Archives / 2020 january

  മങ്ങാട് രത്നാകരൻ
പ്രിയ ഗോപൻ

                                           
  2020 ജനുവരി 30-ന് ഈ പുണ്യാത്മാവ് നമ്മെ വിട്ട് പിരിഞ്ഞിട്ട് നാല് വർഷം പിന്നിടുന്നു


  ശുചീന്ദ്രം രേഖകൾ        

     ടി.എൻ. ഗോപകുമാർ രണ്ടു വർഷം മുമ്പ് കിടപ്പിലായപ്പോൾ ഞാൻ ശുചീന്ദ്രത്തേക്ക് ഒരു യാത്ര പോയി. വട്ടപ്പള്ളി മഠത്തിൽ പോയി ബന്ധുക്കളെ കണ്ടു. ചുവരിൽ വൈക്കത്ത് പാച്ചുമുത്തത് തൊട്ട് അച്ഛൻ വട്ടപ്പള്ളി മഠം നീലകണ്ഠശർമ്മ വരെയുള്ളവരുടെ ചിത്രങ്ങൾ കണ്ടു. സ്ഥാണുമാലയ ക്ഷേത്രത്തിന്റെ രാജഗോപുരത്തിന്‌ ശുഭ്ര മേഘങ്ങൾ തണൽ വിരിക്കുന്നത് കണ്ടു. വിശാലമായ ക്ഷേത്ര ക്കുളത്തെ വലം വെച്ച് അതിൽ നിഴലിച്ച് ഇളകുന്ന ക്ഷേത്രച്ഛായ കണ്ടു. അഗ്രഹാരങ്ങൾ കണ്ടു. ഗോപകുമാർ നടന്നിരുന്ന  വഴികളിലൂടെ ഇരുട്ടു വീഴും വരെ നടന്നു.

അസുഖം ഭേദമായി ആപ്പീസിൽ വന്നപ്പോൾ വിളിച്ചു.

"എടാ , നീ ഇങ്ങോട്ടു വാ "
ഞാൻ ചെന്നു.
"നീ ശുചീന്ദ്രത്തു വീട്ടിൽ പോയിരുന്നോ ?"
"പോയിരുന്നു"
"എന്തായിരുന്നു അത്യാവശ്യം?"
"ടിയെൻജി* നടന്ന വഴികളിലൂടെ നടക്കുമ്പോൾ നിങ്ങളുടെ അസുഖം കുറയുമെന്നു എനിക്കു തോന്നി ,പോയി " 
"പോടാ , നിന്നെക്കുറിച്ചുള്ള  എന്റെ അഭിപ്രായമെല്ലാം പോയി . 
 നീയിത്ര അന്ധവിശ്വാസിയായിപ്പോയല്ലോ."
"അന്ധവിശ്വാസം എന്നൊന്നില്ല . എല്ലാ വിശ്വാസവും അന്ധമാണ് ,ടിഎൻജി " എം .എൻ .വിജയന്റെ ഒരു തിരുമൊഴി മറുപടിയായി പറഞ്ഞു.  

മുത്തു ചിതറുന്ന പോലെയുള്ള വശ്യമായ ആ ചിരി ചിരിച്ചു. "നീ സ്ഥലം വിട് ,അല്ലെങ്കിൽ ഞാൻ രണ്ടെണ്ണം വെച്ചു
 തരും"
"പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന ആളാണ് പോരെങ്കിൽ മുട്ടോളമെത്തിയ ഭുജാമുസലങ്ങളുമാണ്!" ഞാൻ ഭയന്നു വിറച്ചു ഓടുന്നതായി അഭിനയിച്ചു.

       ശുചീന്ദ്രത്തെ ബാല്യകൗമാര കഥകൾ ഗോപനെ പരിചയപ്പെടുന്ന കാലം തെട്ടേ കേട്ടിരുന്നു. അതിനും എത്രയോ മുമ്പ് ഗോപന്റെ അമ്മ തമ്മയെക്കുറിച്ച് കേട്ടിരുന്നു. സഖാവിന്റെ സഖി ,കാമുകി ,ഭാര്യ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കു വിത്തിട്ട എല്ലാവരുടെയും ചേച്ചി.
      
