Archives / March 2020

ഇന്ദിരാബാലൻ 
മണ്ണ്‌ തിരഞ്ഞുഴറുന്ന വേരുകൾ

വിപ്ളവത്തിന്റെ തീക്കനലുകളായി അക്ഷരങ്ങളെ മാറ്റിയെടുക്കുവാൻ കഴിഞ്ഞ ഒരു പൈതൃകം നമുക്കുണ്ട്.അവിടെ നിന്നുകൊണ്ട് ഇന്നും ലോകത്തിന്റെ വിധ്വംസാത്മകപ്രവൃത്തികളോടും അധികാരഖഡ്ഗങ്ങളോടും കലഹിക്കുകയാണ്‌ നന്മയുടെ ആൾരൂപങ്ങൾ. ഏതു കാലത്തും ഉണർന്ന സാഹിത്യരൂപങ്ങൾ നിലവിലുള്ള അധീശങ്ങളോടും ജീർണ്ണതകളോടും പൊരുതുന്നവതന്നെയായിരുന്നു. ഇതിഹാസങ്ങൾ തുടങ്ങി ജനിച്ചുവീണ കാവ്യചരിത്രങ്ങൾ വെളിപാടിന്റെ പുസ്തകങ്ങൾ തന്നെയാണ്‌. ജ്ഞാനപ്പാനയും കൃഷ്ണഗാഥയും തുള്ളൽസാഹിത്യവും കവിത്രയസാഹിത്യങ്ങളും ആധുനിക ഉത്തരാധുനിക സാഹിത്യങ്ങളും എല്ലാം അതുതന്നെയാണ്‌ വിളംബരം ചെയ്തിട്ടുള്ളത്‌. കാലത്തിന്നനുസരിച്ച് ഭാവരൂപങ്ങൾ മാറുന്നു എന്നു മാത്രം. അതനിവാര്യവും. ചേരിത്തിരിവുകളും കക്ഷിരാഷ്ട്രീയങ്ങളുമെല്ലാം എല്ലാക്കാലത്തും ഇവിടെ ഉണ്ടായിരുന്നു. ഇന്നും അതു മീനസൂര്യന്റെ കാഠ്യന്യത്തോടെ ഉഷ്ണം പൊഴിക്കുമ്പോൾ കാലത്തിനു സമാധാനത്തിന്റെ തണലു നല്കാൻ വർത്തമാനകാലത്തിന്റെ നാവായി പലരും മാറിക്കൊണ്ടിരിക്കുന്നുണ്ട്‌.കലയിലൂടേയും സാഹിത്യത്തിലൂടേയും സാമൂഹ്യപ്രവർത്തനങ്ങളിലൂടേയും ചൂട്ടുവെളിച്ചങ്ങളായി അവർ പടി കടന്നുവരുന്നുണ്ട്‌. 

കാലത്തിന്റെ വേദനകളെ നെഞ്ചിലേറ്റിയ കവിതയാണ്‌ ഇഞ്ചക്കാട് ബാലചന്ദ്രന്റെ “ഇനി വരുന്നൊരു തലമുറക്ക് എന്നു തുടങ്ങുന്ന വിപ്ളവക്കവിത. ആഗോളസംസ്ക്കാരത്തിന്റെ അധികദശയിൽ നാട്ടുനന്മകൾ നഷ്ടമാകുമ്പോൾ വേരുകൾ പോലും മണ്ണു് തിരഞ്ഞു പോകുന്ന വർത്തമാനദുരന്തത്തിൽ മനുഷ്യന്റെ നിലനില്പ്പ് എന്തായിരിക്കും? 

