Archives / March 2020

മായ ബാലകൃഷ്ണൻ 
മഹാകവി ജി -----ഒരോർമ്മ

 

                                                                                         

    മഹാകവി ജി 

                                                                                   

സൂര്യകാന്തിയുടെ  മുഗ്ദ്ധമാം സ്നേഹത്തെ പാടിപ്പുകഴ്ത്തി സ്നേഹഗായകനാവുന്ന മഹാകവി , 'വിശ്വദർശന' ത്തിൽ ഭാവഗായകനായ് , കേവലമൊരു സോപാനഗായകനായ് പ്രപഞ്ചനാഥന്റെ ഗോപുരവാതിക്കൽ കൈകൂപ്പി വണങ്ങി നിൽക്കുകയാണ്  . ശുദ്ധവും സത്യവുമായ ഉൾക്കാഴ്ച്ച പകർന്നുതരുന്ന മഹാകവി ജി ശങ്കരക്കുറുപ്പ് 1901 ജൂൺ മൂന്നിനു എറണാകുളം ജില്ലയിൽ അങ്കമാലി നായത്തോട് ഗ്രാമത്തിൽ ജനിച്ചു . 1978 ഫെബ്രുവരി 2 നു  അന്തരിച്ച അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 42 വർഷങ്ങൾ പിന്നിടുന്നു .
 ഭാരതത്തിലെ പരമോന്നത സാഹിത്യ പുരസ്കാരമായ ' ജ്ഞാനപീഠം'  ആദ്യമായ് ലഭിച്ചത്  1965 -ൽ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ  ' ഓടക്കുഴൽ ' എന്ന കൃതിക്കായിരുന്നു ! 1963 -ൽ ' വിശ്വദർശനം' എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അവാർഡും ലഭിച്ചു !   
 
                 കാലത്തിനു മുൻപേ  നടക്കാനറിയുന്നവർ , ക്രാന്തദർശികൾ ആണു കവികൾ . കവി , പ്രഗത്ഭനായ അധ്യാപകൻ,  പ്രഭാഷകൻ /വിവർത്തകൻ, ഭാഷാപ്രവർത്തകൻ എന്നീനിലകളിലും സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് ജി .  കൂടാതെ ഏതാനും സിനിമാഗാനങ്ങളിലും ജി യുടെ കവിതകൾ ഉപയോഗിച്ചിട്ടുണ്ട്...

                 പാരിന്റെ അനന്തവിസ്മയതക്കു മുന്നിൽ നമിച്ചു നിൽക്കുന്ന കവി ഓടക്കുഴലിൽ ജീവിതത്തിന്റെ അന്തസ്സാരശൂന്യതയെ വ്യക്തമാക്കുകയാൺ് .  ഈ പ്രപഞ്ച സൃഷ്ടാവിന്റെ / ചൈതന്യത്തിന്റെ കുളിരലതയില്ലെങ്കിൽ എല്ലാം മണ്ണടിഞ്ഞു ചേരുന്ന നശ്വരതയാണു അതിലെ പ്രമേയം .  

                             ഈ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ പെരുന്തച്ചൻ കൃതിയിലൂടെ ഒരു സഞ്ചാരം നടത്തിക്കൊണ്ട് സ്മരണാഞ്ജലിയർപ്പിക്കാം .

                                പ്രപഞ്ചവിസ്മിത ലോലരൂപം പകർന്നാടി മലയാളകവിതയ്ക്ക് ദാർശനികമുഖം നൽകിയ മഹാകവി ജി ശങ്കരക്കുറുപ്പ് ! ഭാവതീവ്രതയും ആത്മപ്രകാശവും ആ കവിതകളുടെ ജീവബിന്ദുവാണ് .  അദ്ദേഹത്തിന്റെ കവിതകളുടെ പുനർവായന കാലഘട്ടത്തിന്റെ അനിവാര്യതയാണ്. 1901 ജൂണ് 3 ജനിച്ച് 1978 ഫെബ്രുവരി 2 നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറയുന്നത് . അദ്ദേഹത്തിന്റെ 'പെരുന്തച്ചൻ' എന്ന കൃതിയെ പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പ് .

 ഏറെ ലളിതവും സാധാരണക്കാർക്ക് ആസ്വദിക്കാവുന്നതുമായ ശൈലിയിൽ രൂപപ്പെടുത്തിയ, തികച്ചും വ്യത്യസ്തമായ ഒരു കവിതയാണിത് . 
 
