കാലത്തിന്റെ തിരയെഴുത്തുകൾ
കാലത്തിന്‍റെ ചുവരെഴുത്തുകള്‍ കാണാതെ പോകുന്നവരെ ചരിത്രം വിസ്മൃതിയിലേക്കു തള്ളിക്കളയുകയാണു പതിവ്. തലമുറ വിടവെന്നതടക്കം എന്തു പേരിട്ടുവിളിച്ചാലും മാറുന്ന തലമുറയുടെ മൂല്യ/രാഷ്ട്രീയ/സാമൂഹിക വിചാരങ്ങളും വിലയിരുത്തലുകളും തിരിച്ചറിയാതെയും മനസിലാക്കാതെയും ഒരു സമൂഹത്തിനും മുന്നോട്ടുപോകാനാവില്ല. അങ്ങനെയുള്ള ഏതു സഞ്ചാരവും അധോഗതിയിലേക്കായിരിക്കുകയും ചെയ്യും. സിനിമ പോലെ ഏറെ വ്യാപക സ്വാധീനമുള്ള ബഹുജനമാധ്യമത്തിന്‍റെ കാര്യത്തില്‍ ഇത്തരം നേരിയ ചലനങ്ങള്‍ പോലും പ്രതിഫലിപ്പിക്കുക സാമൂഹികവും സാംസ്കാരികവുമായ രുചിഭേദങ്ങളെത്തന്നെയായിരിക്കുമെന്നതു മറക്കരുത്. സമകാലിക മലയാള സിനിമയില്‍ കാണുന്ന പ്രേക്ഷകപ്രതികരണങ്ങളും രുചിശൈലീഭേദങ്ങളും വിശകലനം ചെയ്യുമ്പോള്‍, സിനിമയില്‍ സംഭവിക്കുന്ന നിശബ്ദമെങ്കിലും അതിശക്തമായ ഗതിമാറ്റത്തെ, വിപ്ളവകരായ ചില വഴിമാറി നടക്കലുകളെ കണ്ടില്ലെന്നു വയ്ക്കാനാവില്ല. എന്നു മാത്രമല്ല, അവ സൃഷ്ടിക്കുന്ന നൂതനസംവേദനശീലത്തെ, മാറുന്ന കാഴ്ചയുടെ രാഷ്ട്രീയത്തെപ്പറ്റിയൊക്കെ സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ മാനകങ്ങള്‍ക്കനുസരിച്ച് സൂക്ഷ്മ വിശകലനവും പഠനവും അവയര്‍ഹിക്കുന്നുകുെന്നതാണ് വാസ്തവം. മലയാള സിനിമ വ്യാവസായികമായി മുമ്പത്തേക്കാൾ കളങ്കിതവും കലുഷിതവുമായൊരു കാലത്തിലൂടെയാണ് കടന്നുപോകുന്നത്.വ്യക്തിഗത ആരോപണങ്ങളും കേസുകളുമൊക്കെയായി മലയാളത്തിലെ വ്യവസായ സിനിമയുടെ നെടുംതൂണുകളിലൊരാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നു. അയാളുടെ സിനിമ അയാളുള്‍പ്പെട്ട കേസിന്‍റെ സവിശേഷ സാഹചര്യം കൊണ്ടുതന്നെ ബഹിഷ്കരിക്കണമെന്ന് നവമാധ്യമങ്ങളില്‍ നിരൂപകരും സ്ത്രീവാദികളുമടക്കമുള്ളവര്‍ പരക്കെ ആഹ്വാനം ചെയ്യുന്നു. മാധ്യമസ്ഥാപനങ്ങളും സിനിമാക്കാരും തമ്മിലുളള ശീതയുദ്ധത്തിന്‍റെ ഭാഗമായി ഒരു മാധ്യമത്തിനു മാത്രമായി സിനിമാപ്പരസ്യം നിരസിച്ചതിന്‍റെ കൂടി പ്രത്യാഘാതമെന്നോണം, അച്ചടിമാധ്യമങ്ങള്‍ ചില