Archives / March 2020

ജ്യോതിലക്ഷ്മി നമ്പ്യാർ 
പ്രണയ ദേവാലയങ്ങൾ

സിനിമാറ്റിക് രീതിയിലുള്ളതും, ത്രികോണ പ്രേമങ്ങളും, സോഷ്യൽ മീഡിയ പ്രേമങ്ങളും യുവാക്കളെ ദിനംപ്രതി കൊലപാതകങ്ങളിലേയ്ക്കും, ആത്മഹത്യകളിലേയ്ക്കും, വിഷാദരോഗങ്ങളിലേയ്ക്കും നയിയ്ക്കുന്ന ഈ കാലഘട്ടത്തിൽ എന്താണ് യഥാർത്ഥമായ പ്രണയം അല്ലെങ്കിൽ അനുരാഗം എന്ന വികാരം  യുവാക്കൾക്കുള്ള തിരിച്ചറിവിനാകട്ടെ ഈ പ്രണയദിനാഘോഷം   പ്രണയം, അനുരാഗം എന്ന അനുഭൂതി അതിരുകൾ കടന്നു വെറും ശാരീരിക നിർവൃതിയാകുന്നിടത്താണ് അരുതായ്മകൾ സംഭവിയ്ക്കുന്നതും. അതേക്കുറിച്ചുള്ള തിരിച്ചറിവാണ് പിന്നീട് ആത്മഹത്യയ്‌ക്കും കൊലപാതകങ്ങൾക്കും വിഷാദ രോഗങ്ങൾക്കും ഇടവരുത്തുന്നതെന്നു മാതാപിതാക്കളെ സ്നേഹിയ്ക്കുന്ന ഓരോ  യുവാവും അറിയണം. അമ്പലവും പരിസരങ്ങളും, ഇടവഴികളും, അരുവികളും, കാട്ടാറുകളും, കുന്നുകളും, തെളിനിലാവും കുസൃതികാറ്റും, കുഞ്ഞിക്കിളികളും പവിത്രമായ പ്രണയത്തിനു ഒരു കാലത്ത് ദൃസാക്ഷികളാകുമായിരുന്നു. എന്നാൽ  സാങ്കേതിക വിദ്യ പുരോഗമിച്ചപ്പോൾ പ്രണയവിനിമയം സുഗമമാകുകയും തന്മൂലം പ്രണയമെന്ന പവിത്രമായ ആശയത്തിന്റെ പശ്ചാത്തലങ്ങൾ മാറുകയും, അതിൽ കളങ്കം പടരുകയും ചെയ്തു.. വാട്സാപ്പിലൂടെ സന്ദേശങ്ങൾ കൈമാറിയും, അസ്ലീനമായ ചിത്രങ്ങളും രംഗങ്ങളും  സോഷ്യൽ മീഡിയയിലൂടെ  കൈമാറിയും, പൊതു സ്ഥലങ്ങളിലും  റെയിൽവേ സ്റ്റേഷനിലും കെട്ടിപ്പിടിച്ചും, മുത്തം കൊടുത്തതും ശാരീരിക പിരിമുറുക്കങ്ങൾക്ക് മാത്രം അരങ്ങേറുന്ന പ്രണയങ്ങൾക്ക് ദിനംപ്രതി ദുരൂഹമായ അന്ത്യങ്ങൾ സംഭവിച്ചു തുടങ്ങി.  
