Archives / January 2018

രാജശ്രീ
എന്‍റെ ഗുരുനാഥന്‍

അക്ഷര ലോകത്തേക്ക് കൈപിടിച്ചു നടത്തിയ എന്‍റെ ആദ്യ ഗുരുനാഥ സരസമ്മ ടീച്ചര്‍ക്കും ഒരു മനുഷ്യ സ്നേഹിയായി എന്നെ വളര്‍ത്തിയ എന്‍റെ അച്ഛനമ്മമാര്‍ക്കും, ഓരോരോ ഘട്ടങ്ങളിലായി അറിവ് പകര്‍ന്നു തന്ന എന്‍റെ എല്ലാ ഗുരുനാഥډാര്‍ക്കും പ്രണാമം.
ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക്, മണല്‍ തരികളില്‍ കുഞ്ഞുവിരലുകളാല്‍ ആദ്യാക്ഷരം എഴുതാന്‍ പഠിപ്പിച്ച സ്നേഹവതിയായ ടീച്ചറിനെ ഗൃഹാതുരത്വത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. മണല്‍ തരികളില്‍ അക്ഷരചിത്രം വരച്ച കാലം, കുഞ്ഞ് മത്സരങ്ങളില സമ്മാനമായി കിട്ടിയിരുന്ന ചെമ്പരത്തി പൂവിന്‍റെ പ്രാധാന്യം അതൊന്ന് വേറെ തന്നെയാണ്. മനസ്സിന്‍റെ ഓര്‍മ്മ ചെപ്പുകളില്‍ അമൂല്യമായി തിളങ്ങി നില്‍ക്കുന്ന ഓര്‍മ്മകളാണ് ഇവയൊക്കെ.
ഓരോ ക്ലാസ്സുകള്‍ പിന്നിടുമ്പോഴും പുതിയ പുതിയ ഗുരുക്കന്മാരെ കിട്ടികൊണ്ടിരുന്നു. ഓരോ ഗുരുക്കന്മാരെ കുറിച്ചോര്‍ക്കുമ്പോഴും അനിര്‍വചനീയമായ ഒരാനന്ദം മനസ്സിലേക്കെത്തുന്നു. ചെറിയ ക്ലാസ്സില്‍, ജാലക പഴുതിലൂടെ പുറത്തേക്ക് നോക്കിയിരുന്നതിന് കുഞ്ഞ് അടി തന്ന സരോജനി ടീച്ചറിനോട് പിണങ്ങി വിതുമ്പിയതും ടീച്ചര്‍ ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിച്ചതും മധുരമൂറുന്ന ഓര്‍മ്മകളാണ് ഇന്ന്.
ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ പഠിപ്പിച്ച രണ്ട് ഹിന്ദി അധ്യാപകരെ സ്മരിക്കാതെ വയ്യ. ഹിന്ദിഭാഷ കീറാമുട്ടി ആയിരുന്ന എനിക്ക് അത് വശത്താക്കാന്‍ എന്നെക്കാളേറെ അധ്വാനിച്ചതും ബുദ്ധിമുട്ടിയതും അവരായിരുന്നു.
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മലയാള അക്ഷരം \\\'ക\\\' നന്നായി എഴുതാത്തതിന് ആയിരം പ്രാവശ്യം \\\'ക\\\' എഴുതിച്ച രാധാകൃഷ്ണന്‍ സാര്‍, എല്ലാ ദിവസവും മലയാളം പീരിഡില്‍ ഞാന്‍ മുന്‍ ബഞ്ചില്‍ തന്നെ ഇരിക്കണമെന്ന് ശഠിച്ച അദ്ദേഹം എപ്പോഴും എന്നോട് ചോദ്യങ്ങള്‍ ചോദ്യക്കുമ്പോള്‍ എനിക്ക് വരുന്ന ദേഷ്യം, ക്ലാസ്സിലെ വേറെ ഒരു കുട്ടിയോടും കാണിക്കാത്ത