Archives / March 2020

സീന ജോസഫ്
തമസ്സുതന്നെ സുഖപ്രദം

ഇരുളിലൊരിലകൂടിക്കൊഴിഞ്ഞു വീഴുന്നു

ഒരു കണ്ണീർക്കണം വീണു ചിതറുന്നു

ഇനിയുമീമിഴികളിലുറവ ബാക്കിയുണ്ടെന്നോ?!!

ഇരുൾ മാറിപ്പുലരി വന്നണയുമ്പോൾ

മുടിവാരിക്കെട്ടി, മുഖം മിനുക്കാതവളിറങ്ങുന്നു,

വെളിച്ചത്തിലൊളിക്കുവാനിടം തേടണം

ഇരുളും നിഴലും പകുത്തെടുത്ത ജീവന്‌-

വെളിച്ചമെന്നുമൊരധികപ്പറ്റു തന്നെ!

 

ചതിയനൊരു കാമുകൻ വച്ചുനീട്ടിയ

വഴിയാധാരമായിരുന്നവൾക്കു ജീവിതം!

കണ്ണിൽ നിലാവുനിറച്ചു നെഞ്ചോടു ചേർത്തവൻ

കിനാവുകൾ അരിഞ്ഞെറിഞ്ഞതെത്ര വേഗം!

ഉയിരിൽ പൂത്ത കുരുന്നു ജീവൻ ഇറുത്തെടുക്കവേ,

അവൾ കരഞ്ഞ കരച്ചിലവനൊരു വലിയ ചിരിയായിരുന്നു!

തളിരുടൽ വിപണനസാധ്യതയായിരുന്നവനു പ്രണയം 

അവൾക്കോ, കരൾനുറുങ്ങിപ്പിടയുന്ന നോവും!

 

ഒരുപിടി മുളകുപൊടിയിൽ അവളായുദ്ധം ജയിച്ചു

തെരുവിന്നിരുൾമാളങ്ങളിൽ ഒളിച്ചു പാർത്തു,

കള്ളവണ്ടികൾ കയറി, നഗരങ്ങൾ പലതു മാറി,

ഇരുട്ടെന്നും കമ്പിളിപ്പുതപ്പായി, വെളിച്ചം വേട്ടക്കാരനും!

മനുഷ്യനെന്നത്‌ ക്രൂരതയ്ക്കൊരു വിളിപ്പേരായി!

ചെളിപിടിച്ചുനാറിയ ഉയിരും ഉടലുമുടയാടകളും

കണ്ണിൽത്തിളയ്ക്കും ഭ്രാന്തും മാറാപ്പിലെ വാൾത്തലപ്പും

തനിച്ചായവൾക്കു തുണയായി മാറി!

 

തിരിച്ചുപോകാനിടമില്ലാത്തവൾ ചുറ്റിത്തിരിഞ്ഞു-

വന്നെത്തിച്ചേരും ഇരുമ്പുപാളങ്ങൾക്കരികിലിടയ്ക്കിടെ.

എന്നോ ചിന്നിച്ചിതറിപ്പോയോരമ്മ ഓർമ്മയിൽ വന്നുനിറയും

തീവണ്ടികൾ കരുണാർദ്ദ്രം ചൂളംവിളിച്ചു താരാട്ടുപാടും

സ്വയമൊടുക്കാൻ ധൈര്യമില്ലതുകൊണ്ടുമാത്രം മടങ്ങും

ആരുമില്ലാത്ത ജീവനുകൾക്കൊരു തൊട്ടുതലോടലാകും

മദംപൊട്ടും മൃഗതൃഷ്ണകൾക്കു മുന്നിൽ വാളേന്തി രുദ്രയാകും

ഈ ജീവന്റെ നൂലിനിയും പൊട്ടാത്തതെന്തെന്നു  പരിതപിക്കും

Share :