Archives / March 2020

കെ. എൻ. സുരേഷ് കുമാർ 
മിന്നൽക്കവിതകൾ

1

കാറ്റു വീശേണ്ട 
സമയത്തു വീശുന്നു 
മഴ പെയ്യേണ്ട 
സമയത്തു പെയ്യുന്നു 
ഞാനോ, കാലം തെറ്റി
പൂക്കുന്നു കായ്ക്കുന്നു 
പിന്നെ, അകാലത്തിൽ
പൊലിഞ്ഞുപോകുന്നു 


2

അയയ്ക്കുന്നതും, നൂൽ 
വലിയ്ക്കുന്നതും, കളി-
പ്പിയ്ക്കുന്നതും, തിര-
ശീല താഴ്ത്തുന്നതും 
നീയല്ലോ, ഞാൻ വെറും
പാവയല്ലോ

3

അറ്റുപോകാതിരിയ്ക്കാ-
നൊരു പൊൻകണ്ണി
ബാക്കി വെച്ചീടുന്നു 
തമ്മിൽ കോരുത്തവർ 

4

നാടു നന്നാക്കുവാ-
നെന്തു വഴി? ഓർത്തു-
കാടു വെട്ടിത്തെളി-
ച്ചീടുന്നു ഞാൻ!

5

മധു തേടി പുതുമോടി തേടിയൊരു-
നിമിഷവുമിരിപ്പുറയ്ക്കാതെ, 
പറന്നൊടുവിലൊരു ശിഖയിൽ 
വീണു കരിയുന്നു ഞാൻ 
 
6

കാണുന്നതൊക്കെയും 
കൗതുകമാക്കുന്ന 
ബാല്യമേ, നീ വരൂ 
ചുക്കിച്ചുളിഞ്ഞൊരെൻ 
വൃദ്ധപഥങ്ങളിൽ 
പിച്ചവെച്ചു നടക്കട്ടെ ഞാൻ 

7

ഉറുമ്പിനെക്കൊണ്ടു ഞാൻ 
തോറ്റെന്നൊരാന  
ഞാനൊരു സിംഹമാ-
ണെന്നുറുമ്പ് 
രണ്ടാളുമല്ല ഞാൻ
പുലിയെന്നെലി 
ഒടുവിലിക്കാടു മുടിയുന്നു 

Share :