Archives / March 2020

ആര്യ , എ. ജെ
സ്റ്റീവ് ഇർവിൻ


“ദ ക്രോക്കൊഡൈൽ ഹണ്ടർ“ എന്ന അപരനാമത്തിൽ പ്രസിദ്ധനായ സ്റ്റീവ് ഇർവിൻ, ഒരു പ്രകൃതി ശാസ്ത്രജ്ഞൻ,
ജന്തുശാസ്ത്രജ്ഞൻ, ഹെർപ്പറ്റോളജിസ്റ്റ് എന്നീ നിലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ്. ജന്തുക്കൾക്കും
ഉരഗങ്ങൾക്കുമിടയിലുള്ള ഇർവിന്റെ ജീവിതം ലോകത്തിനു മുൻപിൽ പ്രകൃതിയുടെയും അതിലെ ജീവജാലങ്ങളുടെയും
മാസ്മരികത തുറന്നു കാട്ടി.

                          

                                    1962 ഫെബ്രുവരി 22 ന് ഓസ്ടേലിയയിലെ വിക്ടോറിയയിലെഅപ്പർ ഫേൺ ട്രീ ഗള്ളിയിലാണ്
 സ്റ്റീവ് റോബർട്ട് ഇർവിൻ ജനിച്ചത്. ലിൻ ഇർവിനും ബോബ് ഇർവിനുമായിരുന്നു മാതാപിതാക്കൾ.
1970ൽ അവർ കുടുംബസമേതം ക്വീൻസ് ലാന്റിലേക്ക് കുടിയേറിയത്, സ്റ്റീവിന്റെ ജീവിതത്തിൽ ഒരു നവീന അദ്ധ്യായത്തിന്
തുടക്കം കുറിച്ചു. വന്യജീവി പുനരധിവാസ cപവർത്തനങ്ങളിൽ തത്പരയായിരുന്ന സ്റ്റീവിന്റെ മാതാവ് ലിനും , ഹെർപ്പറ്റോളജിയിൽ പ്രഗല്ഭനായിരുന്ന പിതാവ് ബോബും ചേർന്ന് ‘ക്വീൻസ് ലാന്റ് റെപ്ടൈൽ ആൻഡ് ഫോണ പാർക്ക് എന്ന പേരിൽ ക്വീൻസ് ലാന്റിൽ ഒരു ചെറിയ പാർക്ക് സ്ഥാപിച്ചു. ബാല്യകാലം മുതൽക്കു തന്നെ ഇവിടെ വളർന്നു വന്ന ഇർവിന് പാർക്കിലെ മുതലകളും മറ്റു ഉരഗങ്ങളുമെല്ലാം പ്രിയപ്പെട്ടതായി മാറാൻ അധിക സമയം വേണ്ടിവന്നില്ല. ക്വീൻസ് ലാന്റ് പാർക്കിലെ ദൈനംദിന ജീവിതം, മൃഗപരിപാലന രീതികൾ, ഭക്ഷണവിതരണം മുതലായവ സ്റ്റീവിനെ ഉരഗങ്ങളുമായി കൂടുതൽ അടുക്കാൻ പ്രേരിപ്പിച്ചു. പിതാവിൽ നിന്നു ലഭിച്ച ശിക്ഷണത്തിന്റെ വെളിച്ചത്തിൽ, 9-ാം വയസ്സിൽ തന്നെ അദ്ദേഹം മുതലകളെ കൈകാര്യം ചെയ്യാൻ പഠിച്ചു. ക്വീൻസ് ലാന്റിലെ കിഴക്കു തീര മുതല നിയന്ത്രണ പരിപാടിയുടെ ഭാഗമായി,
ഇർവിൻ 100 മുതലക്കള പിടികൂടിയ സാഹചര്യം ഇത് തെളിയിക്കുന്നു.

           1991-ൽ ക്വീൻസ് ലാന്റ് പാർക്കിന്റെ ഭരണം ഏറ്റെടുത്ത ഇർവിൻ, തുടർന്നുള്ള വർഷങ്ങളിൽ അതിന്റെ ഉദ്ധാരണത്തിനായി പരിശ്രമിച്ചു കൊണ്ടിരുന്നു. ഈ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെജീവിതത്തിലേക്ക് ടെറി റെയിൻസ് എന്ന യുവതി കടന്നു വരുന്നത്.