      ചെന്നെയിൽ സി.പി.ഐ (എം) പതിനാലാം പാർട്ടി കോൺഗ്രസ് (1992) റിപ്പോർട്ട് ചെയ്യാൻ വന്നപ്പോൾ ഗോപൻ ഒരു പൊതി എന്നെ ഏല്പിച്ചു. "ശുചീന്ദ്രം രേഖകളുടെ മാനുസ്ട്രിപ്റ്റാണ്. നീ ഒന്നു നോക്കി പകർത്തിത്തരണം "
"പിന്നെന്താ" ഞാൻ പറഞ്ഞു.
ഗോപന്റെ കൈപ്പട കണ്ടാൽ ഗാന്ധിജിയും പി.കുഞ്ഞുരാമൻ നായരും ഒഴികെ ആരും നാണിച്ചു പോകും ."ദിവ്യദൃഷ്ടി"യില്ലെങ്കിൽ വായിക്കാതെ വിടുകയേ ഉള്ളു.
"പകർത്തിയാൽപ്പോരെ?" "അതു പോര .അതിന്റെ സ്ട്രക്ചർ ശരിയാകുന്നില്ല." ഗോപൻ പറഞ്ഞു. ഞാൻ നന്നായി മലയാളം എഴുന്നയാളാണെന്ന തെറ്റിദ്ധാരണ ഗോപനു പണ്ടേ ഉണ്ടായിരുന്നു.  ഗോപൻ എന്നും തമിഴനും മലയാളിയും ഇംഗ്ലീഷുകാരനുമായിരുന്നു.
       ചില മിനുക്കലുകൾ വരുത്തി ,ഒരു കവിതാ സമേതം അയച്ചുകൊടുത്തു. സഖാവിനെക്കുറിച്ചുള്ള ഒരു കവിത: "കൊടുങ്കാറ്റ്" എന്ന പേരിൽ
ഒരു കൊടുങ്കാറ്റതാ നടന്നു പോകുന്നു
കുരിശിൻ കൈകളിൽ
ഏലിഏലി ലമാ സബക്താനി
എന്നു കരഞ്ഞു വിളിച്ച യേശുവോ
വിഷം വരിഞ്ഞു ചുറ്റുമ്പോൾ 
സഖാക്കളെ മുന്നോട്ട്
എന്നെഴുതി പിൻവാങ്ങിയ സഖാവോ
 ആരാണു വിമോചകൻ

എന്താണു പറയേണ്ടതെന്നു
അറവുകാരനെ പഠിപ്പിച്ചിട്ടുണ്ടു.

പനപോലെ വളർന്നതും കടപുഴകും
ഒരു കൊടുങ്കാറ്റതാ നടന്നു പോകുന്നു.

