Archives / March 2020

ഷാജി തലോറ 
നൈസാമിന്റെ നാട്ടിൽ (ആറാം ഭാഗം ) ചൗമഹല്ല പാലസ് 

ഏതൊരു  ദേശത്തെകുറിച്ച് പറയുമ്പോഴും അതിന്റെ ചരിത്രവും  രാഷ്ട്രീയവും  ജനങ്ങളും സംസ്കാരങ്ങളും തുടങ്ങിയ വിവിധ  മേഖലകളിലൂടെ  കടന്നുപോകേണ്ടതുണ്ട്. ഒപ്പം നാടിന്റെ  ഐതിഹ്യവും മിത്തുകളു മൊക്കെ അതില്‍ ഇടം പിടിച്ചെന്നും വരാം.  മേല്‍പറഞ്ഞ മേഖലകളിലൊക്കെയും ശ്രദ്ധേയമായ ഒട്ടേറെ  സവിശേഷതകൾ  പുലര്‍ത്തുന്ന ഒരു പ്രദേശമാണ് തെലുങ്കാന  ഇന്നലെകളുടെ ഗരിമയും ഇന്നിന്റെ പ്രൗഢിയും ചേർന്നുനിൽക്കുന്ന  ഒട്ടേറെ ചരിത്രനിർ മിതികളും,  സ്മാരകങ്ങളും, പൈതൃക സ്മാരകങ്ങളുമെല്ലാം ഇവിടെ ധാരാളമുണ്ട്. 

 

ചാർമിനാർ,  ബിർള മന്ദിർ, ഹുസൈൻ സാഗർ ലേക്ക്, രാമോജി ഫിലിം സിറ്റി, സലാർ ജംഗ് മ്യുസിയം തുടങ്ങിയ പ്രധാന ടൂറിസ്റ് കേന്ദ്രങ്ങളെല്ലാംസന്ദർശിച്ചത്തിന് ശേഷം നമ്മൾ പോയത് തെലുങ്കാന യുടെ പഴയകാല പ്രമാണിത്തത്തിന്റെ ശേഷിപ്പായ ചൗമഹല്ല  പാലസിലേക്കാണ്. എല്ലാകൊട്ടാരങ്ങളും  കഴിഞ്ഞു പോയ കാലത്തിലെ ഭരണാധികാരികളുടെയും ജനതയുടെയും ജീവിതരീതിയും സംസ്കാരിക പൈതൃകവുമെല്ലാം  വെളിവാക്കുന്ന നേര്‍കാഴ്ച്ചകളാണ് ഒപ്പം  ധാരാളിത്തത്തിന്റെ മാതൃകകളുമാണ്.  ചൗമഹല്ലും അതിൽനിന്നും വ്യത്യസ്തമല്ല. 

   

വൈകുന്നേരം നാലുമണി കഴിഞ്ഞാണ് ഞങ്ങളവിടെയെത്തിയത്‌.അപ്പോൾ സന്ദർശകർ വളരെ കുറവായിരുന്നു.പാലസിന് മുന്നിലെ ഉദ്യാനത്തിൽ രാത്രിയിൽ എന്തോ പരിപാടി നടക്കാനുള്ളതിനാൽ കുറേപേർ ലൈറ്റുകളും തൂണുകളുമെല്ലാം സ്ഥാപിക്കുന്നുണ്ടായിരുന്നു . ആറു മണിവരെയാണ് സന്ദർശന സമയമെങ്കിലും സെക്യുരിറ്റി വല്ലാതെ തിരക്കുകൂട്ടുന്നുണ്ടായിരുന്നു. അതിനാൽ ഞങ്ങൾ പാലസിന്റെ അകത്തേക്ക് പെട്ടന്നുതന്നെ  കടന്നു. ഹൈദരാബാദിലെ യൂറോപ്യൻ നവ-ക്ലാസിക്കൽ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ് ചൗമഹല്ല പാലസ്.  1750തിൽ  നിസാം സലബത് ജംഗ് നിർമ്മിച്ച കൊട്ടാരത്തിനു രണ്ട് പ്രധാന മുറ്റങ്ങൾക്ക് ചുറ്റുമുള്ള കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന കൊട്ടാര  സമുച്ചയം പലകാലഘട്ടങ്ങളിലായി പണിതുയർത്തിയതാണ്.

