Archives / March 2020

ജ്യോതിലക്ഷ്മി നമ്പ്യാർ 
ഇണപിരിയുമ്പോൾ

നമ്മുടെ ആദികാവ്യമായ രാമായണം എഴുതാൻ കവിയ്ക്ക് പ്രേരണ ലഭിച്ചത് കൊക്കുരുമ്മി സ്നേഹം പങ്കുവച്ചിരുന്ന ഇണക്കിളികളിൽ  ഒന്ന്  ഏതോ വേടന്റെ വിനോദമാകുന്ന അമ്പെയ്ത് പിടഞ്ഞുമരിയ്ക്കുമ്പോൾ മറ്റേ കിളിയുടെ വേദനയിലേക്കിറങ്ങി ചെന്നപ്പോഴാണ്. മനുഷ്യനിൽ മാത്രമല്ല മൃഗങ്ങളിലും ഇണയുടെ വേർപാട് മായ്ക്കാനാകാത്ത നൊമ്പരമാകാറുണ്ട്.
ലോകത്തിന്റെ, സമൂഹത്തിന്റെ, കുടുംബത്തിന്റെ പൂർണ്ണഭാവം ലഭിയ്ക്കണമെങ്കിൽ സ്ത്രീ-പുരുഷ പങ്കാളിത്തം വളരെ പ്രാധാന്യമര്ഹിയ്ക്കുന്നു. അർദ്ധനാരീശ്വര സങ്കല്പം, ശിവനും പാർവ്വതിയും കൂടിച്ചേർന്ന ഭാവം പല ശിവക്ഷേത്രങ്ങളിലും നമ്മൾ കാണുന്നുണ്ട്.  പുരാണങ്ങളിൽ ഇതേപ്പറ്റി പരാമർശങ്ങൾ ഉണ്ട്. അർദ്ധനാരീശ്വര സങ്കല്പം അർത്ഥമാക്കുന്നത് പുരുഷനും സ്ത്രീയും ഇണപിരിയാത്തവർ ആണെന്നാണ്. സ്ത്രീയും പുരുഷനും ചേരുമ്പോഴാണ് അവർ പൂർണ്ണരാകുന്നത്. ഇതിൽ ശിവൻ എന്നത് പുരുഷശക്തിയും പാർവ്വതി എന്ന സ്ത്രീ സങ്കല്പം അതായത് പ്രകൃതിയും   കൂടിച്ചേരുമ്പോൾ അവിടെ പുതിയ പ്രപഞ്ചശക്തി രൂപം കൊള്ളുന്നു.  വൈരുധ്യങ്ങളുടെ ഏകത ഭാവമാണിത്. അവർ തമ്മിൽ ആകർഷിക്കുകയും പരസ്പരം അലിഞ്ഞുചേരുകയും ചെയ്യുന്നു. ഇതിൽ ഒരുശക്തി ക്ഷയിയ്ക്കുമ്പോൾ ആ ഭാവം അശക്തമാകുന്നു.  
 
ആർഷഭാരതസംസ്കാരം വിവാഹമെന്ന കർമ്മത്തിനു പവിത്രതയും ദിവ്യകർമ്മമെന്ന സ്ഥാനവും നൽകുന്നു.  യൗവ്വനാരംഭത്തോടെ യുവതിയുവാക്കൾ വിവാഹിതരാകുന്നു.  പരസ്പരം സ്നേഹിച്ചും സഹകരിച്ചും മരണം വരെ ജീവിച്ചുകൊള്ളാമെന്ന് അവർ അഗ്നിസാക്ഷിയായി പ്രതിജ്ഞയെടുക്കുന്നു. അങ്ങനെ സ്ത്രീപുരുഷ സംഗമം നടക്കുന്നു വിവാഹിതരായ സ്ത്രീയും പുരുഷനും അവരുടെ ജീവിതമെന്ന യാത്രയിൽ സഹയാത്രികരാക്കുന്നത് മാതാപിതാക്കളെക്കാൾ അവരുടെ പങ്കാളികളെയാണ്.   
