
ഒഴിയാബാധ
എനിക്കു വേണ്ടാ ബലിദാനങ്ങ-
ളെനിക്കു വേണ്ടാ വായ്ക്കരിയും.
മനുഷ്യരാകാനൊരു വഴിയില്ലാ
മതങ്ങളേറും പെരുവഴിയിൽ.
മദിച്ചുപായുന്നധികാരത്തിൽ
മനമറിയാതാടും നാടകമോ!
സത്യം തിരിയാതറിവിൻ ലഹരിയിൽ
സമ്പത്തിൻ പെരുമയിൽ ലീലകൾ.
അവകാശപ്പോരാട്ടത്താലാടിത്തകരു-
ന്നടിമത്തന്താനിത് ,നരകന്താൻ.
അപദാനങ്ങൾ വാഴ്ത്തും,മുതല
ക്കണ്ണീരാ-
യപഹാസ്യന്താനീയാചാരങ്ങൾ.
ആകെക്കരിനിഴലായകലം പെരുകു-
ന്നാകെക്കലിയേറ്റാടും ബിരുദം
. കൊണ്ടവർ.
വിജയകിരീടം ചാർത്തിയിരുട്ടിൽ
വിലകെട്ടകലും ജീവിതകേളികൾ.
മാനിനിമാരോ മുന്നേറ്റത്തിൽ
മാനം തെളിയാതിളകിത്തളരും.
ജീവരഹസ്യമറിയാതകലും
ജാതകദോഷം തേടിത്തുലയും.
ഒഴിഞ്ഞുപോകാമെങ്ങും മേളം
ഒഴിയാബാധകളേറും പൗരത്വം.
ആത്മാവിൻ കഥകേട്ടോടിത്തകരു-
ന്നാത്മാനന്ദം തിരിയാതേറും ദുരിതം.
ആചാര്യന്മാരുറയുന്നന്ധതയാ-
ലാചാരപ്പെരുമകളേറുങ്കാലത്തായ്.
സുകൃതക്ഷയമോ,യേറും പിഴകൾ
സന്തതമാതുരരായേറും
തീർത്ഥാടനമോ!
ജന്തുതയാലടിമുടിയാഹാരവമായ്
ജഡത്തിലേറും സ്നേഹക്കണ്ണീരോ!