വിസ്മയ കിണർ
ഗുജറാത്ത് യാത്രയിൽ ഏറെ കൗതുകവും ആശ്ച്ചര്യവും തോന്നിയത് അഹമ്മദാബാദിലെ അദലാജ് ലെ പ്രസിദ്ധമായ പടികിണർ അഥവാ സ്റ്റെപ്പ് വെൽസാണ് Rock Relief ആർട്ടിലും ശില്പകലയിലും വാസ്തു വിദ്യയിലും സർഗാത്മകതയുടെ ഏറ്റവും മികച്ച മാതൃകകളിലൊന്നാണ് step wells വ്യക്തമായ പ്ലാനിങ്കളൊന്നുമില്ലാത്ത യാത്രയായതിനാൽ ടാക്സി ഡ്രൈവരുടെ നിർദ്ദേശപ്രകാരമായിരുന്നു ഞങ്ങൾ ഇവിടെയെത്തിയത്. പടികിണറുകളെ കുറിച്ച് ഇതിന്മുന്നേ യാതൊരു ധാരണയുമില്ലായിരുന്നു. ഏതോ ഒരു കിണർ കാണാൻ പോകുന്നുവെന്നെ ഡ്രൈവർ പറഞ്ഞപ്പോൾ വിചാരിച്ചതുള്ളു . എന്താ ഒരു കിണർ കാണുവാൻ മാത്രമുള്ളത് എന്ന ചിന്തയും ഇല്ലായ്‌കയില്ല. അങ്ങനെ നിസ്സംഗനായി ഗുജറാത്തിന്റെ പട്ടണകാഴ്ചകൾ കണ്ട് മുന്നോട്ട് പോകവേ കാഴ്ചയിൽ ഒരു ആകർഷണവും തോന്നാത്ത മുഷിഞ്ഞു നരച്ച പഴയൊരു കെട്ടിടത്തിന്റെ മുന്നിൽ വണ്ടിനിർത്തിയത് യാചകരും വാഴിവാണിഭക്കാരും ടൂറിസ്റ്റുകളുമായി നല്ലൊരു ആൾക്കൂട്ടം തന്നെയുണ്ടവിടെ.
പുറം കാഴ്ചയിൽ യാതൊരു പ്രത്യേകതയും തോന്നിക്കില്ലെങ്കിലും അകം അത്ഭുത കാഴ്ച്ചതന്നെയാണ്. മുകൾ പരപ്പിൽ നിന്നും ഭൂമിയുടെ താഴേക്ക് വൃത്താകൃതിയിൽ പണിത കൊട്ടാരം അതിന്റെ മധ്യഭാഗത്തൊരു കിണർ അതാണ് ഗുജറാത്തി ഭാഷയിൽ വാവ് എന്ന സ്റ്റെപ്പ് വെൽ അഥവാ പടികിണർ. ജല നിരപ്പിലേക്ക് തുറന്ന പടികളുള്ള ഇത്തരം കിണറുകൾ ഗുജറാത്തുപ്പെടെ ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും കാണാം. വരൾച്ചബാധിത പ്രദേശമായ അഹമ്മദാബാദിലെ അദലാജ് സ്റ്റെപ്പ് വെൽ ഒരുകാലത്ത് വലിയൊരു സമൂഹത്തിന്റെ കുടിവെള്ള സ്രോതസ്സായിരുന്നു. ഗാർഹിക ആവശ്യങ്ങൾക്ക് പുറമെ കൃഷിയാവശ്യങ്ങൾക്കും സ്റ്റെപ് വെൽനെ അവിടത്തെ കൃഷിക്കാർ ആശ്രയിച്ചിരുന്നു. കൃത്യമായി മഴ ലഭിക്കാത്ത വരണ്ട പ്രദേശങ്ങളായ അവിടുത്തുകാരുടെ കാർഷിക താല്പര്യങ്ങളും കൃഷി രീതികളും പ്രശംസനീയമാണ്. അകലെയുള്ള അണകെട്ടുകളിൽനിന്നും കനാലുകൾ വഴി കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിച്ചാണ് അവർ കൃഷിചെയുന്നത്.
വർണ്ണാഭമായ ആഘോഷങ്ങൾക്കും, മതപരമായ ചടങ്ങുകൾക്കുമെല്ലാം അദലാജിലെ പടിക്കിണർ വേദിയാകുന്നു.
അഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഇതുപോലുള്ള 120 ഓളം പടിക്കിണറുകൾ ഗുജറാത്തിന്റെ വിവിധഭാഗങ്ങളിലായുണ്ട്. ഇതിൽ അദലാജിലെ പടികിണറാണ് കൂടുതൽ ശ്രദ്ധേയമാകുന്നത്.
