Archives / March 2020

ഇന്ദിരാ ബാലൻ
അവളോളം പറന്നിട്ടുണ്ടാവില്ല

എം .ബഷീർ

സത്രീ ചിത്തത്തിന്റെ പരന്ന ആകാശവായുവിലുടെ പല പക്ഷികളായും പറക്കാൻ കഴിയുന്ന പ്രതീകാത്മക സ്ത്രീ ചിത്രമാണ് എം. ബഷീറിന്റെ " പക്ഷികളാകുന്നത് " എന്ന കവിത. കടലോളം ആഴത്തിലും ആകാശത്തോളം ഉയരത്തിലും കനലോളം ചുട്ടതും മഞ്ഞോളം ഘനീഭവിച്ചതുമായ നിരവധി സ്ത്രൈണ ജീവിതങ്ങൾ ഭൂമിയിലുണ്ട്. പലരും പല കള്ളികളിലൂടെ ജീവിക്കുന്നവർ. മൗനമായും കലമ്പലായും സഹനമായും പ്രളയമായും ഏതേതു രൂപകങ്ങളിലേക്കും അന്വയിക്കാവുന്ന വിധത്തിൽ അവളുടെ മനസ്സ് അനുഭവതഴക്കത്തിലൂടെ പൊരുത്തപ്പെട്ടേക്കാം. പാത്രത്തിലേക്കൊഴിക്കുന്ന ജലം പോലെ. പാത്രം കവിഞ്ഞാൽ ജലം അനിയതമായും ഒഴുകാം. അത് പോലെ സന്ദർഭത്തിനനുസരിച്ച് പക്ഷിയോ മൃഗമോ പ്രാണിയോ  ഏത് സ്വഭാവഘടനയും  ഏറ്റെടുക്കാൻ സ്ത്രീക്കാവും . അവളെത്തന്നെ മറന്നാണ് പലപ്പോഴും കുടുംബത്തോടും സമൂഹത്തോടുമുള്ള അവളുടെ പ്രതിബദ്ധതകൾ നിറവേറപ്പെടുന്നത്. പക്ഷേ അത്  അകം ലോകമോ പുറം ലോകമോ അറിയാൻ ശ്രമിക്കാറില്ല.

സഹജമായ ആവരണങ്ങളെയെല്ലാം കുടഞ്ഞെറിഞ്ഞ് സർഗ്ഗശേഷിയുള്ള സ്ത്രീകൾ പരിധി വിട്ടാൽ പുറത്ത് വരും. അവൾക്ക് മാത്രമെന്ന രീതിയിൽ നൽകിയ ചില സാമൂഹ്യബോധങ്ങളുടെ ഉടലൂരിക്കൊണ്ട് തന്നെ. ചിട്ടകളും അനുശാസനങ്ങളും നിയമങ്ങളും  പെണ്ണിന് മാത്രമല്ലല്ലൊ.  ചിതറിക്കിടക്കുന്ന വീടിനെ ഒരു കാവ്യമാക്കി മാറ്റിയെടുക്കുമ്പോൾ സ്വയമൊരു കവിതയായി അവൾ ഒഴുകുന്നു. ഭാവനയുടെ കുത്തൊഴുക്കിൽ കുത്തനേയും വിലങ്ങനേയും സമാന്തരമായും ഒഴുകുവാൻ അവൾക്കാവുന്നു. 

പകലന്തിയോളം പണിയെടുത്ത് രാവിൽ ഒന്ന് നടുനിവർക്കുമ്പോഴാണ് അവൾക്ക് തന്നെത്തന്നെ ശ്രദ്ധിക്കാനാവുന്നത്. അപ്പോഴവളെ മൂങ്ങയോടാണ്  കവി ഈ കവിതയിൽ  ഉപമിക്കുന്നത് .രാത്രി  ഉണർന്നിരുന്ന്  കാഴ്ചകൾ കാണുന്ന മൂങ്ങയെ പോലെ. മൂങ്ങയുടെ മൂളൽ പോലെ പരിക്ഷീണയായ  അവളിലും അപ്പോഴൊരു മൂളൽ മാത്രമെ കേൾക്കു. മറ്റെല്ലാവരും ഉറങ്ങുമ്പോൾ സ്വയം ഉണർന്നിരിക്കന്നവൾ. പകലിൽ അവൾ ചുറ്റും വെടിപ്പാക്കുന്ന കാക്കയെപ്പോലെ അകവും പുറവും വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു. കാക്കയെപ്പോലെ ചെരിഞ്ഞ് നോക്കാനും അവൾക്കറിയാം. അങ്ങിനെ നോക്കുമ്പോൾ അടുക്കളയിൽ നിന്ന് അയലത്തെ ഉമ്മറവും കടന്ന് അകത്തളവും അവളുടെ കാഴ്ചയിൽ തെളിയുന്നതായി കവിതയിൽ പറയുന്നുണ്ട്. അയൽപക്കങ്ങളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കാനും അഥവാ  ചെരിഞ്ഞു നോക്കാനും അവൾക്ക് കഴിയുമെന്നായിരിക്കാം കാക്ക എന്ന രൂപകത്തിലൂടെ കവി ധ്വനിപ്പിക്കുന്നത്.  ധ്വനികളാണല്ലൊ അർത്ഥസാന്ദ്രമായിട്ടുള്ളത്.  ഉമ്മറ വാതിൽക്കൽ ആരെങ്കിലും വന്നാൽ കാക്കയെപ്പോലെ കലമ്പൽ കൂട്ടി ഓടിക്കാനും അവൾക്കറിയാം.  പല വിയോജിപ്പുകളോടും  സ്വയം സമരസപ്പെട്ടൊഴുകുമ്പോൾ പലപ്പോഴും ശക്തിയുടെ പ്രതീകമായി  വർത്തിക്കാനും അവൾക്ക് കഴിയുന്നു.

