Archives / March 2020

എം.കെ.ഹരികുമാർ
പ്രത്യയശാസ്ത്ര മനുഷ്യനെ  കാണാനേയില്ല.

ക്ലാസിക് കാലഘട്ടത്തിലെ ചിട്ടയും രൂപവും ഒപ്പിച്ചുള്ള സാഹിത്യം ഇനിയില്ല. അതൊക്കെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട സാഹിത്യരൂപങ്ങളായിരുന്നു.കഥാപാത്രങ്ങൾ തത്ത്വങ്ങളുടെ പ്രതിനിധാനമായിരുന്നു. ഏറെക്കുറെ മനസിലാക്കിക്കഴിഞ്ഞ ഒരു ലോകത്തെ ക്രമത്തിൽ അടുക്കുകയാണ് ക്ളാസിക് കൃതികൾ ചെയ്തത്.അത് മനുഷ്യാവസ്ഥയെ പുരുഷാർത്ഥങ്ങളുടെ പ്രത്യേക പതിപ്പുകളാക്കുകയാണ് ചെയ്യുന്നത്.

എന്നാൽ സാഹിത്യത്തിന്റെ ചമൽക്കാരബദ്ധമായ, സോദ്ദേശ്യപരമായ, വെറും രൂപങ്ങളുടെ ആവർത്തനമായ, രചയിതാവ് ഉദ്ദേശിച്ചതിനു ചുറ്റും വട്ടം കറങ്ങുന്ന, അനുവാചകനെന്നാൽ ആസ്വാദകൻ മാത്രമാണെന്ന് കരുതുന്ന, വായിക്കുന്നവന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത, കൃതിയിലെ വിവക്ഷകളെ അതേപടി പിന്തുടരുന്ന ,കലാശാലകളിലെ അധ്യാപനംപോലെ അംഗീകൃതവും സുവ്യക്തവുമായ കാര്യങ്ങളെ മാത്രം സ്വീകരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന സമ്പ്രദായം   കാലഹരണപ്പെട്ടു .

1970 കൾ മുതൽ സാഹിത്യം ആഗോളതലത്തിൽ വെറും ടെക്സ്റ്റാണ്. അല്ലെങ്കിൽ പാഠം. അതായത് കഥയിലോ നോവലിലോ നമ്മൾ കാണുന്നത് നിശ്ചിതമായ അർത്ഥഘടനയിലുള്ള, കൃത്യമായി ഒരു പ്രത്യേക അർത്ഥം മാത്രം ലഭിക്കുന്നതിനുവേണ്ടി ,ഒരു രചയിതാവിന്റെ സ്വന്തം ലക്ഷ്യപൂർത്തീകരണത്തിനു വേണ്ടി, അയാൾ ഉണ്ടാക്കുന്ന വ്യക്തിപരമായ
ഒരു പ്ളാൻ എന്ന നിലയിലുള്ള  സാഹിത്യമല്ല എന്നർത്ഥം.

പാഠം സാഹിത്യമല്ല;അത് രചയിതാവ് ഉദ്ദേശിച്ചപോലെ വായിക്കാനുളളതല്ല. വായനക്കാരന് ഇഷ്ടം പോലെ വായിക്കാനുള്ളതാണ്. കാരണം പാഠത്തിലെ ഭാഷ രചയിതാവിന്റേല്ല;അത് പൂർവ്വകാലങ്ങളിൽ പലർ ഉപയോഗിച്ച വാക്കുകൾ മാത്രമാണ്. വാക്കുകൾ ഓരോ വായനക്കാരനും പലതാണ്. അവന്റെ മനസിലുള്ള സ്മൃതികൾക്കൊപ്പം ആ വാക്കുകളുടെ അർത്ഥവും മാറുകയാണ്.സാഹിത്യകൃതി എഴുതിക്കഴിയുന്നതോടെ അതിന്റെ കർത്താവ് മരിക്കുകയാണെന്ന് ഫ്രഞ്ച് ചിന്തകനായ റൊളാങ് ബാർത്ത് പറഞ്ഞത് അതുകൊണ്ടാണ്. എഴുത്തുകാരന്റെ മരണം എന്ന ലേഖനത്തിൽ ബാർത്ത്  ഏത് സാഹിത്യകൃതിയും വായനക്കാരന്റെ ഇഷ്ടാനുസരണം വായിക്കാനുള്ള ടെക്സ്റ്റാണെന്ന് സ്ഥാപിക്കുന്നുണ്ട്.