മഴക്കാലങ്ങളിൽ ഇതുപോലുള്ള കിണറുകളിൽ മഴ വെള്ളം ശേഖരിച്ചുവെക്കുക പതിവായിരുന്നു. സ്റ്റെപ് വെല്ലിന്റെ വാസ്തു വിദ്യയും നിർമാണചാതുരിയുമാണ് വിനോദ സഞ്ചാരികളെ കൂടുതലും ആകർഷിക്കുന്നത്. ഭൂകമ്പങ്ങളെ പോലും അതിജീവിക്കുന്ന ഇതിന്റെ നിർമാണ വൈദഗ്ദ്ധ്യം ആരെയും അതിശയിപ്പിക്കുന്നത് തന്നെയാണ്.
മുകളിൽ നിന്ന് താഴോട്ട് ഒന്നാമത്തെ നില ഇറങ്ങിയപ്പോൾ തന്നെ കാര്യം മനസിലായി സംഗതി ഇത്തിരി സീരിയസാണ്. ഇതിന്റെ താഴത്തെ നിലവരെ വീൽചെയർ ഇറക്കുക കഠിനമാണ്. ഇത്തരം യാത്രകളിൽ സാഹസികത കാണിക്കുന്നത് യുക്തിയല്ലെന്ന് മനസിലാക്കി ഒന്നാം നിലവരെ മാത്രമേ ഞാനിറങ്ങിയുള്ളു. ബാക്കി ഭാഗങ്ങൾ സുഹൃത്തുക്കൾ പകർത്തിയ ഫോട്ടോകളിലും വീഡിയോകളിലും കണ്ട് ഞാൻ തൃപ്തനായി.
1498 ൽ വഖേല രാജവംശത്തിലെ റാണാ വീർ സിംഗാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചതെന്ന് ഇവിടെ സ്ഥാപിച്ച മാർബിൾ സ്ലാബിൽ എഴുതി വച്ചിരിക്കുണ്ട്. അദ്ദേഹത്തെ യുദ്ധത്തിൽ പരാജയപെടുത്തിയ മുഹമ്മദ് ബെഗ്ഡ യാണ് ഇന്ന് കാണുന്നരീതിയിൽ സ്റ്റെപ് വെല്ലിന്റെ പണിപൂർത്തികരിച്ചതെന്ന് ചരിത്രം പറയുന്നു.
യുദ്ധത്തിൽ റാണയെ പരാജയപെടുത്തി രാജ്യവും രാജ്ഞിയെയും ബേഗഡ കൈവശപെടുത്തിയപ്പോൾ സതിയനുഷ്ഠിക്കാൻ ശ്രമിച്ച സുന്ദരിയായ റൂഡാ ബായിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മുഹമ്മദ് ബേഗഡ റൂഡാ ബായിയെ നിർബന്ധിച്ചപ്പോൾ കടുത്ത വരൾച്ചയിൽ കഴിയുന്ന ജനങ്ങളുടെ ക്ഷേമം കരുതിയും തന്റെ ഭർത്താവിന്റെ ആഗ്രഹമായിരുന്ന സ്റ്റെപ് വെല്ലിന്റെ പണി പൂർത്തിയാക്കിയാൽ വിവാഹത്തിനു തയ്യാറാകാമെന്നും റൂഡാബായി സമ്മതിച്ചു.
റൂഡാ ബായിയിൽ ആകൃഷ്ടനായ ബേഗഡ വളരെ വേഗത്തിൽ സ്റ്റെപ് വെല്ലിന്റെ പണികൾ പൂർത്തീ കരിക്കുകയായിരുന്നു. കിണറിന്റെ പണികഴിഞ്ഞപ്പോൾ അതിൽ ചാടി രാജ്ഞി ആത്മഹത്യചെയ്തു വെന്നും പറയുന്നു.
വിശ്വാസം കൊണ്ടും ചരിത്രപ്രാധാന്യം കൊണ്ടും ഒട്ടേറെ പ്രത്യേകതകളുള്ള ഒരു ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് അദലാജ് സ്റ്റെപ് വെല്‍. ഗാന്ധിനഗറില്‍ നിന്നും ദേശീയ പാതയില്‍ 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആദലാജ് സ്റ്റെപ് വെല്ലിലെത്താം. പുരാണകഥകളും ഇതിഹാസങ്ങളിലെ നായകരുടെയും ഹൈന്ദവ, ജൈന ദേവൻ മാരുടെ ചിത്രങ്ങളും, ഇവിടെ കൊത്തിവച്ചിട്ടുണ്ട് കിണറിന്റെ ചുമരുകളില്‍ കാണുന്ന ഇന്തോ - ഇസ്ലാമിക് നിര്‍മാണരീതിയിലുള്ള ശില്പങ്ങളും ചിത്രങ്ങളും ആകർഷണീയങ്ങളാണ്.