Archives / January 2018

സ്വയംപ്രഭ
അഭയ കേന്ദ്രം

സാന്ത്വനം എന്ന പരമ്പരയില്‍ ആദ്യമായി എഴുതുന്നത് അഭയ കേന്ദ്ര ത്തെക്കുറിച്ചാണ്.
ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി ഭക്ഷണവും ഒപ്പം താമസവും ഒരുക്കുന്ന ഈ സ്ഥാപനം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും 500 മീറ്റര്‍ മാറി ചാലക്കുഴി റോഡില്‍ കേദാരം നഗറില്‍ സ്ഥിതിചെയ്യുന്നു. അഭയകേന്ദ്രം ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഈ സ്ഥാപനം ഭംഗിയായി നടത്തിക്കൊണ്ട് പോകുന്നത്.
ഈ സ്ഥാപനം ഈ നിലയില്‍ എത്തിയ്ക്കാന്‍ വളരെയധികം ത്യാഗങ്ങള്‍ തന്നെ സഹിച്ചിട്ടുള്ള ഒരു പ്രധാന വ്യക്തിയാണ് അന്തരിച്ച് പോയ പ്രൊഫസര്‍ സഹിദ് സാര്‍. കോളേജ് അദ്ധ്യാപകനായ അദ്ദേഹം സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം തന്‍റെ സ്വന്തം സമ്പാദ്യത്തിന്‍റെ നല്ലൊരു പങ്ക് ഇതിന്‍റെ ആദ്യകാല പ്രവര്‍ത്തനത്തിന് മാറ്റിവെച്ചു.
തിരുവനന്തപുരം ഇസ്ലാമിക് മിഷന്‍ ട്രസ്റ്റ് എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് പ്രൊഫസര്‍ സഹിദ് സാര്‍ തന്നെ മുന്‍കൈ എടുത്തു. സമാന ചിന്താഗതിക്കാരെ കണ്ടെത്തി പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ഇതിന്‍റെ ഭാഗമായി ചാലക്കുഴി റോഡില്‍ ഒരു മോസ്കിന് സ്ഥലം വാങ്ങി, പണി തുടങ്ങി. വളരെ ബുദ്ധിമുട്ടിയാണെങ്കിലും വര്‍ഷങ്ങള്‍ കൊണ്ട് പണി പൂര്‍ത്തിയാക്കി. അവിടെ നിസ്ക്കരിക്കാന്‍ രോഗികള്‍ വന്ന് തുടങ്ങിയപ്പോഴും ചുറ്റുമുള്ള ലോഡ്ജുകളില്‍ നിര്‍ധനരായ രോഗികള്‍ക്ക് വാടക കൊടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന ഘട്ടത്തിലുമാണ് സഹിദ് സാറിന് തോന്നിയതും പുറത്തു പറഞ്ഞതും. കഷ്ടപ്പെട്ട് ഈ മോസ്ക് പണിയുന്നതിന് പകരം ഈ അഭയാര്‍ത്ഥികള്‍ക്ക് അഭയകേന്ദ്രമായിരുന്നു വേണ്ടതെന്ന്.
ആര്‍.സി.സി.യിലെ (ഒ.പി.) രോഗികള്‍ തങ്ങളുടെ ചികിത്സ തുടരുമ്പോഴും ആര്‍.സി.സി.യ്ക്ക് പുറത്ത് താമസിക്കണം. ഡോക്ടര്‍മാര്‍ ഉപദേശം കൊടുക്കാറുണ്ട്. പുറത്ത് ഹോട്ടലില്‍ നിന്നും ആഹാരം കഴിക്കരുത് എന്നും മറ്റും. നിര്‍ധരരായ രോഗികള്‍ എല്ലാം കേള്‍ക്കും. വിധിയെ പഴിക്കുകയും ചെയ്യും.
ഈ അവസ്ഥയിലാണ് അഭയകേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. സ്ഥലം വാങ്ങിയത് തന്നെ മൂന്ന് തവണ എഗ്രിമെന്‍റ് സമയം ദീര്‍ഘിപ്പിച്ച് വാങ്ങിയാണ്. കെട്ടിടത്തിനുള്ള ഫണ്ട് ശേഖരണവും മറ്റുമായി കെട്ടിടം പണി തീര്‍ത്തത് ഏകദേശം 4 വര്‍ഷം കൊണ്ടാണ്.