ചലച്ചിത്ര പ്രസിദ്ധീകരണങ്ങളടക്കം പുറത്തിറങ്ങുന്ന സിനിമകളെ മുന്‍പിന്‍ നോക്കാതെ വിമര്‍ശിച്ചൊടുക്കുന്നു. ഇത്രയും വിരുദ്ധാവസ്ഥയില്‍ നവരാത്രി ഉത്സവകാലത്ത് പ്രേക്ഷകര്‍ വിവാദ നടന്‍റേതുള്‍പ്പടെയുള്ള സിനിമകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും തീയറ്ററുകളിലേക്ക് സകുടുംബം എത്തിച്ചേരുകയും ചെയ്യുന്നതിന്‍റെ സാമൂഹിക മനഃശാസ്ത്രമാണ് സഗൗരവം പരിഗണിക്കേണ്ടത് . സിനിമയുടെ പിന്നാമ്പുറത്തിനല്ല, സിനിമയ്ക്കാണ് തങ്ങള്‍ പ്രാധാന്യം കൊടുക്കുന്നതെന്ന കാഴ്ചയുടെ രാഷ്ട്രീയമാണ് മലയാള പ്രേക്ഷകര്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നത് എന്നാണ് ഇതില്‍ നിന്നു പഠിക്കാനുള്ളത്. അതേസമയം, മെഗാ-സൂപ്പര്‍ താരങ്ങളടക്കമുള്ള താരവ്യവസ്ഥയുടെ അര്‍ത്ഥമില്ലായ്മയോടുള്ള അതിശക്തമായ മുഖംതിരിക്കലായിക്കൂടി പ്രേക്ഷകപ്രതികരണത്തെ പരിഗണിക്കേണ്ടതുണ്ട് . ഒരു മാസം മുമ്പു മാത്രം കടന്നു പോയ ഓണം പോലെ, പരമ്പരാഗതമായി സിനിയുടെ ആഘോഷം കൂടിയാവാൻവേണ്ടി ഉത്സവകാലത്ത് പുറത്തിറങ്ങിയ മമ്മൂട്ടി, മോഹന്‍ലാല്‍ താരസൂര്യ ന്മാരുടെ സിനിമകളോടുള്ള തണുത്തപ്രതികരണം കൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് ഈ നിരീക്ഷണം സാധൂകരിക്കപ്പെടുന്നത്. ഇവിടെ പ്രേക്ഷകര്‍ മുന്നോട്ടുവയ്ക്കുന്ന അതിശക്തമായൊരു സൂചനയുണ്ട് . അത് കാണിയുടെ മേധാവിത്തത്തെ അടിവരയിടുന്നതിനോടൊപ്പം, ഉള്ളടക്കമാണ് താരം എന്ന സിദ്ധാന്തം അരക്കിട്ടുറപ്പിക്കുക കൂടിയാണ്. രാമലീല, ഉദാഹരണം സുജാത, ഷെര്‍ലക് ടോംസ്, പറവ എന്നീ സിനിമകളെല്ലാം തീയറ്ററുകളില്‍ കാര്യമായ ചലനം സൃഷ്ടിച്ചുകൊണ്ട് തന്നെ പ്രേക്ഷകരെ കൂട്ടത്തോടെ ആകര്‍ഷിക്കുന്ന പ്രവണതയാണുള്ളത്. ഒരു മാസം മുമ്പ് മോഹന്‍ലാല്‍- - ---------ലാല്‍ജോസ് കൂട്ടുകെട്ടില്‍ ആദ്യമായി വന്ന വെളിപാടിന്‍റെ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ തുടങ്ങിയ സിനിമകളെ പുറംകൈക്കു തള്ളിയ പ്രേക്ഷകക്കൂട്ടമാണ്, ഞണ്‍ുകളുടെ നാട്ടില്‍ ഒരിടവേളയെയും ആദം ജോണിനെയും