Archives / March 2020

ഉണ്ണികൃഷ്ണൻ കരിമ്പുഴ
വരവ് പോക്കുകൾ

  

 

പച്ചയായ നാടിന്റെ പൊള്ളുന്ന നേർക്കാഴ്ചകളെ നഗ്നമായി അനാവരണം ചെയ്യുകയാണ് തൻറെ "വരവുപോക്കുകൾ" എന്ന കവിതാ സമാഹാരത്തിലൂടെ കവി ശിവപ്രസാദ് പാലോട്. 

മഴ, പുഴ, ഭൂമി, ആകാശം തുടങ്ങി പ്രകൃതി ശക്തികളെ കരുക്കളും ബിംബങ്ങളുമാക്കി ഭാവന തീർത്ത് സ്ഥാനത്തും അസ്ഥാനത്തും അക്ഷരങ്ങൾ കൊണ്ട് കുറി വരയ്ക്കുന്ന ആധുനിക കവികളിൽ നിന്നും വ്യത്യസ്തനാവുകയാണ് കവി ഇവിടെ. 

 

"കുളി തെറ്റിയ കടവ്

ബോട്ട് ഹൗസായി

പുഴ പെറ്റിട്ട കുട്ടികൾ

അക്കരയിക്കരെ 

നീന്തിയിരുന്നേടത്ത് 

സ്വിമ്മിങ്ങ് ക്ലബ്ബായി"

പുഴക്കടവിൽ പാലം വന്നപ്പോൾ കടവിൽ വന്ന മാറ്റത്തെ ഒരു ചിത്രകാരനെപ്പോലെ വരച്ചു കാട്ടുകയാണ് ഈ പുസ്തകത്തിൻറെ  ശീർഷകനാമ കവിതയിലൂടെ കവി. 

"വയസ്സായ ഗ്രാമത്തിന്

ഷോപ്പിങ്ങ് കോംപ്ലക്സ്

എന്ന രോഗം വന്നപ്പോളാണ്

ചായക്കടക്കും

തയ്യൽക്കടക്കുമൊപ്പം

വായനശാലയും മരിച്ചുപോയത്.

............................

ചിതലുപിടിച്ച

പെട്ടിയിൽ നിന്നും

പാതിവെന്ത പുസ്തകങ്ങൾ

ഓരോന്നായി ഇറങ്ങിവന്ന്

അയാളെ നമസ്കരിച്ച് 

വലംവെച്ച്

വെള്ളം കൊടുത്ത്

നെറ്റിയിലൊരുമ്മ കൊടുത്ത്

ചുറ്റുമിരുന്ന്

മൗനമായി കരഞ്ഞിരുന്നത്

ഇതിനകം ബധിരരായി, അന്ധരായി

മാറിക്കഴിഞ്ഞ 

നമുക്ക് കേൾക്കാനോ കാണാനോ

കഴിയാഞ്ഞിട്ടു തന്നെയാണ്

ഷോപ്പിങ്ങ് കോംപ്ലക്സ്

ബാധിച്ചു ചത്ത

വായനശാലയെ 

നമ്മൾ മറന്നുപോകുന്നത്.."

ഷോപ്പിംഗ് കോംപ്ലക്സ് വന്നപ്പോൾ നഷ്ടപ്പെട്ട് ചിതയിലേക്കെടുത്ത വായനശാലയുടെ അവസാനത്തെ അസ്ഥി കൂടി പൊട്ടിത്തെറിക്കുന്നതോർത്ത് വിലപിക്കുന്ന കവി ഹൃദയമാണ് "ലൈബ്രറി പൂട്ടിയശേഷം" എന്ന കവിതയിലുടെ തുറന്നുകാട്ടപ്പെടുന്നത്. പ്രതികരണശേഷിയില്ലാത്ത സമുഹത്തോടുള്ള ശക്തമായ സന്ദേശവും ചോദ്യചിഹ്നവു മാവുകയാണ് ഈ കവിത. 

അട്ടപ്പാടിയിൽ മോഷണക്കുറ്റം ചുമത്തി കൊലചെയ്യപ്പെട്ട ആദിവാസി ബാലൻ മധുവിനോടുള്ള കവിയുടെ ആത്മരോദനമാണ് "പച്ചക്കുട്ടി" എന്ന കവിത. 

"പച്ചക്കുട്ടീ പച്ചക്കുട്ടീ

നിൻറെ ദൈന്യം കണ്ടു ചിരിച്ചവർ

നിൻറെ ചോര മണത്തവർ ഞങ്ങൾ

മാപ്പുവേണ്ടയീ നീറിക്കനക്കും

ഓർമ്മ മിഴിച്ചു കിടക്കട്ടെ നിത്യവും.." 

എന്നാണ് ഈ  കവിഹൃദയം തേങ്ങുന്നത്. 