ഈ കാലങ്ങളില്‍ പ്രൊഫസര്‍ സഹീദ് സാര്‍ ഏറെ വിഷമിച്ചത് ഫണ്ട് രൂപീകരിക്കാന്‍ തന്നെയാണ്. ഗള്‍ഫ് മലയാളികളാണ് ഇത്തരം ഘട്ടങ്ങളില്‍ ഒരു തുണയായതും. ഇന്നും വീഴ്ച ഇല്ലാതെ അവര്‍ തന്നെയാണ് സംഭാവനകള്‍ കൃത്യമായും എത്തിക്കുന്നതും.
സൗജന്യനിരക്കില്‍ മരുന്നുകളും ആബുലന്‍സ് സൗകര്യങ്ങളും രോഗികള്‍ക്ക് നല്‍കുന്നുണ്ട്. ഇതുവരെയുണ്ടായ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പരാതികള്‍ ആരുടേയും ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് ചോദ്യത്തിന് ഉത്തരമായി, ഇപ്പോഴത്തെ ചെയര്‍മാന്‍ പറഞ്ഞു. ചെറിയ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. അവയെല്ലാം അപ്പോഴപ്പോള്‍ പരിഹരിക്കാറുണ്ട്. ചുറ്റുമുള്ള അയല്‍ക്കാരുമായി നല്ല ബന്ധമാണ് അഭയകേന്ദ്രത്തിനുള്ളത്. അയല്‍ക്കാരില്‍ പലരും സജീവമായി തന്നെ ഇതില്‍ പങ്കെടുക്കാറുണ്ട്. അതുപോലെതന്നെ പ്രതിസന്ധികള്‍ കാര്യമായി നേരിടേണ്ടി വന്നില്ല. കാലം മാറുന്നതിനോടൊപ്പം മൂല്യവും മാറുന്നുണ്ടോയെന്ന ചോദ്യത്തിന് സത്യം, നീതി, സ്നേഹം, ആദര്‍ശം തുടങ്ങിയ മൂല്യങ്ങള്‍ അതേപടി നിലനിര്‍ത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. വിട്ടുവീഴ്ചയില്ലാതെ തന്നെ മൂല്യങ്ങള്‍ ഇനിയും പിന്‍തുടരുമെന്നും ചെയര്‍മാന്‍ ആവര്‍ത്തിച്ചു. മനുഷ്യന്‍റെ വിചാരധാരയില്‍ സേവനം ഒരു പ്രധാന ഘടകമാണ്. സേവനം ഒരു പ്രവര്‍ത്തി എന്നതില്‍ നിന്നും ഈശ്വര ചിന്തയിലേക്കുള്ള ഒരു പാതയായി കാണുമ്പോഴാണ് മാനവ സേവ ഈശ്വര സേവയായി മാറുന്നത്. ആ അര്‍ത്ഥത്തില്‍ തന്നെയാണ് ഈ വക കാര്യങ്ങള്‍ കാണുന്നതും അതിന് വേണ്ടി പ്രയത്നിക്കുന്നതും ഭാവില്‍ അഭയ@ഫോം (പാലിയേറ്റീവ് കെയര്‍ യൂണിറ്റ്) എന്നൊരു സ്ഥാപനം മറ്റൊരു സ്ഥലത്ത് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അവിടെ കിടപ്പുരോഗികള്‍ക്കു വേണ്ടിയും വീടുകളില്‍ ഒറ്റപ്പെട്ടുപോയവരേയും ഉദ്ദേശിച്ചു തന്നെയാണ് ആ സ്ഥാപനം തുടങ്ങുന്നത്.
ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യക്തി എന്ന നിലയില്‍ തൃപ്തനാണെന്ന് ഇപ്പോഴത്തെ ചെയര്‍മാന്‍ എം.എന്‍. അന്‍സാരി പറയുമ്പോഴും ഒരു കാര്യം ഉറപ്പിയ്ക്കാം - ഈ സ്ഥാപനത്തിന്‍റെ വളര്‍ച്ച മുന്നോട്ടു തന്നെയാണ്.

Share :

Photo Galleries