Archives / March 2020

ഷാജി തലോറ 
സബർമതിയിലെ കാറ്റ് 

രണ്ടായിരത്തി പതിനെട്ട് ഡിസംബറിൽ തികച്ചും അപ്രതീക്ഷിതമായാണ് ഗുജറാത്ത്‌ യാത്ര തരപ്പെടുന്നത്. fly യുടെ ക്യാമ്പുമായി ബന്ധപ്പെട്ട തിരക്കിലായിരിക്കുമ്പോഴാണ് സുഹൃത്ത് വിനോദ് ഗുജറാത്ത്‌ യാത്രയെ പറ്റി പറയുന്നത്. അപ്പോൾ പട്ടേൽ പ്രതിമയുടെ ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രമേ ആയിരുന്നുള്ളു .നായാട്ട് പാറയിലെ ശ്രീരാമകൃഷ്ണ ട്രാവൽസിലെ ഏതാനും  സുഹൃത്തുക്കൾ പട്ടേൽ പ്രതിമ കാണാൻ പോകുന്നുണ്ട്, ഷാജി കൂടി വരണമെന്ന്  സുഹൃത്തുക്കൾ  പറഞ്ഞപ്പോൾ  ഞാനും ആ യാത്രാ സംഘത്തിന്റെ ഭാഗമാകുവാൻ തീരുമാനിക്കുകയായിരുന്നു. പത്തു ദിവസത്തെ യാത്രയിൽ എനിക്ക് കാര്യമായ പ്ലാനിങ് ഒന്നുമുണ്ടായിരുന്നില്ല. യാത്രയുടെ തലേദിവസമാണ് വഡോദരയിലുള്ള സുഹൃത്ത്  ലസിതയെ വിളിച്ചു അവിടത്തെ കാര്യങ്ങൾ തിരക്കുന്നത്. എനിക്ക് പ്രധാനമായും അറിയേണ്ടത് അവിടത്തെ കാലാവസ്ഥയെ കുറിച്ചായിരുന്നു. ഡിസംബറിൽ നല്ല തണുപ്പായിരിക്കുമെന്ന് അവൾ പറഞ്ഞപ്പോൾ എന്റെ ഉത്സാഹം അല്പം കുറഞ്ഞു. കാരണം മസ്കുലാർ ഡിഷ്‌ട്രോഫി ബാധിതർക്ക് തണുപ്പ് അത്ര പഥ്യമല്ല. തൊട്ടു മുന്നത്തെ കൊൽക്കത്ത യാത്രയിൽ അസഹനീയ മായ തണുപ്പായിരുന്നു. അതിനെ അതിജീവിച്ച ആത്മ ധൈര്യവുമായി ഡിസംബർ പതിനാറിന് ഞങ്ങൾ  ഗുജറാത്തിലേക്ക് ട്രെയിൻ കയറി.

       

 

   