പ്രകൃതിവിഭവങ്ങളേറെ ഒരുക്കിത്തരുന്ന ഈ ഭൂമിയിലെ സംസ്ക്കാരസ്രോതസ്സുകളെല്ലാം വറ്റിവരളുന്ന കാഴ്ച്ചയെ വിഹ്വലതയോടെയാണ്‌ കവി നോക്കിക്കാണുന്നത്‌. അനുദിനം മലിനമായിക്കൊണ്ടിരിക്കുന്ന് അന്തരീക്ഷത്തിൽ വിഷമേറുകയാണ്‌. ശ്വസിക്കുന്ന വായുവിൽ കഴിക്കുന്ന ഭക്ഷണത്തിൽ നയിക്കുന്ന ജീവിതശൈലിയിൽ.......എവിടെയാണ്‌ വിഷമേല്ക്കാത്തതെന്നേ ചിന്തിക്കേണ്ടതുള്ളു. പണ്ട് പാലാഴി കടയുമ്പോൾ പൊന്തി വന്ന കാളകൂടത്തെ ഏറ്റെടുക്കാൻ ഒരു നീലകണ്ഠൻ ഉണ്ടായിരുന്നെന്നാണ്‌ വിശ്വാസം.ഐതിഹ്യമോ മിത്തോ ആകട്ടെ....എന്നാലിന്ന് ലോകത്തിന്റെ ഉത്തരവാദിത്വങ്ങളേറ്റെടുക്കാൻ ആരുമില്ല.

എല്ലാരും സ്വാർത്ഥതയുടെ ഇരുണ്ട ലോകത്തേക്ക് ചുരുങ്ങിയിരിക്കുന്നു എന്ന കവിയുടെ ആശങ്ക സമൂഹത്തിന്റെ വേദനതന്നെയാണ്‌. മുമ്പ്  പിതാമഹർ കാട്ടിൻ നടുവിൽ നിന്നും ഉരസിയ ചിന്തയുടെ പന്തങ്ങൾ അണഞ്ഞുപോയിരിക്കുന്നുവെന്ന യാഥാർത്ഥ്യത്തിലേക്കാണ്‌ ഈ വരികൾ ചൂണ്ടുന്നത്‌.നന്മയുടെ പന്തങ്ങൾ ഊതിക്കെടുത്താൻ വെമ്പൽ കൊള്ളുന്ന ഒരു പരിഷ്കൃതസമൂഹം ഇവിടെ നാമ്പിട്ടുക്കൊണ്ടിരിക്കുന്നു. വീടും മുറ്റവും കേവലം ആലങ്കാരികതയുടെ ചിഹ്നങ്ങളായി മാറുമ്പോൾ മുറ്റത്തെ മണ്ണിന്നടിയിലേക്ക് ഊർന്നിറങ്ങേണ്ട വേരുകൾ ആധുനിക ടൈൽസുകൾക്കു മുകളിലൂടെ ലക്ഷ്യമില്ലാതെ പാഞ്ഞ്  പകച്ച് മുരടിച്ചുപോകുന്നു.ഭൂമിയെ ഉർവ്വരമാക്കേണ്ട ഘടകങ്ങൾ ഒന്നൊന്നായി നാശത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ച്ച കവിയിൽ അസഹിഷ്ണുത വളർത്തുന്നു. ഇലകളുടെ മർമ്മരമോ കിളികളുടെ പാട്ടുകളൊ ഇന്നന്യമാകുന്നു. തണലുകിട്ടാൻ തപസ്സിരിക്കുന്ന മലകൾ ,ദാഹനീരിന് നാവു് നീട്ടി നിൽക്കുന്ന പുഴകൾ.. കാറ്റ് പോലും വീശാൻ ഭയന്ന് വീർപ്പടക്കി നിൽക്കുന്നു.....എത്ര ദാരുണമായ അവസ്ഥകൾ .പൃഥ്വിയുടെ നിലയ്ക്കാത്ത കാമനകളുടെ നിലവിളികൾ മാത്രം ഉച്ചത്തിൽ മുഴങ്ങുന്നു. തരിശായി പോകുന്ന മണ്ണിൽ നിന്നും മുളക്കാതെ പോകുന്ന വിത്തുകളുടെ തേങ്ങലുകൾ..പ്രകൃതി തന്നെ നിലനില്പ്പിൽ ഉല്ഖണ്ഠാകുലമാകുന്നു. മാറുന്ന ത്വരിത ജീവിതശൈലിയിൽ മുളക്കാതെപോകുന്ന മനുഷ്യജന്മങ്ങളും എത്രയോ! നിറങ്ങൾ മാഞ്ഞ വസന്തം ഇനി വരാത്ത മഞ്ഞുമൂടിയ കേവലം പാഴ്നിലമായി മാറുന്ന ഭൂമിയെ നോക്കി അക്ഷരങ്ങൾ വിലപിക്കുന്നു. നന്മകളെ ചുട്ടെരിച്ച് ജീവിതങ്ങളിലേക്കെറിയുന്ന കനലുകൾ കാണാതെ അന്ധതയും ബധിരതയും വരിക്കുന്ന സമൂഹത്തിനോടാണ്‌ ഈ ആഹ്വാനം എന്ന് കവിത ഒരോ വരിയിലും സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ നനവു കിനിയുന്ന മനസ്സുകളുണർന്നാൽ മാത്രമേ വന്ധ്യത വരിക്കുന്ന ഭൂമിക്ക് മോക്ഷം ലഭിക്കുകയുള്ളു. വലിയ ഡാമുകളും കൊട്ടാരങ്ങളും അണുനിലയങ്ങളും യുദ്ധവും പെരുകുന്ന ഈ ഭൂമിയിൽ ഇനിയൊരു ജീവിതം വേണ്ടെന്നുവരെ ചിന്തകൾ ചെന്നെത്തുന്നു. പണ്ട് വയലാർ പാടി...

”ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം 

ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം 

ഈ മനോഹരതീരത്തു തരുമോ 

ഇനിയൊരു ജന്മം കൂടി“ 

ഇന്നങ്ങിനെ നമുക്കു പാടാനാവുമോ? എന്ന വലിയൊരു ചോദ്യം വായനക്കാർക്കുള്ളിൽ നുരയിടാം. വെട്ടിയും  കുത്തിയും നിരത്തിയും ഭൂമിയെ വികൃതയാക്കി നാം നേടുന്ന വികസനം മനുഷ്യദുരന്തത്തിലേക്കാണ്‌ എത്തിക്കുന്നതെന്നതിന്റെ വാങ്മയ ചിത്രമാണ്‌ ഈ കവിത എന്നു പറയാതിരിക്കാനാവില്ല. വികസനം അതു മനുഷ്യമനസ്സിലാണ്‌ ഉണ്ടാവേണ്ടതെന്നു കവി ഉല്ഘോഷിക്കുന്നു.മനുഷ്യന്റെ മനസ്സിൽ അടച്ചുവെച്ച അറകളെല്ലാം തുറന്ന് നന്മ് പൂക്കുന്ന ഒരു ലോകത്തെ വിഭാവന ചെയ്യാൻ കവി ആഹ്വാനം ചെയ്യുന്നിടത്ത് കവിത പൂർണ്ണമാകുന്നു. മാറുന്ന കാലത്തിന്റെ ഭീതിദമായ മുഖമാണ്‌ ഈ കവിതയിലൂടെ തികട്ടി തികട്ടി വരുന്നത്‌. നിഷ്ക്രിയത പൂണ്ട് അപകടങ്ങളെ ഓർക്കാതെ സ്വാർത്ഥതയിലേക്ക് 

മുങ്ങിത്താഴുന്ന സമൂഹം ഇനിയെങ്കിലും ഉണരേണ്ടതുണ്ട് ....ഇല്ലെങ്കിൽ പ്രകൃതി തന്നെ മനുഷ്യന്റെ സംഹാരകാരിണിയായി വർത്തിച്ചേക്കാം എന്ന് പരോക്ഷമായി കവിത പറയാതെ പറഞ്ഞുക്കൊണ്ടിരിക്കുന്നു.ഉത്തരവാദിത്വങ്ങളിൽ നിന്നുമകലുമ്പോൾ പിടയുന്ന മനസ്സാക്ഷിക്കെന്തുത്തരം നല്കും? മണ്ണില്ലെങ്കിൽ വേരുകളെവിടെ പോകും??

Share :