Archives / March 2020

ഫൈസൽ ബാ
ഓർമ്മകളുടെ നനവുള്ള കഥകൾ

അഹ്മദ് മുഈനുദ്ദീന്റെ *ഒടുവിൽ ബാക്കിയാകുന്നത്* എന്ന കഥാ സമാഹാരത്തിന്റെ വായനാനുഭവം

അഹ്മദ് മുഈനുദ്ദീന്റെ കഥകൾ അതി തീക്ഷ്ണമായ ഓർമകളുടെ ശേഷിപ്പുകൾ ആണ്. *"ഓർമ്മകളാണ് കാലത്തേയും ചരിത്രത്തേയും നനവുള്ളതാക്കി മാറ്റുന്നതും പച്ചപ്പുകൾക്ക് ഇടമൊരുക്കുന്നതും"* അവതാരികയിൽ പ്രശസ്ത എഴുത്തുകാരൻ പി.സുരേന്ദ്രൻ അഹ്മദ് മുഈനുദ്ദീന്റെ കഥകളെ കുറിച്ചും കഥയിലെ മനുഷ്യ ബന്ധങ്ങളെ കുറിച്ചും വിശദമായി പറയുന്നുണ്ട്. ഓർമകളുടെ  നനവുള്ള 17 ചെറിയ കഥകളാണ് ഈ സമാഹാരത്തിലുളളത്.

മലയാളിയുടെ ആത്മബോധത്തെ ആഗോളമാനത്തിൽ അടയാളപ്പെടുത്തുന്ന ആഖ്യാന രീതി ചെറിയ ഒരു കഥയാണ് *ചക്കമണം* മലയാളിയുടെ ജീവിതങ്ങളെ സ്വാധീനിച്ച മരമാണ് പ്ലാവ്. ഗൃഹാതുരത്വത്തോടെ ചക്കയെ കുറിച്ചോർക്കാത്ത ഒരു മലയാളിയും ഉണ്ടാകാനിടയില്ല. എന്നാൽ വന്മാരാമെന്ന കാരണത്താലും ഏറ്റവും നന്നായി ഉപയിഗിക്കാൻ പാകത്തിലുള്ള തടിയെന്ന തിനാലും മലയാള മണ്ണിൽ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്ന മരമാണ് പ്ലാവ്. വീടുപണി എന്ന ചിന്ത ഉണ്ടാവുമ്പോൾ തന്നെ കണ്ണുകൾ ആദ്യം പതിയുക പറമ്പിലെ പ്ലാവിലായിരിക്കും. ചക്കമണം എന്ന കഥ തുടങ്ങുന്നത് തന്നെ ഈ വിഷയത്തോടെയാണ്. 

 *"വീട് പണിക്കാവശ്യമായ  മരം പുറത്ത് നിന്ന് വങ്ങേണ്ടിവരില്ലെന്ന് ഏട്ടൻ പറഞ്ഞപ്പോഴേ ഞാൻ തടഞ്ഞു. വേണ്ട തെക്കേ മുറ്റത്തെ വരിയ്ക്കപ്ലാവ് മുറിക്കേണ്ട. ഇവന്റെ പ്രാന്ത് ഇപ്പോഴും മാറീട്ടില്ലെന്ന് ഏടത്തിയോട് മുരുമുരുക്കുന്നത് ഞാനും കേട്ടു."* ശരാശരി മലയാളിയുടെ ചിന്തയിൽ നിന്നും ഉയരുന്നതാണ് തന്റെ ജേഷ്ഠനിൽ നിന്നും അയാൾ കേട്ടത്. എന്നാൽ അയാളിൽ പ്ലാവ് ഒരു മരം മാത്രമല്ല *"വൈക്കപ്ലാവിന്റെ സമൃദ്ധിയിൽ മാത്രം ജീവിച്ച ഒരു കാലമുണ്ടായിരുന്നു. ഏട്ടൻ മറന്നതാവില്ല. പച്ചപ്പില്ലാത്ത ഓർമ്മകളായത്കൊണ്ട് പിന്തിരിഞ്ഞ് നോക്കാത്തതാവാം."*