ശരാശരി വിജയമാക്കിയവര്‍ തന്നെയാണ് ഇപ്പോള്‍ ഈ സിനിമകളെ വിശാലമായി സ്വീകരിക്കുന്നത്. ഇവിടെ പുതുമുഖമായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീലയ്ക്ക് വ്യവസ്ഥാപിത സിനിമാസങ്കല്‍പത്തില്‍ നെഗറ്റീവുകള്‍ മാത്രമേ അവകാശപ്പെടാനുകുായിരുന്നുള്ളൂ. വിവാദനായകനായ ദിലീപിന്‍റെ, പലതവണ റിലീസ് മാറ്റിവച്ച സിനിമ എന്ന ചീത്തപ്പേര് മാത്രം മതിയായിരുന്നു ആ സിനിമ തകര്‍ന്നു വീഴാന്‍. മഞ്ജു വാര്യര്‍ എന്നൊരു താരത്തെ മാത്രം മുന്നില്‍നിർത്തിക്കൊണ്ടു നിര്‍മിക്കപ്പെട്ട സിനിമയാണ് ഉദാഹരണം സുജാത. മഞ്ജുവിന്‍റെ മുമ്പിറങ്ങിയ രണ്ടു സിനിമയും വന്‍ വിജയമായിരുന്നില്ലെന്നു കൂടി പരിഗണിക്കുക. സംവിധായകനെന്ന നിലയ്ക്ക് പുതുമുഖമായ നടന്‍ സൗബീന്‍റെ അരങ്ങേറ്റമായിരുന്നു പറവ.എന്നിട്ടും ഈ സിനിമകളെല്ലാം വിജയങ്ങളായി. അതേ സമയം ജിമിക്കിക്കമ്മല്‍ പോലെ ലോകമേറ്റെടുത്ത സൂപ്പര്‍ ഹിറ്റ് പാട്ടുണ്ടായിട്ടും വെളിപാടിന്‍റെ പുസ്തകം വിസ്മൃതിയുടെ താളുകളിലെങ്ങോ മറിഞ്ഞുപോയി. ഇവിടെയാണ് മലയാള സിനിമയില്‍ കരുത്താര്‍ജിക്കുന്ന നവഭാവുകത്വത്തിന്‍റെ ചുവരെഴുത്തുകള്‍ തെളിഞ്ഞുകാണുന്നത്. അമിതസാങ്കേതികതയുടെ, താരാധിപത്യത്തിന്‍റെ, വ്യവസ്ഥാപിത നിര്‍മാണ നിര്‍വഹണശൈലികളെയൊക്കെ ചോദ്യം ചെയ്തും തിരസ്കരിച്ചും , ചെറുകഥയുടെ, സാരോപദേശത്തിന്‍റെ ശൈലീ ഭാവുകത്വത്തോടടുത്തു നില്‍ക്കുന്ന ദൃശ്യസമീപനമാണ് അത്. സിങ്ക് സൗണ്ട് ഡിജിറ്റല്‍ ക്യാമറ ഡ്രോണ്‍ ക്യാമറ തുടങ്ങിയ സാങ്കേതിക മുന്നേറ്റങ്ങളുടെ സാര്‍ത്ഥകവുമായ വിനിയോഗത്തിലൂടെയാണ് നവ സിനിമ ഇതു സാധ്യമാക്കുന്നത്. ഇന്ത്യന്‍ സിനിമയിലും ആധുനിക മള്‍ട്ടീപ്ളക്സ് സിനിമാജനുസിലും സമാന്തര ബദല്‍ പ്രസ്ഥാനത്തിലും ഈ മാറ്റം പ്രകടമാണ്. പോയവര്‍ഷത്തെ ദേശീയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ഈ പ്രവണതകളുടെ സാക്ഷ്യപത്രങ്ങളാണ്. ന്യൂ ജനറേഷന്‍ എന്ന വിളിപ്പേരില്‍ വിശേഷിപ്പിക്കപ്പെടുന്ന ഈ ഭാവുകത്വ പരിണാമത്തിന് ബംഗാളിയിലും മലയാളത്തിലും എഴുപതുകളില്‍ ഉയിര്‍കൊ നവഭാവുകത്വത്തോടല്ല ചര്‍ച്ച. ഇവ രണ്ടും പ്രതിനിധാനം ചെയ്തതും അഭിസംബോധനചെയ്തതുമായ ചരിത്ര/ സാമൂഹിക/സാംസ്കാരിക/ രാഷ്ട്രീയ അന്തരീക്ഷവും പശ്ചാത്തലവും തിര്‍ത്തും ഭിന്നമാണ്. അടിയന്തരാവസ്ഥയും തൊഴിലില്ലായ്മയും സാമൂഹിക അന്യവല്‍ക്കരണവുമൊക്കെയാണ് അതിനു വെള്ളവും വളവുമേകിയുണ്ടായതാണ് ആദ്യത്തേത്. എന്നാല്‍, രണ്ടായിരത്തിനു ശേഷം, മലയാള സിനിമയിലുണ്ടായ ഭാവുകത്വപരിണതി ആഗോളവല്‍കൃത സമ്പദവ്യവസ്ഥയെ, ഡിജിറ്റല്‍ സാമൂഹികവ്യവസ്ഥയെ, നവമൗലികവാദപ്രചാരണങ്ങളെ ഒക്കെയാണ് അഭിമുഖീകരിക്കുന്നത്. കമ്പോള/ മധ്യവര്‍ത്തി/ സമാന്തര ഭിന്നതകള്‍ക്കപ്പുറം, നല്ലത് ചീത്ത എന്ന കള്ളികളില്‍ മാത്രം നലനിര്‍ത്താനാവുന്ന ശുദ്ധസിനിമകളാണ് പുതുതലമുറയുണ്ടാക്കുന്നത്. കപടദാര്‍ശനികതയോ കമ്പോളതാല്‍പര്യമോ അവയിലില്ല. പകരം കാലികസാമൂഹിക സവിശേഷതകളെപ്പറ്റിയുളള അതിസൂക്ഷ്മവും ആത്മാര്‍ത്ഥവുമായ നിരീക്ഷണങ്ങളും പ്രതിനിധാനങ്ങളുമാണ്. സംസ്ഥാന-ദേശീയതലത്തില്‍ ബഹുമതികള്‍ വാരിക്കൂട്ടിയ മഹേഷിന്‍റെ പ്രതികാരം നോക്കുക. ലളിതമായ നേരാഖ്യാനമാണ് ആ സിനിമയുടെ കരുത്ത്. ഇതേ ശൈലിയുടെ തുടര്‍ച്ചയാണ് തൊണ്ടിമുതലിലും ദൃക്സാക്ഷിയിലും കാണാനാവുക.അതിമാനുഷ താരപ്രതിച്ഛായകളെയും താരബിംബങ്ങളെയും, പരാജയപ്പെടുന്ന സാധാരണക്കാരെ നായികാനായകന്മാരാക്കിക്കൊണ്ട് ഈ സിനിമകള്‍ അര്‍ഥരഹിതങ്ങളാക്കുന്നു. സിനിമപോലെ പ്രതിച്ഛായാബന്ധിത മാധ്യമത്തില്‍ ഇത്തരം ഇടപെടലുകള്‍ നിര്‍ണായമാണ്.അവ പൊളിച്ചടുക്കുന്നത് സിനിമ പതിറ്റാകുുകളായി നിർമ്മിച്ചുവെച്ച വ്യാജപ്രതിനിധാനങ്ങളെയും പ്രതിച്ഛായകളെയുമാണ്. ഇതൊരു പരിവര്‍ത്തനകാല പ്രതിഭാസം കൂടിയാണ്. ഡിജിറ്റല്‍ ജ്ഞാനസ്നാനത്തിന്‍റെ കാലത്ത് ആ മാറ്റത്തിന്‍റെ ഘടനാപരമായ പ്രതിഫലനങ്ങള്‍ സ്വാഭാവികമാണ്. വിവരസാങ്കേതികവിദ്യയിൽ ജനിച്ചുവീണ ഒരു തലമുറയുടെ ചരിത്ര/സാമൂഹികബോധത്തിന്‍റെ പ്രതിഫലനവും അതില്‍ ഉള്‍ച്ചേരാം. ബദല്‍ ആവിഷ്കാരസാധ്യതകളുടെ വിശാലതുറസില്‍ നിന്നുകൊണ്ടുവേണം മാറ്റങ്ങളെ വിലയിരുത്താന്‍. വേറിട്ട