വീട്ടിലൊറ്റക്കാവുമ്പോൾ അവൾ കുയിലാവുന്നു. ആരും കേൾക്കാനില്ലെങ്കിലും വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ പാടി നടക്കുന്നു, സ്വന്തമായ ലോകത്ത്.  ഇടക്കൊക്കെ അവൾ മയിലായും മാടത്തയായും മൈനയായും പഞ്ചവർണ്ണതത്തയായും ചിറകുവിരിച്ചു പാടുകയും നൃത്തം ചെയ്യുകയും കറുകുകയും  പറയുകയും ചെയ്യുന്നു. സ്നേഹത്തിന്റേയും സാന്ത്വനത്തിന്റേയും പ്രണയത്തിന്റേയും പരിഗണനയുടേയും ചിറകനക്കങ്ങളിലൂടെ. വീട്ടിലിങ്ങനെ ഉത്തരവാദിത്വത്തിന്റേയും ഓമനത്തത്തിന്റേയും തൂവൽ പൊഴിച്ചു നടക്കുന്നു.

എന്നാൽ വീട് വിട്ടിറങ്ങുമ്പോൾ വർത്തമാനകാല സാമൂഹ്യ രാഷട്രീയവസ്ഥകളോട് നേരിടാൻ  ഏത് പക്ഷിയിലേക്കും ചേക്കേറാനുള്ള മന: സ്ഥൈര്യം അവളിലുണ്ട്. ചിലപ്പോഴൊക്കെ കാർമേഘങ്ങളേയും മറികടന്ന് ആകാശനീലിമയിലെ സ്വച്ഛതയിലേക്ക് അടിച്ചിറക് ആഞ്ഞുവീശി ഗരുഡനാവാറുണ്ട്. ഗരുഡനെപ്പോഴും ഉയർന്ന വിതാനത്തിൽ പറക്കാനിഷ്ടപ്പെടുന്നു. അതൊരു ജീവിതവീക്ഷണം തന്നെയാണ്. പക്ഷി രാജനിലേക്കെത്തണമെങ്കിൽ  കടമ്പകളേറെക്കടക്കണം.  കുടുംബത്തിലോ സമൂഹത്തിലോ വിള്ളലുകളോ പ്രശ്നങ്ങളോ ഉണ്ടായാൽ വളരെ അനായാസമായി കൈകാര്യം ചെയ്യാനുള്ള കഴിവും അവളിൽ നിക്ഷിപ്തമാണെന്ന് പരോക്ഷമായി വായിച്ചെടുക്കാം. മറ്റു പലപ്പോഴും അവൾ ഭ്രാന്തമായി ഇച്ഛിക്കാറുണ്ട് ഒരു കഴുകനാവാൻ. ചില അനീതികളെ നേരിടണമെങ്കിൽ കഴുക വേഷവും സമൂഹത്തിൽ അനിവാര്യം- സംഘർഷഭരിതമായ അവസ്ഥകളെ തരണം ചെയ്യാൻ ചിലപ്പോൾ ചീത്തകളെ കൊത്തി വലിച്ചു പറക്കുന്ന കഴുകനും ആവേണ്ടി വരും. പക്ഷികളാകുന്നത് എന്ന ആശയത്തിലൂടെ നല്ലൊരു സന്ദേശവും സത്യവുമാണ് ഈ കവിത നൽകുന്നത്. ഏറ്റവും ലളിതമായ പദവാക്യ പ്രമേയത്തിലൂടെ  പെണ്ണിന്റെ വൈചിത്ര്യമായ സ്വഭാവത്തെ കോർത്തിണക്കി അതൊരോ പക്ഷിയിലേക്കും സംക്രമിപ്പിച്ച്  നിഗൂഢമായ സ്ത്രീ മനസ്സിന്റെ  അറകൾ അനാവരണം ചെയ്യാനാണ് കവി ശ്രമിക്കുന്നത്. കേവലം പക്ഷികൾ പറക്കുന്നതിന്നപ്പുറം അവളുടെ മനസ്സാകുന്ന ചിറക് ഭൂമിശാസ്ത്രങ്ങൾക്കപ്പുറവും പറക്കാൻ കെൽപ്പുള്ളതാണെന്ന്  വായനയിൽ നിന്നും ചുരുളഴിയുന്നു. തന്റെ പരിമിതവൃത്തത്തിൽ നിന്ന് കൊണ്ട് തന്നെ ഇച്ഛാശക്തിയുടെ സ്വാതന്ത്യത്തിന്റെ ഭരണ നിപുണതയുടെ ആകാശം സ്വായത്തമാക്കാൻ അവൾക്കാവുന്നു. "ലോകാന്തരങ്ങളിൽ അവളോളം പക്ഷികൾ പോലും പറന്നിട്ടുണ്ടാവില്ല " എന്ന ദർശനത്തിലൂടെ ഈ കവിത പൂർണ്ണമാകുമ്പോൾ " സ്ത്രീ" എന്ന പദം ആകാശം കടന്നും ഉയരങ്ങളെ താണ്ടി പുതിയ അർത്ഥതലങ്ങളെ ചികഞ്ഞെടുക്കുവാൻ പര്യാപ്തമാകുന്നു.....

Share :