നാടിവിട്ടു മറ്റു രാജങ്ങളിലെ വൈവിധ്യമാർന്ന പഴങ്ങൾ കഴിക്കുമ്പോളും അയാളിൽ പ്ലാവ് നൽകിയ വിശപ്പിന്റെ ആശ്വാസം പിടക്കുന്നുണ്ട്

 *"ഇവിടെ വന്നതിനുശേഷം ഏതെല്ലാം രാജ്യങ്ങളിലെ പഴങ്ങള്‍ കഴിക്കാൻ അവസരമുണ്ടായി. എന്നിട്ടും വരിയ്ക്കചക്കയുടെ കടുംമാധുരം നാവിൽ നിന്ന് തേഞ്ഞുപോയിട്ടില്ല. വിശപ്പിന്റെ വേദനയിലാണ്  പ്ലാവ് താങ്ങും തണലുമാകുന്നത്. നെഞ്ചില്‍ അതിനു കാര്ന്നവരുടെ സ്ഥാനമാണ്."* ആൻഡ്രൂ ഫിലിപ്പ് എന്ന ഫ്രഞ്ചു കാരനെ പരിചയപ്പെടുന്നതോടെ ചക്ക എന്നതിന് ഒരു ആഗോളമാനം കൈവരിക്കുന്നു. 

ലളിതമായി പറയുന്ന കഥയുടെ ആഴം വളരെ വലുതാണ്. വിശപ്പിന്റെ കുട്ടിക്കാലവും വർത്തമാനകാലവും കൂട്ടിച്ചേർത്തു കഥ പറയുന്ന ഓർമ്മകളുടെ നനവും ഇന്നിന്റെ യാഥാർഥ്യവും ചേർത്തു വെച്ച മനോഹാരമായ രചന.

 *മഴ* എന്ന കഥ മഴപോലെ നമ്മളിൽ പെയ്തിറങ്ങും. ശരിക്കും പ്രണയമഴ നനഞ്ഞ അനുഭവത്തിലേക്ക് കൊണ്ടുപോകും. 

*"ജനലിലൂടെ തണുത്ത കാറ്റ് വരുന്നു. ഒരു മഴയുടെ തുടക്കമാണ്. ചാറൽ മഴയുടെ സംഗീതം ആദ്യമായ് "കേൾപ്പിച്ച് തന്നത് അപ്പുവാണ്". മഴ നനഞ്ഞു നടക്കുമ്പോൾ അപ്പു കൂടെയുണ്ട്‌. ഇരുട്ട് നാക്ക് നീട്ടിയ ഇടവഴികളിലും  അവന്റെ ശരീരത്തിന്റെ ഗന്ധമുണ്ട്. ഇപ്പോൾ അപ്പുവിനോട് സംസാരിക്കാം, സംവാദിക്കാം, കലാഹിക്കാം"*  മഴ നനഞ്ഞ പ്രണയത്തിന്റെ തീവ്രത കഥയിൽ അറിയാം. അപ്പുവിന്റെ പഴയ കാമുകിയായ റോസ്മേരിയെ അന്വേഷിച്ചു ചെല്ലുന്ന ശ്രീലത കഥയുടെ ആഴവും പ്രണയ തീവ്രതയും കഥയിൽ വായിക്കാം.  

രാഷ്ട്രീയ മുറിപ്പാടുകളുടെ കാലത്തെ ഓർമ്മിപ്പിക്കുന്ന *എഴുപത്കൾകിപുറത്ത്*. കമ്യുണിസ്റ്റ് പച്ചയെന്ന ബിംബത്തെ ചരിത്രത്തോട് ചേർത്തു വെച്ചു രാഷ്ട്രീയം പറയുന്ന *ലെനിൻ കുഞ്ഞഹമ്മദ്*.  തുടങ്ങി പതിനേഴ് കഥകളുടെ ഒടുവിൽ ബാക്കിയാവുന്നത് എന്ന അഹ്മദ് മുഈനുദ്ദീന്റെ കഥാ സമാഹാരം എന്തുകൊണ്ടോ കാര്യമായി ശ്രദ്ധിക്കാതെ പോയി എന്നത് പറയാതെ വയ്യ. മനുഷ്യ ബന്ധങ്ങളുടെ സരളവും തീവ്രവുമായി ആവിഷ്ക്കരിക്കുന്ന കഥകൾ.

Share :