"നന്മയെ ചൊല്ലി വിനിശ്വസിക്കാം ചിലർ ;
തിന്മയെപ്പറ്റിയേ പാടൂ ലോകം !" എന്ന് ഓടക്കുഴലിൽ കവി പാടിയ വരികളെ അന്വർത്ഥമാക്കുംവിധം രചിച്ചതാണ് പെരുന്തച്ചൻ കൃതി .. ...

 പന്തിരുകുല ജാതനായ പെരുന്തച്ചൻ ! പണിക്കരുത്തിൽ തന്നേക്കാൾ നിപുണനായ മകനെ ചതിയിലൂടെ ഇല്ലാതാക്കുന്ന തച്ചൻ . ഗുരുവിനേക്കാൾ  മികച്ചവരാകരുത് ശിഷ്യന്മാർ എന്ന ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഏകലവ്യന്മാരുടെ കഥകളിൽ നിറഞ്ഞുനിൽക്കുന്ന അസൂയയുടെ മൂർത്തിമദ് ഭാവം !! ഇതൊക്കെയാണ് ഐതിഹ്യങ്ങളിലൂടെ നമ്മൾ അറിയുന്ന പെരുന്തച്ചൻ . 

എന്നാൽ തച്ചനായാലും ഞാനൊരച്ഛനല്ലേ എന്ന് വിലപിക്കുന്ന വൃദ്ധ പിതൃഹൃദയത്തെ തുറന്നു കാണിക്കുകയാണ് അല്ലെങ്കിൽ തിരുത്തി എഴുതപ്പെടുകയാണു പെരുന്തച്ചൻ എന്ന കൃതിയിലൂടെ മലയാളത്തിന്റെ എക്കാലത്തേയും ഭാവഗായകനായ മഹാകവി ജി  !  ഇവിടെ ഒരു സാധാരണ കൈത്തൊഴിലാളിയായ മരാശാരിയുടെ മനോവ്യാപാരങ്ങളും ഭാഷയും സർവ്വാത്മനാ തന്നിലേക്കാവാഹിച്ച് , കാവ്യശില്പം സൃഷ്ടിച്ചിരിക്കുകയാണു കവി . സാധാരണക്കാർക്കും ആസ്വദിക്കാവുന്ന ലളിതഭാഷയിൽ എന്നതും ശ്രദ്ധേയമാണ് . 

വൃദ്ധനായ പെരുന്തച്ചനും തന്നെ താങ്ങാൻപോലും കഴിയാതെ കെളവിയായിരിക്കുന്ന ഭാര്യ നാനിയും മാത്രമുള്ള ഏകാന്തത തളംകെട്ടി നിൽക്കുന്ന വീട്ടിൽ ,നിരങ്ങിനീങ്ങി ഇറയത്തുപോലും ചെന്നിരിക്കാൻ കഴിയാതെ വിഷമിച്ച് മനോരാജ്യങ്ങളിൽ മുഴുകിയിരിക്കുന്ന തച്ചൻ .

" പൊത്തിലെത്രനാളായ് ഞാൻ ചുരുണ്ടുകിടക്കുന്നു എന്നും , 
"വാതമെന്നെലുമ്പിലെ മജ്ജയൊക്കെയും കാർന്നു 
പ്രേതമായ്ത്തീർന്നു ഞാനെന്നാകിലും ശ്വസിക്കുന്നു "എന്നിങ്ങനെ 
 വാർദ്ധക്യത്തിന്റെ കുറുകലും പിടച്ചിലും നേർക്കാഴ്ച്ചയായി അനുഭവപ്പെടുത്തുന്ന വരികൾ കവിതയിൽ ആദ്യാവസാനം ഉണ്ട്‌ .      

