Archives / March 2020

 ലിസ പുൽപ്പറമ്പിൽ
ഡിസംബർ

ഡിസംബർ,
പൂക്കളുമായ് 
നിന്റെ ജാലകത്തിനരികിൽ ഞാൻ!
വീണ്ടുമൊരു നക്ഷത്ര പിറവിക്കായ് കാതോർത്ത് കൊണ്ട്..
വർഷമൊരു പുസ്തകമെങ്കിൽ
 ഒടുവിലെ  താളു പോൽ നീ
ആണ്ടറുതിയുടെയും ആണ്ടുപിറവിയുടെയും ബാക്കിപത്രം!

ഡിസംബർ ,
 സൃഷ്ടിയും സംഹാരവും
 ഒരേ സമയം നിന്നെ നനയ്ക്കുന്നു
തെരുവിൽ വിരിയുന്ന ചോരപ്പൂക്കളിൽ
മുറുകുന്ന കലഹം പുകയുന്നു
ചിതറിയ വെടിയൊച്ചകൾക്കിടയിൽ  ഭയം ചിറകിട്ടടിക്കുന്നു
 വേരുകൾ വലിച്ചെടുക്കാനാവാതെ വേവലാതിപ്പെടുന്നവർ  
മണ്ണിളക്കാതെ വേലി കെട്ടുന്നവർ എല്ലാം
നഷ്ടപ്പെട്ടവരുടെ ആർത്തനാദം!

ഡിസംബർ,
 കോമാളികൾ നമ്മൾ
നൊമ്പരത്തോടെ പകിട്ടണിയുന്നവർ
കണ്ണുനീർ തൂകി 
മുറ്റം മെഴുകുന്നവർ
കൺകെട്ടുവേഷക്കാർ..
നോക്കി നിൽക്കെ ദിക്കറിയാതെ
പലായനം ചെയ്യുന്നവർ
മായാജാലവിദ്യക്കാർ! 

ഡിസംബർ ,
നിന്റെ ഞരമ്പുകളിൽ പ്രത്യാശയുടെ സംഗീതം ഹിമം പൊഴിക്കുന്നു
തൊഴുത്തിൽ പിറന്നവന്റെ മഹത്ത്വമോതുന്നു താരകം!
അകലങ്ങളിൽ നിന്നും  വിരുന്നുകാരെത്തുന്നു 
 കുരുന്നു കരച്ചിലുകൾ കാതിലലയ്ക്കുന്നു  
നിണമണിഞ്ഞ കരിമ്പടം മൂടി 
രാവുറങ്ങുന്നു

ഡിസംബർ,
 കടുംമഞ്ഞ് മരണശീതം പോൽ പടരുന്നു
മുഖം മൂടിയ വെളുത്ത തുണിയിൽ 
പടിയിറങ്ങിയ  ജീവന്റെ കണിക! 
നരച്ചലോകത്തിലെ
അവസാന യാത്രികർ  നാം..
യാതനകൾ കണ്ടു മരവിച്ച 
കണ്ണുകൾ പതുക്കെ  തിരുമ്മിയടച്ചേക്കുക..

ഡിസംബർ ,
കുരിശിൽ തറച്ച ദേഹവുമായ് 
 മലയേറുക നാം
പുറത്തു വീഴുന്ന ചാട്ടവാറടികളിൽ 
 കുളിർ നക്കുമ്പോൾ
കടലെടുക്കുന്ന രാജ്യങ്ങൾ
അനിശ്ചിതത്ത്വത്തോടെ 
പ്രയാണം ചെയ്യുമ്പോൾ
മനുഷ്യ ഗാഥകളിൽ
 പൊതിയഴിച്ച  വാക്കു കത്തിച്ച് ആൾക്കൂട്ടം
 തെരുവുണർത്തി പാടട്ടെ!                

Share :