ദീർഘദൂര ട്രെയിൻ യാത്ര പൊതുവെ ബോറിങ്ങാണെങ്കിലും പകൽ നേരങ്ങളിൽ ശ്രദ്ധമുഴുവൻ പുറം കാഴ്ചകളിലായിരുന്നതിനാൽ യാത്രയുടെ ഹരം ചോരാതെ സൂക്ഷിച്ചു. സ്വച്ഛ സുന്ദരമായി ഒഴുകുന്ന സബർമതിയുടെ തീരത്തെ രാഷ്ട്ര പിതാവിന്റെ സ്മരണയായ സബർമതി ആശ്രമത്തിലേക്കായിരുന്നു ആദ്യ സന്ദര്ശനം. സംസാര ശേഷിയില്ലാതെ  പ്രായമായ ഒരാളായിരുന്നു ആശ്രമത്തിലെ സെക്യുരിറ്റി. വാഹനങ്ങളെ ആശ്രമത്തിനു വെളിയിൽ പാർക്കുചെയ്യാൻ അയാൾ എല്ലാവരെയും നിർബന്ധിക്കുന്നുണ്ടായിരുന്നു. വീൽചെയർ ഉള്ളതിനാൽ ഞങ്ങളുടെ വാഹനം അകത്തു കടക്കുവാൻ അനുവദിക്കണമെന്ന് ഗുജറാത്തിയായ ഡ്രൈവർ ആവശ്യപെട്ടപ്പോൾ അദ്ദേഹം ആംഗ്യഭാഷയിൽ അനുവാദം നൽകി.
മുൻപ് പാഠപുസ്തത്തിൽ പഠിച്ചിരുന്ന വിദൂരമായ അറിവ് മാത്രമേ എനിക്ക് സബർമതി ആശ്രമത്തിനെ കുറിച്ചുണ്ടായിരുന്നുള്ളുവെങ്കിലും, ചരിത്രം ഉണർന്നിരിക്കുന്ന ഗാന്ധിയുടെ സ്വപ്‌നങ്ങൾ ഇപ്പോഴും നിശ്വസിക്കുന്ന മണ്ണിൽ കാലുകുത്തിയപ്പോൾ അനിർവചനീയമായൊരു ശാന്തത അവിടെ വ്യാപിച്ചു കിടക്കുന്നതായി അനുഭവപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയ ഗാന്ധി ആദ്യമായി ആശ്രമം സ്ഥാപിച്ചത് അഹമ്മദാബാദിലെ ക്രൊക്രാബ് ദേശത്തായിരുന്നു. പിന്നീടത് സബർമതി നദിയുടെ തീരത്തിലേക്ക് പുനർ സ്ഥാപിക്കുകയായിരുന്നു. കൃഷിചെയ്യുവാനും, കന്നുകാലികളെ വളർത്തുവാനും ഖാദി അനുബന്ധമായ കാര്യങ്ങൾ നിർവഹിക്കുവാനും കൂടുതൽ അനുയോജ്യമായൊരു ഇടം എന്നനിലയിലാണ് മാറ്റി സ്ഥാപിച്ചത്.  ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾക്ക് നേതൃത്വം പകർന്ന പ്രധാന കേന്ദ്രങ്ങളിലൊനായ സബർമതി ആശ്രമം ഹരിജൻ ആശ്രമമെന്നും അറിയപ്പെടുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിനും അഹിംസാ സമരങ്ങൾക്കുമൊപ്പം ഒട്ടേറെ ചരിത്രപ്രസിദ്ധമായ നിമിഷങ്ങൾക്കും സാക്ഷിയായ സബർമതിയിലൂടെ കാലം ഒരുപാട് ഒഴുകി പോയെങ്കിലും ഇപ്പോഴും  ഗാന്ധിയുടെ ഹൃദയ തുടിപ്പുകൾ ആശ്രമാന്തരീക്ഷത്തിൽ ധ്യാനനിമഗ്‌നമായി നിലകൊള്ളുന്നതായി സബർമതിയെ തഴുകിഎത്തുന്ന കാറ്റും ആശ്രമമുറ്റത്തെ മരങ്ങളും അതിൽ കൂടു കൂട്ടിയ അസംഖ്യം  പേരറിയാത്ത പക്ഷികളും അണ്ണാറക്കണ്ണനും മുറ്റത്തെ മണൽത്തരികളും സാക്ഷ്യം പറയുന്നു.

ദക്ഷണാഫ്രിക്കയിലെ ഡർബാനിലെ ഫീനിക്ക്സ് ആശ്രമത്തിലായാലും സബർമതി ആശ്രമത്തിലായാലും രാജ് ഘട്ടിലെ സമാധിസ്ഥലത്തായാലും അനിർവചനീയമായ ഒരു ശാന്തത അനുഭവപ്പെടുന്നതായി അനുഭവസ്ഥർ പറയുന്നു. സന്ദർശകരുടെ വലിയ തിരക്കിനിടയിലും ഈയൊരു ശാന്തതയനുഭവിക്കാൻ എനിക്കും കഴിഞ്ഞു.

ഗാന്ധിയും കസ്തൂർബ ഗാന്ധിയും ഒരുമിച്ചു താമസിച്ചിരുന്ന വീടാണ് ഹൃദയനികുഞ്ജ്. ഇവിടെ ഒട്ടേറെ ദേശീയ അന്തർ ദേശീയ നേതാക്കളുമായി ഗാന്ധി കൂടിക്കാഴ്ചകൾ നടത്തുകയുമുണ്ടായിട്ടുണ്ട്.സ്വീകരണമുറി, അടുക്കള, സ്റ്റോർ റൂം, ഒരു ഹാൾ ഉൾപ്പെടെ ഏതാനും മുറികൾ കൂടി ഇവിടെയുണ്ട്. ഗാന്ധി വ്യക്തിപരമായി ഉപയോഗിച്ചിരുന്ന സാധനങ്ങൾ  ചെരുപ്പ്, സ്പൂൺ, പത്രങ്ങൾ, ചർക്ക, എഴുത്ത് മേശ, ഇവിടെ സൂക്ഷിച്ചു വച്ചിരിക്കുന്നു. വരാന്തയിൽ ഗാന്ധി യുടെ വലിയൊരു ചിത്രത്തിന് മുന്നിൽ നിന്നുകൊണ്ട് സന്ദർശകർ  പലരും ഫോട്ടോയെടുക്കുന്നുണ്ട് ചിലർ സെൽഫിഎടുക്കുന്നു . ചിലർ തൊഴുകയും പ്രണമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഗാന്ധിയുടെ സാന്നിധ്യം കൂടെയുള്ളത് പോലെയാണ് സന്ദർശകരുടെ ഭാവങ്ങളും ചലനങ്ങളും. 

