Archives / March 2020

അരുൺ ഗാന്ധിഗ്രാം
ശിവപ്രസാദ് പാലോട് മാഷിൻ്റെ ആദ്യ നോവലാണ് 'മണ്ണേ നമ്പി

   

മണ്ണേ നമ്പി ഏലയ്യാ മരമിരുക്ക്, ഐലസാ

മരത്തെ നമ്പി ഏലയ്യാ ഇലയിരുക്ക്, ഐലസാ

ഇലയെ നമ്പി ഏലയ്യാ പൂവിരുക്ക്, ഐലസാ

നമ്മെ നമ്പി എലയ്യാ കാടിരുക്ക്, ഐലസാ

നമ്മെ നമ്പി എലയ്യാ നാടിരുക്ക്, ഐലസാ

 

ശിവപ്രസാദ് പാലോട് മാഷിൻ്റെ ആദ്യ നോവലാണ് 'മണ്ണേ നമ്പി'.   ഇന്നത്തെ സമൂഹത്തിന് പരിചിതമായ ഒരു പാവം മനുഷ്യൻ്റെ ജീവിതത്തെ ആധാരക്കി അട്ടപ്പാടി വനമേഖലയിലെ ആദിവാസി ജീവിതത്തെ അടയാളപ്പെടുത്തുന്ന കൃതി. എല്ലാവരുടേതുമായിരുന്ന കാട്ടിൽ മല്ലീശ്വരനെ ദൈവമായിക്കണ്ട് കാടിനെയറിഞ്ഞും കാടിൻ്റെ ജീവതാളം തെറ്റിക്കാൻ ശ്രമിക്കാതെയും ജീവിച്ചു വന്ന ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലേക്ക് 'വന്തവാസി'കളായ നമ്മുടെ ഇടപെടലുകൾ ചെലുത്തിയ അപരിഹാര്യങ്ങളായ, വിനാശകരങ്ങളായ മാറ്റങ്ങൾ ആണ് പാലോടിൻ്റെ നോവൽ അടയാളപ്പെടുത്തുന്നത്.

"പുതുമണ്ണിൽ നനഞ്ഞുകിടക്കുന്ന മണ്ണിൽ ഒന്നുരണ്ടു പെസെ കുത്തി. കുഞ്ഞിക്കണ്ണു മിഴിച്ച് ഒരുറവ തെളിഞ്ഞുവന്നു. അരുമയോടെ ഉറവയുടെ കവിളിൽ തൊട്ട് അയാൾ സ്വന്തം കവിളിൽ തേച്ചു "

"ഭവാനി ... എത്തന കാലം കടന്തുപോച്ചാലും നാൻ നിന്നെ മറക്കമാട്ടെ, എൻ ഉസ് ര്  ഇരിപ്പവരെ നിന്നെ നാൻ മറക്കമാട്ടെ"

കാടിൻ്റെ ജീവനാഡിയായ ഭവാനിപ്പുഴയും ഉയിരിൻ്റെ ഭാഗമായ കാമുകിയും ഒരാളാകുന്ന അനുഭവം. ഇതിലേത് ഇല്ലാതായാലും കാടിൻ്റെയും കാട്ടുമനിതൻ്റെയും താളം തെറ്റും.

മരങ്ങളുടെയും പുഴയുടെയും കാട്ടു ജീവികളുടെയും ചിത്രങ്ങൾ കൊണ്ട് കാടിനെയും സംസ്കാരത്തിൻ്റെയും ജീവിത ശൈലിയുടെയും ഭാഷയുടെയും ഉപയോഗം കൊണ്ട് കാട്ടു മനുഷ്യനെയും മിഴിവുള്ള ചിത്രങ്ങളാക്കി നോവൽ നമുക്ക് നേരെ നീട്ടുന്നു. 

കാട്ടുപെണ്ണിനെയും 'മയക്കുചെടി' യെയും തേടിയെത്തിയവർ കാട്ടിലുള്ളതെല്ലാം വലിച്ചു പുറത്തിട്ടപ്പോൾ അതിൽ പെട്ടു പോയ മനുഷ്യരുടെ കഥയാണിത്.

കൃഷി നശിപ്പിക്കാൻ വന്ന് പടക്കം കടിച്ച് ചത്ത കാട്ടുപന്നിയും വളച്ചുകെട്ടിയ വേലികൾക്കകത്ത് പഴുത്തുപാകമായ പഴക്കുലകളിൽ നിന്ന് ഒരു പഴം ഉരിഞ്ഞെടുത്ത് വിശപ്പകറ്റാൻ ശ്രമിച്ച് മർദ്ദനമേൽക്കേണ്ടി വന്ന കാട്ടു മനുഷ്യനും തമ്മിൽ അന്തരമെന്താണെന്ന ചോദ്യം നോവൽ ഉന്നയിക്കുന്നുണ്ട്.

ഊരുകളിലെ ഭാഷയും സംസ്കാരവും ഗാനങ്ങളും ജീവിതവുമറിയാൻ നോവലിസ്റ്റ് നല്ല രീതിയിൽ റിസർച്ച് നടത്തിയിട്ടുണ്ടാകണം. നോവലിന് ഉപയോഗിച്ച ഭാഷയിൽ നിന്ന് അത് വ്യക്തമാണ്.

ആദ്യ നോവൽ ആണ്. പക്ഷേ ശിവപ്രസാദ് പാലോട് കഥയിൽ തുടക്കക്കാരനല്ല. ആനുകാലികങ്ങളിലൂടെ പരിചിതമായ പേരാണ് അദ്ദേഹത്തിൻ്റേത്. രണ്ട് മികച്ച കവിതാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്.

പ്രൂഫിങ്ങിലെ  പ്രശ്നങ്ങൾ ചിലയിടത്തെങ്കിലും കല്ലുകടിയാണ്.

പാപ്പാത്തി പുസ്തകങ്ങൾ' ആണ് പ്രസാധകർ.

വില 130 രൂപ

Share :