് പാക്കറ്റുകൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്, അഫ്‌ഗാൻറെ ഫീനിക്സ്
ബ്രാൻഡാണ്. നമ്മുടെ നാട്ടിലെ നാല് സിഗരറ്റ് കൂടിയ അത്രയുണ്ടാകും ഒന്നിൻറെ തന്നെ
വലിപ്പം. ജലദോഷം ഉള്ള സമയത്ത് അതിൽ ഒന്ന് എടുത്ത് വലിച്ചാൽ ഇരുപത്തിനാല്
മണിക്കൂർ തികയും മുൻപേ ജലദോഷവും പമ്പകടക്കും. അതിൽനിന്നും ഒരു പാക്കറ്റ്
നമ്മുടെ കുട്ടിയമ്മക്ക് നൽകണം. കൂടെ ഒരു പാക്കറ്റ് ചോക്ലേറ്റും’’. അതിനു
താഴെയുള്ള കുഞ്ഞു പെട്ടി കണ്ട് ഹാജിക്കയുടെ കണ്ണ് തള്ളി! ആ പെട്ടിയിൽ സ്വർണ
നിറത്തിൽ ഒരു റാഡോ വാച്ച്, അയാൾ അത് എടുത്തു കയ്യിൽ കെട്ടി! ഭൂതവും
വർത്തമാനവും ഭാവിയും എല്ലാം ഓരോ സൂചികകളിൽ പിടിച്ചു കെട്ടിയത് പോലെ
സമയ സൂചിക ആ വാച്ചിന് ചുറ്റിലും പാഞ്ഞുകൊണ്ടിരുന്നു .
ഒരു ചെറിയ ബോക്സ് നിറയെ നീലയും പച്ചയും വർണ്ണങ്ങളിലുള്ള ഗ്യാസ്
ലൈറ്ററുകൾ. മറ്റൊരു ബോക്സിൽ ചെറിയ ചില്ല് കുപ്പികളിലായി കോടാലി തൈലം,
അതിനുതാഴെ കട്ടിയുള്ള ഭാരമുള്ള ഒരു ബോക്സ്; അത് തുറന്നു നോക്കുമ്പോൾ
അതിമനോഹരമായ ഒരു ടാപ്പ് റെക്കോർഡറും കുറച്ച് കാസറ്റുകളും. മക്കയിലേയും
മദീനയിലേയും വസന്തകാല പരിമളങ്ങളൊന്നായ് അയാളുടെ മനസ്സിൽ
സന്തോഷത്തിൻറെ ചിത്രശലഭങ്ങളായി പാറിനടന്നു. അതിൻറെ കൂടെയുള്ള കുറിപ്പിൽ