ഹൃദയനികുഞ്ജ്നു ചുറ്റുമുള്ള കെട്ടിടങ്ങൾ ഭൂദാന പ്രസ്ഥാനത്തിന്റെ നേതാവും ഗാന്ധിയുടെ അനുയായിയുമായ ആചാര്യ ബിനോ ഭാവെ മീര തുടങ്ങിയവർ  താമസിച്ചിരുന്ന സ്ഥലങ്ങളും, അതിഥി മന്ദിരമായ നന്ദിനി ഹൗസ്, ഉദ്യോഗ് മന്ദിർ, ഉപാസന മന്ദിർ, സോമനാഥ്‌  പ്രതീകമായി ഇന്നും നിലകൊള്ളുന്നു. ഗാന്ധിയുടെ ലളിത ജീവിതത്തിന്റെയും സൗമ്യതയുടെയും പ്രതീകങ്ങളാണ് ഇവിടത്തെ ഓരോ നിർമിതികളും. ആശ്രമം ഇപ്പൊഴും കുറ്റമറ്റനിലയിൽ തന്നെ പരിപാലിക്കുന്നുണ്ട് എന്നതും ശ്ലാഘനീയമാണ്.

 ചാൾസ് കൊറിയ രൂപ കല്പന ചെയ്ത ഗാന്ധി ഐക്കണിക്ക് കെട്ടിടം സ്ഥിതി ചെയുന്നത് ഇതിനു തൊട്ടടുത്ത് തന്നെയാണ് വിശാലമായ മൂന്നു ഹാളുകളിലായി നിറഞ്ഞു നിൽക്കുന്ന മ്യൂസിയവുമിവിടെയുണ്ട്.അഹമ്മദാബാദിലെ ഗാന്ധി, മൈ ലൈഫ് ഈസ്‌ മൈ മെസേജ് തുടങ്ങിയഗ്യാലറി കളിലായി അനേകം പെയിന്റിങ്ങുകളും ഫോട്ടോകളും ഗാന്ധിയുടെ കയ്യെഴുത്തുകളും വിശിഷ്ട വ്യക്തികൾക്ക് ഗാന്ധി എഴുതിയ കത്തുകളുമെല്ലാം മ്യൂസിയത്തിൽ കാണാം .ഇവിടുത്തെ മ്യൂസിയത്തിന്റെ  മറ്റൊരു പ്രത്യേകത ഹാളിന്റെ ഇടനാഴിയിലൂടെ മുറിയിലേക്ക്  അരിച്ചെത്തുന്ന സൂര്യ പ്രകാശവും തണുത്ത കാറ്റുമാണ്.
ആശ്രമവും മ്യൂസിയവുമെല്ലാം കണ്ട് അവിടത്തെ സന്ദർശക പുസ്തകത്തിൽ അടയാളം വച്ച് സംതൃപ്തമായ മനസ്സോടെ ആശ്രമത്തിനോടും സബർമതി നദിയോടും യാത്രപറഞ്ഞു...

സബർമതി ആശ്രമം സന്ദർശിക്കാൻ പ്രവേശന ഫീസ് ആവശ്യമില്ല. മുൻകൂട്ടി ആശ്രമ അധികൃതരെ അറിയിച്ചാൽ സ്കൂൾ കുട്ടികൾക്ക് സൗജന്യ ഗൈഡുകളെയും അനുവദിക്കുന്നതാണ്. ഞായറാഴ്ചയുൾപ്പെടെ എല്ലാദിവവും രാവിലെ 8.30 മുതൽ വൈകുന്നേരം 6.30 വരെ സബർമതി ആശ്രമം പ്രവർത്തന സജ്ജമാണ്.

Share :