
ഇക്കാലത്ത്
ഇക്കാലത്ത് ജീവിച്ചുപോവുക
എത്ര ആയാസരഹിതമാണെന്നോ?!
അധികം വളവുചെരിവുകളില്ലാത്ത
ഒരു നടപ്പാതപോലെയാണ് ജീവിതം.
ഇരുവശങ്ങളിലും പാളിനോക്കാതെ,
നേരെമാത്രം നോക്കി നടക്കണമെന്നേയുള്ളൂ!
പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പരാതികളും
പരിവട്ടങ്ങളും ചിലപ്പോൾ കേട്ടെന്നിരിക്കും
പക്ഷെ, ചെവികൊടുക്കരുത്!
ഇരുട്ടിൽ ഇടറിവീണുപോയ ജീവിതങ്ങളുടെ
നെടുവീർപ്പുകളോ നിലവിളിയോ കേട്ടാലും
കേട്ടതായി ഭാവിച്ചുപോകരുത്!
അടിച്ചമർത്തപ്പെട്ടവരും ആരുമില്ലാത്തവരും
നിലനിൽപ്പിനുവേണ്ടി ഞെരുങ്ങുന്നവരുമുണ്ടാകും
അവർക്കൊരു ശബ്ദമാകുന്നതിനെപ്പറ്റി
ആലോചിക്കുകകൂടി അരുത്!
അരികുകളിൽ, വേദനമാത്രം അറിഞ്ഞവരും
ഒരു നിലവിളിക്കുപോലും ശക്തിയില്ലാത്തവരും കാണും
പരമാവധി കരുണ കണ്ണുകളിലാർജ്ജിച്ച്,
“എന്റെ ഹൃദയം നിനക്കുവേണ്ടി നുറുങ്ങുന്നു”
എന്നു പറയുക!
ഒരുമാത്രപോലും നിൽക്കാതെ,
നേരെ മാത്രം നോക്കി നടപ്പു തുടരുക!
വിധിവൈപരീത്യങ്ങൾ നമ്മെ തൊടാത്തിടത്തോളം
നമുക്കൊക്കെയും തൊലിപ്പുറത്തുമാത്രം മതി!
ഇക്കാലത്ത്, ജീവിച്ചുപോവുക
എത്ര ആയാസരഹിതമാണെന്നോ?!
ആവശ്യമില്ലാത്തതൊന്നും കാണരുത്,
അപശബ്ദങ്ങളൊന്നും കേൾക്കരുത്,
അത്രയേ വേണ്ടൂ !