പവിത്രമായ പ്രണയത്തിനു പ്രായമാറ്റത്തോടൊപ്പം  ഒരിയ്ക്കലും മരണം സംഭവിയ്ക്കുന്നില്ല. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിയ്ക്കാൻ, മനുഷ്യസൗന്ദര്യത്തെ നിഷ്കളങ്കമായി ആസ്വദിയ്ക്കാൻ  ഓരോരുത്തരിലെയും സ്വഭാവ സവിശേഷതകളെ തിരിച്ചറിയാൻ കഴിവുള്ളവരുടെ മനസ്സിൽ ഒരു പ്രണയ ദേവാലയം ഉണ്ടായിരിയ്ക്കും. സ്ത്രീ പുരുഷന്മാർ പരസ്പരം കണ്ടുമുട്ടി ഇഷ്ടപ്പെടുമ്പോൾ അവർ   ആ ദേവാലയത്തിൽ പരസ്പരം ഭാര്യാ-ഭർത്തൃ സങ്കല്പങ്ങളോടെ പ്രതിഷ്ഠിയ്ക്കുന്നു.  പിന്നീട് ആ ദേവാലയത്തിൽ  ഭാവി ജീവിതത്തെകുറിച്ചുള്ള സങ്കൽപ്പ പൂജകൾ ആരംഭിയ്ക്കുകയായി. സ്നേഹം, വാത്സല്യം, പ്രേമം അനുരാഗം ലാളന പരിചരണം കടമകൾ എന്നിവ ആ ഹൃദയദേവാലയത്തിലെ നിത്യ പുജകളായി മാറുന്നു  വാസ്തവത്തിൽ അത്തരം ക്ഷേത്രങ്ങൾ നമ്മുടെ നയനങ്ങൾക്ക് ഗോചരമല്ലെങ്കിലും അവ പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നു എന്നതാണ് സത്യം. ചില സാഹചര്യത്തിൽ ഈ ആരാധന പരസ്പര പൂരകങ്ങൾ അല്ലാതാകുമ്പോഴും, ഹൃദയദേവാലയം തുറന്നുകാണിയ്ക്കാതെ ആരാധന നടത്തുമ്പോഴും, വേണ്ടത്ര ആശയവിനിമയം നടത്താൻ കഴിയാത്ത സാഹചര്യത്തിലും ഈ ദേവാലയങ്ങൾ പുജാരഹിതങ്ങങ്ങളാകുന്നു. ഉത്തരവാദിത്വങ്ങളും, കടമകളും ജീവിതമെന്തെന്ന തിരിച്ചറിവും വേണ്ടതിലധികം ഉണ്ടാകുമ്പോൾ പ്രണയം നിശബ്തമാകുന്നു.  
കൗമാരകാലത്തെ പ്രണയത്തെകുറിച്ചോർക്കുമ്പോൾ പലപ്പോഴും എനിയ്ക്കു തോന്നാറുണ്ട് എത്രയോ ബാലിശമായ വികാര വിചാരങ്ങൾ. പാഴായിപ്പോയ കുറെ വിലപ്പെട്ട  സമയങ്ങൾ.   എന്നിരുന്നാലും ആ കൗമാരകാലത്തെ ഇഷ്ടങ്ങളെയും, അനിഷ്ടങ്ങളെയും, പ്രതീക്ഷകളെയും കുറിച്ചോർക്കുമ്പോൾ എന്നും ചുണ്ടിൽ നുണഞ്ഞിരിയ്ക്കാനൊരു മധുരം.  ഒരിയ്ക്കലും തിരിച്ചുകിട്ടാത്തതാണെങ്കിലും  ആ നിമിഷങ്ങളുടെ ഓർമ്മയിലൂടെ കൗമാരം തിരിച്ചുകിട്ടുന്നതായ ഒരു തോന്നൽ. അഭൗമമായ പ്രണയം മനുഷ്യ മനസ്സിൽ അലിഞ്ഞുതീരാത്ത ഹിമ കണം തന്നെ.   .കൊഴിഞ്ഞുപോയ ഓരോ നിമിഷങ്ങളെയും കുറിച്ചോർക്കുമ്പോൾ കുറച്ചുനേരത്തേയ്ക്കെങ്കിലും പിണക്കങ്ങളും ഇണക്കങ്ങളും കുസൃതികളും നിറഞ്ഞ കൗമാരത്തിൽ തിരിച്ചെത്തിയ അനുഭൂതിയിലേക്ക് മനസ്സ് വഴുതിവീഴുന്നു.  