    ചൗമഹല്ലയിലെ  വാസ്തുവിദ്യാ ശൈലി വളരെ  ആകർഷണീയമായി അനുഭവപെട്ടു. ഉറുദു ഭാഷയിൽ നാല്‌ കൊട്ടാരങ്ങൾ എന്നാണ് ചൗമഹല്ല് ന്റെ അർത്ഥം. ഹൈദരാബാദ് ഭരിച്ചിരുന്ന നൈസാമുമാരുടെ ഔദ്യോഗിക വസതിയായിരുന്ന ചൗമഹല്ല് കൊട്ടാരത്തിന് 2010 ൽ യുനെസ്‌കോയുടെ പൈതൃക സംരക്ഷണത്തിനുള്ള  ഏഷ്യ പസഫിക്ക് മെറിറ്റ് അവാർഡ് ലഭിക്കുകയുണ്ടായി. കൊട്ടാര സമുച്ചയം രണ്ട് ഭാഗങ്ങളായാണ്  നിർമ്മിച്ചിരിക്കുന്നത് . സവിശേഷമാർന്ന വാസ്തുവിദ്യ ശൈലിയും സമന്വയവും  ഗ്രാന്റ് ഖിൽ വത് എന്നറിയപെടുന്ന ദർബാർ ഹാളും 
പൂന്തോട്ടങ്ങളും വിശാലമായ അങ്കണവും കൊട്ടാരത്തിന്റെ പ്രൗഢി വർദ്ധിപ്പിക്കുന്നതാണ്. സെക്യുറിട്ടിക്ക് വീട്ടിൽ പോകാൻ തിരക്കായത് കൊണ്ടാണോഎന്നറിയില്ല 
അഞ്ച് മണി യായപ്പോളേക്കും സെക്യുരിറ്റി ആളുകളെ നിർബന്ധമായി ഒഴിപ്പിക്കുന്നുണ്ടായിരുന്നു.ഇത്രയും ദൂരം പിന്നിട്ട് വന്നതല്ലേ, ഇനിയുമൊരിക്കൽ ചൗമഹല്ല് കാണാനായി വരാനുള്ള സാധ്യത കുറവായതിനാൽ സെക്യുരിറ്റിയുടെ നിർബന്ധത്തിന് വഴങ്ങാതെ പരമാവധി സമയം അവിടെ ചിലവഴിക്കാൻ തന്നെ തീരുമാനിച്ചു. 
സങ്കീർണ്ണമാർന്ന കര വിരുതുകളാണ് ഏറെയും . ദർബാർ ഹാളിന്റെ മുൻവശത്തെ ഏറെ  പഴക്കചെന്ന വാതിലുകളും ക്‌ളാസിക് ശൈലിയിൽ നിർമിച്ച തൂണുകളുമെല്ലാം കൗതുകം ജനിപ്പിക്കുന്നതാണ്. കൊട്ടാരത്തിലെ നീണ്ട ഇടനാഴികകളും ഫൗണ്ടണുകളും മിറർ ഇമേജുകളും താഴികക്കുടങ്ങളും കമാനങ്ങളും പേർഷ്യൻ കരവിരുതുകളുമെല്ലാം സവിശേഷമായ കാഴ്ചകളാണ്. 
ഖിൽ വത്ത് മുബാറക്ക് ചൗമഹല്ലയുടെ ഹൃദയമാണെന്ന് പറയാം. ഹൈദരാബാദ്ലെ ജനങ്ങൾ ഇന്നും ഹൃദയത്തിലേറ്റുന്ന ദർബാർ ഹാൾ അതിന്റെ കമനീയതകൊണ്ടും ദൃശ്യചാരുത കൊണ്ടും ഹൃദയംഗമമാണ്. പൊലിമയാർന്ന മാർബിൾ തറകളും തക്ക് -ഇ -നിഷാൻ എന്നറിയപെടുന്ന രാജകീയ ഇരിപ്പിടവും ദർബാർ ഹാളിന് മുകളിൽ തൂങ്ങികിടക്കുന്ന  ബെൽജിയം ക്രിസ്റ്റലിൽ നിർമ്മിച്ച അതിമനോഹരമായ ഇരുപതോളം ചാൻഡി ലിയേഴ്സുകളും  പോയകാലത്തിന്റെ പ്രൗഢിയായി നിലകൊള്ളുന്നു. ഇവിടെ നിന്നാണ് നൈസാമുകൾ രാജ്യഭരണവും മതപരവുമായ മറ്റ് ചടങ്ങുകളും നടത്തിയിരുന്നത്. 

 

ചൗമഹല്ല യുടെ പ്രധാനകവാടത്തിനു മുകളിലുള്ള ഘടികാരം ഗിൽ വത്ത് ക്ളോക്ക് എന്നാണറിയപെടുന്നത്. ഏതാണ്ട് 250 വർഷങ്ങൾ പഴക്കമുണ്ട്  ഈ ക്ളോക്കിന്. അപൂർവമായ ഒട്ടേറെ പുസ്തകങ്ങളുടെ കൈഎഴുത്ത് പ്രതികളും അമൂല്യമായ പുസ്തകങ്ങളും കരകൗശലവസ്തുക്കളും, യുദ്ധോപകരണങ്ങളും രാജാക്കന്മാരും രാജ്ഞിമാരുമുപയോഗിച്ച വസ്ത്രങ്ങൾ മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ ഒരു മ്യൂസിയത്തിലെന്നോളം ഇവിടെ പ്രദർശനത്തിന് വച്ചിട്ടുണ്ട്. എല്ലാം വിശദമായി കാണാൻ സമയം കിട്ടിയില്ലെങ്കിലും ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജവംശമായിരുന്ന അസഫ് രാജവംശത്തിലെ ഭരണാധികാരികളുടെ ആസ്ഥാനമന്ദിരമായ  ചൗമഹല്ലയുടെ പ്രധാനഭാഗങ്ങളെല്ലാം മനസ്സിലും ക്യാമറയിലും  പകർത്തി ധന്യമായ സായാഹ്നത്തിൽ നൈസാമിന്റെ കൊട്ടാരത്തിനോട്‌ വിടപറഞ്ഞു

(അവസാനിച്ചു )

Share :