അയാൾ ഇങ്ങനെ എഴുതി  വെച്ചിരുന്നു, ‘’ഇക്കാക്ക ഇത് ടേപ്പ് റെക്കോർഡർ, നമ്മുടെ
ഏറനാട്ടുകാർ ‘ടൈപ്പ്’ എന്ന് പറയുന്ന വസ്തു. ഇതിൻറെ കൂടെയുള്ള കേസറ്റുകളിൽ
നിൻറെ ഇഷ്ട ഗായിക ഗായകന്മാരുടെ അനേകം പാട്ടുകളുണ്ട്. ഫുൾ ബ്ലാക്ക് കാസറ്റിൽ
മുഴുവൻ നിൻറെ റഫീ സാഹബിന്റെ ഗാനമാണ്. വെള്ള നിറമുള്ള കേസറ്റിൽ ശൈഖ്
ജാസിം അൽത്താനിയുടെ ഖുർആൻ പാരായണവും, തെളിഞ്ഞ ചില്ല് കാസറ്റിൽ
ലതാമങ്കേഷ്കറുടെ ഗാനവുമാണ്.  വൈറ്റ്സ്റ്റിക്കർ ഒട്ടിച്ച രണ്ട് കാസറ്റുകളിൽ എ.വി
മുഹമ്മദ്ൻറെയും, എം.എസ് ബാബുരാജ്ൻറെയും, ഉമറിനെൻറെയും,
യേശുദാസിൻറെയും മലയാളപാട്ടുകളും, മാപ്പിളപ്പാട്ടുകളുമാണ്. തവിട്ട് നിറമുള്ള
കാസറ്റിൽ ഫൈറൂസ്ന്റെയും, ഉമ്മുകുൽസുവിന്റെയും അറേബ്യൻ ക്ലാസിക്ക്
പാട്ടുകളാണുള്ളത്. ആകാശനീല കാസറ്റിൽ എൻറെ സുഖവിവരങ്ങളെ കുറിച്ചുള്ള
ശബ്ദരേഖയാണ്. ഞാൻ സംസാരിക്കുന്നത് റെക്കോർഡ് ചെയ്തതാണ്, മുനീറാണ് ആ
വിദ്യ കണ്ടുപിടിച്ചത്. അവൻ എന്നോട് പറഞ്ഞു – ‘’ഇനി നിങ്ങൾ ബാപ്പാക്ക്
കത്തയക്കേണ്ട, പറയാനുള്ളതൊക്കെ കാസറ്റിൽ റെക്കോർഡ് ചെയ്ത് അയച്ചാൽ
നിങ്ങളുടെ ശബ്ദം ബാപ്പാക്ക് കേൾക്കാമല്ലോ. ഫോൺ വിളിക്കാൻ നമ്മുടെ നാട്ടിലോ
വീട്ടിലോ ആർക്കും ഫോൺ ഇല്ലാത്തതിനാൽ സാധ്യമല്ലല്ലോ, അതിനെ നമുക്ക് തൽക്കാലം
ഇതിലൂടെ മറികടക്കാം! ശബ്ദരേഖ ഇക്കാക്ക ഒഴിവ് പോലെ ഇരുന്ന് കേട്ടോളൂ.
മറുപടിയായി ഇനിയും നീ അറബിമലയാളത്തിൽ കത്തെഴുതി സമയം കളയേണ്ടതില്ല.
ഈ കാസറ്റിൽ തന്നെ നിനക്ക് പറയാനുള്ളത് റെക്കോർഡ് ചെയ്ത് ആരെങ്കിലും
ഗൾഫിലോട്ട് വരുമ്പോൾ അവരുടെ കൈയിൽ കൊടുത്തയച്ചാൽ മതി. ജമീലമോളോട്
പറഞ്ഞാൽ അവൾ അത് ഓപ്പറേറ്റ് ചെയ്യാൻ നിന്നെ പഠിപ്പിച്ചു തന്നോളും. നമ്മുടെ
ഗ്രാമത്തിലെ ടാപ്റെക്കോർഡറും റാഡോ വാച്ചുമുള്ള ഒരേയൊരു വ്യക്തി
നീയായിരിക്കും’’.

ഏറ്റവും താഴെ ഒരു തടിച്ച ജ്യോമെട്രി ബോക്സിന്റെ ആകൃതിയിലുള്ള പ്ലാസ്റ്റിക്
ബോക്സ് , അതിൻറെ മുകളിൽ ഇങ്ങനെ ഒരു കുറിപ്പ് – ‘’ഇതിൽ സ്വർണ്ണ ബിസ്‌ക്കറ്റാണ്.
ജമീല മോളുടെ കല്യാണം ആവാറായല്ലോ. അവൾക്ക് വേണ്ടി പത്ത് പവൻ സ്വർണ്ണം
ഉണ്ടാകും. അവളുടെ കല്യാണം ഗംഭീരമാക്കണം. സ്വർണ കോയിനുകൾ മഞ്ഞ
വെളിച്ചത്തിൽ കുളിച്ച് നീല മെത്തയിൽ തിളങ്ങിക്കൊണ്ട് കിടക്കുന്നു. കോയിനുകൾ
ഭാര്യയേയും ജമീലയും വിളിച്ച് അവർക്ക് കാണിച്ചു കൊടുത്തു. അയാൾ ജമീലയോട്
പറഞ്ഞു, ‘’നിൻറെ എളാപ്പ നിൻറെ കല്യാണം നടത്താൻ അയച്ചുതന്നതാണ് മോളെ’’.
പതിനാലാം രാവിലെ ചന്ദ്രനെക്കാളും മനോഹരമായി പുഞ്ചിരിച്ചു കൊണ്ടിരുന്നു
അവൾ . തൻറെ തോളിലെ തോർത്തുമുണ്ടെടുത്ത് നിറഞ്ഞ കണ്ണുകൾ അയാൾ തുടച്ചു .

ജമീലയും ഭാര്യയും അകത്ത് പോയതിന് ശേഷം തേക്കിനാൽ നിർമിച്ച തന്റെ
അലമാരിയിൽ ഭദ്രമായി ആ സ്വർണ്ണ ബിസ്‌ക്കറ്റുകളയാൾ സൂക്ഷിച്ചു.