പരസ്പരം അനുവാദം ചോദിച്ചായിരുന്നോ ഈ ആത്മാർത്ഥമായ സ്നേഹം. പലപ്പോഴും പറയണമെന്നുണ്ട്.  പക്ഷെ  പരസ്പരം ദിവസവും അടുത്ത് കാണാൻ പോലും നിവൃത്തിയില്ലാത്ത സദാചാരത്തിന്റെ നിരപലകകൾ. ദൂരെ നിന്നും പരസ്പരം കാണുന്നതുതന്നെ ഒരു നിർവൃതിയാണ്. പരസപരം പറഞ്ഞിട്ടില്ല എന്നെയുള്ളൂ രണ്ടു മനസ്സുകളുടെയും സഞ്ചാരം ഏകദേശം ഒരേ ദിശയിൽത്തന്നെ. ഈ വരവ് യഥാർത്ഥത്തിൽ പുസ്തകത്തിനുവേണ്ടിയൊന്നുമല്ല ഒന്ന് കാണണം ഒന്നും പറഞ്ഞില്ലെങ്കിലും ഒരു പുഞ്ചിരിയെങ്കിലും സമ്മാനകയ്ക്കാമല്ലോ! തളത്തിലിരുന്നു പുസ്തകത്തിൽ കണ്ണും നട്ടിരുന്നു സ്വപ്നം കാണുന്ന എനിയ്ക്കറിയാം ഉമ്മറത്തിണ്ണയിലിരുന്നെന്തിനാണ് ഇത്രയും ഉറക്കെ സംസാരിയ്ക്കുന്നതെന്നു. ഞാനും പ്രതീക്ഷിച്ചിരുന്നു. എന്ത് കാരണം പറഞ്ഞു ഉമ്മറത്തുവരും?    പുസ്തകം ആവശ്യപ്പെട്ടാൽ മാത്രമേ ഞാൻ പുറത്ത് മുഖം കാണിയ്ക്കുകയുള്ളു എന്ന് അവനു അറിയാമായിരുന്നു. പരസ്പരം സംസാരിച്ച് മതിയാകാത്ത വീർപ്പുമുട്ടൽ. ഇത് ഞങ്ങളുടെ കാര്യത്തിൽ മാത്രമല്ല. പല പ്രണയ ബന്ധങ്ങളും ഇതുപോലെ പരസപരം ആശയ വിനിമയം നടത്താനാകാതെ മനസ്സിൽ മാത്രം വിരിഞ്ഞു കൊഴിഞ്ഞ പ്രണയങ്ങളാകാറുണ്ട്
തറവാട്ടിലെ, ചൈതന്യത്താൽ  കത്തിജ്വലിയ്ക്കുന്ന നേത്രങ്ങളോടെ, ദിനരാത്രങ്ങളിൽ അനുഗ്രഹം ഒഴുകികൊണ്ടിരിയ്ക്കുന്ന ദേവിയ്ക്ക്, ദേവി സന്നിധിയിൽ നിൽക്കുന്ന ചെമ്പരത്തിയിൽ നിന്നും പൂപറിച്ച് സമർപ്പിയ്ക്കാൻ മത്സരിയ്ക്കുന്ന ഞാനും അവനും.  ഒരുദിവസം എന്നെക്കാളും കൂടുതൽ പൂ  ദേവിയ്ക്ക് സമർപ്പിച്ചാൽ ദൂ  രെനിന്നാണെങ്കിലും കാണാൻ കഴിയുന്നത് പരിഭവത്താൽ കുത്തിവീർപ്പിച്ച എന്റെ മുഖമായിരിയ്ക്കും. അതിൽ ആനന്ദം കണ്ടെത്തിയിട്ടാകാം പലപ്പോഴും ഞാൻ കാവിലെത്തുന്നതിനു മുൻപ് അവൻ പൂ മുഴുവൻ പറിച്ച് ദേവിയ്ക്ക് സമർപ്പിച്ചിരുന്നത്. 