 അതുപോലെ ,

'' എനിക്കിമ്പമാണെവിടെയാണെങ്കിലും
മരം കണ്ടാൽ.... " എന്നും ,
'' ഒൻപതാൾ പിടിച്ചാലും പിടികൂടാതുണ്ടൊറ്റത്തമ്പകമെന്നും ' 

ഞാനെൻ കൺകൊണ്ടൊന്നളന്നിട്ടൊ --
രെൺപതു കോലിനപ്പുറംപോവും 
മുറിച്ചാലതു മതി നാട്ടിലെപ്പുരയ്ക്കെല്ലാം  
മുളമോന്തായം മാറ്റാമുത്തരത്തിനും കിട്ടും "  

എന്നിടത്തും കൃത്യമായി ഒരു തച്ചന്റെ  മനോവ്യാപാരങ്ങളെ ആവിഷ്കരിച്ചിരിക്കുകയാണ് കവി . കണ്ണും കാതും കേൾക്കാതെ ചുക്കിച്ചുളുങ്ങി വാർദ്ധക്യം ബാധിച്ച തന്റെ ഭാര്യയുടെ ചെറുപ്പകാലം സ്മരിക്കുമ്പോൾ ,
''പൂത്ത ചമ്പകത്തൈപോൽ നിവർന്നു കടഞ്ഞെടുത്ത ഉടമ്പോടു കൂടിയെന്നും,'' 
അവളുടെ ചിരിയെ  "പൂത്ത വെള്ളിലപോൽ  '' എന്നുമാണ് വർണ്ണിക്കുന്നത് !അതുപോലെ വാർദ്ധക്യം ബാധിച്ച തന്റെ ശരീരത്തെ 
"പൂതലിച്ചു പോയെന്റെയീ തടി " എന്നും ഒരാശാരിയുടെ ഭാവന പണിയുന്ന ഭാഷ നൽകിയിരിക്കുന്നതും കൗതുകം തന്നെ ! 

ഭാര്യയെ 'നാനി' എന്നാണു വിളിക്കുന്നത് . അതൊരു പക്ഷേ നാരായണിയോ നാണിയോ ആവാം നാനി ആയിരിക്കുന്നത് . മൂന്നുംകൂട്ടി മുറുക്കാനും വായിലിട്ട് വിളിക്കുമ്പോഴുള്ള സ്വരഭേദം വളരെ സൂക്ഷ്മതയോടെ കൊടുത്തതാകാം കവി .

വള്ളുവനാടൻ ഭാഷാശൈലി കേരളത്തിന്റെ മൊത്തം സമസാരഭാഷയിലും ഇന്ന് പ്രയോഗിച്ചുകാണാറുണ്ട് . എന്നാൽ ഈ കവിതയിൽ " കുടി , പറമ്പ് , ഇറയം , എന്നിങ്ങനെ പ്രാദേശിക ഭാഷാരൂപാന്തരണം വന്ന പദങ്ങൾ കവി ഒരു മടിയും കൂടാതെയാണ് ഉപയോഗിച്ചിട്ടുള്ളത് ...  

വിണ്ണിനെ ; കരിവീട്ടിതൻ കാതൽ കടഞ്ഞ് 
കുഴിച്ച വന്മരിക കമഴ്ത്തിയപോൽ, എന്നു ഉപമിക്കുന്നുണ്ട് .

വന്മരിക !!  മരംകൊണ്ടു പണിത ഈ പാത്രം ,  ഇന്ന് കേരള നാട്ടിലൊന്നും കാണാൻ കിട്ടാത്ത , മലയാളത്തിനു നഷ്ടമായ, പുരാവസ്തു ശേഖരത്തിലെങ്കിലും ഇനി കാണാൻ കഴിഞ്ഞേക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . അതുപോലെതന്നെ മോന്തായം, ചീലാന്തി ഇതെല്ലാം  , കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളായി വായിക്കാം .

മകന് പിണയുന്ന അപമൃത്യുവിൽ ദുരാരോപിതനാകുന്ന ഒരു  വൃദ്ധപിതാവ് , നാട്ടുകാരുടെ പരദൂഷണങ്ങൾ മനനം ചെയ്യുന്നിടത്ത് കവി , ഒരച്ഛന്റെ പുത്രനോടുള്ള പുറമേ പ്രകടിപ്പിക്കാത്ത സ്നേഹവും ഒരേസമയം വേദനിക്കുന്ന പിതൃഹൃദയവുമാണ് എടുത്തുകാണിക്കുന്നത് .  മകന്റെ കഴിവിൽ അഭിമാനിക്കുന്ന ഒരച്ഛനേയും എടുത്ത് കാണിക്കുന്നുണ്ട് !.തൃക്കോവിൽ പണിതതു താനാണെങ്കിൽ ,കൊടിമരത്തിലെ പറക്കുന്ന ചിറകുകളോടു കൂടിയിരിക്കുന്ന ഗരുഡനെ പണിതതും താൻ ഉളി പിടിപ്പിച്ചുകൊടുത്ത കൈകളല്ലേ ? അതിൽ തനിക്ക് മാനമില്ലാതാകുമോ ? എന്ന് മനംനൊന്തുകൊണ്ട് എങ്കിലും  അഭിമാനപൂരിതനാവുകയാണ് .  

ക്ഷേത്രഗോപുരത്തിൽ പണിത അഷ്ടദിക്പാലകരിൽ അവന്റേതിനു ജീവൻ വച്ചിട്ടുണ്ടെന്ന സംസാരം . അതിലെന്താ 
"എൻ മകൻ ജയിക്കുമ്പോൾ എൻ കരം തോറ്റാലെന്താ ?!
എന്നുണ്ണിക്കു ലഭിക്കുന്ന പുകൾ.... " ആ കേൾവി, കീർത്തി അത് തന്റേതു കൂടിയല്ലേ ,ആ അംഗീകാരം തനിക്ക് കൂടിയുള്ളതല്ലേ എന്ന് ചിന്തിക്കുന്ന , അഭിമാനിക്കുന്ന ഒരച്ഛനാണ് ഇതിലുള്ളത് !

ആയിരംമണിയുടെ നാവ് പൊത്താനാവും  എന്നാൽ ഒറ്റവായിന്റെ നാവ് കെട്ടാൻ പറ്റുമോ എന്നും  സമാശ്വസിക്കുകയാണ്  , നാട്ടുകാരുടെ പരദൂഷണങ്ങളിൽ മനം നോവുന്ന തച്ചൻ .

കണക്കും കോപ്പും മൂത്താശ്ശാരിക്കുകൂടും
ശില്പഗുണമാ ചെക്കനേറും ,

എന്നിങ്ങനെ മകനെക്കുറിച്ചുള്ള സ്തുതി കേൾക്കുമ്പോൾ  
 തച്ചന്റെ മുഖം മങ്ങുകയാണെന്നും മറ്റും നാട്ടുകാർ പറഞ്ഞുനടക്കുന്നിടത്ത് , എന്തിനാണിങ്ങനെ പറയുന്നത് ?! തച്ചനായാലും ഞാനൊരച്ഛനല്ലാതായ് പോകുമോ !?അവനു അപമൃത്യുവരാൻ അച്ഛനായ ഞാൻ ഇച്ഛിക്കുമോ ? മകൻ എത്ര കേമനായാലും അവൻ തന്നിൽ നിന്നല്ലെ എല്ലാം അഭ്യസിച്ചത് !എന്നിങ്ങനെ വീണ്ടുംവീണ്ടും വിലപിക്കുകയും അഭിമാനംകൊള്ളുകയും ചെയ്യുകയാണ് അദ്ദേഹം . 

  എന്നാൽ ആറ്റിൻ കരയിൽ വെറുമൊരു നേരമ്പോക്കിന് താനുണ്ടാക്കി വച്ച ജലപ്പാവയ്ക്കു പകരം , മകനുണ്ടാക്കിയ യന്ത്രപ്പാവയെ കുറിച്ച് പുകൾ പറയുമ്പോൾ , ചന്ദനത്തൈ ആണെങ്കിൽ അതുരഞ്ഞാൽ മണമുണ്ടാകില്ലേ ?എന്നാണു ചോദിക്കുന്നത് ! പക്ഷേ നേരിട്ടുകണ്ടപ്പോൾ താനുണ്ടാക്കിയ പാവയുടെ , കരണത്തുവീണ അടി , അത് മകന്റെ വാശിയാണോ , എന്തോ !!അത് തനിക്കേറ്റതായും ഒരുവേള തച്ചൻ ആശങ്കപ്പെടുന്നുമുണ്ട് . 

 എവിടെയൊക്കെയോ നാട്ടുകാരുടെ വർത്തമാനങ്ങൾക്ക് മകൻ കാതുകൊടുത്തിട്ടുണ്ടെന്നാണ്  ആ അച്ഛന്റേയും നിഗമനം . ആലയിൽ പണിയാനിരിക്കുമ്പോൾ അച്ഛനും മകനും, തമ്മിൽത്തമ്മിൽ മിണ്ടാതായെന്നും , അവസാനം മൂത്തനായർ പറഞ്ഞതുപോലെ ആകാശത്തു രണ്ടു തിങ്കളിനു ഇടമില്ലെന്നുംചൊല്ലി അവൻ കുടി വിട്ടിറങ്ങിപ്പോയി എന്നുമാണു പറഞ്ഞിരിക്കുന്നത് . അതായത് തച്ചനും മകനും ആകാശത്തെ രണ്ടു തിങ്കൾ .