ശുചീന്ദ്രം രേഖകളിൽ ,കൃഷ്ണപിള്ള ,ഗോപന്റെ ബാലമനസ്സിന്റെ ശാന്തിയെ അലട്ടിയ പേരാണ്. ടി.വി. കെ ( ടി.വി. കൃഷ്ണൻ ,പേട്രിയറ്റിന്റെയും ലിങ്കിന്റെയും കേരള റിപ്പോർട്ടർ ) സഖാവിന്റെ ജീവചരിത്രമെഴുതാൻ വന്നപ്പോഴുള്ള അവസ്ഥയെ പറ്റി ഗോപൻ ഇങ്ങനെയെഴുതി . "അച്ഛന്റെയും അമ്മയുടെയും ബന്ധം ശുചീന്ദ്രത്തെ മറ്റു ബന്ധങ്ങളെപ്പോലെയല്ല എന്ന സത്യം സ്വയം അംഗീകരിച്ചു കഴിയുമ്പോൾ ,തെരുവു പിള്ളേർക്കിടയിൽ അതിന്റെ ക്രൂരമായ തമാശ സഹിക്കുമ്പോൾ ,ഇതാ ഏതോ പഴയ കഥയ്ക്കു പുനർജ്ജന്മം നൽകി കൊണ്ടു കൃഷ്ണപിള്ളയുടെ പേരു പറഞ്ഞു മറ്റൊരു കൃഷ്ണൻ  . ആ മാനസിക വേവലാതികൾക്കിടയിലും പുസ്തകമെഴുതാൻ വന്ന ആ മനുഷ്യനോടു ആദരവു തോന്നി "
ടി.വി.കെ മരിച്ച ദിനത്തിൽ എന്നെ വിളിച്ചു കയർത്തു:
"എന്താ ആ വാർത്ത ഹെഡ് ലൈനിൽ പോകാത്തത്?"
"ഹെഡ് ലൈന്നാണല്ലോ""
"കഴിഞ്ഞ ബുള്ളറ്റിനിൽ ചരമത്തിലാണല്ലോ പോയത്".
ഞാൻ കാര്യം തിരക്കി വിളിച്ചു." ... ടി.വി.കെ ആരാണെന്നു മനസ്സിലായില്ല."
"ടി.വി.കെ ആരാണെന്നറിയാത്തവർ എന്റെ സ്ഥാപനത്തിൽ ജോലി ചെയ്യാൻ അർഹരല്ല."
. ടി.വി.കെ എഴുതിയ സഖാവ് എന്ന ജീവചരിത്രത്തിലെ ഒരു രംഗം ഓർമ്മ വന്നു. മൊയാരത്ത് ശങ്കരനും ,'അശു'വായ ടി.വി.കെ യും കൂടി ഒരുച്ചക്ക്  കൃഷ്ണപിള്ളയുടെ കണ്ണരിലുള്ള വാടക വീട്ടിൽ ചെന്നതാണ്. സ്വീകരിച്ചിരുത്തി. മൂന്നു പേർക്ക് ഭക്ഷണം വിളമ്പാൻ അകത്തേക്ക് വിളിച്ചു പറഞ്ഞു . അത്ര സുഖകരമായിരുന്നില്ല തങ്കമ്മയുടെ മറുപടി.
"തങ്കമ്മയ്ക്ക് അല്പം ശുണ്ഠികൂടിയ സമയമാണ് .... തങ്കമ്മ ഒരമ്മയാകാൻ പോകുന്നു". എന്നു സഖാവ് അയവു വരുത്തി
" രാത്രിയിൽ ഉച്ചക്കഞ്ഞി സംഭവത്തിന്റെ പേരിൽ വഴക്കുണ്ടായി. ആരാണ് പുറത്ത് വന്നിരിക്കുന്നതെന്ന് ഞാനെങ്ങനെ അറിയും ?" തങ്കമ്മ ന്യായവാദം നിരത്തി. "നീ അറിയേണ്ടതാണ് .മൊയാരം ആരെന്നു കൃഷ്ണപ്പിള്ളയുടെ ഭാര്യക്ക് അറിയില്ലെങ്കിൽ അത് നാണക്കേടാണ് ". സഖാവിന്റെ സ്വരം പരുഷമായിരുന്നു. "

       ശുചീന്ദ്രത്തിനടുത്ത് ഇടലാക്കുടി ജയിലിലെ ഒരു രാഷ്ട്രീയത്തടവുകാരനും ,അമ്മയുമായുള്ള അസാധാരണ പ്രണയത്തെക്കുറിച്ചു  ഗോപൻ പലപ്പോഴും പറഞ്ഞിട്ടുണ്ടു.  സഖാവിനെച്ചൊല്ലിയുള്ള ബാലമനസ്സിലെ വേവലാതികൾ പിൽക്കാലത്ത് ആദരവായി മാറിയതായി ഞാൻ അനുഭവിച്ചിട്ടുണ്ടു.

" നീ പറഞ്ഞതുപോലെ ,കൊടുങ്കാറ്റാണ് സഖാവ് .ഏതു പെണ്ണാണ് പ്രേമിക്കാതിരിക്കുക ?"
"ഞാൻ പറഞ്ഞതല്ല ഗോപാ ,കേശവദേവ് പറഞ്ഞതാണ്"
"ആരു പറഞ്ഞാലും അങ്ങനെയല്ലേ? " അങ്ങനെ വിട്ടുതരുന്ന പ്രകൃതക്കാരനായിരുന്നില്ല . സഖാവ് പല രൂപത്തിൽ തിരനോക്കുമായിരുന്നു.

ഒരിക്കൽ ഗോപനും ഞാനും തിരുവനന്തപുരത്തിനടുത്തുള്ള മൈലത്തിനടുത്തുള്ള സി.എൽ.തോമസിന്റെ (മീഡിയാവൺ ടിവി ചീഫ് എഡിറ്റർ) ഔട്ട് ഹൗസിൽ പോയി ഉല്ലസിച്ച് തിരിച്ചു തിരിച്ചു വരുമ്പോൾ ഗോപൻ നീണ്ട ചുവടുകൾ വച്ചു നടന്നു. പിന്നാലെ ഞാനും.
  കുറച്ചേറെ പിന്നിൽ ടോർച്ച് നീട്ടിക്കൊളുത്തി സി.എൻ.തോമസ് വിളിച്ചു പറഞ്ഞു. " മെല്ലെ ,ടി എൻ ജി ,പാമ്പുണ്ടാകും "
ഗോപൻ നിന്നനില്പിൽ പറഞ്ഞു:
"അയ്യോ, ഒരു പാമ്പു കാരണമാണ് ഞാൻ ജനിച്ചത് തന്നെ "

