Archives / March 2020

ഫൈസൽ ബാവ 
പുതുകാലത്തിന്റെ അടയാളമാകുന്ന കഥകൾ

 

സുസ്മേഷ് ചന്ത്രോത്തിന്റെ *മാലിനീവിധമായ ജീവിതം* എന്ന കഥാ സമാഹാരത്തിലൂടെ)

                        

ആഴമേറിയ ജീവിതപൊരുളുകൾ പറയാൻ അത്രതന്നെ ജീവിതസ്പർശമായ ആഖ്യാനത്തിലൂടെ  കഥയെ കൊണ്ടുപോകുന്ന യുവ എഴുത്തുകാരിൽ ശ്രദ്ധേയനും ഏറ്റവും സജ്ജീവസാന്നിധ്യവുമായ സുസ്മേഷിന്റെ കഥകളുടെ ഭാവനാലോകം വ്യത്യസ്തമാണ്. ഈ സമാഹാരത്തിലെ *ഒരു പള്ളിക്കൂടംകഥ* തുടങ്ങുന്നത് തന്നെ ഒരു ബസ്സ്‌യാത്രയിലൂടെയാണ്, കാട്ടിലൂടെ ഓടിക്കൊണ്ടിരിക്കുന്ന  ഡ്രൈവർ ഉറങ്ങുമോ എന്ന പേടിയിൽ ഒരു യാത്രക്കാരൻ  ഭയപ്പെടുന്ന ഭാഗം എത്ര ഭംഗിയായാണ് അവതരിപ്പിച്ചിരിക്കുന്നത്. 

*"ഹേയ് ഡ്രൈവർ നിങ്ങൾ ഉറങ്ങുകയാണോ..?"*

*അയാൾ വേഗമെഴുനേറ്റ് മുന്നോട്ട് ചെന്നിട്ട് ചോദിച്ചു. സാരഥിയായ മനുഷ്യൻ ഗിയർ വലിച്ചിട്ടുകൊണ്ട് അയാളെ നോക്കി.*

*"ആയിരുന്നു. എന്താ..?"* 

*അയാൾക്ക് ഉത്തരം മുട്ടി* 

*"ഞാനത് കണ്ടു"*

*ഒരു വിജയിയെപ്പോലെ അയാൾ പറഞ്ഞു. ഡ്രൈവർ അതിനെ നിസ്സാരമായി തള്ളിക്കളഞ്ഞു"*

ആദിവാസികുട്ടികൾക്ക് പഠിക്കേണ്ട ഏക സ്‌കൂൾ കത്തിച്ചത് സർക്കാർ ആവശ്യപ്രകാരമാണെന്ന കാര്യം കഥയിൽ പറയുമ്പോൾ അതിനുള്ളിൽ ഒളിപ്പിച്ച രാഷ്ട്രീയം കൂടിയുണ്ട്. ഇനി കുട്ടികൾ വീട്ടിരിലുന്ന് കംപ്യൂട്ടറിൽ പഠിച്ചാൽ മതിയെന്നും അതിനുള്ള അവസ്ഥ സജ്ജീകരിക്കപ്പെടും  എന്നൊക്കെ പറഞ്ഞു പോകുന്ന ഒരു ചെറിയ കഥയിൽ ടീച്ചറായ  ഭാര്യയും ജോലിസ്ഥലത്തേക്ക് ഭാര്യയെ കാണാൻ പോകുന്ന ഭർത്താവും ആയാത്രയുമാണ് കഥാ പരിസരം. 