         അമേരിക്കൻ പ്രകൃതി ശാസ്ത്ര പണ്ഠിതയായ ടെറി, മൃഗശാല സന്ദർശനാനുസരണം ഇർവിന്റെ പാർക്കിൽ എത്തിച്ചേർന്നത്
ഇരുവരും തമ്മിലുള്ള പ്രണയത്തിന് തുടക്കം കുറിച്ചു. 1992 ജൂൺ 4 ന് ഇവർ വിവാഹിതരായി. ഇർവിനും ടെറിയും ചേർന്ന് പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അതിനോടനുബന്ധിച്ച് 1988 ൽ പാർക്കിനെ ‘ഓസ്ട്രേലിയൻ സൂ’ എന്ന് പുന: നാമകരണം ചെയ്തു.

        ഒരു പ്രകൃതി ശാസ്ത്രജ്ഞനും ഹെർപ്പെറ്റോളജിസ്റ്റുമായിരുന്ന സ്റ്റീവ് ഇർവിനെ ലോക ശ്രദ്ധയിലേക്ക് ഉയർത്തിയത് “ദ കോക്കോഡൈൽ ഹണ്ടർ” എന്ന ടെലിവിഷൻ പരമ്പരയാണ്. 1996-ൽ ഓസ്ട്രേലിയൻ ടെലിവിഷനിൽ പ്രദർശിപ്പിക്കപ്പെട്ട ഈ പരമ്പര, തുടർന്നുള്ള വർഷങ്ങളിൽ അമേരിക്ക, ബ്രിട്ടൻ ഉൾപ്പടെ 130-ഓളം രാജ്യങ്ങളിൽ പ്രേക്ഷകപ്രീതി നേടി. ഇർവിന്റെ വ്യത്യസ്തമായ ഉച്ചാരണ ശൈലിയും അവതരണ രീതിയും കാക്കി വസ്ത്രവുമെല്ലാം വളരെ വേഗം പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. “ക്രോക്കൊഡൈൽ ഹണ്ടർ”കൂടാതെ “ദ ടുനൈറ്റ് ഷോ വിത്ത് ജെയ് ലെയ്ൻ”, “ദ ടെൻ ഡെഡ്ലിയസ്റ്റ് സ്നേക്ക്സ് ഇൻ ദ വേൾഡ്”, “ദ ക്രോക്കൊഡൈൽ ഹണ്ടർ : കൊളിഷൻ കോഴ്സ് (ഫീച്ചർ ഫിലിം)” തുടങ്ങിയ ഷോകളിലും ഇർവിൻ സജീവ സാന്നിധ്യമായിരുന്നു. തന്റെ പരിപാടികളിലൂടെ പ്രകൃതിയുടെയും ലോകത്തിന്റെയും വിസ്മയങ്ങളെ ഇർവിൻ ലോക ജനതയ്ക്കു മുൻപിൽ തുറന്നു
കാട്ടി. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വാചാലനാകാതെ പ്രകൃതി വിസ്മയങ്ങളെ കുറിച്ചുള്ള തന്റെ അനുഭവങ്ങൾ
മറ്റുള്ളവരുമായി പങ്കുവയ്ക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. അതിനുള്ള ഒരു ഉപാധിയായി ദൃശ്യ മാധ്യമത്തെ
ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇപ്രകാരം ലോകജനതയെ സ്വാധീനിച്ച ഈ മനുഷ്യന്റെ അന്ത്യം തികച്ചും അപ്രതീക്ഷിതമായിരുന്നു.

      2006 സെപ്റ്റംബർ 4ന് ക്വീൻസ് ലാന്റിലെ ഡഗ്ളസ് തുറമുഖത്തിൽ വച്ചു നടന്ന ‘ ഓഷ്യൻസ് ഡെഡ്‌ലിയസ്റ്റ് ‘ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനായി ജലത്തിനടിയിൽ ഇറങ്ങിയ ഇർവിൻ, ഒരു തിരണ്ടിയുടെ
ആക്രമണത്താൽ കൊല്ലപ്പെട്ടു. അങ്ങനെ തന്റെ 44-ാമത്തെ വയസ്സിൽ സ്റ്റീവ് റോബർട്ട് ഇർവിൻ ഈ ലോകത്തോട് വിട പറഞ്ഞു.
അദേഹത്തിന്റെ മരണശേഷം പത്നി ടെറിയും മക്കൾ ബിന്ദി സൂ ഇർവിനും റോബർട്ട് ക്ലാറൻസ് ഇർവിനും ചേർന്ന് സ്റ്റീവിന്റെ
സ്വപ്നങ്ങൾ യഥാർത്ഥ്യമാക്കാൻ പരിശ്രമിച്ചു പോരുന്നു. ഇർവിന്റെ സ്മരണാർത്ഥം എല്ലാ വർഷവും നവംബർ 15 ‘സ്റ്റീവ് ഇർവിൻ ദിനം’ ആയി അന്താരാഷ്ട്ര തലത്തിൽ ആചരിച്ചു വരുന്നു.

Share :