Archives / March 2020

സ്‌മിത സ്റ്റാൻലി
അവൾ അബലയല്ല

  പെൺകുട്ടികൾ  വീടിന്റെ ഐശ്വര്യമാണ്,  നിലവിളക്ക് ആണ്  എന്നൊക്കെ പണ്ടുള്ളവർ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ എല്ലാ നിലവിളക്കുകളും ഇന്ന് കൊടുങ്കാറ്റിൽ അകപ്പെട്ടു അണഞ്ഞു പോകുന്നു. ഒരു പെണ്ണിന്റെ ജീവിതം കരിയില പോലെ ആണ് ഇന്ന് നമ്മുടെ നാട്ടിൽ.  ഏറ്റവും ദുഃഖകരമായ അവസ്ഥകൾ ആണ് കുറച്ചു നാൾ ആയി നാം തരണം ചെയ്തു വരുന്നത്.എവിടെയും അരക്ഷിതാവസ്‌ഥ നേരിടുന്ന ഒരുപാട്  സ്ത്രീകളെയാണ്.സ്ത്രീധന പ്രശ്നം  മുതൽ ഭർത്താവിന്റെ മദ്യപാനം വരെ അവൾക്ക് നേരെയുള്ള  വെല്ലു വിളികൾ ആണ്.   മിക്ക പെൺകുട്ടികളും സ്വന്തം പ്രശ്നങ്ങൾ തുറന്നു പറയാൻ കഴിയാതെ ഉള്ളിലൊതുക്കി കഴിയുന്നു.ഒത്തിരി തിക്താനുഭവങ്ങൾ ഉണ്ടാകുമ്പോൾ അതിനെ മറി കടക്കാൻ വേണ്ടി  ഒടുവിൽ  ആത്മഹത്യാ മുനമ്പിൽ എത്തുന്ന പെൺകുട്ടികൾ നമ്മുടെ നാട്ടിൽ ഇന്ന് ധാരാളം ഉണ്ട്. സ്വന്തം ബന്ധുവിൽ നിന്നു പോലും  മോശമായ പെരുമാറ്റം സഹിക്കേണ്ടി വരുന്ന  പെൺകുട്ടികളും  സുലഭം .  ഒരു സ്ത്രീയുടെ അന്തസ്സിനു നിരക്കാത്ത പ്രവർത്തി ഉണ്ടായാൽ അതിനെതിരെ സ്വീകരിക്കാൻ  നിയമം ഉള്ള നമ്മുടെ സ്വന്തം  നാട്ടിൽ പോലും സ്ത്രീ ഇന്ന്  സുരക്ഷിത അല്ല. ഒരു പെണ്ണ് നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്.
പൊതു സ്ഥലങ്ങളിൽ പോലും ഒരു പെണ്ണ് അവൾ അറിയാതെ ചിലരുടെ മൊബൈൽ ഫോൺ  ക്യാമറകളിൽ ചെന്നെത്തുന്നു.  അറിഞ്ഞും അറിയാതെയും അബദ്ധങ്ങളിൽ ചെന്നുവീഴുന്നവരുമുണ്ട്.പെൺകുട്ടികളുടെ  ചിത്രങ്ങൾ പല തരം എഡിറ്റിംഗ് വഴി സോഷ്യൽ മീഡിയ വഴി  വ്യാപകമാക്കുന്ന വിരുതൻമാർ ഉണ്ട് . ബ്ലാക്ക് മെയിൽ മൂലം  ജീവിതം തുലയുന്ന സ്ത്രീകളും  ധാരാളം.  

അമ്മയായും, ഭാര്യയായും, സഹോദരിയായും വിവിധ രൂപങ്ങളിൽ അവൾ ഏവർക്കും ഒരുപോലെ തന്നെ  പ്രിയങ്കരിയാണ്..എന്നിട്ടും എന്തിനാണ് അവളോട് മാത്രം ഈ അനീതി എന്ന് മനസിലാകുന്നില്ല .   പണ്ട് നമ്മുടെ കുട്ടിക്കാലം ഓർക്കുന്നുണ്ടോ, ആൺകുട്ടിയും പെൺകുട്ടിയും എന്ന വേർതിരിവ് ഇല്ലാതെ  ഒന്നിച്ചിരുന്നു മണ്ണപ്പം ചുട്ട കാലം. പറങ്കി മാങ്ങ പെറുക്കി നടന്ന കാലം, കള്ളനും, പോലീസും, കുട്ടിയും കോലും, ഊഞ്ഞാലാട്ടവും എന്തെല്ലാം. എവിടെയും അവർ ഒന്നിച്ചായിരുന്നു . കിട്ടിയതെന്തും പങ്കു വച്ചു കൊടുത്തു കൊണ്ട് ആടിപാടി നടന്ന ആ മനോഹരമായ കാലം മറക്കാനാവില്ല . ഇന്ന് നമുക്ക് നഷ്ടമായ ആ ഓർമ്മകൾ ഇനി ഒരിക്കലും  യാഥാർത്ഥ്യമാകുകയില്ല  . അതിനുമപ്പുറം നമ്മൾ വളർന്നു കഴിഞ്ഞു. വീഡിയോ ഗെയിം മുതൽ പല തരം നേരംകൊല്ലികൾ  ഇവിടെ ഇന്ന്  സുലഭമാണ്

