കല  / സിനിമ

കവിത മനോഹർ
പാരസൈറ്റ് - ശ്രേണീകൃത സമൂഹത്തിന്റെ ബാക്കിപത്രം.

       സമൂഹം ശ്രേണി ബന്ധമാണ്. സംശയമില്ല. ജാതി ,മതം ,വർഗം ,വർണം ... തുടങ്ങി സമൂഹം വിവിധങ്ങളായ രീതിയിൽ ശ്രേണീകരണത്തിന് വിധേയമായിരിക്കുന്നു. സാമൂഹ ശാസ്ത്രപരമായി രണ്ട് ഘട്ടങ്ങളാണ് ശ്രേണീകരണത്തിനുള്ളത് . ഒന്ന് വർഗീകരണം പിന്നെ മുകൾത്തട്ടും കീഴ്ത്തട്ടും തരംതിരിക്കൽ- അഥവാ ഗ്രേഡിംഗ്  . മുകളിലുള്ളവർ തങ്ങളുടെ സ്ഥാനം നിലനിർത്താനും താഴെക്കിടയിലുള്ളവർ ഉയരത്തിലേക്കെത്താനും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.

       2019-ൽ ബോങ്ങ് ജൂൺ ഹോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദക്ഷിണ കൊറിയൻ ചലച്ചിത്രം പാരസൈറ്റ് ശ്രേണീകരണവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഈ അടിസ്ഥാന വസ്തുക്കളെ വളരെ കൃത്യമായി ചിത്രീകരിച്ചിരിക്കുന്നു.

       ഓരോ വ്യക്തിയും ഉൾക്കൊള്ളുന്ന സോഷ്യൽ ക്യാപ്പിറ്റൽ വ്യത്യസ്തമാണ്. സമാന ഹൃദയത്തോടും പ്രണയത്തോടും ഒക്കെ ഏറ്റവും ചേർന്ന്  നില്ക്കുമ്പോൾ പോലും രണ്ടു മനുഷ്യരും പ്രതിനിധാനം ചെയ്യുന്നതു് വ്യത്യസ്തമായ സോഷ്യൽ ക്യാപ്പിറ്റൽ തന്നെയാണല്ലോ . ദുരഭിമാനക്കൊലകളുടെ അടിസ്ഥാനവും ഇത് തന്നെയാണല്ലോ സൂചിപ്പിക്കുന്നതും.

ശ്രേണീകരണമില്ലാതെ, സ്വച്ഛസ്വതന്ത്രമായ ഒരു ലോകം സാധ്യമാണോ എന്നതൊക്കെ  പലവട്ടം ചർച്ച ചെയ്യപ്പെട്ടതാണ്. അതിലേക്കു പിന്നീട് വരാം.
       ചേരിയിൽ താമസിക്കൂന്ന ,വിയർപ്പ് മണക്കുന്ന, താണ തരം ഭക്ഷണം കഴിക്കുന്ന ,അതിജീവനം ആർഭാടത്തേക്കാൾ പ്രധാനമായ ജീവിതത്തെയും ,ഉയരത്തിന്റെ ഉത്തുംഗതയിൽ താമസിക്കുന്ന ,സുഗന്ധപൂരിതമായ ശരീരങ്ങളുള്ള, വിലയേറിയ ഭക്ഷണം കഴിക്കുന്ന, ആർഭാടം അതിന്റെ എല്ലാ അർത്ഥത്തിലും വിരാജിക്കുന്ന ജീവിതത്തെയും മുഖാമുഖം നിർത്തിയാണ് സിനിമ മുന്നോട്ട് പോകുന്നത്.

       താഴെക്കിടയിലുള്ളവർ മധ്യ ഉപരിവർഗത്തിന്റെ പ്രതിനിധികളുടെ വീട്ടിലേക്ക് പരാന്നഭോജിയോ ,പരാന്നഭുക്കോ ഒക്കെ ആയി കടന്നു വരുന്നു. പക്ഷേ യഥാർത്ഥത്തിൽ ആരാണ് ഇത്തിൾക്കണ്ണി !!