സിനിമാശ്രമങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്തത്ര പ്രേക്ഷകശ്രദ്ധ കിട്ടുന്നുണ്ട് . തീയറ്ററിനപ്പുറം പ്രകാശനം സാധ്യമാകാതിരുന്ന പരിമിതവൃത്തങ്ങളിലല്ല സിനിമ ഇന്ന്. ഓണ്‍ലൈന്‍/സമൂഹമാധ്യമസ്ഥലികള്‍ മുന്നോട്ടുവയ്ക്കുന്ന വിശാലസാധ്യതകള്‍ക്കിടയില്‍, വ്യത്യസ്തമായൊരു സിനിമാശ്രമം ശ്രദ്ധിക്കപ്പെടാതെ പോവാനുള്ള സാധ്യതയില്ലിന്ന്. അതുകൊണ്ടാണല്ലോ മിന്നാമിനുങ്ങിലെ അനിതരസാധാരണമായ സുരഭിലക്ഷ്മി എന്ന നടിയുടെ പ്രകടനം പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കുകയും ദേശീയ ബഹുമതിവരെ നേടിയെടുക്കുകയും ചെയ്തത്. ആരാധകവൃന്ദങ്ങളുടെ കപട/കൃത്രിമ പ്രചാരണങ്ങള്‍ക്ക് സിനിമയുടെ ആദ്യപകുതിവരെ മാത്രം ആയുസുള്ള സാമൂഹികമാധ്യമ ഇടപെടലിന്‍റെ കാലത്തെ സിനിമാ മാറ്റങ്ങളെ പക്ഷേ പഴയതലമുറ സിനിമാക്കാര്‍ വേകുത്ര തിരിച്ചറിഞ്ഞുവോ എന്നു സംശയണാണ്. അതുകൊണ്ടാണ് പതിറ്റാണ്ടുകളായി ആവര്‍ത്തിച്ചുപോരുന്ന ഫോര്‍മുലയില്‍ത്തന്നെ പുലിമുരുകനും പിന്നെയും നിര്‍മിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നത്. കാഴ്ച്ചവട്ടത്തെ സിനിമ പുത്തന്‍കാഴ്ചപ്പാടുകളുടെ തിരയെടുത്തുകൊണ്ടുപോകുന്നത് ഇവര്‍ കാണുന്നില്ല.ഒരുപക്ഷേ കണ്ടിട്ടും മനസിലാവാത്തതാവാനും മതി. പ്രസ്ഥാനങ്ങളുടെയെല്ലാം ശവക്കുഴിതോകുുന്നത് സ്ഥാപനവല്‍ക്കരണമാണ്. പ്രസ്ഥാനം വ്യവസ്ഥാപിതമാവുന്നതോടെ അതിന്‍റേതായ താല്‍പര്യങ്ങള്‍ നിര്‍മിക്കപ്പെടുന്നു. ഈ സ്ഥാപിതതാല്‍പര്യങ്ങളെയാണ് സമകാലിക പ്രേക്ഷകര്‍ തിരസ്കരിക്കുന്നത്, തച്ചുടയ്ക്കുന്നത്. താരവിഗ്രഹങ്ങളല്ല, മികച്ച കഥയും അവതരണവുമാണ് യഥാര്‍ത്ഥ താരമെന്നാണ് അവരുയര്‍ത്തുന്ന മുദ്രാവാക്യം. വ്യവസ്ഥാപിത മലയാള സിനിമയുടെ തലയിലെഴുത്ത് മാറ്റിയെഴുതാന്‍ കരുത്തുള്ളതാണ് ആ തിരയെഴുത്ത് എന്നതില്‍ സംശയമില്ല. (സംസ്ഥാന അവാര്‍ഡ് നേടിയ ചലച്ചിത്ര നിരൂപകനും, മാധ്യമപ്രവര്‍ത്തകനുമാണ് ലേഖകന്‍) ചില സാങ്കേതിക കാരണങ്ങളാൽ മാഗസിൻ പ്രസിദ്ധീകരണം വൈകിയതുകൊണ്ട് ലേഖനത്തിൽ ചില ഭാഗത്തിന് വ്യത്യാസം വന്നിട്ടുണ്ട്