ദൽഹി രേഖകൾ

ടി.എൻ. ഗോപകുമാറിനെ സ്നേഹിച്ച് തുടങ്ങുന്നതു പിണങ്ങിക്കൊണ്ടാണ് .കവി കടമ്മനിട്ട രാമകൃഷ്ണൻ ദൽഹിയിൽ വന്നപ്പോൾ ഞങ്ങൾ തീവ്രഇടതുപക്ഷ ആഭിമുഖ്യമുള്ള കുറെ സുഹൃത്തുക്കൾ ചേർന്ന് ഒരു കവിയരങ്ങ് ഒരുക്കി. ഗോപകുമാറിന്റെ കൂടെ വന്നോളാം എന്ന് കവി പറഞ്ഞു. അതു തന്നെ ഉണ്ടായി.
കവി ഉന്മത്തനായിരുന്നു. മൈക്കിനു മുന്നിൽ കവി ആടി നില്ക്കുമ്പോൾ ,വി കെ എൻ ഹോളിക് ആയ ഒരു സുഹൃത്ത് ഉച്ചത്തിൽ വിളിച്ച് പറഞ്ഞു:
"ശഴ്ദ്ദിക്കണമെങ്കിൽ ശഴ് ദ്ദിച്ചിട്ട് മതി. ആഴ്ക്കും ധിഷ് തിയില്ല"
പിന്നെപ്പിന്നെ കവി ഉഷാറായി .കാവ്യ ലഹരിയിലായി .
      പരിപാടി കഴിഞ്ഞതും ഞാൻ ഗോപകുമാറിനോടു കുറച്ച് കടുപ്പിച്ച് പറഞ്ഞു . 
"കവിക്കു കള്ള് മേടിച്ച് കൊടുക്കാൻ ഞങ്ങളുടെ കയ്യിലും പൈസ ഉണ്ടു."
"ഞാൻ എന്ത് ചെയ്യാൻ? ഞാൻ കുപ്പി ഒളിപ്പിച്ചു വച്ചതുകൊണ്ട് ഇവിടെയെങ്കിലും എത്തി ",
ഗോപകുമാർ എന്റെ കൈകളിൽ അമർത്തിപ്പിടിച്ചു  "നിങ്ങളുടെ പരിപാടി നടക്കണമെന്ന് എനിക്ക് വാശിയുണ്ടായിരുന്നു "

ഞാൻ നിരായുധനായി .അന്നു തൊട്ടു ഗോപകുമാറിന് മുന്നിൽ നിരായുധനായി. ഗോപാ എന്ന് വിളിച്ചുതുടങ്ങി.

     പിന്നീട് വി.എൻ.നായർ എന്ന നരേന്ദ്രൻ സാറിന്റെ , കേരളകൗമുദി സായാഹ്നങ്ങൾ ,പ്രസ് ക്ലബിലെ സന്ധ്യങ്ങൾ ,രാത്രികൾ , ഗോപനുമായി കൂട്ടുകൂടി.

  മാതൃഭുമി വിട്ട് ന്യൂസ് ടൈമിലായിരുന്ന ഗോപന് സി.പി.ഐ ,സി.പി.ഐ (എം) ബീറ്റ് ഉണ്ടായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പിന്റെ വാർത്ത സമ്മേളനങ്ങൾക്കു എന്നെയും കൂട്ടും.
ഒരു വാർത്ത സമ്മേളനത്തിൽ ഗോപൻ ഇ.എം.എസിനോട് ചോദിച്ചു: 
"Mr.Namboothiripad ,what is your opinion on CPI_CPM unity ?"
ഇ.എം.എസിന് ചെവി പതുക്കെയായിരുന്നു. സീതാറാം യെച്ചൂരി ചെവിയിൽ ഉച്ചത്തിൽ ചോദ്യം തൊടുത്തു.
ഇ എം.എസ് കണ്ണിൽ ചിരിച്ചു ഗോപനെ നോക്കി. സഖാവിന്റെ ഭാര്യയുടെ മകനായ ഗോപനോട് ഇ.എം.എസിന് വാത്സല്യമായിരുന്നു.
   ഭഗവദ് ഗീതയിലെ പ്രഗത്ഭനായ യുദ്ധ റിപ്പോർട്ടർ സഞ്ജയൻ വിചാരിച്ചാൽ പോലും വാർത്തയാക്കാൻ പറ്റാത്തതരം കുസൃതിയായിരുന്നു മറുപടി.
"Mr.Gopan ,you are asking about unity,What is unity? Unity is possible  only on the issues  where there is unity "

