Archives / January 2018

അഭികാമ്യ. എം.എസ്
ലോലിപോപ്പ്

\'ഇന്ന് രാവിലെ ഒന്നും ഉണ്ടാക്കില്ല... മാവ് വാങ്ങിക്കാന്‍ പൈസയില്ലാത്തോണ്ടല്ലേ.... ശമ്പളം കിട്ടീട്ട് ഉണ്ടാക്കിത്തരാട്ടോ....\' നിറഞ്ഞ കണ്ണുകളോടെ എന്നെ തലോടിക്കൊണ്ട് അമ്മ പറഞ്ഞു. തന്‍റെ കുഞ്ഞിന് ആവശ്യത്തിന് ആഹാരം പോലും നല്‍കാന്‍ സാധിക്കാത്തതിന്‍റെ വിഷമം അമ്മയെ എന്നും അലട്ടിയിരുന്നു. അച്ഛനെ കാണാതെയായതു തൊട്ട് എല്ലാ ദിവസവും ഇങ്ങനെയാണ്. കറുത്തവനായതു കൊണ്ടാണോ എന്നറിയില്ല വിശന്ന് വലഞ്ഞ് തളര്‍ന്നു വീണാല്‍ പോലും എന്നെ ആരും ശ്രദ്ധിക്കില്ല. ഇത് അമ്മയോട് പറഞ്ഞാല്‍ പിന്നെ അമ്മയ്ക്ക് അതിന്‍റെ സങ്കടം ആയിരിക്കും. ആ പാവത്തിനെ ഇനി ഇങ്ങനെയും കൂടി വിഷമിപ്പിക്കേണ്ട എന്ന് വിചാരിച്ചാണ് ഞാന്‍ ഒന്നും പറയാത്തത്. സ്കൂളില്‍ പോകുന്ന വഴി ഞാന്‍ ഓരോന്നിങ്ങനെ ചിന്തിച്ച് നടന്നു. ഇന്ന് സാധാരണ ദിവസങ്ങളേക്കാള്‍ വിശപ്പും അസഹനീയമായ വയറുവേദനയും അനുഭവപ്പെട്ടു. ഓരോ അടി വയ്ക്കുമ്പോഴും വേദന കഠിനമായി കൊണ്ടേയിരുന്നു. ക്ലാസിലെത്തിയത് താമസിച്ചിട്ടായിരുന്നു. അതുകൊണ്ട് പ്രഭാത ഭക്ഷണത്തിനുള്ള സമയവും കഴിഞ്ഞിരുന്നു. വേദന കടിച്ചു പിടിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് രണ്ട്പീരിയഡുകള്‍ എങ്ങനെ തള്ളിനീക്കി എന്ന് എനിക്ക് അറിയില്ല. ബെല്ലടിക്കുന്ന ശബ്ദം ആണ് എന്‍റെ ശ്രദ്ധ ക്ലാസിലേക്ക് തിരിച്ചു കൊണ്ടുവന്നത്. രാവിലത്തെ ഇന്‍ര്‍വെല്ലിന്‍റെ ബെല്ലാണ് \'സ്റ്റോറില്‍ മഞ്ഞ ലോലിപോപ്പ് ഫ്രീയായി കൊടുക്കുന്നുണ്ട്. വേഗം ചെന്നാല്‍ കിട്ടും\' എന്ന് കുട്ടികള്‍ പിറുപിറുക്കുന്നത് കേട്ട് വിശന്ന് തളര്‍ന്ന ഞാന്‍ സ്റ്റോറിലേക്ക് കിതച്ചോടി. സ്റ്റോറിന്‍റെ മുന്നില്‍ തടിച്ചുകൂടിയ എല്ലാവരെയും തള്ളിനീക്കി മുന്നിലെത്താന്‍ ശ്രമിക്കവേയാണ് \'യെല്ലോ ലോലിപോപ്പ് ഔട്ട് ഓഫ് സ്റ്റോക്ക് എന്ന ബോര്‍ഡ് കണ്ടത്. വയറിന്‍റെ വേദന കൂടിക്കൊണ്ടേയിരുന്നു. അപ്പോഴാണ് അവിടേക്ക് കൈനിറയെ നായണ തുട്ടുകളുമായി ഒരു പെണ്‍കുട്ടി കടന്നുവന്നത്. പെട്ടെന്ന് ഒരു പയ്യന്‍ അവിടേക്ക് ഓടി വന്നതും അവള്‍ മറിഞ്ഞുവീണതും ഒരുമിച്ചായിരുന്നു. അവളുടെ കൈയ്യിലിരുന്ന നായണങ്ങള്‍ മുഴുവന്‍ താഴെപ്പോയി. പൈസയ്ക്കു വേണ്ടി കൊതിച്ചിരുന്ന ഞാന്‍ ഒരു കള്ളനെപ്പോലെ കുനിഞ്ഞ് അവള്‍ പെറുക്കുന്നതിനിടയില്‍ കാണാതെ പോയ ഒരു പൈസാത്തുട്ട് ആരും കാണാതെ കൈക്കലാക്കി. പക്ഷേ പെട്ടെന്നു തന്നെ എന്‍റെ മനസ്സിലേക്ക് കുറ്റബോധം തിരയടിച്ചു കയറി. നെഞ്ച് വേഗത്തില്‍ ഉയര്‍ന്നുതാണു. കാത് മുട്ടുകള്‍ കൂട്ടിയിടിച്ചു പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല. പോക്കറ്റില്‍ നിന്നും പൈസ എടുത്ത് വിഷണ്ണയായിനിന്ന കുട്ടിയുടെ കൈയിലേല്‍പ്പിച്ചു. കുറ്റബോധം കൊണ്ട് യുദ്ധക്കളം പോലെയായിത്തീര്‍ന്ന എന്‍റെ മനസ്സില്‍ ആശ്വാസത്തിന്‍റെ പൂക്കള്‍ തളിരിട്ടു. അങ്ങനെ ഒഴിഞ്ഞ വയറോടെയാണെങ്കിലും നിറഞ്ഞ മനസ്സോടെ ഞാന്‍ ക്ലാസിലേക്ക് തിരിച്ചുനടന്നു.

അഭികാമ്യ. എം.എസ്
ആറാംതരം
ജി.എം.ജി.എച്ച്.എസ്.എസ്
പട്ടം, തിരുവനന്തപുരം

Share :