Archives / March 2020

മീരാബെൻ
റിപ്പബ്ലിക്ക്

വെയിലു കൊള്ളാതെ കറുത്തൊരാൾ വന്ന് ഭൂമിയെ രണ്ടായ്പ കുക്കാനാവശ്യപ്പെടുമെന്ന്
മുറിഞ്ഞടർന്ന യന്മാദങ്ങളേയും ബാക്കിവച്ച വറ്റുകളേയും ക്ലാവു പിടിച്ച രാത്രികൾക്ക് നൽകിക്കൊണ്ട് മാടിയൊതുക്കാത്ത മുടിക്കെട്ടുമായൊരുവൾ അങ്ങേപ്പാതിയിലയാൾക്ക് കൂടൊരുക്കുമെന്ന്
പിന്നീടൊരു വസന്തവും ആ വഴി കണ്ടില്ല
ഒരു മഴയും വന്നു മിണ്ടീട്ടുമില്ല
ഭരിക്കുന്നവന്റെ കസേരക്കാലുകൾക്കിടയിലായി രാജ്യം
ജനലിൽകൂടി നോക്കി നോക്കി ക്രൗര്യം നിറച്ച് കാട്ടുപന്നികളെ കീഴ്പ്പെടുത്തി കണ്ണുകൾ കൊണ്ടു കൊന്നുതീർക്കുന്നു
മറ്റേപ്പാതിയിലൊരു മൂങ്ങ കഴുത്തുതിരിച്ച്ചുറ്റോടു ചുറ്റും മൂളുന്നു പാടാൻതുടങ്ങിയപ്പോൾ തല വെട്ടിമാറ്റി
ഉഴുതുമറിച്ച വയലുകളൊന്നൊ ന്നായി കൂലി ചോദിക്കാനെത്തിയപ്പോൾ ഇരുട്ടിനോട് കമ്പളം ചോദിച്ചത് ആരുമറിയാതിരിക്കാനാണ്
അപ്പോൾ കൈത്തലം ഉയർത്തി 
പെയ്ത മഴകളെയൊക്കെ
അയാൾ തിരികെ വിളിച്ചു
കടലും പുഴയും ആമ്പലും മീനുകളും സൂര്യനെ നോക്കി
മേഘം കൊണ്ട് മറയ്ക്കാനാകാതെ അയാൾ കാടുകൾ വെട്ടി
കുന്നുകൾ നിവർത്തിയതിലൊരു കുരിശ് നാട്ടി
ചുറ്റും പശുക്കൾക്ക് മേയാനായി പുല്ലുകൾ നട്ടു
ഇടവഴിയിൽ നിന്നിരുന്ന കഴുതകൾ കുങ്കുമച്ചാക്കുകളുമായി പെരുവഴി താണ്ടി മലകൾ കയറിയിറങ്ങി
നാടുമുഴുവൻ അമ്പലപ്രാക്കൾക്കായി അരിമണിവിതറി
അവ മുട്ടയിട്ടു പെരുകി
കാക്കകളുടെയും കുയിലുകളുടെയും കണക്കെടുപ്പ് തുടങ്ങി
പാലത്തിൽ കൂടി ഇങ്ങോട്ടു വന്നാൽ മാത്രം ചുങ്കം കൊടുക്കണം എന്നറിയാത്ത നിരീശ്വരന്മാർക്കായി മതപാഠശാലയിൽ സൗജന്യ പരിശീലനം
മുടന്തന്മാർ നടക്കാൻ അവകാശത്തിന് ഊന്നുവടികൾ ഹാജരാക്കാൻ ഉത്തരവായി
അതൊക്കെ അവിടെ നിൽക്കട്ടെ
ഭാഷയറിയാത്ത എന്റെ പൂച്ചകൾ മടങ്ങിയെത്തുമ്പോൾ മ്യാവൂ മ്യാവൂ എന്ന കരച്ചിൽ എന്റെ വീട് എന്റെ വീട്
എന്ന് പരിഭാഷപ്പെടുത്താൻ ഞാനിവിടെയില്ലാതെ പറ്റില്ലല്ലോ എന്നു ചോദിക്കുന്നവരുടെ രാജ്യം അതിർത്തികൾ കടന്നും വളരുകയാണ്
രാജ്യം വളരുകയാണ്
           

Share :