    നമ്മുടെ പഴയ കാലങ്ങളിൽ സ്ത്രീ പീഡനങ്ങൾ ആകെ കേട്ടിട്ടുള്ളത് ഒരു വിദുരകേസ് അല്ലെങ്കിൽ സൂര്യനെല്ലി പെൺ വാണിഭം എന്നിങ്ങനെ വിരലിൽ എണ്ണാവുന്നവ മാത്രം ആയിരുന്നു.  എന്നാൽ നമുക്ക് ചുറ്റും കാണുന്നതും,  കേൾക്കുന്നതും, സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇതൊക്കെ തന്നെ അല്ലെ ?  . സ്ത്രീ  എല്ലാ അർത്ഥത്തിലും  പുരുഷനൊപ്പം വളർന്നു കഴിഞ്ഞു.  രാക്ഷ്ട്രീയപരമായും, വിദ്യാഭ്യാസപരമായും ഒത്തിരി ഉയരങ്ങൾ താണ്ടി കഴിഞ്ഞു. വിദേശത്ത് ജോലിയും, വിദ്യാഭ്യാസവും ആയി പോകുന്ന  പെൺകുട്ടികൾ  ഇവിടെ  നിരവധിയാണ്.ഏത് രംഗങ്ങളിലും അവർ സ്വന്തം കഴിവ് പ്രകടിപ്പിച്ചു  കൊണ്ടിരിക്കുന്നു. 
ഇത്രയും പുരോഗമന ചിന്തകൾ  ഉടലെടുത്തിട്ടു പോലും സ്ത്രീക്ക്  സുരക്ഷ മാത്രം  ലഭിക്കുന്നില്ല.  അവളെ  വെറും ഉപഭോഗ വസ്തു ആയി തന്നെ ചിലർ കരുതുന്നു . മൂന്നു മാസം പ്രായം ഉള്ള പിഞ്ചു കുഞ്ഞു മുതൽ അറുപത്തി അഞ്ചു വയസ്സ് പ്രായം ഉള്ള വൃദ്ധയായ  സ്ത്രീ പോലും  ഒരു കൂട്ടം  കാമാന്ധരുടെ ഇരകൾ ആണ്. എന്തായാലും  ഒരു പാവം  പെൺകുട്ടിയെ  ഒരു പോറൽ പോലും ഏൽപ്പിക്കാതെ ഈ നൂറ്റാണ്ടിൽ  സംരക്ഷിക്കാൻ കഴിയുക എന്നത് ദുഷ്ക്കരം ആയി മാറി കൊണ്ടിരിക്കുന്നു.
    
     ഒറ്റക്ക് യാത്ര ചെയ്യേണ്ട ഒരു സാഹചര്യം ഉണ്ടായാൽ  പലപ്പോഴും സ്ത്രീകൾക്ക് സ്വന്തം മാനം പോകുന്ന അവസ്ഥ ആണ് ഇന്ന് നമ്മൾ  കണ്ടു വരുന്നത്.ഇന്നത്തെ നമ്മുടെ നാടിന്റെ  സ്ത്രീ സുരക്ഷയെ ക്കുറിച്ച് ചോദിച്ചാൽ ഓരോ പെൺകുട്ടിക്കും  പറയാൻ ഒരായിരം പ്രശ്നങ്ങൾ  കാണാം. അവൾ വരുന്ന വഴിയിൽ, യാത്ര ചെയ്യുന്ന വാഹനത്തിൽ, ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ, വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ, തീയേറ്ററുകളിൽ, പറഞ്ഞു വരുമ്പോൾ സ്വന്തം ഭവനത്തിൽ പോലും അവൾക്ക് സംരക്ഷണം  ലഭിക്കുന്നില്ല . വിദേശവനിതകൾ പോലും ഇന്ന് നമ്മുടെ രാജ്യത്തേക്ക് കടന്നു വരാൻ ഭയപ്പെട്ടു തുടങ്ങി .കുറെ നല്ല മനുഷ്യരുടെ കൂട്ടത്തിൽ കുറച്ചു പേർ മോശമായി പെരുമാറാൻ തുടങ്ങിയാൽ മതി ഇവിടെ പല അനർത്ഥവും അരങ്ങേറും. 

കുറച്ചു നാൾ മുൻപ് ഒരു പെൺകുട്ടി  കരഞ്ഞു കൊണ്ട്  പറഞ്ഞതോർക്കുന്നു. . "എനിക്ക് ഒരാഗ്രഹം ഉണ്ട്. അടുത്ത ജന്മത്തിൽ ഒരു പുരുഷൻ ആയി ജനിക്കണം."  .. ആ കുട്ടിയുടെ കാഴ്ചപ്പാടനുസരിച്ച്  ഒരു പുരുഷൻ ആയാൽ ജീവിതത്തിൽ വിജയം നേടി കഴിഞ്ഞു എന്നാണ്.   അവന് ഒത്തിരി പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയുന്നു  . ബസിൽ ആരും ഉപദ്രവിക്കില്ല . ഇരുട്ടിൽ ഒറ്റക്ക് എവിടെയും  യാത്ര ചെയ്യാം. ജോലി സ്ഥലങ്ങളിൽ ആരും ശല്യപ്പെടുത്തില്ല. അങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾക്ക് പോംവഴി കണ്ടെത്താം . ഒരർത്ഥത്തിൽ അവൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് എന്ന് തോന്നി.  സ്ത്രീ സമത്വം എന്ന് കേൾക്കാൻ മാത്രം കൊള്ളാം. അത് ഒരിക്കലും ഇവിടെ  പൂർണമാകുന്നില്ല .

ഒരു വീട്ടമ്മ കുറച്ചു നാൾ മുൻപ് സ്വന്തം മകൾ ജോലി നിർത്തി വീട്ടിൽ  തന്നോടൊപ്പം കൂടിയ  കാര്യം പറഞ്ഞു .   ഓഫീസിൽ  അവളുടെ  മാനേജർ  അവളെ വല്ലാതെ  ഉപദ്രവിക്കുന്നു. ഏത് നേരവും ക്യാബിനിൽ വിളിക്കുകയും, അശ്ലീലം സംസാരിക്കുകയും  ചെയ്യുന്നു. ദാരിദ്ര്യം കാരണം ഒരു പരിധി വരെ ആ പെൺകുട്ടി അവിടെ പിടിച്ചു നിന്നു.ഒടുവിൽ ക്ഷമ വിട്ടപ്പോൾ  അവൾ ആ ജോലി ഉപേക്ഷിച്ചു. ഇപ്പോൾ വീട്ടിൽ ഇരുന്ന് തയ്യൽ ജോലി ചെയ്യുന്നു.ഇതാണ് ഇന്നത്തെ ലോകം. അത് പോലെ തന്നെ വേറൊരു സ്ത്രീ ഉണ്ട്. അവർ ഭർത്താവിന്റെ ഉപദ്രവം കാരണം അവശതയിൽ ആണ്. ജോലിക്ക് പോകാതെ മദ്യപിച്ചു വന്നു കൊണ്ട് ദേഹോപദ്രവം, വീട്ടു വേല ചെയ്തു കിട്ടുന്ന ചെറിയ തുകയ്ക്ക് വേണ്ടി അയാൾ ഒരുപാട് ആ സ്ത്രീയെ ഉപദ്രവിക്കുന്നു. ഇത്ര മോശമായ  ഒരു ഭർത്താവിനെ അവൾ ഇന്നും സഹിക്കുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നി.

  വേറൊരു പെൺകുട്ടിയുടെ പ്രശ്നം അവളെക്കാൾ ഇളയ ക്‌ളാസ്സിലെ ആൺകുട്ടി ആണ്. സ്വന്തം സഹോദരന്റെ പ്രായം ഉള്ള അവനോട് അടുപ്പം കാണിച്ചപ്പോൾ അവൻ  തിരിച്ചു കാണിച്ച അടുപ്പം വേറെ പല ഇഷ്ടങ്ങൾക്കു വേണ്ടി ഉള്ളതായിരുന്നു. ഒത്തിരി സങ്കടം തോന്നിയ പെൺകുട്ടി അവനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും അവൻ പിന്മാറാൻ തയ്യാർ ആയില്ല. ഈ ചെറു പ്രായത്തിൽ ഒരു ആൺകുട്ടിയുടെ ചിന്ത എങ്ങനെ ഇത്ര അധപതിച്ചു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.. സ്വന്തം സഹോദരിയെ പോലെയോ  അമ്മയെ പോലെയോ കരുതേണ്ടവരെ പോലും ലൈംഗിക താല്പര്യങ്ങൾക്ക് വേണ്ടി ചിലർ  ബലി കൊടുക്കുന്നു.  എന്താണ് ഇങ്ങനെ മനുഷ്യൻ മാറിപോയത് എന്ന് നാം ചിന്തിക്കാറുണ്ടോ..
  
