Archives / March 2020

രമ പിഷാരടി
വനസ്ഥലി

തിരക്കിൻ നഗരം  വിട്ടി-

ന്നലെ ഗ്രാമത്തിൻ്റെ

തണുപ്പിൽ ആമ്പൽക്കുള-

പ്പടവിൽ ഇരിക്കവെ

ചിറകിൽ ശലഭപ്പൂ-

വിതളിൽ നിന്നും

മെല്ലെ പറന്നു വന്നു

ഒരു വാക്കിൻ്റെ

പൂന്തേൻ ഗന്ധം

ധ്യാനമഗ്നമാമൊരു

കവിതയ്ക്കുള്ളിൽ

ചെന്ന് ചോദിച്ച്

കാറ്റൊന്നെന്തേ

മൗനമാർന്നിരിക്കുന്നു

ഒഴുകിപ്പരക്കുന്ന

കടലിൽ നീന്തിത്തളർ-

ന്നൊളിച്ചോട്ടത്തിൻ

താഴ്വാരത്തിലെ

ഗുഹയ്ക്കുള്ളിൽ

സ്വയമേ വിലങ്ങിടും

ഭൂമിതൻ ഹിമയുഗ-

പ്പുതപ്പിൽ കവിതയും

അഭയം തേടീടുമ്പോൾ

വരുന്നുണ്ടതാ ചെത്തി

കൂർപ്പിച്ച വെയിലിൻ്റെ

ഉണക്കും നിലാവിൻ്റെ

മഴുവൊച്ചകൾ, വെട്ടി

നിരത്തും മരങ്ങളിൽ

തേനീച്ചക്കൂട്ടിൽ നിന്ന്

പശ്ചിമഘട്ടത്തിൻ്റെ

ഇരമ്പം , തായ് വേരറ്റ

കുന്നുകൾ, നിധി തേടി

പോകുന്ന നിത്യാന്ധത.

വഴിചോദിക്കും നദി-

ക്കരയിൽ നിന്നും ഗ്രാമം

പതിയെ നടക്കവെ

ഉത്ഭവമൂലങ്ങളിൽ

ശിഖരം വറ്റിപ്പടർ-

ന്നിരിക്കും നീർച്ചാലിൻ്റെ

തണുത്ത മൗനങ്ങളെ

ഉണർത്താനതാ  *വന-

സ്ഥലികൾ, കാടൊച്ചകൾ

കുളിർന്ന മൺഗന്ധത്തിൽ

മിഴിപൂട്ടുമ്പോൾ

മഴപൊഴിച്ച മേഘങ്ങളിൽ

നദി തൻ പ്രാണാക്ഷരം

ഉറയും മഞ്ഞിൻ പാളി-

യടർത്തിമാറ്റി വീണ്ടും

തിരികെ വിളിക്കാമീ-

ഭൂമിയെ, പ്രത്യാശയെ...

 

----------------------------------------------------------------------

വീട്ടുമുറ്റത്ത് വനം വളർത്തിയ പ്രകൃതിസ്നേഹിയായ

പൂണ്ടിക്കുളം സെബാസ്റ്റ്യൻ്റെ (ദേവസ്യാച്ചൻ)

മനുഷ്യനും പക്ഷികളും നട്ട മരങ്ങളുള്ള ‘വനസ്ഥലി’.

 

Share :