വിവാഹമെന്ന പവിത്രമായ ചടങ്ങിലൂടെ  ചേർക്കപ്പെട്ട ജീവിതങ്ങൾ സ്ത്രീ പുരുഷന്മാർ ആരംഭിക്കുന്ന നാൾ മുതൽ സ്നേഹത്തിലൂടെ ആത്മാർത്ഥതയിലൂടെ പ്രണയത്തിലൂടെ പരിചരണത്തിലൂടെ  അവരുടെ മനസ്സുകൾ ഒന്നാക്കുന്നു. ജീവിത സുഖ ദുഃഖങ്ങൾ പരസ്പരം പങ്കു വച്ചുകൊണ്ട് അവർ ജീവിത നൗക തുഴഞ്ഞു മുന്നോട്ട് പ്രയാണം ആരംഭിക്കുന്നു. ഇത്തരത്തിൽ ഒന്നാകുന്ന മനസ്സുകൾ ആഗ്രഹിയ്ക്കുന്നത് ദാമ്പത്യമെന്ന ജീവിതയാത്രയിൽ ഉടനീളം കൈകോർത്ത് ഒന്നായി ഓരോ ചുവടുകളും മുന്നോട്ടു വയ്ക്കണമെന്നതാകാം. എന്നാൽ ഒരു മനസ്സും ഇരു ശരീരവുമായി പരസ്പരം ഇഴുകിച്ച്ചേരുന്ന  ഇവരുടെ ജീവിതയാത്ര എപ്പോഴും സുഖകരമാകണമെന്നില്ല. ക്രൂരനായ വിധി മരണത്തിന്റെ രൂപത്തിൽ വന്നു ഇണകളിൽ ഒന്നിനെ കൊത്തിയെടുത്ത പറന്നു പോകുന്നു.  അലമുറയിട്ട് കരയാൻ മാത്രം കഴിയുന്ന നിസ്സഹായതയുടെ ബലമില്ലാത്ത കൈകളിൽ പിടിച്ച്, മുന്നിൽ വട്ടം കറങ്ങുന്ന പ്രപഞ്ചത്തിന്റെ ഒരു കോണിൽ പിന്നെ തളയ്ക്കപ്പെടുകയായി.     അങ്ങനെ മരണം ഒരാളെ ജീവിതത്തിൽ നിന്ന് അടർത്തിമാറ്റി ഒറ്റപ്പെടുത്തുമ്പോൾ  പലപ്പോഴും മുന്നോട്ടു പോകാനുള്ള വഴിയറിയാതെ ജീവിതത്തിന്റെ കണ്ണിൽ ഇരുട്ടു പടരുന്നു. മനസ്സിന്റെ തന്ത്രികളിൽ പങ്കാളിയുടെ വേർപാടിന്റെ അപസ്വരങ്ങൾ മീട്ടുമ്പോൾ സന്തോഷങ്ങൾ കണ്ണുനീരാകുന്നു, സാന്ത്വനങ്ങൾ തേങ്ങലുകളാകുന്നു, ഓർമ്മകൾ വീർപ്പുമുട്ടലുകളാകുന്നു, ആഹ്ലാദങ്ങൾ അസഹ്യമാകുന്നു. ഒറ്റപ്പെടലിന്റെ വേദന, പേടി  സുരക്ഷിതമില്ലായ്മ    എന്നിവയിൽ നിന്നും ഓടി രക്ഷപ്പെടാൻ ഏകാന്തത തേടുന്നു. ഒരുപക്ഷെ തന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ ശ്രദ്ധിയ്ക്കാത്ത പല കാര്യങ്ങളും മനസ്സിന്റെ അരങ്ങിൽ കയറിയിറങ്ങുന്നു.  ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നപ്പോൾ തന്റെ അരികിലിരുന്നു തന്നെ പരിചരിച്ചിരുന്നതും, ആശ്വസിപ്പിച്ചിരുന്നതും, ആദ്യ കുഞ്ഞു പിറക്കാൻ പോകുന്നു എന്ന സന്തോഷം പരസ്പരം പങ്കിട്ട നിമിഷങ്ങൾ, മനോദുഃഖത്തിൽ പരസ്പരം സാത്വനപ്പെടുത്തിയ നിമിഷങ്ങൾ, കൗമാരത്തിന്റെ, യൗവ്വനത്തിന്റെ, തേങ്ങലുകളുടെ, പൊട്ടിച്ചിരിയുടെ ഓരോ നിമിഷങ്ങളും പങ്കുവച്ച ഓർമ്മകൾ തങ്ങിനിൽക്കുന്ന വീട്, സ്വകാര്യ നിമിഷങ്ങൾ പങ്കിട്ട കിടപ്പുമുറി, ഒന്നിച്ചിരുന്നു കുട്ടികളെ കളിപ്പിച്ച ഓർമ്മകൾ , പങ്കാളി ഇഷ്ടപ്പെട്ടിരുന്ന ഭക്ഷണം, പങ്കാളി ഇഷ്ടപ്പെട്ടിരുന്ന വസ്ത്രം, ഇഷ്ടപ്പെട്ടിരുന്ന  പാട്ടുകൾ, അവരുടെ കൂട്ടുകാർ, പങ്കാളിയെ ഇഷ്ടപ്പെട്ടിരുന്നവർ എന്നിവ   ശ്രദ്ധിയ്ക്കപ്പെടുമ്പോൾ മനസ്സിൽ ഓർമ്മകൾ നടത്തുന്ന വടംവലി സഹിയ്ക്കാനാകാത്ത ദുഖത്തിന്റെ പെയ്തൊഴിയാത്ത കാർമേഘമായി മനസ്സിൽ ഉരുണ്ടുകൂടുന്നു. എത്ര കാലം കഴിഞ്ഞാലും ചിലപ്പോൾ പങ്കാളിയെ നഷ്ടപ്പെട്ട സമയം ഇന്നലെ ആയിരുന്നുവോ എന്ന് തോന്നിപോകും, ചില സമയങ്ങളിൽ ജീവിതത്തിലെന്നോ സംഭവിച്ച ഒരിയ്ക്കലും മറക്കാക്കാനാകാത്ത, താൻ ഒറ്റപ്പെട്ട നിമിഷം ഇന്നും തന്നെ വേട്ടയാടുന്നത് പോലെ തോന്നാം. ബന്ധുക്കളും അറിയപ്പെടുന്നവരും സഹതാപവും  സാന്ത്വനവുമായി  എത്തുമ്പോൾ മനസ്സിന്റെ ഭാരം കുടുതലായേയ്ക്കാം.
വേർപാടിന്റെ ആഴക്കടൽ മുങ്ങി തപ്പുമ്പോൾ ആശ്വാസത്തിനായി ലഭിയ്ക്കുന്നത് മക്കൾ ഉണ്ടല്ലോ എന്ന പ്രത്യാശ മാത്രമായേക്കാം.  എന്നാൽ പല സാഹചര്യങ്ങളിലും മക്കൾക്കും താൻ ഒരു ചുമതലയായി തോന്നുമ്പോൾ, പണവും, പണിക്കാരും നൽകി വീടെന്ന തടവറയിൽ മക്കളാൽ തളയ്ക്കപ്പെടുമ്പോൾ പങ്കാളിയെ കുറിച്ചുള്ള ഓർമ്മകൾ കൂട്ടായും സന്തോഷമായും അനുഭവപ്പെടുന്നു. അവരുടെ സാമീപ്യം വീണ്ടും കൊതിയ്ക്കുന്നുമ്പോൾ എത്രയും പെട്ടെന്ന് അവരിലേക്കെത്താമെന്നുള്ള വിശ്വാസത്തിൽ ജീവിത കലണ്ടറിലെ ഓരോ ദിവസവും വളരെ സന്തോഷത്തോടെ ചീന്തിയെറിയുന്നു അതുമല്ല വിധിയുടെ ക്രൂരതയിൽ വൃദ്ധാശ്രമങ്ങളിലാണ് മക്കളാൽ തളയ്ക്കപ്പെടുന്നത് എങ്കിൽ സ്വത്തും, മുതലും, പണവും, സർവ്വസ്വവും മക്കൾ പങ്കിട്ടെടുക്കുമ്പോൾ ജീവിതയാത്രയിൽ ഒരു പാഥേയം പോലെ മനസ്സിൽ സൂക്ഷിയ്ക്കാനായി മിച്ചം ലഭിയ്ക്കുന്നത് തന്നെ തനിച്ചാക്കിപ്പോയ പങ്കാളിയെക്കുറിച്ചുള്ള ഓർമ്മകൾ മാത്രമായേക്കാം.      