ഇനിയും ഉണ്ട് കഥകൾ. എന്റെ വേറെ ഒരു സുഹൃത്ത്  തീവണ്ടി യാത്രയിൽ വച്ച് അവൾക്ക്  ഉണ്ടായ അനുഭവം പറഞ്ഞു. അവൾ തനിച്ചായിരുന്നു യാത്ര. എതിരെ ഇരുന്ന ആൾ എന്റെ സുഹൃത്ത്   തനിച്ചാണെന്നു മനസ്സിലാക്കിയ സമയം മുതൽ അവളെ തന്നെ ശ്രദ്ധിക്കുന്നു, അങ്ങുമിങ്ങും പോകുമ്പോൾ എല്ലാം അയാൾ അവളെ ഉറ്റു നോക്കി കൊണ്ടിരുന്നു.  ഒടുവിൽ അയാൾക്ക് പോകാനുള്ള  സ്വന്തം സ്ഥലം പോലും ഉപേക്ഷിച്ചു അവളെ  പിന്തുടർന്നു എന്ന് പറയുന്നതാണ് ശരി. അവൾ തീവണ്ടിയിൽ നിന്നിറങ്ങിയ സമയം അയാളും കൂടെ ഇറങ്ങി ഓരോന്ന് പറഞ്ഞു കൂടെ കൂടി. പക്ഷെ ബുദ്ധിമതിയായ അവൾ  വളരെ സൗമ്യമായി തന്നെ അയാളോട് ഇടപഴകി. കാരണം  വിവരം എല്ലാം അവൾ  അവളുടെ സുഹൃത്തിനെ നേരത്തെ അറിയിച്ചിരുന്നു. സുഹൃത്ത് പോലീസുമായി റെയിൽവേ സ്റ്റേഷനിൽ നിൽപ്പുണ്ടായിരുന്നു. കൈയോടെ ആളെ പിടി കൂടി. ഇത് പോലെ ഓരോ പെൺകുട്ടിയും ധൈര്യത്തോടെ പെരുമാറിയാൽ  രക്ഷപെട്ടു. പക്ഷെ എല്ലാ കുട്ടികളും ഇത് പോലെ ധൈര്യം ഉള്ളവരല്ല എന്നതാണ് വാസ്തവം.

അല്പം അഭ്യാസ മുറകൾ ഇന്നത്തെ സ്ത്രീകൾ അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നു പറയുന്ന ഒരു ഐ. ടി. അധ്യാപിക ഉണ്ട്. ചങ്കൂറ്റം മാത്രമല്ല, നല്ല ഇരുത്തം വന്ന സ്വഭാവം. ആരെയും കൂസാതെ യാത്ര ചെയ്യുന്ന ആ അധ്യാപിക സ്ത്രീകൾക്ക് ഒരു മാതൃക തന്നെയാണ്. ബാഗിൽ ഒളിപ്പിച്ച സേഫ്റ്റി പിൻ മതി ഒത്തിരി പ്രശ്നങ്ങൾക്ക് ഉത്തരം എന്ന് ടീച്ചർ പുഞ്ചിരിയോടെ  പറയുന്നു. വച്ചു വിളമ്പാൻ മാത്രം അല്ല സ്ത്രീക്ക് കൈകൾ, ആപത്തു വന്നാൽ സ്വയം രക്ഷ നേടാനും ഈ കൈകൾ എല്ലാവരെയും രക്ഷിക്കട്ടെ .. അതിനായി അവൾ സ്വയം ഒരുങ്ങണം. നീതിയില്ലെങ്കിൽ നീ തീയാകുക എന്ന വാചകം മനസ്സിൽ എന്നും മുഴങ്ങട്ടെ... വനിതാ രത്നങ്ങളെ, നിങ്ങൾ സ്വയം വിലയിരുത്തുക, മനോബലം ആണ് പ്രധാനം.


 

Share :