അംബേദ്ക്കറുടെ Castes in India: Their Mechanism, Genesis and Development എന്ന പ്രസംഗത്തിൽ ജാതി വ്യവസ്ഥയുടെ വളർച്ചയെപ്പറ്റിയുള്ള ഭാഗത്ത് ഇങ്ങനെ പറയുന്നുണ്ട്. അത് ഇതാണ്: while making themselves into a caste ,the Brahmins by virtue of this created non -- Brahmin caste ,while closing themselves they closed others out. ഈ വസ്തുത ഇവിടെയും പ്രയോഗിക്കാം. ഒന്നാം വിഭാഗം ഞങ്ങൾ ഉയരത്തിലുള്ളവരാണെന്ന് പറയുകയും സമ്പത്തുകൾ തങ്ങളുടെ അതിർത്തിക്കുള്ളിലാക്കുകയും ചെയ്തപ്പോൾ ബാക്കി വന്നവരെല്ലാം രണ്ടാം വിഭാഗം സ്വാഭാവികമായി ഉണ്ടാവുന്നു . അവർ അരികുവൽക്കരിക്കപ്പെട്ടവരായി മാറുന്നു. ഈ വിധം നോക്കുമ്പോൾ നാം പാരസൈറ്റുകളൊന്ന് പറയുന്നവരെ പാരസൈറ്റുകളാക്കിയവരിലേക്ക് സിനിമ വിരൽ ചൂണ്ടപ്പെടുന്നു.

   .     സൂര്യനഭിമുഖമായി വരുന്ന സാഹചര്യങ്ങളെ ,മങ്ങിയ ആകാശത്തെ ,മുകളിലേക്കുള്ള കയറ്റങ്ങളെ, താഴെക്കു് കുമ്പിട്ടിരിക്കുന്ന പടിക്കെട്ടുകളെ, ജനാലയിലൂടെയുള്ള ഒരു പിടിക്കാഴ്ചകളെ ഒക്കെ ഈ ശ്രേണീബന്ധമായ സമൂഹത്തിന്റെ പ്രതിഫലനമാക്കി ചിത്രീകരിക്കുന്ന ഈ സിനിമക്ക് ലോകത്തിന്റെ എല്ലായിടത്തും പ്രസക്തിയുണ്ടു.

        കീ -വൂ യൂണിവേഴ്സിറ്റി സ്റ്റുഡൻറ് എന്ന വ്യാജേനയാണ് ഉന്നതനായ പാർക്കിന്റെ വീട്ടിലെത്തുകയും പാർക്കിന്റെ മകളുടെ ട്യൂട്ടറാവുകയും ചെയ്യുന്നത് . പിന്നീട് പാക്കിന്റെ മകളും കീ വൂ വും തമ്മിൽ പ്രണയത്തിലാവുന്നു. കീ വൂവും ഡാ ഹെയും തമ്മിൽ ചുംബിച്ചതിനു ശേഷം കീ - വൂ ചോദിക്കുന്നു:  ഞാൻ നിങ്ങളുടെ ഇടയിൽപ്പെട്ടവനാകുമോ എന്ന് ? ഈ വിധം വളരെ ആത്മാർത്ഥമായ ബന്ധങ്ങൾക്കിടയിൽപ്പോലും ഇടപെടാനാവുന്ന വിധം ബലപ്പെട്ടു പോയതാണ് ശ്രേണീകൃത സമൂഹത്തിന്റെ  ചട്ടങ്ങൾ .

          പാക്കിന്റെ വലിയ വീട് സ്വന്തമാക്കി തന്റെ അച്ഛനെ ഏതെങ്കിലും 'ഒരു ' കീ വൂ  വിന് രക്ഷിക്കാനായേക്കും.  പക്ഷേ സമൂഹത്തിന്റെ ഘടനാപരമായ മാറ്റത്തിലൂടെ മാത്രമേ വിശാല അർഥത്തിൽ സാമൂഹ്യ അന്തരം ഇല്ലാതാവുകയുള്ളു.

കുറിപ്പ്: അടുത്തിടെ ഏറെ പ്രശംസ നേടുകയും  ,  റിലീസിങ്ങ് സമയത്ത് സോഷ്യൽ മീഡിയയിലൊക്കെ വലിയ ഓളമുണ്ടാക്കിയതുമായ ഏതാണ്ട് അഞ്ചോളം സിനിമകൾ കണ്ടപ്പോഴുണ്ടായ കടുത്ത നിരാശയിൽ നിന്ന് മുക്തി നേടലായിരുന്നു. , പാരസൈറ്റ് .

Share :