പലസമയത്തും വിധി പലരിലും ഇതിലും ക്രൂരത കാണിയ്ക്കാറുണ്ട്. പരസ്പരം കൈകോർത്ത് ജീവിത യാത്ര ആരംഭിച്ച് അധികം ദുരം പിന്നിടുന്നതിനു മുൻപുതന്നെ ഇവരിൽ ഒരാളെ കൊണ്ടുപോകുന്നു. ഒരുപക്ഷെ പറക്കമുറ്റാത്ത കുട്ടികൾ, പ്രായമേറിയ മാതാപിതാക്കൾ, സാമ്പത്തിക പരാധീനത, ജീവിച്ചു കൊതിതീരാത്ത ദാമ്പത്യം നൽകുന്ന മാനസികമായ പിരിമുറുക്കങ്ങൾ  എന്നിവയെല്ലാം  കൊണ്ട്  ഈ ഒറ്റപ്പെടൽ നൽകുന്ന മനസ്സിന്റെ മുറിവുകൾ കൂടുതൽ ആഴമുള്ളതാകുന്നു.  ഈ അവസ്ഥ മാനസികവും, ശാരീരികവും മാത്രമല്ല പ്രായോഗികവുമായ വേദനകൾ സഹിയ്ക്കേണ്ടിവരുന്നതാണ്.
 ഇങ്ങനെ അകാലത്തിൽ ജീവിത പങ്കാളി നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന അനന്തരഫലം സ്ത്രീയിലും, പുരുഷനിലും വ്യത്യസ്തമാണ്.   പുരുഷനാണെങ്കിൽ ഈ അവസ്ഥ തരണം ചെയ്യാൻ പലപ്പോഴും ഒരു പുനർവിവാഹത്തിന് മനസ്സ് പാകപ്പെടുത്തിയേക്കാം. എന്നാൽ ഒരു സ്ത്രീയുടെ അവസ്ഥ തികച്ചും ദുസ്സഹമാണ്. അവർ അധികവും തന്നോട് എന്നെന്നേക്കുമായി വിട പറഞ്ഞ തന്റെ പങ്കാളിയുടെ ഓർമ്മയിൽ ജീവിയ്ക്കാൻ ഇഷ്ടപ്പെടുന്നു. പ്രത്യേകിച്ചും ഒരു അമ്മയാണെങ്കിൽ കുട്ടികളുടെ ഭാവി, സുരക്ഷിതത്വം എന്നിവ ഓർത്തു മറ്റൊരു വിവാഹത്തിന് തയ്യാറാകാറില്ല.  കാരണം ഒരു സ്ത്രീയ്ക്ക് തന്റെ ഉദരത്തിൽ വളർന്നതല്ലെങ്കിലും ഒരു കുട്ടിയെ സ്വന്തം കുട്ടിയായി സ്നേഹം പകരാൻ കഴിയും എന്നാൽ ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അവനു സ്വന്തം ബീജത്തിൽ ജനിച്ച കുഞ്ഞിനെ മാത്രമേ സ്നേഹിയ്ക്കാൻ ആകുകയുള്ളു എന്നത് പ്രകൃതി നിയമമാണ്. 
അതേ സമയം   ഒരു സ്ത്രീ വിധവയായാൽ അവളെ ഒരു അപശകുനമായി കാണുന്നു എന്ന് മാത്രമല്ല അവൾക്കുനേരെയുള്ള സമൂഹത്തിന്റെ സഹതാപ കണ്ണുകളും, അപവാദങ്ങളും, അടക്കം  പറച്ചിലും അവരുടേതായ ചട്ടക്കൂട്ടിൽ ജീവിയ്ക്കാനോ, വിശ്വസ്തരായ ഒരാളിൽ തന്റെ സുരക്ഷിതത്വവും ഉറപ്പുവരുത്തണോ, സഹായം തേടാനോ അനുവദിയ്ക്കാറുമില്ല.   ഇതവരെ മാനസികമായി ഒരുപാട് തളർത്തുമ്പോൾ  തന്റെ പ്രിയമുള്ളവന്റെ സാന്നിദ്ധ്യത്തിന്റെ നഷ്ടബോധം അവരെ വേട്ടയാടുന്നു. സമൂഹത്തിൽ നിന്നും വിട്ടുനിൽക്കാനും, പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും, ആളുകളോട് തുറന്നു സംസാരിയ്ക്കുന്നതിലും അവർ നീരസം കാണിയ്ക്കുന്നു. കുട്ടികൾക്കുവേണ്ടി വളരെ കഠിന പ്രയത്നത്തിലൂടെ കുടുംബം മുന്നോട്ടു കൊണ്ടുപോകുമ്പോഴും ജീവിതത്തിൽ ഒരു മരവിപ്പ്, വീർപ്പുമുട്ടൽ പലപ്പോഴും ആരും കാണാതെ കണ്ണുനീരിലൂടെ ഒഴുക്കി കളയേണ്ടിവരുന്നു. മരണത്തിലൂടെയുള്ള വേർപാടിന്റെ വേദന  പുരുഷനിലോ സ്ത്രീയിലോ എന്ന വ്യത്യാസമില്ലാതെ ഓരോ വ്യക്തികളിലും അവർ തമ്മിലുണ്ടായിരുന്ന മനഃപൊരുത്തത്തിന്റെ, സ്നേഹത്തിന്റെ, പങ്കിടലിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിയ്ക്കാം. എന്നിരുന്നാലും ഒരുമിച്ച് ജീവിയ്ക്കാൻ തീരുമാനിച്ച് പാതിവഴിയിൽ മരണം ഒരാളെ വേർപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന വേദനയുടെ വേരുകൾ മാനസികമായും, ശാരീരികമായും ആഴത്തിലുറങ്ങുന്ന ഒന്നാണ്.