 ഉമി, നീറുംപോലെ, ആ കാഴ്ച്ചകണ്ട് എൻ മനമുരുകി , വേർപിരിയുമ്പോൾ  ഒരക്ഷരംപോലും  ഉരി്ാടിയില്ല അവൻ എന്നിടത്തും അഭിമാനിയായ ഒരച്ഛന്റെ ആത്മരോദനമായിരുന്നു നാം കേട്ടത്  .

കോവിലിൽ ആനപ്പന്തൽ പണിയുംനേരം തമ്പുരാൻ മകനോട്കൂടെ ആലോചിച്ച് ചെയ്യണം എന്നുപറയുമ്പോൾ തച്ചനിലെ അച്ഛന് അഭിമാനക്ഷതം ഏറ്റതുപോലെയാണ്  . ഇക്കാലത്തോളം അന്യനൊരാളോട് ആലോചിക്കണം എന്ന് ആരും തന്നോട് പറഞ്ഞിട്ടില്ല . എന്നിട്ടും ആ മകനെ താൻ ചെന്നു വിളിച്ചില്ലേ ? അത് തന്റെ അസൂയ എന്ന് പറയുന്നതിനെ മരമോ മരാശാരീ ? മകനുള്ള മാനമച്ഛനുമില്ലേ എന്നും സ്വയം വ്യാകുലപ്പെടുന്നു .

പന്തലിൻ പണി നടക്കുമ്പോൾ  , അച്ചൻ മോന്തായം കേറ്റിക്കോ, താൻ മുകപ്പിന്റെ കൊത്തുപണികൾ ചെയ്തുകൊള്ളാം എന്നു പറയുന്നതിനോട് സ്വല്പം നീരസമാണു തച്ചനുള്ളത് . എന്നിരിക്കിലും താഴെ മകൻ കൊത്തുന്ന മഹാലക്ഷ്മി രൂപത്തെ 

'സുന്ദരം മഹാലക്ഷ്മി ദേവീതൻ കേളീപത്മം ! ' 
എന്ന് പ്രശംസിക്കുന്ന സന്തോഷ നിർഭരതയാണ് തുടിച്ചുനിൽക്കുന്നത് . പുറമേ പ്രകടിപ്പിക്കാത്ത പുത്രസ്നേഹം പലയിടത്തും കാണാനുണ്ട് .

മോന്തായത്തിൻ മുകളിൽ ആണി ചീകുന്നതിന്നിടയിൽ തന്റെ കൈയിൽ നിന്ന് ഉളി ഊർന്ന് താഴേക്കു വീഴുമ്പോൾ 
" അറിയാതെയറിയാതെയാണുളി " അവിടെ 
 അറിയാതെ എന്ന പദം ആവർത്തിക്കുന്നു . ആ നിമിഷനേരത്തിൽ അത് മകന്റെ മേലിൽ ചെന്നു വീഴല്ലേ എന്ന പ്രാർത്ഥനയാണ് നമ്മൾ അവിടെ കേൾക്കുന്നത് . ഒരച്ഛന്റെ വേദന പിടയുന്ന രംഗങ്ങൾ തുടർന്ന് കാണാം !

"കണ്ണിമച്ചു മിഴിക്കുമ്പോഴേക്കുമയ്യോ...  !!"