വിവേചനം. . . പിന്നീടാണ് തിരിച്ചറിവുണ്ടായത്. ആ ശാസനകളൊക്കെ പ്രിയ ശിഷ്യയോടുള്ള സ്നേഹ ലാളനയാണെന്ന്. കവിതയെ ഇട്ഷപ്പെടാന്‍ അവസരമുണ്ടാക്കിത്തന്ന ഭുവനചന്ദ്രന്‍ സാറിന്‍റെ ക്ലാസ്സുകള്‍ -ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ മലയാള ഭാഷയിലേയ്ക്ക് ആകര്‍ഷിച്ച മനോഹരമായ കവിതാലാപനം. ഇന്നും ഓരോ കവിത കേള്‍ക്കുമ്പോഴും ചിറകടിച്ച് പിന്നിലേക്ക് പായുന്ന മനസ്സ് പ്രീഡിഗ്രി ക്ലാസ്സ് റൂമിലെത്തി നില്‍ക്കും. കവിത വായിച്ചാസ്വദിക്കുന്നതിനെക്കാളുപരി മനസ്സിനെ എത്തിച്ചത് ഒരു പക്ഷെ അദ്ദേഹത്തിന്‍റെ കവിതാലാപനം ആകാം.
മഹാഭാരത കഥയിലെ ദിവ്യചഷുസ്സുള്ള കഥാപാത്രമായ സജ്ഞയനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ എനിക്ക് മാത്രം ശരിയുത്തരം പറയാനായതും സന്തോഷപൂര്‍വ്വം സ്വന്തം പോക്കറ്റിലിരുന്ന ഹീറോ പേന സമ്മാനിച്ച ഭട്ടതിരിസാറിനെ കൃതജ്ഞതയോടെ, അഭിമാനത്തോടെ സ്മരിക്കുന്നു. (ആ പേനകൊണ്ട് തന്നെയാണ് എന്‍റെ ആദ്യ കഥ കോറിയിട്ടത് - അതൊക്കെ മറ്റൊരവസരത്തില്‍)
ഈ ജീവിതയാത്രാപഥത്തിലെ ദുര്‍ഘടഘട്ടങ്ങളെ അതിജീവിച്ച് മുന്നേറാന്‍ മനസ്സിനെ പാകപ്പെടുത്തിയ ഗുരുനാഥനെക്കുറിച്ച് എടുത്തുപറയേണ്ടിയിരിക്കുന്നു - ബിരുദ തലത്തില്‍ സംസ്കൃതാധ്യാപകനായ ബാലകൃഷ്ണപിള്ള സാര്‍. താന്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ എല്ലാ മാനങ്ങളിലും തിരിച്ചറിഞ്ഞ യഥാര്‍ത്ഥ ഗുരുനാഥന്‍. പഠനവിഷയങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്നില്ല അദ്ദേഹത്തിന്‍റെ ക്ലാസ്സുകള്‍. സമൂഹത്തിലെ വേറിട്ട ജീവിതാനുഭവങ്ങളിലേക്കും പലതരം കാഴ്ചകളിലേയ്ക്കും നമ്മെ കൂട്ടിക്കൊണ്ട് പോകും. അദ്ദേഹത്തിന്‍റെ അടുത്തെത്തുമ്പോള്‍ മുത്തച്ഛനടുത്തെത്തിയ പോലെയാണ് എനിക്കനുഭവപ്പെടുന്നത്. അദ്ദേഹത്തില്‍ നിന്ന് പകര്‍ന്നുകിട്ടിയ അറിവും ഊര്‍ജ്ജവും എനിക്ക് വളരെയധികം സഹായകമായിട്ടുണ്ട്.
മുതിര്‍ന്നവരെ ബഹുമാനിക്കാനും അനുസരിക്കാനും അംഗീകരിക്കാനും മനസ്സിനെ പ്രാപ്തമാക്കിയ മാതാപിതാക്കള്‍ക്കൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്നു എന്‍റെ പ്രീയ ഗുരുനാഥന്മാരും.

Share :