പ്രണയത്താൽ, സ്നേഹത്താൽ, ഇഷ്ടത്താൽ, പരസ്പരം അറിയുന്ന ഒരു ദാമ്പത്യ ജീവിതത്തിൽ ഒരുമിച്ച് പ്രകൃതി ദത്തമായ മരണം കൈവരിയ്ക്കുക എന്നത് വളരെ അപൂർവ്വമായി കിട്ടുന്ന സൗഭാഗ്യമാണ്. ഏതെങ്കിലും ഒരാൾക്ക് മുന്നെ മരണത്തിനു പിടികൊടുക്കേണ്ടി വരുമെന്നത് നിഷേധിയ്ക്കാൻ കഴിയാത്ത പ്രകൃതി സത്യമാണ്.   ഈ സത്യത്തിന്റെ മുന്നിൽ തലകുനിച്ചാൽ അത് ആരോഗ്യത്തെയും, തുടർന്നുള്ള ജീവിച്ചുതീർക്കേണ്ടുന്ന നാളുകളെയും വളരെ മോശമായി ബാധിയ്ക്കുന്നു. പരസഹായം അനിവാര്യമായി വരുന്നു. പങ്കാളിയുടെ വേർപാടിൽ നീറിപ്പുകയുന്ന മനസ്സിനെ ഊതികെടുത്താൻ ഒരിയ്ക്കലും കഴിയില്ല എങ്കിലും വേർപാട് എന്ന സത്യത്തെ തലയുയർത്തി നേരിടുമ്പോൾ ആ ദുഖത്തെ പല തരത്തിൽ മനസ്സിനെ നിയന്ത്രിച്ച് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ നേരിടാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞേക്കും. 
ജീവിതത്തിൽ പങ്കാളിയുടെ കൂടെയുള്ള നല്ല നിമിഷങ്ങളെ അയവിറക്കി, തനിയ്ക്ക് ഉണ്ടായിരുന്ന സൗഭാഗ്യത്തെ കുറിച്ചോർത്ത് ശേഷിയ്ക്കുന്ന കാലങ്ങളിലും സന്തോഷം കണ്ടെത്താൻ ചിലർക്ക് കഴിയാറുണ്ട്.     ഭക്തിയിൽ വിശ്വാസമുള്ളവരാണെങ്കിൽ  അവർക്ക് ഭക്തിമാർഗ്ഗം എല്ലാ സാഹചര്യങ്ങളെയും തരണം ചെയ്യാൻ ശക്തി നൽകിയേക്കാം. സാമൂഹിക പ്രവർത്തനങ്ങളിലോ, കാരുണ്യ പ്രവർത്തികളിലോ തല്പരരാണെങ്കിൽ ആ തലത്തിലേയ്ക്ക് മനസ്സിനെ വഴിമാറ്റിവിട്ട അതേക്കുറിച്ചുള്ള ചിന്തകളിൽ മനസ്സിനെ തളച്ചിടാൻ കഴിഞ്ഞേക്കാം. ജീവിതത്തിന്റെ നെട്ടോട്ടത്തിൽ, പലപ്പോഴും ഏർപ്പെടണമെന്നാഗ്രഹിച്ച ജന്മസിദ്ധമായ കഴിവുകളായ  കലയോ സാഹിത്യമോ സംഗീതമോ ആയ വിനോദങ്ങൾക്ക്,   നഷ്ടങ്ങളുടെ ദുഖത്തിൽ മാത്രം കേന്ദ്രീകരിച്ചിരിയ്ക്കുന്ന  മനസ്സിനെ സങ്കൽപ്പങ്ങളുടെ സ്വപ്നലോകത്തേയ്ക്ക് പറിച്ചുനട്ട് സാന്ത്വനങ്ങളുടെ തലോടലുകളാക്കി മാറ്റാൻ കഴിയുന്നു.   