കോഴിയും ആടും ബീഫും മത്സ്യവും അരിയും തക്കാളിയും വലിയ വലിയ റസ്റ്റോറൻറിലിരുന്ന് കഴിക്കുമ്പോൾ ഏതൊരു ഭക്ഷണത്തിന് കരുവാകപ്പെട്ടവനു പിന്നിലും ഒരു കഥയുണ്ടെന്ന് കവി ഓർമ്മപ്പെടുത്തുകയാണ് "ദ ഫുഡ് സറ്റോറീസ് റസ്റ്റോറൻറ്" എന്ന കവിതയിലെ ഈ വരികളിലൂടെ:

"വിശന്നായിരം കുഞ്ഞുങ്ങൾ

വെടിയുണ്ട ചുട്ടുതിന്നുന്നുണ്ടാകണം

അരിമണി കട്ട ഉറുമ്പിനെ 

ബൂട്ടുകൾ ചവിട്ടിയരക്കുന്നുണ്ടാവണം.

തുമ്പികൾ കല്ലെടുക്കുന്നുണ്ടാകണം

ചുരക്കാത്ത മുലകളിൽ 

വരണ്ട കുഞ്ഞുങ്ങൾ സമരം ചെയ്യുന്നുണ്ടാകണം.."

എത്ര കാവ്യാത്മകമായാണ് കവി അവതരിപ്പിച്ചത് എന്നു നോക്കുക.! 

സ്വരമാധുരിയോടെ അനുഗ്രഹീത കലാകാരൻ കലാമണ്ഡലം ഹൈദരാലി "അജിതാഹരേ ജയ മാധവാ.." എന്ന കഥകളിപ്പദത്തിലെ ദൈവകീർത്തനം ചൊല്ലാൻ ദൈവസന്നിധിയിലെ സ്റ്റേജ് ലഭിക്കാതെ ജാതിയുടെ പേരിൽ അകറ്റി നിർത്തിയ മനുഷ്യ ദൈവങ്ങൾക്കുവേണ്ടി കവി മാപ്പു ചോദിക്കുന്നതാണ് "ഹൈദരാലി" എന്ന കവിത. 

കത്വവയിലെ പെൺകുട്ടിയുടെ കഥ പറയുന്ന "കുട്ടിയും കുതിരയും" മരണത്തിൽപോലും നീതി ലഭിക്കാത്ത അശാന്തൻ മാഷിന്റെ കഥ പറയുന്ന "അശാന്തനും" അക്ഷരങ്ങൾ സമ്മാനിക്കുന്ന ഹൃദയത്തിൻറെ നീറ്റലാണ്. 

ചത്തും മലർന്നും കെട്ടിക്കിടന്നു നാറിയും കവിളൊട്ടി കണ്ണീരുവറ്റി, മെയ്യുണങ്ങി  മനമുണങ്ങി, വീർപ്പടങ്ങി തെക്കോട്ട് തലവെച്ച് കാൽവിരൽ കെട്ടി കണ്ണുകളും ചുണ്ടും കൂട്ടിയടപ്പിച്ച് വെള്ള പുതപ്പിച്ച് പുഴയെ ചിതയിലേക്കെടുക്കുമ്പോൾ 

"കളിയായിപ്പോലും നിന്നെ 

പുഴയെന്നു വിളിക്കുക,വയ്യ

മുറിയാതെ ഒഴുകിയ നീയോ

മുടിനാരുകൾ പോലെയിന്നും" 

എന്നാണ് കവി "പേരില്ലാപ്പുഴ" യിലൂടെ വിലപിക്കുന്നത്. 

പ്രസിദ്ധീകരണത്തിനയച്ച കവിതയുടെ പ്രേതവിസ്താര മഹസ്സർ തയ്യാറാക്കി പത്രാധിപർ തിരിച്ചയക്കുന്നത് ഹാസ്യരൂപേണ കവി അവതരിപ്പിക്കുകയാണ് "മഹസ്സർ" എന്ന കവിതയിൽ. 

"ഡസ്റ്റർ" എന്ന കവിതയിലൂടെ കവി പറയുന്നത് :

"നമ്മളെന്ന വാക്കിൽനിന്ന്

പലതും മായാച്ചുകളഞ്ഞ്

നീയും ഞാനുമാക്കും

അപ്പോൾ മായ്ച്ചുകളയാൻ എളുപ്പം" 

എന്നാണ്. ഇവിടെ ഡസ്റ്റർ ഒരു വലിയ ബിംബമാവുകയാണ്. 

ഇതുപോലെ 'മരുന്നുപണി' മുതൽ 'മരണവീട്ടിലെ മഴ' വരെയുള്ള 34 കവിതകളടങ്ങുന്ന ഈ സമാഹാരത്തിലെ ഓരോ കവിതയും കവി പ്രകൃതിയിൽനിന്നും സമൂഹത്തിൽനിന്നും വ്യവസ്ഥിതികളിൽനിന്നും ഒപ്പിയെടുത്ത ശക്തമായ ബിംബങ്ങളാണ്. അതുകൊണ്ടുതന്നെ വർത്തമാന കാലത്ത് വായനക്കാർക്കിടയിൽ ഈ പുസ്തകം ക്രിയാത്മകമായ ചർച്ചകൾക്ക് വിധേയമാകുമെന്ന കാര്യത്തിൽ തെല്ലും സംശയമില്ല. 

(പ്രസാധകർ: ലോഗോസ് ബുക്സ്, വില: 100 രൂപ.)

                             ●

 

 

Share :