എന്നു ആപത് ഘട്ടത്തിലെ പിടച്ചിൽ , കോണിയിൽനിന്ന് ഇറങ്ങാൻകഴിയാതെ ഇടറി താൻ താഴേക്ക്  നിലംപതിച്ചു . കണ്ഠം വേറിട്ട് ചോര തളംകെട്ടി കട്ടച്ച രക്ത്ത്തിൽ കുതിർന്ന, ചുരുൾ മുടിയിഴയുന്ന , വേദനവിഴുങ്ങിയ മകന്റെ
 കൺമിഴിഞ്ഞ മുഖം ഉൾക്കണ്ണിൽ നിന്നു മറയുന്നില്ല !! എങ്കിലും  
മാപ്പ് ! എന്നപോൽ മകൻ ഓതി . അത് താൻ കേട്ടില്ല എന്നേയുള്ളൂ  !
എന്നാൽ കുറ്റക്കാരനെപോലെ തൂശിക്കണ്ണാൽ ചുറ്റുംനിന്നവർ തന്നെ  വീക്ഷിക്കുന്നിടത്ത് ദയനീയമായ നിരപരാധിത്വം ആണ് ഉള്ളത്  .
അവസാനം 
'എന്റെ മകൻ അവൻ എനിക്കൂന്നുവടിയാകേണ്ടവനായിരുന്നില്ലേ ?!' 
അങ്ങനെയൊന്ന് പിണയാതിരുന്നെങ്കിൽ അല്ല "പിണയ്ക്കാതിരുന്നെങ്കിൽ " എന്നു തിരുത്തുകയാണ് അന്തകരണം ... അതുകൊണ്ട് ഉദ്ദേശിക്കുന്നത് താൻ ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ അങ്ങനെയൊന്ന് സംഭവിക്കുമായിരുന്നില്ല എന്ന് തന്നെയാണ് . ആത്മാർത്ഥമായും മകനെ നഷ്ടപ്പെട്ട ഒരച്ഛന്റെ തേങ്ങൽ ആണ് ഇത് !

 അത് കൈപ്പിഴ അല്ല എന്ന് ആരൊക്കെ കുറ്റപ്പെടുത്തിയാലും അച്ഛനായ താനതു ചെയ്യുമോ,
 '' തന്തയിതു ചെയ്യുമോ  നാനി '''  
എന്നാണ്  ദയാപാരവശ്യത്തോടെ ആ വൃദ്ധഹൃദയം ഭാര്യയോട് ചോദിക്കുന്നത് . ഏകാന്തത പണിത സാങ്കല്പിക ലോകത്ത് സ്വയം ചോദ്യങ്ങളും ഉത്തരങ്ങളുമായി മനോരാജ്യം കാണുന്ന പെരുന്തച്ചനെന്ന അച്ഛൻ ! 
തന്നെ ആരും വിശ്വസിക്കുന്നില്ല , കൈപ്പിഴ അല്ല , മനഃപ്പൂർവം എന്ന് എത്ര പേരു പറഞ്ഞാലും ഒരു തന്തയ്ക്കിത് ചെയ്യാനാവുമോ? എന്ന് വീണ്ടുംവീണ്ടും  മനം വെന്ത് അന്തകരണം പൊള്ളുകയാണു ഈ കൃതിയിൽ !

കൊട്ടുവടികൊണ്ട്  നെഞ്ചിൽ തറച്ച കൂരാണി ഇളക്കുന്നതിനോടാണു മകന്റെ ദുരന്തവും അപവാദകഥകളും നൽകുന്ന വേദനയെ ഉപമിച്ചിരിക്കുന്നത് . 
അവിടെയും മരാശാരിയുടെ ഭാവന പണിയുന്ന ഭാഷ ശ്രദ്ധേയമാണ് .

 അതിനുശേഷം  നാനി ചിരിച്ചു കണ്ടിട്ടില്ല കണ്ണുനീർ വാർന്നു ആ ചിരിയും  വറ്റി , ഭാര്യയുടെ വേദന വിവരിക്കുന്നതും ശ്രദ്ധേയമാണ്  . തന്റെ വേദനകൾ,  പ്രായത്തിന്റെ അവശത നേരിടുന്ന ഭാര്യ നാനിയെ അറിയിക്കാതെ ഒതുക്കുന്ന സ്നേഹവാനായ ഭർത്താവായും പെരുന്തച്ചനെ കവി ചിത്രീകരിക്കുന്നുണ്ട് . ഇങ്ങനെ പെരുന്തച്ചന്റെ നമ്മൾ കാണാത്ത മറ്റൊരു മുഖമാണ്  കാവ്യശിൽപ്പമാക്കി ഇവിടെ തീർത്തിരിക്കുന്നത് . നന്മയെക്കാളും തിന്മയെപ്പറ്റിയേ ലോകം പാടി നടക്കൂ എന്നത് എത്ര ശരിയാണ്, നല്ല സൂക്ഷ്മ നിരീക്ഷണം ഇതിനെ കുറ്റമറ്റതാക്കുന്നു . 

 

Share :