       ഗോപനൊടൊപ്പമുള്ള ദൽഹി ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ മുഹൂർത്തങ്ങൾ രാത്രിയിൽ ഗോപന്റെ ബുള്ളറ്റിനു പിന്നിലിരുന്നു ഹൗസ് ഖാസിലേക്കുള്ള യാത്രയാണ്. തണുപ്പുകാലത്തു വിശേഷിച്ചും. ശീതക്കാറ്റിനെ മുറിച്ചുള്ള യാത്ര. കൂസൃതി മൊഴികളുടെ സ്നേഹസ്പർശം.

തിരുവനന്തപുരം രേഖകൾ

     തമിഴ് പാട്ടുകളുടെ ഖനിയായിരുന്നു ഗോപൻ . എം.ജി.ആർ , ശിവാജി ഗണേശൻ സിനിമകളിൽ ടി.എം. സുന്ദരരാജനും എം.എസ് .വിശ്വനാഥനും  പാടിയ പലതും ഹൃദിസ്ഥം .സുഹൃദ് സദസ്സുകളിൽ ആ പാട്ടുകൾ പാടുന്നത് കേട്ടിട്ടുണ്ടു.

             കന്മഷം തൊട്ടു തീണ്ടാത്ത പരിഹാസ വചനങ്ങളിൽ ഒരു സുഹൃത്തിനെ കളിപ്പിക്കുമ്പോൾ ഒരു തമിഴ് പാട്ടു പാടിത്തന്നു. കണ്ണദാസൻ എഴുതി ടി.എം.എസ് പാടിയ പാട്ട്.

പരമശിവൻകഴുത്തിലിരുന്ത്
പാമ്പ് കേട്ടത്
ഗരുഡാ സൗഖ്യമാ ?
യാരും ഇരിക്കും ഇടത്തിൽ
ഇരുന്തുകൊണ്ടാൻ എല്ലാം സൗഖ്യമേ
ഗരുഡൻ ശൊന്നത് .
അതിൽ അർത്ഥം ഉള്ളത്.

തഞ്ചാവൂരിലെ  ബഹദീശ്വര ക്ഷേത്രത്തിന്റെ ആയിരത്താണ്ടിൽ അവിടെച്ചെന്ന് ആയിരം നർത്തകീ നർത്തകന്മാരുടെ നൃത്തശില്പം ചിത്രീകരിച്ച് ഒരു ടെലിവിഷൻ പ്രോഗ്രാം ഒരുക്കിയപ്പോൾ അതു തുടങ്ങേണ്ട പാട്ടു പറഞ്ഞു തന്നു. രാജരാജ ചോഴൻ എന്ന സിനിമയിൽ കണ്ണദാസൻ എഴുതി കനക്കുടി ഈണമിട്ട് ശീർക്കാഴി ഗോവിന്ദരാജും ടി.ആർ. മഹാലിംഗവും ചേർന്നു പാടിയ പാട്ട്.

തഞ്ചൈ പെരിയകോയിൽ പല്ലാണ്ടു വാഴ്കവെ..

കർണ്ണാടക സംഗീതത്തോട്. തമിഴ്നാട്ടിലെ അതിന്റെ മഹനീയ പാരമ്പര്യത്തോടു വലിയ പ്രതിപത്തിയുള്ളതായി തോന്നിയിട്ടില്ല.

ശുചീന്ദ്രത്തെ ആഢ്യബ്രാഹ്മണരുടെ സംഗീത ശീലത്തെക്കുറിച്ച് ഒരിക്കൽ  പറഞ്ഞു: "അവർ അരിയക്കടി ,മുസിരി ,ജി.എൻ.ബി. സുബ്ബലക്ഷമി ,ഡി.കെ. പട്ടമ്മാൾ അങ്ങനെ കുറച്ചു പേരെയല്ലാതെ അധികമാരെയും അടുപ്പിക്കില്ല"

മാറിയ കാലത്ത് ശുചീന്ദ്രത്തെ ഒരു സംഗീത പരിപാടിയിൽ ഒരു യുഗ്മഗാനം അരങ്ങേറിയപ്പോൾ ഒരു ബ്രാഹ്മണൻ ചങ്ങാതിയോട് കുശുകുശുത്തത്രെ:
"ഏൻ ഇടയിൽ കയറി പാടറേൻ?"