അശ്വതി ചേച്ചിയുടെ വിവാഹത്തിന് പോയ ആ ദിവസം ഞാൻ ഓർക്കുകയാണ്. വീതിയിലുള്ള കാസവുകരയുള്ള സെറ്റുസാരിയും,  സ്വർണ്ണനിറത്തിലുള്ള ബ്ലൗസും, കുളിച്ച് കുളിമെടയിട്ട       അരയ്‌ക്കൊപ്പം ഇറങ്ങികിടക്കുന്ന തലമുടിയിൽ നിറയെ മുല്ലപ്പൂ ചൂടി, കണ്ണെഴുതി പൊട്ടുതൊട്ട് എനിയ്ക്കുതന്നെ മനസ്സിൽ ഒരു അഹങ്കാരം ഉണ്ടായിരുന്നു ഞാൻ ഒരു സുന്ദരിയായിലോ എന്ന്. ഒരുപക്ഷെ അവനും എന്നെപോലെ അഹങ്കരിച്ചിരിയ്ക്കും എന്നും അവളിൽ കാണാത്ത സൗന്ദര്യം എന്ന്. കൂട്ടുകാരോടും ബന്ധുക്കളോടും കുശലം പറയുന്നതിനിടയിലും ഞാനും ഒളികണ്ണിട്ടു നോക്കി ആ താലികെട്ടിന്റെ തിരക്കിനിടയിലും രണ്ടു കണ്ണുകൾ ശ്രദ്ധിച്ചിരുന്നത് എന്നെ മാത്രമല്ലേ! എല്ലാ പെണ്ണുങ്ങൾക്കും അറിയാം കുട്ടൻ ഒരു വായ്‌നോക്കിയാണെന്നു. അന്നത്തെ ഭാഷയിൽ പറഞ്ഞാൽ ലയിൻ അടിയിലും, ഷൈൻ ചെയ്യലിലും  അവനു ബിരുദാനന്തര ബിരുദമുണ്ടെന്നു. ഞാൻ ഒരു തെറ്റും ചെയ്തില്ലല്ലോ കുട്ടൻ  ചോദിച്ച എന്തിനോ ഒന്ന് ചിരിച്ചു മറുപടി പറഞ്ഞു. അതിനാണോ  ഒരാഴ്ചക്കാലം കാരണങ്ങൾ ഉണ്ടാക്കി വരായാതെയും കണ്ട ഭാവം നടിയ്ക്കാതെയും നടന്നത്. ഈ പരിഭവം അധികകാലം തുടരാൻ ആവാനാകില്ലെന്ന് എനിയ്ക്കറിഞ്ഞു കൂടെ! കാണാതെ എനിയ്ക്കും വിഷമം തോന്നി. എന്നാലും ഞാനും വാശികാരിയല്ലേ!
കുടുംബ സർപ്പക്കാവിൽ വര്ഷം തോറും ഉണ്ടാകുന്ന ആയില്യം ഞങ്ങൾക്ക് ഒരു പ്രത്യേക ദിവസമായിരുന്നു. കാട്ടിലും  പറമ്പിലും നടന്നു കളിച്ചും, കണ്ണിമാങ്ങ പെറുക്കിയും മാമ്പഴംപൊട്ടിച്ചും പൂപറിച്ചും നടന്നിരുന്ന ഞങ്ങൾക്ക് സർപ്പദൈവങ്ങളെ വളരെ ഭക്തിയും പേടിയുമായിരുന്നു. അച്ഛൻ പറയും പൊന്തക്കാട്ടിൽ ഒരു പേടിയില്ലാതെ നടക്കുമ്പോൾ നാഗങ്ങൾ തന്നെ രക്ഷിയ്ക്കണം കുട്ടികളെ "   എന്ന്. വീട്ടിൽ നിന്നും മൂന്നു നാല് കിലോമീറ്റർ നടന്നാൽ മാത്രമേ തറവാട്ടിൽ എത്താൽ കഴിയു. അവിടേക്കാണെങ്കിൽ വാഹന സൗകര്യങ്ങൾ ഒന്നും തന്നെയില്ല ഞങ്ങളുടെ ഗ്രാമത്തിൽനിന്നും ഒരു പാടവും കുന്നും മറികടന്നാൽ മാത്രമേ അവിടെ എത്തിച്ചേരാൻ കഴിയൂ. യൂക്കാലിയും ആകോരിചെടിയും നിറഞ്ഞു നിൽക്കുന്ന കുന്നും  കതിരേന്തി  നിൽക്കുന്ന പാടവും നടന്നുകൊണ്ടുള്ള ഈ യാത്ര ഞങ്ങൾ കുട്ടികൾക്ക് ഒരു വിനോദയാത്രയായിരുന്നു. തിരിച്ചുവരുമ്പോൾ ഇടയ്ക്ക് കഴിയ്ക്കാൻ സർപ്പങ്ങൾക്കു നേദിച്ച അവലും, ശർക്കരയും ഇളനീരും. ഇത്രയും ദൂരം നടന്നു തളരാൻ   ആകോരിപ്പഴങ്ങൾ ഞങ്ങളെ ആനുവദിയ്ക്കിലായിരുന്നു. മുള്ളുകൾ മാറ്റി പറിച്ചുതിന്ന ആകോരിപ്പഴങ്ങളുടെ മധുരം വര്ഷങ്ങള്ക്കുശേഷവും എന്റെ നാവിൽ തളംകെട്ടി നിൽക്കുന്നു. എന്നാൽ എനിയ്ക്കും അവനും ഈ യാത്രയിലുണ്ടായിരുന്ന ഉത്സാഹം ഭക്തിയാണോ എന്നറിയില്ല്. എല്ലാവരിൽനിന്നും ഒരൽപം മാറി നടന്ന് എന്തെങ്കിലും തമ്മിൽ കുശലം പറയാമല്ലോ, കണ്ണും കണ്ണും നട്ട് പരസ്പരം ഒന്ന് അടുത്ത് കാണാമല്ലോ, കുന്നിൻ മുകളിലെ പാറക്കൂട്ടങ്ങൾ ഞങ്ങൾ പെൺകുട്ടികൾക്ക് കയറാൻ വിഷമമാകുമ്പോൾ ആൺകുട്ടികൾ കൈതന്നു ഞങ്ങളെ സഹായിയ്ക്കുമ്പോൾ, ആദ്യം മനസ്സിൽ ഒരു നാണം പൂവിടും എങ്കിലും പരസ്പരം ഒരു സ്പർശന സുഖം അനുഭവിയ്ക്കാമല്ലോ ഇതൊക്കെയായിരുന്നു എനിയ്ക്കും അവനും ഈ യാത്ര തന്നിരുന്ന ഉത്സാഹം. എന്തൊരു ശ്രദ്ധയായിരുന്നു ആ യാത്രയിൽ എന്നെ, ആകോരി ചെടിയുടെ ഒരു മുള്ളുപോലും നോവിയ്ക്കാതെ അവിടെ എത്തി തിരിച്ചെത്തുംവരെ  എന്നെ പരിചരിയ്ക്കുമ്പോൾ അവിടെ  വാത്സല്യം, ഉത്തരവാദിത്വം, സ്നേഹം എന്നിവ ഭാവി വരന്റെ മനസ്സിൽ പീലിവിടർത്തിയാടിയിരുന്നു. 

മേടമാസത്തിലെ വിഷു. പുതിയ വര്ഷം പിറപ്പിന്റെ സന്തോഷത്തിമർപ്പിൽ എല്ലാവരും കണികണ്ടുണർന്നു. അച്ഛൻ ഞങ്ങൾക്ക് വിഷുകൈനീട്ടം തന്നു . പടക്കവും കമ്പിപൂത്തിരിയും കത്തിച്ച് ആഹ്ലാദിച്ചു. ഇനി എല്ലാവരും കൂടി  വിഭവങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. ആ കൊച്ചുവെളുപ്പാൻ കാലത്തുതന്നെ അവൻ എല്ലാവരെയും ആശംസകൾ അറിയിയ്ക്കാനെത്തി. അവനു എന്നോടും എനിയ്ക്ക് അവനോടും ആശംസകൾ അറിയിയ്ക്കണമെന്നുണ്ട്. തിരിച്ചുപോകുന്ന നേരത്ത് കയ്യിലിരുന്ന പുസ്തകം എനിയ്ക്കു നേരെ നീട്ടി ഗൗരവത്തോടെ പറഞ്ഞു " എന്തോ പഠിയ്ക്കാനുള്ളത് ഞാൻ ഇതിൽ വായിച്ചു. മറക്കുന്നതിന് മുൻപ് തരാമെന്നു കരുതി" . പെട്ടെന്നവിടെ നിന്നും തിരിച്ചുപോയി. എല്ലാവരുടെയും മുന്നിൽ വച്ച് ആ പുസ്തകം തുറന്നു നോക്കാൻ ഞാൻ പേടിച്ചു. വടയ്ക്കേ അകത്ത് പുസ്തകങ്ങൾ ചിന്നിച്ചിതറി കിടക്കുന്ന മേശയ്ക്കു മുകളിൽ ഒന്നുരണ്ട് പുസ്തകങ്ങൾക്ക് താഴെ ആ പുസ്തകം  വച്ചു. എല്ലാവരുടെയും ശ്രദ്ധ മാറി എന്ന് കണ്ടപ്പോൾ മെല്ലെ ചെന്നു തുറന്നുനോക്കി. പുസ്തക താളിൽ നിവർത്തി വച്ചിരിയ്ക്കുന്ന വിഷുകൈനീട്ടം, ഉപയോഗിയ്ക്കാത്ത പുതിയ ഒരു രൂപ നോട്ട്. ആ പുസ്തക താളിൽ നിന്നും മാറ്റി ഞാൻ വച്ചു. ഇന്നും എല്ലാ വിഷുവിനും കൈനീട്ടം വാങ്ങുമ്പോൾ പുതിയ ആ ഒരു രൂപാ നോട്ടെന്നെനോക്കി ചിരിയ്ക്കുന്നതായി തോന്നും.
അച്ഛനും സഹോദരനും അല്ലാതെ ഒരു പെൺകുട്ടി ആദ്യമായി അറിയുന്ന ഒരു പുരുഷന്റെ സ്നേഹം,  പരിചരണം, ആത്മാർഥത, ശ്രദ്ധ, സുരക്ഷിതത്വ ബോധം  എല്ലാം പകർന്നു തരുന്ന ആദ്യാനുരാഗം. ,   . അമ്മയിൽനിന്നും, സഹോദരിയിൽ നിന്നും വ്യത്യസ്തമായി  തന്റെ ജീവിത പങ്കാളി എന്ന സങ്കൽപ്പത്തിനുവേണ്ടി പുരുഷനിൽ വളർന്നുവരുന്ന ഉത്തരവാദിത്വബോധവും, ചുമതലാബോധവും,  സ്നേഹവും, വാത്സല്യവും വളരുന്ന  അവന്റെ ആദ്യാനുരാഗം. ഇവിടെ ആത്മാർത്ഥ സ്നേഹത്തിൽ നിന്നും ഉരുത്തിരിയുന്ന കാമം ഭാര്യാ-ഭർത്തൃ സങ്കൽപ്പമാണ്. കാമത്തിനുവേണ്ടി താൽക്കാലികമായി പ്രഹരിപ്പിയ്ക്കുന്ന കപട സ്നേഹമല്ല. 
 ഇതുപോലെ ഓരോരുത്തരുടേയും സ്നേഹത്തിന്റെ പുളിമരച്ചോട്ടിൽ വീണുകിടക്കുന്ന ശർക്കര പുളി നുണയാനായി, മഞ്ഞും, കുളിരും നിറഞ്ഞ ഫെബ്രുവരി മാസത്തിലെ ഈ പ്രണയദിനം പുലരട്ടെ എന്ന് ആശംസിയ്ക്കുന്നു 

Share :