പിന്നീടയാൾ ആകാശ നീല വർണ്ണത്തിലുള്ള കേസെറ്റെടുത്തു, എന്നിട്ട് ജമീലയെ വിളിച്ച്
അത് ടാപ്പ്റെക്കോർഡറിലിട്ട് ഓൺ ചെയ്ത് തരാൻ പറഞ്ഞു . അങ്ങനെ ആ കാസറ്റ്
സ്ഫുടമായി സംസാരിച്ചുകൊണ്ടിരുന്നു. ‘’അസ്സലാമു അലൈക്കും, പ്രിയപ്പെട്ട ഇക്കാക്ക.
നിനക്കും കുട്ടികൾക്കും അവിടെ സുഖമാണെന്ന് കരുതുന്നു. ഇവിടെ എനിക്കും
മുനീറിനും സുഖമാണ്. ഞങ്ങൾ വെള്ളിയാഴ്ചകളിൽ പുറത്ത് പോവാറുണ്ട് .
ബത്തയിൽ പോകുമ്പോൾ നമ്മുടെ നാട്ടുകാരെ ചിലരെയൊക്കെ കാണാറുണ്ട്. മുനീർ
നന്നായി തടി കൂടിയിട്ടുണ്ട്. ഇവിടുത്തെ ഭക്ഷണരീതി അങ്ങനെയാണല്ലോ. ജമീലയുടെ
കല്ല്യാണത്തിൻറെ കൂടെ ഇവൻറെ കല്ല്യാണവും നടത്തിയാലോ? ഏതായാലും
ജമീലയുടെ കല്ല്യാണം കഴിഞ്ഞാൽ പിന്നെ നീയും ഇത്താത്തയും മാത്രമാവില്ലേ വീട്ടിൽ?
മുനീറിൻറെ കല്ല്യാണം കഴിഞ്ഞാൽ പിന്നെ മരുമകൾ വീട്ടിലുണ്ടാകുമല്ലോ . ചെമ്പൈ
ക്ഷേത്രത്തിലെ പൂരം കഴിഞ്ഞോ ? ഇത്തവണ മോഹനൻ പൂരത്തിന് നാട്ടിൽ
വന്നിരുന്നോ ? നീ കൊണ്ടോട്ടി നേർച്ചക്ക് പോയിരുന്നോ? നാട്ടിലെ വിശേഷങ്ങൾ
എന്തൊക്കെയാണ്? പിന്നെ കഴിഞ്ഞ മാസം എനിക്ക് ഒരു ചെറിയ സർജറി കഴിഞ്ഞു.
പേടിക്കാനൊന്നുമില്ല, ഇപ്പോൾ സുഖമുണ്ട്. ഇവിടുന്ന് പെട്ടെന്ന് പോരാൻ പറ്റില്ലല്ലോ,
കടം വീട്ടാൻ കുറച്ചു കൂടിയുണ്ട്. ജമീല മോളുടെയും എൻറെ ഫൗസിയുടേയും
കല്യാണം കഴിഞ്ഞ് കടമൊക്കെ വീട്ടിയതിനുശേഷം ഞാൻ നാട്ടിൽ വരാം. നമ്മുടെ
പള്ളിയിലെ ഉസ്താദിന് ഒരു കുപ്പി അത്തർ നൽകണം. പിന്നെ പ്രത്യേകിച്ചൊന്നുമില്ല ,
ഞാൻ നിർത്തുന്നു’’.
ശേഷം മുനീറിൻറെ ശബ്ദമാണ്. ‘’പ്രിയപ്പെട്ട ,വീട്ടുകാരെ സുഖമെന്ന് കരുതുന്നു.
എനിക്കിവിടേ സുഖം തന്നെയാണ് അൽഹംദുലില്ല. ഇവിടെ നല്ല തണുപ്പ് തുടങ്ങി.
നാട്ടിലെ കാലാവസ്ഥ എന്താണ് ? ചക്കയുടെയും മാങ്ങയുടെയും കാലം കഴിഞ്ഞോ?
അടുത്ത ആഴ്ച്ച നാട്ടിൽ നിന്നും ശരീഫ് ഇങ്ങോട്ട് വരുന്നുണ്ട്. ചക്കയോ മാങ്ങയോ
ഉണ്ടെങ്കിൽ അവൻറെയടുത്ത് കൊടുത്തയക്കണം. നമ്മുടെ മാധവേട്ടൻറെ ബാബുവിന്
ഉദ്യോഗം കിട്ടിയോ? അവൻറെ ചെറിയ അനിയത്തിക്ക് മെഡിക്കൽ കോളേജിൽ
ഡോക്ടർ ഭാഗം പഠിക്കാൻ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിരുന്നു. കുറേ പണം
കെട്ടണം എന്ന് അബ്ദുക്കയെ കണ്ടപ്പോൾ പറഞ്ഞിരുന്നു. അടുത്ത ആഴ്ച്ച ‘കുഴലിൻറെ’
ആൾ നമ്മുടെ വീട്ടിൽ വരും, ഇരുപതിനായിരം രൂപ അയക്കുന്നുണ്ട്. അതിൽ നിന്നും
ഒരു അയ്യായിരം രൂപ സ്വകാര്യമായി മാധവേട്ടന് കൊടുക്കാൻ ബാപ്പാനോട് പറയണം.
കഴിഞ്ഞമാസം എളാപ്പാക്ക് ഹാർട്ടിന് ഒരു ഓപ്പറേഷൻ കഴിഞ്ഞു. കഴിഞ്ഞ മാസം