 *മാലിനീവിധമായ ജീവിതം* എന്ന സ്ത്രീപക്ഷ കഥ മറ്റുകഥകളിൽ നിന്നും തീർത്തും വ്യത്യസ്‌തമാണ്‌.  പതിനൊന്നു മാലിനിമാരാൽ നിറയ്ക്കപ്പെട്ട ഒരു കഥ ജോലിക്കാരായ രണ്ടു മാലിനിമാർ ഒരു പൂച്ചമാലിനി ഒരു പശുമാലിനി ഇങ്ങനെ നീണ്ടുപോകുന്ന മലിനീ വിധമീജീവിതകഥ. വ്യത്യസ്തമായ ആഖ്യാനം കൊണ്ട് ശ്രദ്ധേയമായ കഥ.  *"കൂട്ടുകുടുംബത്തിലെ ആദ്യത്തെ മാലിനി എന്റെ അമ്മ തന്നെ, രണ്ടാമത്തെ  മാലിനി അച്ഛന്റെ പെങ്ങൾ, മൂന്നാമത്തെ മാലിനി ചേട്ടന്റെ മകൾ, നാലാമത്തെ മാലിനി അച്ഛന്റെ അനുജന്റെ മകൾ, (വീട്ടിൽത്തന്നെയുള്ള രണ്ടു വ്യത്യസ്ത പ്രായത്തിലുള്ള മാലിനികളുടെ പേരു കണ്ട് ഭ്രമിച്ചിട്ട് അച്ചന്റെ അനുജന്റെ മകൾ മാലിനി വാശിപിടിച്ചു സമ്പാദിച്ചതായിരുന്നു അത്. മാലിനി എന്ന പേര് 'കുഞ്ഞുമാലിനി' എന്ന അടയാളവാക്യത്തോടെ ഒടുക്കം ചെറിയച്ഛൻ മകൾക്കു നൽകുകയായിരുന്നുവത്രേ) അഞ്ചാമത്തെ മാലിനി വാദ്യവും നാദവും സുമഗന്ധസഹവാസവമായി വധുവായി വന്നു കയറിയതാണ്, അച്ഛന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠന്റെ മൂത്ത മകന്റെ ഭാര്യയായിട്ട്. (രാവും പകലും തിമിർത്തോടിക്കളിച്ച ഒരു വിവാഹകാലമായിരുന്നു ഞങ്ങൾ കുട്ടികൾക്കത്. തിന്നു തിന്നു മതിയായി. കളിച്ചുംരസിച്ചും ഉറക്കത്തെപ്പറ്റി ഞങ്ങളേഴു കുട്ടികൾ ആലോചിച്ചതേയില്ല.) ആറാമത്തെ മാലിനി അമ്മയുടെ മൂത്താങ്ങളയായ അമ്മാവന്റെ മകളാണ്. എന്റെ പ്രായമാണവൾക്ക്....."* ഇങ്ങനെ രസകരമായി കഥ മുന്നോട്ടു പോകുന്നു. ഇനി തനിക്കും മാലിനി എന്ന പേരു തന്നെ സ്‌കൂളിൽ കൊടുക്കുമോ എന്ന ഭയമാണ് അവന്.. 

ഒരു പരമ്പര പോലെ പ്രത്യേക തരത്തിലുള്ള ഒരാഖ്യാന രീതിയിൽ എഴുതിയ കഥകളാണ് ചില അപസർപ്പക കഥകൾ *അപസർപ്പ സഞ്ചാരകഥ, അപസർപ്പക ദിനചര്യകൾ, അപസർപ്പക പരബ്രഹ്മമൂർത്തി* എന്നീ മൂന്നു കഥകൾ ഈ സമാഹാരത്തിലും ഉണ്ട്. ഇവയെ കൂടാതെ *കുളം കര, രൂപയുടെ ഉപമ, ഞായറാഴ്ച നാലായി കീറുന്ന വിധം, പ്രശ്നബാധിത മാനസിക മേഖല, രാക്ഷസധർമചതുഷ്ടയം* എന്നിവയടക്കം പതിനൊന്നു കഥകൾ അടങ്ങിയതാണ് മാലിനീവിധമായ ജീവിതം എന്ന സമാഹാരം. പുതുകാലത്തിന്റെ അടയാളമാകുന്ന കഥകളാണ് ഓരോന്നും.  തന്റെതായ ഒരു ഭാഷയും ശൈലിയും സുസ്മേഷിന്റെ കഥകളിൽ കാണാം.

Share :