മയ്യഴി രേഖകൾ

  ഒരു വ്യാഴവട്ടം മുമ്പ് ഗാന്ധിജിയെ കണ്ട മലയാളികളെക്കുറിച്ച് ഗോപൻ ഒരു എപ്പിസോഡ് ആലോചിച്ചു.  എന്നോടുകൂടെ ചെല്ലാൻ പറഞ്ഞു.

      കണ്ണൂരിൽച്ചെന്നു കൗമുദി ടീച്ചറെ കണ്ടു. ഗോപൻ അമ്മയെക്കണ്ടതു പോലെ വികാരാധീനനായി. അവരുടെ കൈകൾ തൊട്ടാണു വിടവാങ്ങിയത്. പിന്നെ മയ്യഴിയിൽ പോയി പത്മനാഭൻ നമ്പ്യാരെ കണ്ടു. ഗാന്ധിജിയുടെ രക്തം പുരണ്ട മൺതരി കൾ സൂക്ഷിക്കുന്ന ഗാന്ധി ഭക്തൻ . പത്മനാഭൻ നമ്പ്യാർ   പറഞ്ഞു: "ബിർള  ഹൗസിനടുത്തായിരുന്നു താമസം . ഗാന്ധിജി മരിച്ചുവെന്നു കേട്ട് ആളുകൾ നിലവിളിക്കുന്നു. ഞാൻ ഓടിച്ചെന്നു. ഗാന്ധിജി മരിച്ചുവീണ ഇടത്തു നിന്ന് ആളുകൾ മണ്ണ മാന്തുകയാണ്‌. അപ്പോഴാണ് ഒരു പുൽക്കൊടിയിൽ ഒരു രക്തതുള്ളി ഞാൻ കാണുന്നത് . ഞാൻ ആ പുൽക്കൊടി നുള്ളിയെടുത്ത് കുറച്ച് മണ്ണിൽ ഇട്ട് അകത്തുനിന്നു കിട്ടിയ ഒരു ഹിന്ദി പേപ്പറിൽ പൊതിഞ്ഞു സൂക്ഷിച്ചു. നാട്ടിൽ വന്നപ്പോൾ ഞാനതു സൂക്ഷിച്ചു വച്ചു. ഈ വാർത്തയറിഞ്ഞ് തൃശൂരിലെ ഒരു ഗാന്ധിഭക്തൻ ഒരു തരിമണ്ണ് അദ്ദേഹത്തിനു നൽകണമെന്നു കരഞ്ഞപേക്ഷിച്ചു. രക്തം പുരണ്ട ഒരു തരി മണ്ണ് ഞാനയാൾക്കും കൊടുത്തു ....."

     തിരിച്ചുപോരുമ്പോൾ ടി എൻ ജി പറഞ്ഞു: "നമ്മുടെ നമ്പ്യാർ തന്നെ ഒരു രക്തദാഹി .അപ്പോൾ വരുന്നെടാ , അതിലും വലിയൊരു രക്തദാഹി ."
    
    അതാണു ടിയെൻജി. ഒന്നും മുഖവിലയ്ക്കെടുക്കില്ല വ്യക്തി ജീവിതത്തിൽ തീരെ ഗാന്ധിയനല്ലായിരുന്നുവെങ്കിലും സത്യസന്ധത ,സഹാനുഭൂതി ,ദരിദ്ര ജനതയോടുള്ള അർപ്പണം  , നിർഭയത്വം . ആചാര വിരോധം ,സർവമത ഭാവന തുടങ്ങി ഗാന്ധിജി ഊതിക്കാച്ചിയെടുത്ത മൂല്യങ്ങൾ അന്ത്യശ്വാസം വരെയും അലിയിച്ചു ചേർത്ത ഒരു മനുഷ്യൻ.

പ്രണാമം .

* പരിചയപ്പെട്ടതു മുതൽ ഗോപാ എന്നാണ് വിളിച്ചിരുന്നത്.  സഹപ്രവർത്തകകരായപ്പോൾ ടി എൻ ജി  എന്നും

( എഴുതിയത്:  2016ൽ )

Share :