ടെക്സ്റ്റാണെന്ന് പറഞ്ഞാൽ അത് ഒരു പുസ്തകമോ ലേഖനമോ ആകണമെന്നില്ല. ടോയ്ലറ്റിൽ കുറിച്ചിട്ടിരിക്കുന്ന പക്കാ സദാചാരവിരുദ്ധ പരാമർശങ്ങൾ പോലും പാഠങ്ങളാണ്. അങ്ങനെയാണ് അശ്ലീലവും തെറിയും പാരഡിയും ഉത്തരാധുനികർ ചർച്ച ചെയ്തത്. കാരണം വായിക്കുന്നവന്റെ ചിന്തയ്ക്കനുസരിച്ചാണ് ആ പാഠത്തിന്റെ മൂല്യം നിർണയിക്കുന്നത്.

പ്രത്യയശാസ്ത്രമില്ല

ഒരു പ്രത്യയശാസ്ത്രമനുഷ്യനെ ഇന്ന് കാണാനേ കഴിയില്ല. കാരണം ഇത് പ്രത്യയശാസ്ത്ര അനന്തരകാലമാണ്. പശ്ചിമേഷ്യയിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുന്ന റഷ്യാക്കാരന്റെ മുന്നിൽ ലോകത്തിലെ ഏറ്റവും മികച്ച ഡിസൈനർ കേക്ക് എങ്ങനെ ഉണ്ടാക്കാമെന്ന ചിന്തയേയുള്ളു;പ്രത്യയശാസ്ത്രമില്ല. അല്ലെങ്കിൽ അയാളും കുടുംബവും ഒറ്റപ്പെടും.തുടർന്ന് അവർ ആത്മഹത്യ ചെയ്യും. ഇതു തന്നെയാണ് ലോകത്ത് എല്ലായിടത്തും നടക്കുന്നത്. ഒരു പ്രത്യയശാസ്ത്രവാദിയുടെയും വിദൂര സാന്നിദ്ധ്യം പോലുമില്ലാതെ തൊഴിലാളികൾ പിരിച്ചുവിടപ്പെടുന്നു; കർഷകർ ആത്മഹത്യ ചെയ്യുന്നു.
ഇത് പ്രത്യയശാസ്ത്രങ്ങളുടെ മരണം ആഘോഷിക്കപ്പെടുന്ന കാലമാണ്.  എത് കക്ഷി ഭരിക്കുന്നു എന്നതിൽ ഒരു കാര്യവുമില്ല. ലോക സാമ്പത്തിക ക്രമമാണ് പ്രധാനം.അന്താരാഷ്ട്ര വായ്പാ ഏജൻസികളും ട്രേഡ് സംഘടനകളുടെ തീരുമാനങ്ങളുമാണ് ഓരോ വ്യക്തിയുടെയും ജീവിതത്തെ വിധിക്കുന്നത്.രാഷ്ട്രീയക്കാരും സംഘടനകളും ഇതിന്റെ നടത്തിപ്പുകാർ മാത്രം.ഇന്ത്യയിൽ എത് മെട്രോ ഏത് നഗരത്തിൽ വേണമെന്ന് തീരുമാനിക്കുന്നത് ആഗോള സാമ്പത്തിക ക്രമമാണ്. ഭരണകൂടം അത് പ്രായോഗികമാക്കുയാണ് ചെയ്യുന്നത്.

സ്വത്വമില്ല

സ്വത്വം എന്ന ആശയം തന്നെ അപ്രസക്തമായിക്കഴിഞ്ഞു.ഇപ്പോൾ സ്വത്വം എന്ന് ആവർത്തിക്കുന്നത് ഏതാനും അദ്ധ്യാപകരും അവരുടെ ശിഷ്യന്മാരുമാണ്. ആപ്പുകളുടെയും ഡേറ്റയുടെയും കാലത്ത് സ്വത്വം നിലനിൽക്കുന്നേയില്ല. ഒരു പാരമ്പര്യ അബദ്ധ ചിന്തയാണ് ജീവിതകാലമത്രയും ഒരു വ്യക്തി തന്റെ സ്വത്വത്തിനകത്ത് തളം കെട്ടിക്കിടക്കുകയാണ് എന്നുള്ളത്. ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന പെൺകുട്ടിയെ ബാധിക്കുന്നത് സ്വത്വമാണെന്ന് പറയുന്ന മലയാള എഴുത്തുകാർ കണ്ടേക്കാം. അവർ മൂഢസ്വർഗ്ഗത്തിലാണ്.എന്നാൽ അവൾ പ്രധാനമായി കാണുന്നത് തന്റെ പരമ്പരാഗതമായ ലോകത്ത് നിന്ന് പുറത്തു കടക്കാനാണ്.കുറേക്കൂടി സമകാലികവും ഹൈെട്ടെക്കുമായ അനുഭവങ്ങൾക്കായി അവൾ പരതുകയാണ്. അതാണ് ഡോൾബി സിനിമിറ്റിക്ക്, മാൾ, ടിക് ടോക്ക്, യുട്യൂബ്, ഫുഡ്കോർട്ട് അനുഭവങ്ങൾ നൽകുന്നത്.

Share :