നമ്മിലെ ദുഃഖം നമ്മളിൽ തന്നെ ഉരുകി ഒലിയ്ക്കുമ്പോൾ കൂടുതൽ ദുഃഖമായി വീണ്ടും ജ്വലിയ്ക്കുന്നു. ഒരുപക്ഷെ നമ്മുടെ ദുഃഖങ്ങൾ നിറഞ്ഞ മനസ്സ് വിശ്വസിയ്ക്കാവുന്ന മറ്റാരെയെങ്കിലുമൊക്കെ ഏൽപ്പിയ്ക്കുമ്പോൾ ദുഖത്തിന്റെ സാന്ദ്രത കുറഞ്ഞേക്കാം. ഇതിലൂടെ സമൂഹത്തിനെ മുഖം കാണിയ്ക്കുവാനുള്ള ആത്മവിശ്വാസം തിരിച്ചു കിട്ടിയേക്കാം. സമൂഹത്തിൽ ഇറങ്ങിച്ചെല്ലുമ്പോൾ തുല്യ ദുഖിതരെ കണ്ടുമുട്ടുമ്പോൾ പരസ്പരം ലഭിയ്ക്കുന്ന സാന്ത്വനത്തിലൂടെ ദുഃഖഭാരം കുറയ്ക്കാൻ കഴിഞ്ഞേക്കാം. പ്രിയ പങ്കാളിയുടെ ഓർമ്മകൾ തങ്ങിനിൽക്കുന്ന വീട്ടിൽ മാത്രം ഒതുങ്ങിനിൽക്കുമ്പോൾ ഒരുപക്ഷെ ഓർമ്മകൾ വിട്ടു പോകാൻ മടികാണിച്ചെയ്ക്കാം. മക്കളോ, പേരകുട്ടികളോ, ബന്ധുക്കളോ അടങ്ങുന്ന നിറഞ്ഞ കുടുംബത്തിൽ ശേഷിയ്ക്കുന്ന ജീവിതം തുടരുമ്പോൾ ദുഖങ്ങൾക്ക് നിറഞ്ഞു നിൽക്കാൻ ഇടം വിരളമാകുന്നു.
ഓരോ ദമ്പതിമാരും ജീവിതവും, സ്വപ്നങ്ങളും,  സന്തോഷങ്ങളും ദുഃഖഭാരങ്ങളും പരസ്പരം പങ്കുവച്ച്  ഒരു മനസ്സും ഇരുമെയ്യുമായി തുടരുന്ന യാത്രയ്ക്ക് അന്ത്യം കുറിയ്ക്കാൻ അതിലൊരാളുടെ മരണമെന്ന വിധി കാത്തു നിൽക്കുന്നു എന്ന സത്യം ഓർക്കാൻ ആരും ഇഷ്ടപ്പെടാറില്ല എങ്കിലും ഇതൊരു മറക്കാൻ പാടില്ലാത്ത പ്രകൃതി സത്യമാണ്. ഈ സത്യത്തെ കണ്ടുമുട്ടിയതിനുശേഷമുള്ള  അരങ്ങിൽ ആടിത്തിമർക്കേണ്ട ഏകാംഗ നാടകത്തിനു ഓർമ്മകളിലൂടെ നിറം കൊടുക്കാൻ ജീവിച്ചിരിയ്ക്കുമ്പോൾ പരസ്പരം മധുരിയ്ക്കുന്ന  നിമിഷങ്ങൾ മാത്രം പങ്കുവയ്ക്കാൻ ശ്രമിച്ചു കൂടെ?

Share :