ഞങ്ങൾക്ക് ഒരു ദിവസം പോലും കട തുറക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ കച്ചവടവും
മോശമാണ്. എളാപ്പയോട് ബീഡി വലിക്കരുത് എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴും എൻറെ കണ്ണ് തെറ്റിയാൽ എളാപ്പ വലിക്കാറുണ്ട്. നമ്മുടെ ബാപ്പാനോട്
ബീഡിവലി നിർത്താൻ പറയണം. ഇൻഷാഅള്ളാ, ഒരു ആറുമാസം കൂടി കഴിഞ്ഞിട്ട്
ഞങ്ങൾ വരാം, തൊണ്ട ഇടറിക്കൊണ്ട് അവൻ പറഞ്ഞു ; നിങ്ങളുടെ
പ്രാർത്ഥനയിലുൾപ്പെടുത്തണം, ഞാൻ നിർത്തുന്നു .” ആ ശബ്ദരേഖ അവസാനിച്ചു.
മുനീറിൻറെ ഉമ്മയും പെങ്ങളും കണ്ണുനീർ തുടച്ച് അകത്തേക്ക് കയറിപ്പോയി.

മാനത്ത് ഇടവപ്പാതിയിലെ മേഘം ഉരുണ്ടുകൂടി അന്തരീക്ഷം ഇരുട്ടിൽ പൊതിഞ്ഞു. ഒന്ന്
രണ്ടു ചെറിയ മഴത്തുള്ളികൾ അയാളുടെ കവിളിൽ പതിച്ചു, അയാൾ സ്വപ്നത്തിൽ
നിന്നും കുതറിയെണീച്ചു. ചെറിയ മഴത്തുള്ളികൾ ഓരോന്നും ആകാശത്തുനിന്നും
ഇലകളിലേക്കും ഇലകളിൽ നിന്നും ഭൂമിയിലേക്കും പതിയെപ്പതിയെ പതിച്ചു
കൊണ്ടിരുന്നു. പുതുമഴയുടെ മണ്ണിൻ ഗന്ധ പശ്ചാത്തലത്തിൽ അയാളുടെ ടേപ്പ്
റെക്കോർഡർ സംഗീതം പൊഴിച്ചു കൊണ്ടേയിരുന്നു. കമ്മദ് ടേപ്‌റെക്കോർഡർ
അയച്ചതിന് ശേഷം പിന്നെ മൂന്ന് മാസം കൂടിയേ ഈ ഭൂമിയിൽ ജീവിച്ചിരുന്നൊള്ളൂ!
അതിന് ശേഷമവൻ ആത്മാവിൻറെ ലോകത്തേക്ക് പറന്നുപോയി . അറേബ്യയിൽ തന്നെ
അവനെ ഖബറടക്കി !! തൻറെ അനിയൻറെ ഓർമ്മക്കായി സദാ കൂടെ കൊണ്ട് നടക്കുന്ന
ടാപ്പ്റെക്കോർഡറിന് അയാൾ മുത്തം നൽകി . ആ സ്നേഹ ചുംബനത്തിന്
ചിറകുമുളച്ച് കുഞ്ഞു വാനമ്പാടിയായത് അറേബ്യയിലേക്ക് കമ്മദിൻറെ
കുഴിമാടത്തിന് മീതെയുള്ള അസർമുല്ലച്ചെടിയിലെ പുഷ്പങ്ങളിൽ വാത്സല്ല്യ മുത്തം
ചാർത്താനായി മേഘത്തിന് മീതെ പറന്നകന്ന് പോയി.

Share :